Sunday, November 25, 2007

അസ്തമയം

കടല്‍തീരത്ത് തിരകളുമെണ്ണിയിരിക്കുമ്പോള്‍, അസ്തമയമെന്നാല്‍ ഫ്ലാറ്റിലെ കാറ്റു പോലും കടക്കാതെയടച്ചിട്ടിരുന്ന ജനാലയുടെ ഗ്ലാസില്‍വൈകുന്നേരങ്ങളില്‍ പടരുന്ന ഓറഞ്ച് നിറമാണെന്നു ധരിച്ചിരുന്ന ബാല്യമായിരുന്നു ഓര്‍മ്മകളില്‍.

കലപില ശബ്ദത്താല്‍ മുഖരിതമായ കടല്‍പ്പുറം. ഒറ്റയായും കൂട്ടമായുമെല്ലാം നടന്നു നീങ്ങുന്നവര്‍. ബലൂണും, ഐസ്ക്രീമും, കടലയും വില്‍ക്കുന്നവര്‍ക്ക് ചുറ്റിലും വട്ടമിട്ടു നില്‍ക്കുന്നയാളുകള്‍. കനകാംബരപ്പൂക്കള്‍ ‍വില്‍ക്കാന്‍ നടക്കുന്ന തമിഴ് പെണ്‍കുട്ടി അടുത്തു വന്നൊന്നറച്ചുനിന്നു. കാലം കുറെയായി കനകാംബരപ്പൂക്കള്‍ കണ്ടിട്ട്, നല്ല ഭംഗിയായി അടുക്കി കെട്ടിരിക്കുന്ന പൂക്കള്‍, എന്നിട്ടും വേണ്ടെന്നു മെല്ലെ തലയാട്ടി. ഒരിക്കല്‍ക്കൂടി പ്രതീക്ഷയോടെ നോക്കിയിട്ടവള്‍ നടന്നകന്നു.

അസ്തമയം തുടങ്ങാറായി, സുഖപ്രദമായൊരിളം ചൂടുള്ള കാറ്റ് കടലിന്റെ ഗന്ധവും പേറി വന്ന് ആശ്ലേഷിച്ച് കടന്നു പോയി. മനസില്‍ നേര്‍ത്ത സംഭ്രമം...ഹൃദയമിടിപ്പ് ക്ഷണനേരത്തേക്ക് നിലച്ച് പുന:സ്ഥാപിച്ചതു പോലെ. ആകാശത്ത് നിറപ്പകര്‍ച്ചയുടെ കാഠിന്യമേറിവരുന്നു. കോപാഗ്നിയായി ജ്വലിക്കുന്ന സൂര്യന്‍, വെണ്മേഘങ്ങളുടെ ചിറകുകളില്‍ സ്വരലയം പോലെ പടര്‍ത്തുന്ന ജ്വാലകള്‍. പിന്നെ ഭാവമയമായി മെല്ലെയെരിഞ്ഞടങ്ങി കടലിന്റെ മടിത്തട്ടിലേക്ക്.

അസ്തമയവും കണ്ട് ആളുകള്‍ മടങ്ങാന്‍ തുടങ്ങുന്ന മാത്രയില്‍ എവിടെനിന്നെന്നറിയാത്തെ ഒരശരീരി മുഴങ്ങി. "വിടരുതവനെ, പകലിനെ കൊന്നിട്ടവന്‍ കടലിലൊളിയ്ക്കുന്നു, ആകാശത്ത് ചോരചീന്തിച്ചിട്ട് എല്ലവരും നോക്കിനില്‍ക്കേയവന്‍ ചോരക്കറ കടലില്‍ കഴുകി ഒളിവില്‍ പോയതു കണ്ടില്ലേ...?"

