Thursday, July 26, 2007

ശാന്തിതീരം തേടി.

മനസ്സ് -
പരിത്യജിക്കപ്പെട്ട സ്വപ്നങ്ങള്‍ക്കുവേണ്ടി
സ്വയം കല്‍പ്പിച്ച് നല്‍കിയൊരു വനവാസം.

സന്ദേഹം -
യാന്ത്രികമായ ലോകത്തിനെ
തോല്പിക്കാമെന്നവ്യാമോഹമോ ഉള്ളില്‍ .

വ്യഥ -
നഷ്ടപെടാനും നഷ്ടപെടുത്തുവാനും ബന്ധങ്ങള്‍,
പണ്ടെങ്ങോ ആരോ നാമം നല്‍കിയ,
മനസില്‍ കാത്ത് സൂക്ഷിച്ച,
നഷ്ടമാകരുതേയെന്നാശിച്ച് പ്രാര്‍ത്ഥിച്ചവ.

പാത -
മനസിന്റെ ഇരുളടഞ്ഞ
മാറാലതൂങ്ങിയ ഇടവഴികളിലൂടെ,
പേടിപ്പിക്കുന്ന നിശ്ശബ്‌ദതയിലൂടെ
ഒരു പ്രകാശ ഗോളത്തിന്‍ തേരിലേറി.

കൂടെ -
ജീവന്റെ ശേഷിച്ച സ്പ്ന്ദനം,
മങ്ങിമറയുന്ന മരവിച്ച ഓര്‍മ്മകള്‍,
തളര്‍ന്ന ശരീരം.

തേടുന്നത് -
നിശ്ചയമില്ലെങ്കില്ലും ഏതോ ശാന്തി തീരം.
അവിടെ പാരിജാതത്തിന്റെ പരിചിതമായ
ഗന്ധത്തില്‍ തീര്‍ത്ത പരവതാനിയില്‍,
അടഞ്ഞ കണ്ണുകളെങ്കില്ലും
വാനത്തിലെ താരങ്ങളെ കണ്ട് ,
തഴുകുന്ന ഇളം കാറ്റിന്റെ കുളിര്‍മ്മയില്‍,
ദൂരെനിന്നെങ്ങോ മാറ്റൊലികൊള്ളുന്ന
ഒരു പൈതലിന്‍ ചിരിയില്‍,
നിശ്ചലമായ മനസ്സും ശരീരവുമായി
ഒരിക്കല്ലും ഉണരാത്ത നിദ്ര.

28 comments:

  1. ശാന്തിതീരം കണ്ടെത്തിയോ മയൂരാ?
    കവിത ഇഷ്ടമായി...

    ReplyDelete
  2. മയൂര, വളരെ നന്നായെഴുതിയിരിക്കുന്നു. ശാന്തിതീരം തേടി യാത്ര ചെയ്യുന്നവരേക്കുറിച്ചും അവരുടെ അവസ്ഥകളേക്കുറിച്ചും അര്‍ത്ഥവത്തായെഴുതിയല്ലോ. :)

    ReplyDelete
  3. Anonymous1:45 PM

    മയൂരാ -
    പുതിയ പോസ്റ്റിനായുള്ള കാത്തിരിപ്പ് വെറുതെയായില്ല ... ഒരുപാടിഷ്ടമായി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?

    ജീവന്റെ ശേഷിച്ച സ്പ്ന്ദനം,
    മങ്ങിമറയുന്ന മരവിച്ച ഓര്‍മ്മകള്‍,
    തളര്‍ന്ന ശരീരം....

    ഈ വരികള്‍ മനസില്‍ നിന്നും മായുന്നില്ല ...

    സസ്നേഹം, സന്ധ്യ

    ReplyDelete
  4. Anonymous8:49 PM

    രണ്ടാമതൊന്നു വന്ന് വീണ്ടും ഒരു കാര്യം കൂടി പറയണമെന്ന് തോന്നി ... കവിത വീണ്ടും വായിച്ചപ്പോള്‍ പല പുതിയ അര്‍ഥവും ഉള്ളതുപോലെ...

    ഇത്രയും നാളെഴുതിയ കവിതകളില്‍ വെച്ചേറ്റവും നല്ല കവിത ഇതാണ്...

