Wednesday, January 30, 2008

സത്യം

വിളറിവെളുത്തൊരു
വലിയ നുണ സദസ്സിനു മുന്നില്‍
എഴുന്നേറ്റുനിന്ന്‌ സദസ്യര്‍
‍ഓരോരുത്തര്‍ക്കും
നേരെ വിരല്‍ചൂണ്ടി.

അവിടെ കൂടിയിരുന്ന
ചില ചെറുനുണകള്‍
‍അതുകണ്ട്‌ കൈയടിച്ച്‌,
ആര്‍പ്പുവിളിച്ചു.
ചൂണ്ടിയ വിരല്‍ തങ്ങള്‍ക്കു
നേരെ തിരിയുന്നതുവരെ.

അനന്തരം ചെറുനുണകളെല്ലാം
ഒന്നിച്ചുകൂടി ഒരു
ചീങ്കണ്ണിയുടെ ആകൃതിപ്രാപിച്ച്‌,
സദസ്സിനുമുന്നില്‍ നിന്നിരുന്ന
വലിയ നുണയെ
അവരുടെ മുന്നില്‍വച്ച്‌
അപ്പാടെ വിഴുങ്ങിക്കളഞ്ഞു.

എന്നിട്ട്‌, വലിയ നുണയെ
കാണ്മാനില്ലെന്നൊരു
വലിയ നുണ, അവര്‍
‍സദസ്സ്യര്‍ക്കുനേരെ
അലറിവിളിച്ചു
പറഞ്ഞുകൊണ്ടേയിരുന്നു.

Saturday, January 26, 2008

മൗനം

അമ്പലവഴിയിലെ ആല്‍മരവുമതിന്‍
ശിഖരങ്ങളില്‍ തലകീഴായ്
തൂങ്ങിയുറങ്ങുന്ന വവ്വാലുകളുമെന്നെ
മനസും മൗനവുമാണോര്‍മ്മിപ്പിക്കുന്നത്.

ആല്‍മരമെത്ര കിണഞ്ഞു ശ്രമിച്ചാലും,
കാറ്റിന്റെ തുണയുണ്ടെങ്കിലും
ഒന്നനക്കുവാനാവില്ല, അകറ്റുവാനാവില്ല
ചില്ലകളില്‍ ചേക്കേറിയ മൗനത്തെ.

ഒടുവിലിരുള്‍ വീഴുമ്പോള്‍
മൗനമൊന്നിച്ചൊരു കാര്‍മേഘമായ്
ചിറകടിച്ചകലുന്നതും നോക്കി ആല്‍മരം
ചില്ലകളിളക്കി നെടുവീര്‍പ്പിടും.

പിന്നെ ഇരുളില്‍ മൂകമായ്
അനിവാര്യമായൊരു കാത്തിരിപ്പു തുടങ്ങും,
പുലരിയില്‍ മൗനം കൂടണയാന്‍
മടങ്ങി വരുന്നതും പ്രതീക്ഷിച്ച്.

Tuesday, January 22, 2008

മാനം
മാനം കാണാതെ പുസ്തകത്താളിനുള്ളില്‍
ഒളിപ്പിയ്ച്ച് വയ്ച്ചു നിന്നെയെങ്കിലും,
അതിനുള്ളിലിരുന്നു പെറ്റു പെരുകി
നീയെന്റെ മാനം കളഞ്ഞല്ലോ.
Monday, January 21, 2008

പ്രതീക്ഷ.

പൂന്തോട്ടത്തില്‍,
പറന്നു തളര്‍ന്നൊരു
കിളിയും പൂമ്പാറ്റയും.

കിളിക്കണ്ണുകള്‍ പൂമ്പാറ്റ-
യിലുടക്കി നില്‍പുണ്ട്,
പൂമ്പാറ്റക്കണ്ണുകളൊരു പൂ‍വിലും.

ഒരു വട്ടം കൂടി പറന്നാല്‍,
പൂമ്പാറ്റയ്ക്ക് പൂന്തേന്‍നുകരാം,
കിളിയ്ക്ക പൂമ്പാറ്റയെ തിന്നാം.

ആരാവും ആദ്യം പറക്കുക,
പൂമ്പാറ്റയോ കിളിയോ?

പൂമ്പാറ്റ പറന്നാലൊരു പൂവോളം,
പിന്നെയും പറന്നാല്‍
മറ്റൊരു പൂവോളം,
പിന്നെയും പറക്കാം...
തളര്‍ന്നിരിയ്ക്കുന്ന കിളിയൊന്നു
പറക്കാന്‍ തുടങ്ങും വരെ,
പൂന്തോട്ടക്കാരന്‍ ഓര്‍ത്തു.

പക്ഷേ,
പൂമ്പാറ്റ പറന്നില്ല, കിളിയും.