സാമാന്യബോധം പോലുമില്ലാത്ത മനുഷ്യരെന്നു മനസിലോര്‍ക്കുമ്പോള്‍, ചിലര്‍ പരസ്പരം തുറിച്ച് നോക്കിയെന്തൊക്കെയോ പിറുപിറുക്കുന്നു, മറ്റുചിലര്‍ കേട്ടപാതി കേള്‍ക്കാത്ത പാതി കടലിലേക്കെടുത്തു ചാടുന്നു, ആര്‍ത്തലയ്ക്കുന്ന തിരയിലേക്ക്. "എനിയ്ക്ക് നീന്തലറിയില്ല നിന്റെ കൈപിടിച്ച് ഞാനും ഇറങ്ങട്ടെ തിരയിലേക്ക്?", ആരുടെയോ ഒച്ച. നീന്തലറിയാവുന്നവന്റെ കൈപിടിച്ചാല്‍ മതിയെന്ന വ്യര്‍ത്ഥമായ ചിന്തയാവും.

സൈറനിട്ടു വരുന്ന പോലീസും രക്ഷാസന്നാഹങ്ങളും. ഇരുട്ട് പടര്‍ന്നതിനാല്‍ ‍പുലരും വരെ ഒന്നും ചെയ്യുവാനില്ലെന്നു പറഞ്ഞു സുര്യനുദിക്കുന്നതും കാത്തവരിരുന്നു. കടലിലിറങ്ങിയ നിഴലുകളെയാദ്യം ഇരുള്‍ വിഴുങ്ങി, പിന്നെ തിര വിഴുങ്ങി...ശേഷം ഓരോരുത്തരായി കടലമ്മയുടെ ഗര്‍ഭപാത്രത്തില്‍ അഭയംപ്രാപിച്ചു. ഇനി മൂന്നാം പക്കം കടലമ്മയ്ക്ക് പേറ്റുനോവു തുടങ്ങും. എത്രയാറ്റുനോറ്റിരുന്നാലും പിറക്കുന്നതെല്ലാം ഒരു പക്ഷേ ചാപിള്ളയായിരിക്കും.

29 comments:

  1. “ആകാശത്ത് നിറപ്പകര്‍ച്ചയുടെ കാഠിന്യമേറിവരുന്നു. കോപാഗ്നിയായി ജ്വലിക്കുന്ന സൂര്യന്‍, വെണ്മേഘങ്ങളുടെ ചിറകുകളില്‍ സ്വരലയം പോലെ പടര്‍ത്തുന്ന ജ്വാലകള്‍. പിന്നെ ഭാവമയമായി മെല്ലെയെരിഞ്ഞടങ്ങി കടലിന്റെ മടിത്തട്ടിലേക്ക്.“

    ReplyDelete
  2. "ഇനി മൂന്നാം പക്കം കടലമ്മയ്ക്ക് പേറ്റുനോവു തുടങ്ങും. എത്രയാറ്റുനോറ്റിരുന്നാലും പിറക്കുന്നതെല്ലാമൊരു പക്ഷേ ചാപിള്ളയായിരിക്കും"
    നല്ല വരികള്‍!

    "പിറക്കുന്നതെല്ലാരും ഒരുപക്ഷേ"
    ഇതാണോ ശരി?

    ReplyDelete
  3. നല്ല കഥ മയൂര. പ്രിയയുടെ കമന്റും നന്നായിട്ടുണ്ട്.

    ReplyDelete
  4. അനിവാര്യമായ വിടവാങ്ങലിനെ , അതുയര്‍ത്തുന്ന വികാരങ്ങളേയും ഒരു കൊച്ചു കഥയിലൂടെ നന്നായി വരച്ചു കാട്ടിയിരിക്കുന്നു..
    അവസാനം പാരഗ്രാഫില്‍ അതിലേറേ..

    അഭിനന്ദനങ്ങള്‍...

    ReplyDelete
  5. ചേച്ചീ...

    കഥ നന്നായീട്ടോ...

