Tuesday, November 20, 2007

എന്തിനാണ്.

എന്തിനാണ് ചില കൊന്നമരങ്ങള്‍
‍ഋതു തെറ്റി പൂക്കുന്നത്?

നിറയെപ്പൂവിട്ടിട്ടും കായ്ക്കാതെ
മാമ്പൂക്കള്‍ കൊഴിയുന്നത്?

ദേശാടനപക്ഷികള്‍
ദിശമാറിപ്പറക്കുന്നത്?

കാര്‍മേഘങ്ങള്‍
‍പെയ്യാതെയൊഴിയുന്നത്?

മേഘാവൃതമല്ലാത്തയാകാശം
പേമാരി ചൊരിയുന്നത്?

എന്തിനാണിതെല്ലാം കണ്ടിട്ടേതോ
മിഴികള്‍ നിറഞ്ഞൊഴുകുന്നത്?

52 comments:

  1. “എന്തിനാണ് ദേശാടനപക്ഷികള്‍
    ദിശമാറിപ്പറക്കുന്നത്?“

    ReplyDelete
  2. "എന്തിനാണ്..." എന്നതിന് ഉത്തരം മനുഷ്യന്‍റെ സാമാന്യബുദ്ധിക്ക് നിരക്കുന്നതായിരുന്നെങ്കിലോ...

    കൊള്ളാം ചെറുചിന്തകളും നിരീക്ഷണങ്ങളും...

    ReplyDelete
  3. (ദീര്‍ഘനിശ്വാസത്തോടെ)
    ആ‌ര്‍ക്കറിയാം! പ്രകൃതിയുടെ വികൃതിക‌ള്‍

    ReplyDelete
  4. എന്തിനാണ്....?
    :)
    കൊള്ളാം...നന്നായി!!

    ReplyDelete
  5. ഇതിന്റെയെല്ലാം ഉത്തരം എനിക്കറിയാം:- Global warming

    ReplyDelete
  6. ചിലപ്പോഴങ്ങിനെയാണ്, വെറുതെ.
    :)

    ReplyDelete
  7. എനിക്കും അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട് ഇതിന്റെ ഉത്തരങ്ങള്‍. നല്ല ഒരു ഉത്തരം കിട്ടുകയാണെങ്കില്‍ ഒന്നു പറഞ്ഞുതരണേ.

    ReplyDelete
  8. ഞാന്‍ ഉത്തരം പറയാന്‍ വന്നപ്പൊഴേയ്ക്കും വടക്കോവ്സ്കി ഉത്തരം പറഞ്ഞു :(

    ന്നാലും കരയണ്ടാട്ടോ. ഗ്ലോബല്‍ വാമിങ്ങ് ഒക്കെ സാധാരണ സംഭവമല്ലേ.

    ReplyDelete
  9. കാലം തെറ്റി വന്നു പോകുന്ന ഋതുഭേദങ്ങള്‍ എന്നല്ലേ
    ബ്ളോഗിന്റെ ടൈറ്റില്‍ ...
    അതാ കാരണം ..
    റ്റൈറ്റില്‍ മാറ്റിയാല്‍ ഒക്കെ ശരിയാവും കരയരുത് ...എന്നിട്ടു ചിരിക്കുന്ന ഒരു പോസ്റ്റിടുമല്ലൊ

    ReplyDelete
  10. ഈ ലോകം ഒരു പ്രഹേളികയായി നിലനില്ക്കുന്നതു തന്നെ ഇതേ പോലെയുള്ള ചോദ്യങ്ങള്‍ക്കായിരിക്കാം .:)

    ReplyDelete
  11. നല്ല ചിന്തകള്‍ മയൂര..

    പിന്നെ, ഇതിന്റെയൊക്കെ ഉത്തരം എനിക്കറിയാം..

    ബട്ട്, ആര്‍ക്കും പറഞ്ഞുതരൂല്ലാ‍ാ‍ാ‍ാ..

    സീക്രട്ടാ.. :-)

    “എന്തിനാണിതെല്ലാം കണ്ടിട്ടേതോ
    മിഴികള്‍ നിറഞ്ഞൊഴുകുന്നത്?