    ഇതേ ശാന്തിതീരം തേടിയാണ് എല്ലാവരുടെയും യാത്ര.... ചിന്തിക്കുന്നത് കൂടുതലാണോ എന്നെനിക്കറിയില്ല..
    എങ്കിലും, ഈ ശാന്തി തീരം , മരണം തന്നെയല്ലേ? അവിടെയെത്തുന്നതു വരെ ഈ നെട്ടോട്ടവും, വ്യഥയും, വ്യാകുലതയും സന്ദേഹവും ഒക്കെ തന്നെയല്ലേ ജീവിതം.... ഈ അര്‍ഥമൊന്നും ഉ‍ദ്ദേശിച്ചിട്ടില്ലെങ്കില്‍ കവയിത്രി തന്നെ എന്നെ തിരുത്തിക്കോളൂ...

    ReplyDelete
  5. തേടുന്നത് -
    നിശ്ചയമില്ലെങ്കില്ലും ഏതോ ശാന്തി തീരം...

    നല്ല വരികള്‍... ഇഷ്ടമായി.
    :)

    ReplyDelete
  6. ജൂണ്‍ പോയാ,
    ജൂലൈ വരും
    കണ്‍തുറന്നാ,
    നിന്നെക്കാണും.

    :)

    ReplyDelete
  7. നല്ല കവിത
    ഈ വരികള്‍ ഇഷ്ടമായി...

    (Please correct the Spelling mistake).
    മനസില്‍ കാത്ത് സൂ"ഷി"ച്ച,
    വ്യാ"മൊ"ഹമോ
    മാ"റ്റോ"ലികൊള്ളുന്ന

    ReplyDelete
  8. ശാന്തിതീരത്തെത്തിയാല്‍ പിന്നെ മനസ്സിനെ ഒന്നും ബാധിക്കുകയില്ല, അല്ലെ ?
    നല്ല കവിത.
    അക്ഷരത്തെറ്റുകള്‍ തിരുത്തിക്കോളു,അല്ലെങ്കില്‍ ഇമ്പോസിഷന്‍ എഴുതേണ്ടി വരും :-)

    ReplyDelete
  9. സൂ, നന്ദി:)

    സാരംഗീ, ശാന്തിതീരം കണ്ടെത്തിയിരുന്നെങ്കില്‍ ഞാന്‍ ഇതിന്ന് മറുവെടി;) ഇടില്ലായിരുന്നു.....നന്ദി:)

    മഴത്തുള്ളീ, നന്ദി:)

    സന്ധ്യാ, എല്ലാ അര്‍ഥവും ഉള്‍കൊണ്ട ഒരു കമന്റ്ന്ന് ഹൃദയം നിറഞ്ഞ നന്ദി:)

    ശ്രീ, നന്ദി:)

    നിക്ക്, നില്‍ക്ക് എന്താ ഒന്നും മനസിലായില്ലാ..
    നന്ദി ഇവിടെ വന്നതിന്നും, വായിച്ചതിന്നും.. :)

    കരിം മാഷേ, തെറ്റ്‌കള്‍ സദയം ക്ഷമിക്കുമല്ലോ? ചൂണ്ടി കാണിച്ചവ തിരുത്തിയിട്ടുണ്ട്...ഹൃദയം നിറഞ്ഞ നന്ദി/\

    മുസാഫിര്‍, ഇമ്പോസിഷന്‍ എഴുതാം, എത്ര വട്ടം എന്ന് പറഞ്ഞാല്‍ മതി...നന്ദി:)

    ReplyDelete
  10. ഈ വരികളില്‍ ഞാന്‍ സ്വയം പോയിനോക്കി. ഭാവനയാകും ചിറകിലേറി എവിടേയും പോകാമെന്നതെത്ര സത്യം അല്ലേ? -
    "പാത -
    മനസിന്റെ ഇരുളടഞ്ഞ
    മാറാലതൂങ്ങിയ ഇടവഴികളിലൂടെ,
    പേടിപ്പിക്കുന്ന നിശ്ശബ്‌ദതയിലൂടെ
    ഒരു പ്രകാശ ഗോളത്തിന്‍ തേരിലേറി."

    ReplyDelete
  11. ശാന്തിതീരം തേടിയുള്ള പ്രയാണം ... അതിനിടയിലെ ജീവിതം...

    ഇഷ്ടമായി...