Thursday, January 17, 2008

മടുപ്പ്

താഴേയ്ക്ക് ഒഴുകിയൊഴുകി
പുഴയ്ക്കും,

തീരത്തെ പുല്‍കിപ്പുല്‍കി
തിരയ്ക്കും,

പിന്നിലേയ്ക്ക് നടന്നുനടന്നു
ഞണ്ടിനും,

ആകാശത്ത് പറന്ന്പറന്ന്
പറവകള്‍ക്കും,

രാത്രിയില്‍ വിടര്‍ന്നുവിടര്‍ന്നു
നിശാഗന്ധിക്കും,

സൂര്യനെ നോക്കിനോക്കി
സൂര്യകാന്തിക്കും,

മണ്ണിലാഴ്ന്നിറങ്ങിയ വേരിനെ
മരത്തിനും,

മഴ കാത്തു കാത്തിരുന്നു
വേഴാമ്പലിനും,

ദിനവുമിതെല്ലാം കണ്ട്
നമുക്കും മടുപ്പുണ്ടാകുന്നെങ്കില്‍,

പുഴ മുകളിലേക്ക്
ഒഴുകാന്‍ ശ്രമിക്കുന്നതും,

തീരത്തെ വെടിഞ്ഞ്
തിരയിറങ്ങുന്നതും,

ഞണ്ട് മുന്നിലേക്ക്
നടക്കാന്‍ പഠിക്കുന്നതും,

ആകാശം പറവകള്‍ക്ക്
കീഴെയാകുന്നതും,

നിശാഗന്ധി നട്ടുച്ചയ്ക്ക്‍
വിരിയുന്നതും,

സൂര്യകാന്തി ചന്ദ്രനെ
നോക്കാന്‍ മിഴിതുറക്കുന്നതും,

മണ്ണില്‍ നിന്നും വേരുകള്‍
കുടഞ്ഞെടുത്ത്
ഒരു ‍യാത്രതുടങ്ങുന്നതും,

വേഴാമ്പല്‍
മഴയെപുച്ഛിച്ച്തള്ളുന്നതുമെല്ലാം,

മനോരാജ്യം കണ്ടു
നമുക്കാ മടുപ്പകറ്റാം.

Monday, January 14, 2008

തയ്യല്‍ക്കാരി

നിസ്സഹായതയുടെ താഴ്വരയില്‍,
മരണത്തിന്റെ വാതില്‍പ്പടിയില്‍,
ശരീരത്തെ വിട്ടു പോകാന്‍ ജീവനും,
വിടില്ലെന്ന വാശിയില്‍ ശരീരവും
തമ്മില്‍ മല്ലടിയ്ക്കുമ്പോള്‍,
ഒരു കൈയില്‍ സ്നേഹത്തിന്റെ സൂചിയും
മറുകൈയില്‍ പല നിറങ്ങളിലുള്ള
നൂല്‍ക്കട്ടകളുമായി പുഞ്ചിരിതൂകി
ഒരു തയ്യല്‍ക്കാരി നടന്നടുക്കും.

വലതു വശം ചേര്‍ന്നിരുന്നു,
മല്ലടിച്ച് വിജയിച്ച്,
ശരീരത്തില്‍ നിന്നു
വേര്‍പെട്ടു പോകുന്ന ജീവനെ,
സ്നേഹത്തിന്റെ സൂചിയില്‍
വെളുത്ത നൂലുകോര്‍ത്ത്,
തിരികെ മെല്ലെ ശരീരത്തോടു
തുന്നിച്ചേര്‍ക്കും, തയ്യല്‍ക്കാരി.

എന്നിട്ടും ഭാവഭേദമില്ലാതെ
തുറിച്ചു നോക്കിക്കിടക്കുന്നവരിലേക്ക്
ഒരോ ഭാവമുണ്ടാക്കാനും
ഓരോതരം വര്‍ണ്ണനൂലുകള്‍
സ്നേഹത്തിന്റെ സൂചിയില്‍ കോര്‍ത്ത്
തുന്നിച്ചേര്‍ക്കാന്‍ തുടങ്ങും തയ്യല്‍ക്കാരി.

ചിലര്‍ പിന്നെയും
തിളക്കംനഷ്ടപ്പെട്ട കണ്ണുകളുമായി
നിശ്ചലരായി നോക്കിക്കിടക്കും.
അവരുടെ കൈപ്പത്തിയില്‍
മെല്ലെ തലോടി
തയ്യല്‍ക്കാരിയവളുടെകൈയിലെ
സൂചിയും നൂലുകളുമവരുടെ
വിടര്‍ന്ന കൈപ്പത്തിയിലേക്കു
വയ്ചു കൊടുക്കും,
പിന്നെനിസ്സഹായത
തളംകെട്ടിനില്‍ക്കുന്ന-
മിഴികളില്‍ നോക്കി
ഇനിയെന്തിന്റെയഭാവമാണുള്ളതെന്നു
സ്വയം കണ്ടെത്തിയതു
തുന്നിച്ചേര്‍ക്കാന്‍ അവരോടാവശ്യപ്പെടും.

സൂചിയിലേത് വര്‍ണ്ണനൂലത്
കോര്‍ക്കണമെന്നുമതെങ്ങിനെ
കോര്‍ക്കണമെന്നുമറിയാതെ,
സ്നേഹത്തിന്‍റെ സൂചി കൊണ്ട്
ശരീരത്തില്‍ മെല്ലെ കുത്തിയവര്‍
എന്തോ തുന്നി ചേര്‍ക്കാന്‍
വൃഥായൊരു ശ്രമം നടത്തുമ്പോള്‍,
നൂലുകളുടെ നിറഭേദങ്ങള്‍ക്കിടയില്‍
തയ്യല്‍ക്കാരി അപ്രത്യക്ഷയാകും.