    ഈ വരികള്‍ക്ക് “ഗ്ലോബല്‍ വാമിങ്ങു“മായി യാതൊരു ബന്ധവുമില്ലാത്തത് കാരണം മൊത്തത്തില്‍ നോക്കുമ്പോള്‍ അത് ഒരു ശരിയായ ഉത്തരമല്ല എന്നുകൂടി ഞാന്‍ പ്രഖ്യാപിക്കുന്നു..

    :-)

    ReplyDelete
  12. മയൂരേ വരികള്‍ നന്നായി.

    “ആഗോള താപനം
    ആഗോള താപനം
    താപനത്തില്‍ തപിച്ചി-
    ട്ടെന്തു നേടാന്‍.
    കൈകോര്‍ക്കണം നാം
    ഇതിനെ ചെറുക്കുവാന്‍, ‍
    ഈ ലോകം മക്കള്‍ക്കും
    വേണ്ടതല്ലേ...”

    -സുല്‍

    ReplyDelete
  13. അല്ലാ,അതിനി എന്റെ മിഴികളാണോ നിറഞ്ഞൊഴുകുന്നത്?

    ReplyDelete
  14. ആര്‍ക്കറിയാം.
    എന്തിനാണ് ചികുന്‍ ഗുനിയ ഉണ്ടാവുന്നത് ?
    എന്തിനാണ് കരുണാകരന്‍ വീണ്ടും കോണ്‍ഗ്രസ്സില്‍ പോകുന്നത് ?

    ആര്‍ക്കറിയാം

    ReplyDelete
  15. "കാലം തെറ്റി വന്നു പോകുന്ന ഋതുഭേദങ്ങളിലെ" കൊന്നകള്‍ ഋതു തെറ്റി പൂക്കാതിരിക്കുന്നതെങ്ങനെ?

    നല്ല വരികള്‍ മയൂരാ...

    പ്രണയത്തിന്റെ നന്നുത്ത
    വിരലുകള്‍ വന്നു തൊട്ടപ്പോഴായിരുക്കണം
    കൊന്നമരം ഋതു തെറ്റി പൂത്തത്‌.

    വിരഹത്തിന്റെ ചുടുകണ്ണീര്‍
    വേരില്‍ പതിഞ്ഞതു കൊണ്ടായിരിക്കണം
    ചില മാമ്പൂക്കള്‍ കായ്ക്കാതെ കൊഴിഞ്ഞത്‌

    വഴിമാറി പോയൊരു പ്രണയിനിയെ
    തെരഞ്ഞാവണം
    ദേശാടന പക്ഷി ദിശമാറി പറന്നത്‌

    സമാഗത്തിന്റെ ആനന്ദാശ്രു പെയ്യുന്നത്‌
    കണ്ടാവണം കാര്‍മേഘങ്ങള്‍
    പെയ്യാതെ ഒഴിഞ്ഞത്‌

    ബാക്കി രണ്ടെണ്ണത്തിനുത്തരം സത്യാട്ടും എനിക്കറിയില്ല

    ReplyDelete
  16. ചിലപ്പോഴൊക്കെ ഋതു മാറി പൂക്കുന്ന വനങ്ങള്‍ ഇല്ലാതെ എന്ത് പ്രകൃതി? ഒഴുക്കിനെതിരെ നീന്താതെ എന്ത് ജീവിതം? വ്യവസ്ഥിതികള്‍ തച്ചുടക്കാതെ എന്ത് സമൂഹം?

    ReplyDelete
  17. എന്തിനാണ് ചില കൊന്നമരങ്ങള്‍
    ‍ഋതു തെറ്റി പൂക്കുന്നത്?

    നല്ല അടി കിട്ടാഞ്ഞിട്ട്.!
    ...........................
    നിറയെപ്പൂവിട്ടിട്ടും കായ്ക്കാതെ
    മാമ്പൂക്കള്‍ കൊഴിയുന്നത്?

