Thursday, November 08, 2007

യാത്ര

യാത്ര തുടങ്ങുമ്പോള്‍ മുന്നില്‍ നീണ്ടു കിടക്കുന്ന റോഡ് മനസ്സിലൊരു ചോദ്യചിഹ്നം സൃഷ്ടിച്ചു. മനസ്സു തന്നെയതിനൊരു ഉത്തരവും കണ്ടെത്തി. ഭൂമിയുരുണ്ടതു കൊണ്ടാവാം ഓരോ യാത്രയും തുടങ്ങിയിടത്തു തന്നെ എപ്പോഴും ചെന്ന് അവസാനിക്കുന്നത്. പരന്നതായിരുന്നെങ്കില്‍ ഇതുവരെ പിന്നിട്ട ദൂരമെങ്കിലും മനസ്സില്‍ അളന്നു കുറിയ്ക്കാമായിരുന്നു, വെറുതെ ഒരു കണക്കെടുപ്പ്.

ഹൈവേയുടെ സൈഡില്‍ 75 m/hr എന്നു എഴുതിയിരിക്കുന്നത് കണ്ടപ്പോഴാണു സ്പീഡോമീറ്റര്‍ 80 കഴിഞ്ഞു എന്നു ബോധ്യം വന്നത്, ഉടനെ കാര്‍ ക്രൂസിലിട്ട് കാലുരണ്ടും മടക്കി സീറ്റില്‍ കയറ്റി വയ്ച്ചു. എം.പി.ത്രീ പ്ല്യയറില്‍ നിന്നും ഒഴുകി വരുന്ന സംഗീതം മുഷിച്ചില്‍ മാത്രമാണു സമ്മാനിച്ചത്. ഒരു പക്ഷേ ഇത് നേതന്‍ സമ്മാനിച്ച സി.ഡിയായതു കൊണ്ടാവാം, ഇന്നലെ വരെ എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങളായിരുന്നിവ. ഇനി ഇതൊന്നും കേള്‍ക്കണ്ട, അയാളുടെ മുഖമോ പേരോ ഓര്‍ക്കണ്ട. ഓര്‍മ്മകള്‍ക്ക് അള്‍സൈമെഴ്സ് പിടിപ്പെട്ടിരുന്നെങ്കില്‍ എന്ന് വല്ലാതെ ആഗ്രഹിച്ചു പോയി.

എപ്പോഴാണ് വലത്തെ കാല്‍ ആക്സിലറേറ്ററിലേക്ക് നീണ്ടതെന്ന് ഓര്‍ക്കുന്നില്ല, ഹൈവേയിലേ 75 m/hr എന്ന ബോര്‍ഡുകള്‍ പലവട്ടം കടന്നു പോയിട്ടും ആക്സിലറേറ്ററില്‍ നിന്നും കാലെടുത്തിരുന്നില്ല, ഓവര്‍‌ടേക്ക് ചെയ്യുമ്പോള്‍ പല വാഹനങ്ങളും ഹോണ്‍ അടിച്ചത് ശ്രദ്ധിച്ചതേയില്ല. എവിടെയാണെന്നോ, എന്താണെന്നോ ഒരു ബോധവും ഇല്ലാത്ത മനസില്‍ നുരഞ്ഞു പൊന്തുന്ന ഓര്‍മ്മകളെ കൊല്ലാനുള്ള പാഴ്ശ്രമമായിരുന്നിരിക്കാം...സ്പീഡോമീറ്ററിലെ സൂചിയിനിയെങ്ങോട്ടു പോകണമെന്നറിയാതെ വിറച്ചിരിക്കാം....

അപ്പോഴും മനസില്‍ നേതന്റെ ചിത്രം തികട്ടിവന്നു. ചോദ്യങ്ങള്‍ക്ക് മറുപടിയായി മുഖത്ത് കണ്ണുകളുറയ്പ്പിക്കാതെ, തെളിവുകള്‍ നിരത്തിയിട്ടും സത്യം നിഷേധിക്കുന്ന നേതന്റെ മുഖമായിരുന്നു വീണ്ടും തെളിയുന്നത്. തിരിച്ച് അര്‍‌ത്ഥമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ശ്രമിച്ചുകൊണ്ട് അവന്‍ പുലമ്പുന്ന സ്വരം, ഒടുവില്‍ എപ്പോഴൊ "നീയൊരിക്കലും ഗുണം പിടിയ്ക്കില്ല" എന്ന അലര്‍ച്ചയും. അതെ, ആ അലര്‍ച്ച മുന്‍പും കേട്ടിട്ടുണ്ട്, എട്ട് വയസുള്ളപ്പോള്‍ ബോര്‍ഡില്‍ എഴുതിയിട്ട കണക്കിലെ തെറ്റു ചൂണ്ടി കാണിച്ചതിനു രാജലക്ഷ്മി ടീച്ചര്‍ "നീയൊരിക്കലും ഗുണം പിടിയ്ക്കില്ല" എന്നു ശപിച്ച നിമിഷം. അന്നു മുതല്‍ ഓര്‍ത്തതാണ്, ഇനി എനിയ്ക്ക് ഗുണം പിടിയ്ക്കണ്ടാ എന്ന്.