    “ഇനി മൂന്നാം പക്കം കടലമ്മയ്ക്ക് പേറ്റുനോവു തുടങ്ങും. എത്രയാറ്റുനോറ്റിരുന്നാലും പിറക്കുന്നതെല്ലാം ഒരുപക്ഷേ ചാപിള്ളയായിരിക്കും.”

    :)

    ReplyDelete
  6. കാച്ചികുറുക്കിയ വരികള്‍ക്കിടയില്‍ വായിക്കാന്‍ ഒരുപാട്.

    അഭിനന്ദനങ്ങള്‍.

    ReplyDelete
  7. "നീന്തലറിയാവുന്നവന്റെ കൈപിടിച്ചാല്‍ മതിയെന്ന വ്യര്‍ത്ഥമായ ചിന്തയാവും"

    മാസ്റ്റര്‍ക്ലാസ്!! നന്നായിട്ടുണ്ട് ചേച്ചീ.. :)

    ReplyDelete
  8. “വെണ്മേഘങ്ങളുടെ ചിറകുകളില്‍ സ്വരലയം പോലെ പടര്‍ത്തുന്ന ജ്വാലകള്‍.“

    ‘സ്വരലയം’ പോലെയെങ്ങനെ എന്നൊരു സംശയം തോന്നുന്നുവെങ്കിലും
    എഴുത്തിഷ്ടമായി.. :)

    ReplyDelete
  9. " കടലിലിറങ്ങിയ നിഴലുകളെയാദ്യം ഇരുള്‍ വിഴുങ്ങി, പിന്നെ തിര വിഴുങ്ങി...ശേഷം ഓരോരുത്തരായി കടലമ്മയുടെ ഗര്‍ഭപാത്രത്തില്‍ അഭയംപ്രാപിച്ചു "

    നന്നായിട്ടൂണ്ട്.

    കവിത എഴുതുന്ന ആളായത് കൊണ്ടാവും , ഗദ്യത്തിലും പദ്യത്തില്‍ ഉപയോഗിക്കുന്ന പോലെയാണ് ചില വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നത്.

    "വന്നൊന്നറച്ചുനിന്നു" ഒരുദാഹരണം.

    അത്‌ കൊണ്ട് കുഴപ്പമൊന്നുമില്ല. ഗദ്യത്തിന് ഒര്‍ പ്രത്യേക മനോഹാരിത കൈ വരുന്നുണ്ട്. ഒരു കവിത വായിക്കുന്ന അതേ പ്രതീതിയാണ് ഈ കഥയും നല്‍കിയത്


    കാലപിലയോ അതോ കലപിലയോ?

    ReplyDelete
  10. നല്ല വരികള്‍

    ReplyDelete
  11. മയൂര...

    മനോഹരമായിരിക്കുന്നു....ഇന്നത്തെ കൈയടി മയൂരക്കിരിക്കട്ടെ

    രചനകളിലെ വ്യത്യസ്തത.....മാറ്റങ്ങള്‍ എന്നും അംഗീകരിക്കപ്പെടുന്നു. അതെ അസ്തമയങ്ങളുടെ ഉള്ളറകളിലേക്ക്‌ യാത്ര പോവുന്ന മോഹങ്ങളണിവിടെ നിഴലിച്ച്‌ നില്‍ക്കുന്നത്‌....ഓരോ മോഹങ്ങളും പൊഴിഞ്ഞ്‌ വീഴുന്നു....മറ്റൊരു മോഹം ഉണരുന്നു
    അങ്ങിനെ മോഹങ്ങള്‍ തകര്‍ന്ന മോഹപക്ഷികളായ്‌ പറന്നകലുന്നു ഒരു അസ്തമയം പോലെ.....