    വിധി അല്ലാതെന്തു പറയാന്‍..
    ............................
    ദേശാടനപക്ഷികള്‍
    ദിശമാറിപ്പറക്കുന്നത്?

    വഴിയില്‍ ഹര്‍ത്താല്‍..!
    ...........................
    കാര്‍മേഘങ്ങള്‍
    ‍പെയ്യാതെയൊഴിയുന്നത്?

    എല്ലാം കൂടി കൊണ്ട് ഒരിടത്തു പണ്ടാരമടക്കാന്‍..
    ............................
    മേഘാവൃതമല്ലാത്തയാകാശം
    പേമാരി ചൊരിയുന്നത്?

    ബൂലോകത്തുള്ള പൊക കൊണ്ട് കണ്ണെരിഞ്ഞിട്ട്..!
    ...............................
    എന്തിനാണിതെല്ലാം കണ്ടിട്ടേതോ
    മിഴികള്‍ നിറഞ്ഞൊഴുകുന്നത്?

    സത്യമായിട്ടും എനിക്കറിയില്ല..:)

    ReplyDelete
  18. എന്തുകൊണ്ടെന്തുകൊണ്ടെന്തുകൊണ്ട്‌... ഉത്തരം ഇല്ലാത്ത, അറിയാത്ത ചൊദ്യങ്ങള്‍ അങ്ങനെയെത്രയെത്ര

    ReplyDelete
  19. kavithakal vaayichu. nannavunnundu.
    എന്തിനാണിതെല്ലാം കണ്ടിട്ടേതോ
    മിഴികള്‍ നിറഞ്ഞൊഴുകുന്നത്?

    ReplyDelete
  20. “എന്തിനാണ് ദേശാടനപക്ഷികള്‍
    ദിശമാറിപ്പറക്കുന്നത്?“

    ഇനിയൊരു ജന്‍മ മുണ്ടെങ്കില്‍ എനിക്കൊരു ദേശാടനക്കിളിയായി ജനിക്കാന്‍ കഴിഞ്ഞാല്‍ മതിയായിരുന്നു....!
    അതാകുമ്പോള്‍ ഈ ലോകമായ ലോകമൊക്കെ ചുറ്റാമല്ലൊ..

    ReplyDelete
  21. ചേച്ചീ... നല്ല ചോദ്യങ്ങള്‍‌...
    ‘എന്തിനാണിതെല്ലാം കണ്ടിട്ടേതോ
    മിഴികള്‍ നിറഞ്ഞൊഴുകുന്നത്?’

    ഈ വരികളിലെത്തിയപ്പോള്‍‌ നിഷ്കളങ്കന്‍ ചേട്ടന്‍‌ പറഞ്ഞതു പോലെ ഒരു ദീര്‍‌ഘ നിശ്വാസം!

    :)

    ReplyDelete
  22. കാലം മാറുമ്പോള്‍ കോലങ്ങള്‍ മാറും അപ്പോള്‍ ശീലങ്ങളും മാറണം. ഇല്ലെങ്കില്‍ മിഴികള്‍ നിറയും...അതു കണ്ട് ചിരിക്കാനും ആളുണ്ടാവും

    ReplyDelete
  23. എന്തിനാണ് ചില ചോദ്യങ്ങള്‍ക്കുത്തരം കിട്ടില്ലെന്നറിഞ്ഞുകൊണ്ടും വീണ്ടും വീണ്ടും തേടുന്നത്?

    ReplyDelete
  24. നിയമം തെറ്റിക്കുംബോഴല്ലെ നമുക്ക് ശബ്ദിക്കാന്‍ അവസരം ലഭിക്കുന്നുള്ളൂ!!!

    ReplyDelete
  25. ശ്ശോ..! ഇതെല്ലാം എപ്പഴാരുന്നു?

    ReplyDelete
  26. കുഞ്ഞുണ്ണിമാഷ് ഇതിനുത്തരം പറയുന്നുണ്ട്...മയൂര
    പപ്പടം വട്ടത്തിലായതു കൊണ്ടാകാം
    പയ്യിന്റ് പാലു വെളുത്തതായി
    എന്നു
    നല്ല ചിന്ത.