പെട്ടെന്ന് കാതടയ്പ്പിക്കുന്ന ഒരു ശബ്ദം, ബലൂണ്‍ പോലെ വീര്‍ത്തു വരുന്ന എയര്‍ബാഗുകള്‍, ശരീരഭാഗങ്ങള്‍ ചതഞ്ഞൊടിഞ്ഞു നുറുങ്ങുന്ന വേദന, ഒന്നും കാണാന്‍ ആകുന്നില്ല, ശരീരത്തില്‍ വേദനയേക്കള്‍ എന്തോ ഭാരം അടിയ്ക്കടി കൂട്ടിവയ്ക്കും പോലെ, കൈകാലുകള്‍ കുടഞ്ഞ് എറിയാന്‍ തോന്നുന്നു...പക്ഷേ അനക്കാന്‍ പറ്റുന്നില്ല...കഴുത്തിനു മുകളില്‍ ഒന്നും ഇല്ലാത്തത് പോലെ...ഒടുവില്‍ എല്ലാം ഒരു പഞ്ഞിക്കെട്ടുപോലെ അകലേയ്ക്ക് പറന്ന് പറന്ന്...

35 comments:

  1. “ഭൂമിയുരുണ്ടതു കൊണ്ടാവാം ഓരോ യാത്രയും തുടങ്ങിയിടത്തു തന്നെ എപ്പോഴും ചെന്ന് അവസാനിക്കുന്നത്.“

    ReplyDelete
  2. അതു കൊള്ളാം... കഴുത്തിനു മുകളില്‍ ഒന്നുമില്ലാത്തതു പോലെ തോന്നിയെന്നോ!!! കഴുത്തിനു താഴെ ഒന്നുമില്ലാത്തതു പോലെയല്ലേ തോന്നുവാന്‍ കഴിയൂ? :)

    ഗുണപാഠം: Rash Driving Reduce Life, അല്ലേ? :P
    --

    ReplyDelete
  3. അയ്യോ, വേഗം 911 വിളിക്കൂ...
    നല്ല കഥ. പക്ഷെ നേതന്‍ എന്തിനങ്ങനെ പറഞ്ഞു എന്നു പറഞ്ഞില്ല. കഥയില്‍ ചോദ്യമില്ലത്തതുകൊണ്ട് ചോദിക്കുന്നില്ല.

    ReplyDelete
  4. “ഒടുവില്‍ എല്ലാം ഒരു പഞ്ഞിക്കെട്ടുപോലെ അകലേയ്ക്ക് പറന്ന് പറന്ന്...“
    മയൂരാമ്മേ... എന്താദ്... എന്ത ഇങ്ങനെയൊക്കെ...?

    “ഭൂമിയുരുണ്ടതു കൊണ്ടാവാം ഓരോ യാത്രയും തുടങ്ങിയിടത്തു തന്നെ എപ്പോഴും ചെന്ന് അവസാനിക്കുന്നത്.“

    നന്നായിട്ട്ണ്ട്... അവസാനം ഒന്ന് പേടിപ്പിച്ചു..
    :)

    ReplyDelete
  5. ട്രാജഡിയാണല്ലോ!
    എഴുത്ത് ന‌ന്നായി.

    ReplyDelete
  6. ഒരു ആക്സിഡന്റ്
    അത് ആവുന്നതു പോലെ പറഞ്ഞിരിക്കുന്നു
    :)
    ഉപാസന

    ReplyDelete
  7. യാത്രയുടെ തുടക്കം: ഒരു നനുത്ത മേഖത്തില്‍ നിന്നും ഇറങ്ങിവന്ന് പഞ്ഞിക്കെട്ടുപോലെ അടുത്തേയ്ക്കു പറന്നുപറന്ന് കട്ടിയായി കൈകാലുകള്‍ കുടഞ്ഞെറിഞ്ഞ് വെളിച്ചത്തിലേക്ക് ള്ളേഏഏഏഏഏഏ.

    ഗുണപാഠം: 1) വണ്ടി പതുക്കെ ഓടിക്കുക. സ്പീഡ് ലിമിറ്റ് പാലിക്കുക 2) നേഥന്‍ പോന്നേല്‍ പോട്ടെ. അമേരിക്കക്കാര്‍ പണ്ടേ ശരിയല്ല. 3) ആ

    ReplyDelete
  8. നന്നായിരികുന്നു.
    ഒടുക്കം ലക്ഷ്യസ്ഥാനത്ത് തന്നെയെത്തി അല്ലെ..?