    മനോഹരമീ വരികള്‍...
    "എനിയ്ക്ക് നീന്തലറിയില്ല നിന്റെ കൈപിടിച്ച് ഞാനും ഇറങ്ങട്ടെ തിരയിലേക്ക്?", ആരുടെയോ ഒച്ച. നീന്തലറിയാവുന്നവന്റെ കൈപിടിച്ചാല്‍ മതിയെന്ന വ്യര്‍ത്ഥമായ ചിന്തയാവും.

    ശരിയാണ്‌ ഒരു മടക്കമെങ്കിലും പ്രതീക്ഷിക്കാം അവനില്‍ നിന്നും


    നന്‍മകള്‍ നേരുന്നു

    ReplyDelete
  12. “ആകാശത്ത് നിറപ്പകര്‍ച്ചയുടെ കാഠിന്യമേറിവരുന്നു. കോപാഗ്നിയായി ജ്വലിക്കുന്ന സൂര്യന്‍, വെണ്മേഘങ്ങളുടെ ചിറകുകളില്‍ സ്വരലയം പോലെ പടര്‍ത്തുന്ന ജ്വാലകള്‍. പിന്നെ ഭാവമയമായി മെല്ലെയെരിഞ്ഞടങ്ങി കടലിന്റെ മടിത്തട്ടിലേക്ക്.“

    ഹൌ.! എന്താ വരികള്‍.. ചുമന്നു തുടുത്ത സൂര്യനെ പോലെ..:)

    ReplyDelete
  13. Congratulations Mayooraa
    Maglish aaN kooduthal ezhuthunnillaa
    i liked this one so much

    ReplyDelete
  14. ഇഷ്ടമായി. ഇതൊരു ഗദ്യകവിതയായി മയൂര..
    ആദ്യത്തെ വരിയില്‍ തിരകളുമെണ്ണിയിരിക്കുമ്പോള്‍ എന്നതിലെ ഒരു “രി” വിട്ടുപോയിട്ടുണ്ട്.

    പിന്നെ പ്രിയ പറഞ്ഞതും മയൂര എഴുതിയതും അര്‍ത്ഥം ഒന്നു തന്നെയാണ്. കുറച്ചുകൂടി വായനാ സുഖം മയൂര പ്രയോഗിച്ചത് തന്നെയാണെന്ന് തോന്നുന്നു.

    ReplyDelete
  15. നല്ല ഭാഷ.അതുതന്നെയാണു സാഹിത്യം .നന്നു മയൂര.

    ReplyDelete
  16. നന്നായിട്ട്ണ്ട്....

    ReplyDelete
  17. മയൂരേച്ചി, എഴുത്ത് നന്നായി...:)

    എന്തോ ഇതുമാതിരിയുള്ളതൊന്നും അത്രപെട്ടെന്ന് എനിക്കു വഴങ്ങാറില്ല...

    ReplyDelete
  18. ദാ... കണ്ട, കണ്ട അസ്തമയം കണ്ടാല് കതേം കവിതേം വരുമെന്ന് ആരാണ്ടാ ഇപ്പ പറഞ്ഞതേയുള്ള്.... അത് കൊലയല്ല മകാളേ നാടകം, ചോരയല്ല വെറും ചായം,ദാ നോക്ക് തുടരും...

    ReplyDelete
  19. മനോഹരമായ രചന!
    അഭിനന്ദനങ്ങ‌ള്‍

    ReplyDelete
  20. അസ്തമയവും കണ്ട് ആളുകള്‍ മടങ്ങാന്‍ തുടങ്ങുന്ന മാത്രയില്‍ എവിടെനിന്നെന്നറിയാത്തെ ഒരശരീരി മുഴങ്ങി. "വിടരുതവനെ, പകലിനെ കൊന്നിട്ടവന്‍ കടലിലൊളിയ്ക്കുന്നു, ആകാശത്ത് ചോരചീന്തിച്ചിട്ട് എല്ലവരും നോക്കിനില്‍ക്കേയവന്‍ ചോരക്കറ കടലില്‍ കഴുകി ഒളിവില്‍ പോയതു കണ്ടില്ലേ...?"
    നല്ലകഥ ആശംസകള്‍...