    ReplyDelete
  27. അഭിലാഷങ്ങള്‍,
    കവിത മുഴുവന്‍ ചോദ്യങ്ങളാണ്‌. ആദ്യത്തെ അഞ്ചു ചോദ്യങ്ങളുടെ ഉത്തരം Global warming അല്ലെങ്കില്‍ പിന്നെ എന്താണ്‌. മിഴികള്‍ നിറഞ്ഞൊഴുകുന്നത്‌ ഈ ഉത്തരം അറിയാത്തതുകൊണ്ടും

    ReplyDelete
  28. എന്തിനാണിതെല്ലാം കണ്ടിട്ടേതോ
    മിഴികള്‍ നിറഞ്ഞൊഴുകുന്നത്?... ഇതിനുത്തരമുണ്ടോ?

    ReplyDelete
  29. “നിനയാത്ത നേരത്തെന്‍ പടി വാതിലില്‍ പദവിന്യാസം കേട്ടപോലെ...
    വരവായാലൊരുനാളും പിരിയാത്തെന്‍ മധുമാസം...
    ഒരുമാത്ര കൊണ്ടു വന്നെന്നോ...ഇന്നൊരുമാത്ര കൊണ്ടു വന്നെന്നോ...
    കൊതിയോടെ ഓടിച്ചെന്നകലത്താവഴിയിലിന്‍...
    ഇരുകണ്ണും നീട്ടുന്നനേരം...
    വഴിതെറ്റി വന്നാരോ പകുതിക്കു വച്ചെന്റെ വഴിയേ തിരിച്ച് പോകുന്നു...“

    ഒരു പക്ഷേ ഇതാകാം....
    :)

    ReplyDelete
  30. ഇതൊക്കെ ഓര്‍ത്ത് മിഴികള്‍ നിറയാനാണെങ്കില്‍ അതിനേ സമയം കാണൂ. അതിനെയൊക്കെ അതിന്റെ പാട്ടിനു വിടുക. നമ്മുക്ക് നമ്മുടെ സ്വന്തം കാര്യം..

    എന്റെ അഭിപ്രായമല്ലട്ടോ ഇന്നിന്റെ മനസ്സ്.. ചിലപ്പോള്‍ നിസ്സഹായത കൊണ്ടാകാം

    ReplyDelete
  31. ശരി തന്നെ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍...

    ReplyDelete
  32. ഹ ഹ ഇതെല്ലാം കണ്ടിട്ടും നിറയുന്ന മിഴികളാണെങ്കില്‍ ആ മിഴികള്‍ക്ക് അതിനേ ടൈം കാണുവല്ലൊ?
    എഴുത്ത് നന്നായി:)

    ReplyDelete
  33. നല്ല അടി കിട്ടാത്തതിന്റെ കുറവാണ്. എഴുത്തുകാരെല്ലാവരും കൂടി കൊഞ്ചിച്ചു,കൊഞ്ചിച്ചു പ്രക്യതിയെ വഷളാക്കിയിരിക്കുന്നു.

    ReplyDelete
  34. ആര്‍ക്കറിയാം...?

    ReplyDelete
  35. എന്തിനാണ് ദേശാടനപക്ഷികള്‍
    ദിശമാറിപ്പറക്കുന്നത്?“

    പ്രകൃതിയോടുള്ള മനുഷ്യന്റെ
    കയ്യേറ്റം കൊണ്ടായിരിക്കാം.
    നല്ല നിരീക്ഷണങ്ങള്‍.
    അര്‍ഥമുള്ള വരികള്‍

    ReplyDelete
  36. കൊള്ളാം മയൂര, നന്നായിരിയ്ക്കുന്നു ഈ കവിത.

    ReplyDelete
  37. മയൂരേ....
    എന്തേ ഈ ചോദ്യങ്ങള്‍ ചോദിച്ചിട്ടും
    ഉത്തരം തരാന്‍ മടിക്കുന്നത്?:):)

    ReplyDelete
  38. കൊള്ളാം..