    ReplyDelete
  12. "ദൂരെ ദൂരെ ദൂരേ..
    ഏതോ തീരം തേടി തേടീ
    യാത്ര അനന്തമാം യാത്രാ
    ആദമിന്‍ മക്കള്‍ തന്‍ തുടര്‍യാത്രാ.."

    ശാന്തിതീരം തേടി വായിച്ചപ്പോള്‍ ചുണ്ടിലീ വരികള്‍ തത്തിക്കളിച്ചു.. മയൂരാ..

    ReplyDelete
  13. മയൂരാ..
    കവിത വായിച്ചു..
    ഇഷ്ടമായി..അഭിനന്ദനങ്ങള്‍...

    ഞാന്‍ തിരിച്ചറിഞ്ഞത്‌...
    മനസ്‌...
    സ്വയം രൂപംകൊണ്ട പ്രളയത്തില്‍ ഒലിച്ചുപോകാതെ പിടിച്ചുനിന്നത്‌ ഒന്നുമാത്രമായിരുന്നു...
    സ്വപ്നങ്ങള്‍ കുത്തിനിറക്കപ്പെട്ട മനസ്‌...
    സ്വപ്നങ്ങള്‍ക്കാണ്‌ ഈ ലോകത്ത്‌ ഏറ്റവും ഭാരമെന്ന ആദ്യപാഠത്തില്‍ നിന്ന്‌ തോന്നിയത്‌...

    സന്ദേഹം...
    ലോകത്തിന്റെ യാന്ത്രികത മനുഷ്യമനസിനെ കൂടി വഴിമാറ്റി വിടുന്നുവെന്ന്‌ സന്ദേഹം...

    വ്യഥ...
    ഒരിറക്ക്‌ നഷ്ടമെങ്കിലും കുടിച്ചിറക്കാത്തവരായി ആരുണ്ടീ ഭൂമിയില്‍...
    ബന്ധങ്ങളുടെ അതിതീവ്രതയില്‍ ബന്ധനങ്ങളായി മാറിയവയുമുണ്ട്‌...

    പാത...
    ഉള്ളറിവുകളില്‍ ജ്വാലയായി തന്നെ ഇരുണ്ടപാത ദൃശ്യമാക്കുന്നവ...

    പിടിച്ചുനില്‍ക്കാനാവാതെ വീര്‍പ്പുമുട്ടുന്നവരുമായുള്ള സഹവാസം....

    നിന്റെ തിളക്കം നഷ്ടപ്പെട്ട നിദ്ര തേടി...വിരാമമിടുമ്പോള്‍...

    കവിത കനലായി കത്തുന്നു..വിരസമല്ലാതെ വരികളെ കൊണ്ടുപോകാനുള്ള കഴിവ്‌...വിഷയത്തില്‍ നിന്ന്‌ അല്‍പം പോലും വ്യതിചലിച്ചുപോകാതെയുള്ള വര്‍ണന ഇതെല്ലാം കവിതയെ വ്യത്യസ്തമാക്കുന്നു...

    ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍...

    ReplyDelete
  14. :)
    മനസിന്റെ സന്ദേഹമല്ലേ ശരിക്കും വ്യഥ, ജീവിതപാതെയില്‍ കൂടെ നടക്കുവാനാരെയോ അല്ലേ തേടുന്നത്...
    --

    ReplyDelete
  15. ഒരു പ്രകാശ ഗോളത്തിന്‍ തേരിലേറി.


    തഴുകുന്ന ഇളം കാറ്റിന്റെ കുളിര്‍മ്മയില്‍,
    ദൂരെനിന്നെങ്ങോ മാറ്റൊലികൊള്ളുന്ന
    ഒരു പൈതലിന്‍ ചിരിയില്‍


    അപ്പോള്‍ പ്രതീക്ഷയും പ്രത്യാശയും അകലെയല്ല

    ReplyDelete
  16. വളരെ നന്നായിട്ടുണ്ട് കവിത.

