മനസ്സ് -
പരിത്യജിക്കപ്പെട്ട സ്വപ്നങ്ങള്‍ക്കുവേണ്ടി
സ്വയം കല്‍പ്പിച്ച് നല്‍കിയൊരു വനവാസം.
സന്ദേഹം -
യാന്ത്രികമായ ലോകത്തിനെ
തോല്പിക്കാമെന്നവ്യാമോഹമോ ഉള്ളില്‍ .
വ്യഥ -
നഷ്ടപെടാനും നഷ്ടപെടുത്തുവാനും ബന്ധങ്ങള്‍,
പണ്ടെങ്ങോ ആരോ നാമം നല്കിയ,
മനസില്‍ കാത്ത് സൂക്ഷിച്ച,
നഷ്ടമാകരുതേയെന്നാശിച്ച് പ്രാര്‍ത്ഥിച്ചവ.
പാത -
മനസിന്റെ ഇരുളടഞ്ഞ
മാറാലതൂങ്ങിയ ഇടവഴികളിലൂടെ,
പേടിപ്പിക്കുന്ന നിശ്ശബ്ദതയിലൂടെ
ഒരു പ്രകാശ ഗോളത്തിന് തേരിലേറി.
കൂടെ -
ജീവന്റെ ശേഷിച്ച സ്പ്ന്ദനം,
മങ്ങിമറയുന്ന മരവിച്ച ഓര്‍മ്മകള്‍,
തളര്‍ന്ന ശരീരം.
തേടുന്നത് -
നിശ്ചയമില്ലെങ്കില്ലും ഏതോ ശാന്തി തീരം.
അവിടെ പാരിജാതത്തിന്റെ പരിചിതമായ
ഗന്ധത്തില്‍ തീര്‍ത്ത പരവതാനിയില്‍,
അടഞ്ഞ കണ്ണുകളെങ്കില്ലും
വാനത്തിലെ താരങ്ങളെ കണ്ട് ,
തഴുകുന്ന ഇളം കാറ്റിന്റെ കുളിര്‍മ്മയില്‍,
ദൂരെനിന്നെങ്ങോ മാറ്റൊലികൊള്ളുന്ന
ഒരു പൈതലിന് ചിരിയില്‍,
നിശ്ചലമായ മനസ്സും ശരീരവുമായി
ഒരിക്കല്ലും ഉണരാത്ത നിദ്ര.