    ReplyDelete
  39. കൊന്നമരങ്ങള്‍ ഋതുതെറ്റി പൂത്താല്‍ മിഴി നിറയില്ല...
    unless the blooming brings some unpleasant memories...

    ദേശാടനപക്ഷികള്‍ ദിശ മാറിപറന്നാല്‍ നമ്മളറിയാന്‍ പോകുന്നോ?

    പിന്നെ മഴയുടെ കാര്യം......

    That depends.....
    ചിലറ്ക്ക് മഴ പെയ്താലിഷ്ടം, ചിലറ്ക്ക് പെയ്തില്ലെങ്കിലിഷ്ടം.

    ReplyDelete
  40. ഹായ്, ശെഫിയുടെ ഉത്തരങ്ങള്‍ക്ക് 90 മാര്‍ക്ക്.
    (രണ്ടണ്ണം അറിഞ്ഞുകൂടാത്തതുകൊണ്ട് 10 മാര്‍ക്ക്‌ കുറച്ചു)

    പ്രയാസിയുടെ ഉത്തരങ്ങള്‍ക്ക് 60 മാര്‍ക്ക്.
    (ചിലത് തെറ്റാ...)

    ReplyDelete
  41. വായിച്ച് അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും നന്ദി. പ്രായോഗികമായോ സൈദ്ധാന്തികമായോ ഇതിനുത്തരം തരാന്‍ ഞാന്‍ ആളല്ല:)

    തുഷാരം, നിഷ്ക്കളങ്കന്‍, പ്രിയ, ഹരിയണ്ണന്‍, പടിപ്പുര, വാല്‍മീകി , മേനോന്‍ മാഷേ, ജ്യോതീ, മനോജ് , ഫ്രേണ്ട്സ്, ശ്രീ, മുരളി മേനോന്‍ , സു, ചിത്രകാരന്‍, വലിയ വരക്കാരന്‍, രാമണുണ്ണി മാഷേ, ധ്വനി, സഹയാത്രികന്‍, നജീം , ഹരിശ്രീ, സാജന്‍, അംബൂ, അലി, സിനി, സാരംഗി , പ്രദീപ്‌, കെ.എം.എഫ് :- ഹൃദയം നിറഞ്ഞ നന്ദി :)

    എതിരൊഴുക്കുകള്‍, വടക്കോവ്സ്കി, സിമി, സുല്‍, പി.ആര്‍, ശ്രീഹരി :- അതു തന്നെയാവണം കാരണം :)

    അഭിലാഷങ്ങള്‍, പറയല്ലേ;)

    വടക്കോവ്സ്കി, പാവമല്ലേ അഭി..വെറുതെ വിട്ടേക്ക് ;)

    അനാഗതശ്മശ്രു മാഷേ, പുതുശാ ടൈറ്റില്‍ പാകലാം;) (എന്റെ തമിഴ് ക്ഷമീരു)

    വേണു മാഷേ , സമ്മതിക്കാതെ വയ്യ:)

    ശെഫി, എനിക്ക് ഒന്നിന്റെയും ഉത്തരം അറിയില്ല :)

    പ്രയാസി, എന്തിര‍ഡേ ;)

    ഗീതേച്ചി, മിഴികള്‍ നിറയുന്നത് സന്തോഷത്താലുമാവാം അല്ലേ:) മാര്‍ക്കിട്ടത് എനിക്ക് “ക്ഷ” പിടിച്ചു. ഇനി ഞാന്‍ ടെസ്റ്റിനില്ല, എനിക്ക് പനിയാ ;)

    ReplyDelete
  42. വടു പറഞ്ഞതും, അനാഗതശ്മശ്രു വരവു വെച്ചതുമായ ഉത്തരം കവിതയുറ്റെ തലക്കെട്ട് എന്തുകൊണ്ടാണ് എന്നായിരുന്നെങ്കില്‍ ശരിയാകുമായിരുന്നു.
    ഇത് എന്തിനാണ് എന്നതായതിനാല്‍
    ബൂലോഗത്തെ ചിലരെ പേടിച്ചിട്ടാണ് എന്ന് പറയേണ്ടി വരും:)

    ReplyDelete
  43. മയൂര...