    ReplyDelete
  9. യാത്രകളുടെ അവസാനം തുടങ്ങിയേറ്റത്ത് തിരിച്ചെത്തുന്നത് മറ്റൊരു വ്യകതി ആയിരിക്കും
    എന്ന് മാത്രം.
    നല്ല വായനാനുഭവം....

    ReplyDelete
  10. "ഓര്‍മ്മകള്‍ക്ക് അള്‍സൈമെഴ്സ് പിടിപ്പെട്ടിരുന്നെങ്കില്‍ എന്ന് വല്ലാതെ ആഗ്രഹിച്ചു പോയി."

    വാക്കുകള്‍ക്ക് വല്ലാത്ത മൂര്‍ച്ച.ഒപ്പം ഒരുപാട് വേദനയും തരുന്നു.നന്നായിരിക്കുന്നു

    ReplyDelete
  11. കുഞ്ഞു കഥ കൊള്ളാം.

    ReplyDelete
  12. ഉരുണ്ടതും നീണ്ടതുമൊന്നുമല്ല പ്രശ്നം.. മനസ്സിലിരിപ്പ് നന്നാവണം, അപ്പോള്‍ കയ്യിലിരിപ്പ് നന്നാവും. അപ്പോളെന്തുണ്ടാവും. വഴി നീണ്ടു കിടക്കും..ജീവിതം നീണ്ടു കിടക്കും, വണ്ടി മൃദുവായ് ഉരുണ്ട് നീങ്ങും.

    കൊള്ളാം

    ReplyDelete
  13. നല്ലൊരു പോസ്റ്റ്‌
    ചില വാക്കുകള്‍ മനസിലേക്ക്‌ ആഴ്‌ന്നിറങ്ങുന്നുണ്ട്‌...

    അഭിനന്ദനങ്ങള്‍...

    ReplyDelete
  14. "കാര്‍ ക്രൂസിലിട്ട് കാലുരണ്ടും മടക്കി സീറ്റില്‍ കയറ്റി വയ്ച്ചു. "
    ഈ വഴിക്കെങ്ങാണും വരുന്നുണ്ടെങ്കില്‍ ഒരു മുന്നറിയിപ്പു തരണെ! വീട്ടില്‍ നിന്നും പുറത്തിറങ്ങാതിരിക്കാനാണ് :)
    നല്ല കഥ - അതിവിസ്താരമില്ലാതെ.

    ReplyDelete
  15. യാത്ര !

    ഇഷ്ടായി കഥ..

    ReplyDelete
  16. രചനയുടെ അവസാന ഭാഗം അസ്സലായി...തികച്ചും പുതുമയുള്ള അനുഭവം...മയൂരാ..നന്നായി.

    ReplyDelete
  17. പാവം രാജലക്ഷ്മിട്ടീച്ചര്‍:)

    ReplyDelete
  18. ആശ്വാസമായി....
    ഏതായാലും മയൂരക്കൊന്നും പറ്റിയില്ലല്ലോ? ....
    ഈ ബ്ലോഗ് എഴുതത്തക്കവണ്ണം തുടങ്ങിയേടത്തുതന്നെ തിരിച്ചെത്തിയല്ലോ........
    ഓര്‍മകള്‍ക്ക്‌ അള്‍ഷീമേര്‍സും പിടിക്കാതെ...

    ReplyDelete
  19. നല്ല സുഖത്തോടെ വായിച്ചു വന്നതാ, അവസാനം മനുഷ്യനേ പേടിപ്പിച്ചു കളഞ്ഞല്ലോ..
    ങും... ആ ട്രാജഡിയിലും അതിന്റെതായ ഒരു ശൈലി..

    ReplyDelete
  20. അറം പറ്റുന്ന വാക്കുകള്‍‍ എന്നതും വിശ്വാസം മാത്രം അല്ലേ.!!

    ReplyDelete
  21. ഇപ്പോള്‍ വണ്ടി പതുക്കെയാണല്ലൊ ഓടിക്കുന്നത്..!?
    റോഡിനിരുവശവും ഇങ്ങനെ പലതും എഴുതിവെക്കും..
    മനുഷ്യനെ പേടിപ്പിക്കാനായിട്ട്..
    വായിച്ചു വിഷമം തോന്നി കേട്ടൊ..:(

    ReplyDelete
  22. എല്ലാം രാജലക്ഷ്മി ടീച്ചറിന്‍റെ കുറ്റമാണ്.

    ReplyDelete
  23. :-)

    ‘യാത്ര‘ വായിച്ചു.. നന്നായി.