    ഓരോ പദങ്ങളുടെയും അര്‍ത്ഥതലങ്ങള്‍ മന്നസ്സിനെ ആഴത്തില്‍ സ്പര്‍ശിച്ചത് ഇതേ ചിന്തകള്‍ ഉള്ളം നീറ്റുന്നതിനാലാവാം...:)

    ReplyDelete
  17. ഏറനാടന്‍, ഭാവനയ്ക്ക് അതിര്‍വരമ്പുകള്‍ ഇല്ലലോ...ഫ്രീയുമാണ്, നേരവും കാലവും നോക്കുകയും വേണ്ടാ...നന്ദി:)

    ഇത്തിരിവെട്ടം, ഒത്തിരി സന്തോഷം:)

    ദ്രൗപതി, ഹൃദയം നിറഞ്ഞ നന്ദി...വായിച്ചതിനും അഭിപ്രായം അറിയിച്ചതിലും...

    ഹരീ, :) നന്ദി...

    അനാഗതശ്മശ്രു , പ്രതീക്ഷയും പ്രത്യാശയും ചിലപ്പോള്‍ വളരെ അടുത്ത്, മറ്റ് ചിലപ്പോള്‍ വളരെ അകലെ...നന്ദി:)

    സിയാ, ചിന്തകള്‍ കടിഞ്ഞാ‍ണ്‍ ഇല്ലാത കുതിരയാണ്...നന്ദി:)

    ReplyDelete
  18. ശാന്തിയും അശാന്തിയും ജീവിതമെന്ന നാണയത്തിന്റെ രണ്ട് വശങ്ങളത്രെ.....

    പ്രതീക്ഷ കൈവിടാതെ ആത്മസംയമനത്തോടെ ജീവിതത്തെ നേരിടുന്നവര്‍ക്ക് ശാന്തി ലഭിക്കും, ലഭിച്ചേ മതിയാവൂ.

    നന്നായിരിക്കു കവിത മയൂര (മുഖളില്‍ എഴുതിയത് ചുമ്മാ :)

    ReplyDelete
  19. മനസിന്റെ ഇടവഴികളിലൂടെ,നിശ്ശബ്‌ദതയിലൂടെ നടന്ന് ശാന്തിതീരത്തെത്തട്ടെ!

    നല്ല കവിത! ഇതുവരെയെഴുതിയതില്‍ ഏറ്റവും ഇഷ്ടപ്പെട്ടതിതു തന്നെ!! :)

    ReplyDelete
  20. കുറുമാന്‍‌ ജീ, ഇവിടെ വന്ന് വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി:)

    ധ്വനീ, ആ വാക്കുകള്‍ക്ക് നന്ദി...:)

    ReplyDelete
  21. എനിക്കീ കവിത ശരിക്കും ഇഷ്ടമായി..

    ജനിച്ചുവീഴുന്നനിമിഷം മുതല്‍‌ നാമേവരും യാത്രയാരംഭിക്കുകയാണ്, താന്‍‌ പറഞ്ഞ ആ ശാന്തിതീരത്തേക്ക്..! ആ യാത്രയ്‌ക്കിടയില്‍, യാന്ത്രികമായ ഈ ലോകത്ത് സ്വപ്നങ്ങളും, അഭിലാഷങ്ങളും, ബന്ധങ്ങളുടെ നൂലാമാലകളുമൊക്കെ താണ്ടി ഒടുവില്‍‌, നിശ്ചലമായ മനസ്സും ശരീരവുമായി നാം എത്തിച്ചേരുന്നത് ആ ശാന്തിതീരത്തില്‍‌ തന്നെയാണ്.. !!

    “മനസ്സും ശരീരവുമായി“ എന്നു തന്നെയല്ലേ ഉദ്ദേശിച്ചത്? ‘ശരീരിവുമായി‘ എന്ന് എഴുതിക്കാണുന്നു. തിരുത്തുമല്ലോ..

    വളരെ നല്ല കവിത മയൂര. ഇനിയും എഴുതൂ..

    [അഭിലാഷങ്ങള്‍]

    ReplyDelete
  22. അഭിലാഷ്, നന്ദി, വായിച്ച് അഭിപ്രായം അറിയിച്ചതില്‍. തെറ്റ് തിരുത്തിയിട്ടുണ്ട്..ഒരിക്കല്‍ കൂടി നന്ദി :)

    ReplyDelete
  23. കവിത ഇഷ്ടമായി... നല്ല കവിത അഭിനന്ദനങ്ങള്‍...

    ReplyDelete
  24. Muhammed Sageer Pandarathil, നന്ദി..

    ReplyDelete
  25. butiful...madhavikuttikoru anantharaavakashi

    ReplyDelete