    അഭിനന്ദനങ്ങള്‍

    എന്തിനാണ്‌ നീ കരയുന്നത്‌
    എന്തിനാണ്‌ നീ കാത്തിരിക്കുന്നത്‌
    എങ്ങോ പോയ്‌ മറഞ്ഞ
    ദേശം മാറി പറക്കുന്ന
    ദേശാടന പക്ഷികള്‍ ഇനിയും വരുമെന്നോ
    താളം തെറ്റിയ താരാട്ടിന്‍ ശ്രുതികള്‍
    ഇനിയും കേള്‍ക്കുമെന്നോ...അറിയില്ല
    എനിക്കൊന്നുമേയറിയില്ല

    നന്‍മകള്‍ നേരുന്നു

    ReplyDelete
  44. അനംഗാരീ, ഇതിനു നൂറുക്ക് നൂറ് :)

    മഴതുള്ളികിലുക്കം, നന്ദി :)

    ReplyDelete
  45. ഈ ചോദ്യങ്ങള്‍ ചോദിക്കാന്‍
    എനിക്കെന്തേ തോന്നാതെ പോയത്?

    ഉത്തരവും ഞാന്‍ തന്നെ പറഞ്ഞേക്കാം

    തല നിറച്ച് കളിമണ്ണായതു കൊണ്ട്.

    അതെന്തേ തലക്കകത്ത് കളിമണ്ണായി പോയത്?

    ഇതിനുത്തരം ആര്‍ക്കേലും അറിയോ???

    ReplyDelete
  46. മയൂരേച്ചി, ഇപ്പോഴാ കണ്ടേ..എല്ലാം ഒരു ഈഗോ അത്രതന്നെ :)

    വരികള്‍ നന്നായിട്ടാ..ഇനിയും ഇതുപോലെ എത്രയോ ചോദ്യങ്ങള്‍ ..

    ReplyDelete
  47. മാത്, കുറച്ച് കളിമണ്ണ് അയക്കൂ, സയന്‍സില്‍ ഒന്നു ടെസ്റ്റ് ചെയ്തു നോക്കട്ടെ...തലക്കകത്ത് കളിമണ്ണായി പോയതിന്റെ കാരണവും ഉത്തരവും പറയാം;) നന്ദി ഇവിടെ വന്നഭിപ്രായം അറിയിച്ചതില്‍ :)

    ജിഹേഷ്, നന്ദി:)

    ReplyDelete
  48. നന്നായി മയൂര.
    വളരെ വളരെ.

    ഇപ്പോളെനിക്കു്‌ കൊച്ചു കൊച്ചു കവിതകളോടു്‌ പ്രണയം തോന്നിത്തുടങ്ങിയിരിക്കുന്നു.

    നിരക്ഷരന്‍
    (അന്നും,ഇന്നും, എപ്പോഴും)

    ReplyDelete
  49. ഇന്നലെ എന്റെ കറുകച്ചെടികളില്‍ മഞ്ഞുതുള്ളികള്‍ ഇല്ലായിരുന്നു........ആര്‍ക്കറിയാം എന്തുകൊണ്ടാണെന്ന്.


    കൊള്ളാം മയൂര നന്നായിരിക്കുന്നു..
    കാത്തുസൂക്ഷിക്കുക

    ReplyDelete
  50. Anonymous12:21 PM

    മയൂരാ -

    എല്ലാത്തിന്റെയും ഉത്തരം അറിഞ്ഞാല്‍ പിന്നെ , ജീവിതത്തിന്റെ സസ്പെന്‍സ് പോകില്ലേ? ഇതൊക്കെ ഇങ്ങനെ ഉത്തരം കിട്ടാത്ത ചോദ്യമായിത്തന്നെയിരിക്കുന്നതാണ് എനിക്കിഷ്ടം :)

    - സ്നേഹാശംസകളോടേ, സന്ധ്യ :)

    ReplyDelete