    ReplyDelete
  21. നന്നായിട്ടുണ്ട്‌. കവിതാ ഭംഗിയുള്ള വരികള്‍. കടല്‍ ഒരു വലീയ അത്ഭുതമാണ്‌ , എല്ലാം മായ്ക്കുന്ന എല്ലാം മറക്കുന്ന കടല്‍ ... ആശംസകള്‍

    ReplyDelete
  22. ഉള്ളിലൊരുപാട്‌ സ്നേഹം ബാക്കിയുള്ളത്‌ കൊണ്ടാവാം..
    പുതിയവയെ ചിലര്‍ സ്വാഗതം ചെയ്യാന്‍ മടിക്കുന്നത്‌....
    കടലും ഒരു മനുഷ്യനെ പോലെ ഇടക്കെപ്പോഴോ നിസ്വാര്‍ത്ഥനാകുന്നു ഇവിടെ...

    സങ്കല്‍പത്തിന്റെ ശക്തിയെ ആര്‍ക്ക്‌ തടഞ്ഞുനിര്‍ത്താനാവും...

    ReplyDelete
  23. മയൂരാ...
    ചെറുകഥ ഇവിടെ മ്മിണി ബല്ല്യ കഥയാവുന്നു..
    അഭിനന്ദനങ്ങള്‍.

    ReplyDelete
  24. മയൂരാ
    നന്നായിട്ടുണ്ട്.
    ആറ്റിക്കുറുക്കിയ വരികള്‍.

    -സുല്‍

    ReplyDelete
  25. കാലം കുറെയായി കനകാംബരപ്പൂക്കള്‍ കണ്ടിട്ട്, നല്ല ഭംഗിയായി അടുക്കി കെട്ടിരിക്കുന്ന പൂക്കള്‍, എന്നിട്ടും വേണ്ടെന്നു മെല്ലെ തലയാട്ടി. ഒരിക്കല്‍ക്കൂടി പ്രതീക്ഷയോടെ നോക്കിയിട്ടവള്‍ നടന്നകന്നു.

    ഇഷ്ടമായിട്ടും വേണ്ടെന്നു വെക്കുന്ന മനസ്സും, മങ്ങാത്ത പ്രതീക്ഷകളും... ആകമൊത്തം ഒരാനച്ചന്തം.. നന്നായി മയൂര.. കഥയും, കവിതയുമൊക്കെയായി അങ്ങനെ വരട്ടെ..പിന്നാലെ പിന്നാലെ...

    ReplyDelete
  26. മയൂര...
    മനോഹരമായ കഥ..
    സുന്ദരമായ വരികള്‍...

    ഒരുപാട് ഇഷ്ടായി...
    അഭിനന്ദനങ്ങള്‍

    ReplyDelete
  27. അക്ഷരതെറ്റുകള്‍ തിരുത്തിയിട്ടുണ്ട്:)

    പ്രിയ, വാല്‍മീകി, നജീം, ശ്രീ, നന്ദന്‍, പി.ആര്‍, ശ്രീഹരി, ശെഫി, മന്‍സുര്‍, പ്രയാസി, ഉപാസന , മുരളി മേനോന്‍ , രാമനുണ്ണി മാഷേ, കെ.എം.എഫ്, കിനാവ്, നിഷ്ക്കളങ്കന്‍, ബാജി , ഹരിശ്രീ, സാക്ഷരന്‍, ദ്രൗപദി, വാണി, നാടോടി, സുല്‍, ദാസ്‌, അലി, എല്ലാവര്‍ക്കും നന്ദി:)


    സണ്ണിക്കുട്ടന്‍, ജിഹേഷ് , എന്തു ചെയ്യാം പഠിച്ച് വരുന്നതേയുള്ളൂ...നന്ദി:)

    ReplyDelete