    ബട്ട്, അവസാന വരികള്‍ മനസ്സിലായില്ല! :

    “...കഴുത്തിനു മുകളില്‍ ഒന്നും ഇല്ലാത്തത് പോലെ..“

    കഥാപാത്രത്തിന്റെ ‘ബ്രയിന്‍’ എവിടെയാണ് എന്ന ഫസ്റ്റ് കണ്‍ഫ്യൂഷന്‍..

    പിന്നെ, ”ഒടുവില്‍ എല്ലാം ഒരു പഞ്ഞിക്കെട്ടുപോലെ അകലേയ്ക്ക് പറന്ന് പറന്ന്...“

    അതെന്താ സംഭവം? കാറില്‍ എയര്‍ബേഗ് ഉണ്ടായിരുന്നിട്ടും ഡ്രൈവറുടെ എയറ് പോയി എന്നാ ഞാന്‍ കരുതിയത്. ഇനി അങ്ങിനെ തന്നെയാണോ?
    :-)

    -അഭിലാഷ്

    ReplyDelete
  24. പോലീസ് വഴിയിലെങ്ങാനും നിര്‍ത്തി ഒരു ടിക്കറ്റ് തന്നിരുന്നെങ്കില്‍ ഇങ്ങനെ പറ പറക്കേണ്ടി വരുമായിരുന്നില്ല!
    ഓ:ടോ:കഥ നന്നായിട്ടുണ്ട്.

    ReplyDelete
  25. മയൂര നന്നായി!
    മനസ്സില്‍ ടെന്‍ഷനുമായി വാഹനം ഓടിക്കുന്നവര്‍ക്ക്‌ ഒരു ഓര്‍മപ്പെടുത്തല്‍ കൂടിയാണു ഈ ചെറുകഥ!

    ReplyDelete
  26. നേതനോടുള്ള ദേഷ്യം തീര്‍ക്കാന്‍ ഇങ്ങനെ കാറോടിച്ചാല്‍ തലയൊക്കെ പറന്നുപോവുമെന്നിപ്പോO മനസ്സിലായില്ലേ :)

    ഇനി അടുത്ത ട്രാക്കില്‍ പോയി തലയെടുത്ത് ഫിറ്റ് ചെയ്തിട്ട് ഒരു 150 മൈലില്‍ ഓടിക്കാനുള്ളതിന്, അല്ല പിന്നെ.

    നന്നായിരിക്കുന്നു കേട്ടോ. :)

    ReplyDelete
  27. മയൂര...

    മറ്റൊരു നല്ല കഥ.....അഭിനന്ദനങ്ങള്‍


    നന്‍മകള്‍ നേരുന്നു

    ReplyDelete
  28. യ്യൊ! എന്തൊരു യാത്ര!!
    പക്ഷേ ഫാവന കിടുകിടു! നല്ല കഥ!

    ReplyDelete
  29. സംഭവം ഇത്തിരിയുള്ളുവെങ്കിലും അതിലുള്ള വാക്കുകള്‍ അസ്സലായി. നന്നായിട്ടുണ്ട് മയൂരാ

    ReplyDelete
  30. മനസ് ആകുലപ്പെട്ടിരിക്കുമ്പോള് ഡ്രൈവിങ്ങില് ശ്രദ്ധിക്കാന് പറ്റില്ല എന്നത് പരമാര്ഥം....

    ReplyDelete
  31. പെട്ടെന്ന് കാതടയ്പ്പിക്കുന്ന ഒരു ശബ്ദം, ബലൂണ്‍ പോലെ വീര്‍ത്തു വരുന്ന എയര്‍ബാഗുകള്‍, ശരീരഭാഗങ്ങള്‍ ചതഞ്ഞൊടിഞ്ഞു നുറുങ്ങുന്ന വേദന, ഒന്നും കാണാന്‍ ആകുന്നില്ല, ശരീരത്തില്‍ വേദനയേക്കള്‍ എന്തോ ഭാരം അടിയ്ക്കടി കൂട്ടിവയ്ക്കും പോലെ, കൈകാലുകള്‍ കുടഞ്ഞ് എറിയാന്‍ തോന്നുന്നു...പക്ഷേ അനക്കാന്‍ പറ്റുന്നില്ല...കഴുത്തിനു മുകളില്‍ ഒന്നും ഇല്ലാത്തത് പോലെ...ഒടുവില്‍ എല്ലാം ഒരു പഞ്ഞിക്കെട്ടുപോലെ അകലേയ്ക്ക് പറന്ന് പറന്ന്...


    KADHA KOLLATTO.

    NALLA EZHUITHU.

    ( Sorry, Malayalam font trouble, athanu English il commendiyathu)

    ReplyDelete
  32. നന്നായി എഴുതിയിരിക്കുന്നു..അടൂറ്‍ ജി യുടെ പടം പോലെ..

    ReplyDelete