Monday, January 14, 2008

തയ്യല്‍ക്കാരി

നിസ്സഹായതയുടെ താഴ്വരയില്‍,
മരണത്തിന്റെ വാതില്‍പ്പടിയില്‍,
ശരീരത്തെ വിട്ടു പോകാന്‍ ജീവനും,
വിടില്ലെന്ന വാശിയില്‍ ശരീരവും
തമ്മില്‍ മല്ലടിയ്ക്കുമ്പോള്‍,
ഒരു കൈയില്‍ സ്നേഹത്തിന്റെ സൂചിയും
മറുകൈയില്‍ പല നിറങ്ങളിലുള്ള
നൂല്‍ക്കട്ടകളുമായി പുഞ്ചിരിതൂകി
ഒരു തയ്യല്‍ക്കാരി നടന്നടുക്കും.

വലതു വശം ചേര്‍ന്നിരുന്നു,
മല്ലടിച്ച് വിജയിച്ച്,
ശരീരത്തില്‍ നിന്നു
വേര്‍പെട്ടു പോകുന്ന ജീവനെ,
സ്നേഹത്തിന്റെ സൂചിയില്‍
വെളുത്ത നൂലുകോര്‍ത്ത്,
തിരികെ മെല്ലെ ശരീരത്തോടു
തുന്നിച്ചേര്‍ക്കും, തയ്യല്‍ക്കാരി.

എന്നിട്ടും ഭാവഭേദമില്ലാതെ
തുറിച്ചു നോക്കിക്കിടക്കുന്നവരിലേക്ക്
ഒരോ ഭാവമുണ്ടാക്കാനും
ഓരോതരം വര്‍ണ്ണനൂലുകള്‍
സ്നേഹത്തിന്റെ സൂചിയില്‍ കോര്‍ത്ത്
തുന്നിച്ചേര്‍ക്കാന്‍ തുടങ്ങും തയ്യല്‍ക്കാരി.

ചിലര്‍ പിന്നെയും
തിളക്കംനഷ്ടപ്പെട്ട കണ്ണുകളുമായി
നിശ്ചലരായി നോക്കിക്കിടക്കും.
അവരുടെ കൈപ്പത്തിയില്‍
മെല്ലെ തലോടി
തയ്യല്‍ക്കാരിയവളുടെകൈയിലെ
സൂചിയും നൂലുകളുമവരുടെ
വിടര്‍ന്ന കൈപ്പത്തിയിലേക്കു
വയ്ചു കൊടുക്കും,
പിന്നെനിസ്സഹായത
തളംകെട്ടിനില്‍ക്കുന്ന-
മിഴികളില്‍ നോക്കി
ഇനിയെന്തിന്റെയഭാവമാണുള്ളതെന്നു
സ്വയം കണ്ടെത്തിയതു
തുന്നിച്ചേര്‍ക്കാന്‍ അവരോടാവശ്യപ്പെടും.

സൂചിയിലേത് വര്‍ണ്ണനൂലത്
കോര്‍ക്കണമെന്നുമതെങ്ങിനെ
കോര്‍ക്കണമെന്നുമറിയാതെ,
സ്നേഹത്തിന്‍റെ സൂചി കൊണ്ട്
ശരീരത്തില്‍ മെല്ലെ കുത്തിയവര്‍
എന്തോ തുന്നി ചേര്‍ക്കാന്‍
വൃഥായൊരു ശ്രമം നടത്തുമ്പോള്‍,
നൂലുകളുടെ നിറഭേദങ്ങള്‍ക്കിടയില്‍
തയ്യല്‍ക്കാരി അപ്രത്യക്ഷയാകും.

33 comments:

  1. നിസ്സഹായതയുടെ താഴ്വരയിലെ തയ്യല്‍ക്കാരിയ്ക്കും പരിമിതികളുണ്ട്...

    ReplyDelete
  2. മയൂരയുടെ കവിതകളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ഇതാണ്.
    സ്നേഹത്തിന്റെ സൂചി നോവിക്കാതെ വര്‍ണ്‍നൂലുകള്‍ ചേര്‍ത്തു തുന്നട്ടെ.

    ReplyDelete
  3. വളരെ നല്ല വരികള്‍.

    ReplyDelete
  4. തീര്‍ച്ചയായും
    അപൂര്‍വമായിരിക്കും
    ഇങ്ങനെയൊരു
    തയ്യല്‍ക്കാരി.
    കവിത സ്വീകരിക്കുന്നു.

    ReplyDelete
  5. മയൂരാ, കവിത നന്നായിരിക്കുന്നു

    ഓ.ടോ: ഇതെവിടാ, കാണാനില്ലല്ലോ.

    ReplyDelete
  6. “ശരീരത്തില്‍ നിന്നു
    വേര്‍പെട്ടു പോകുന്ന ജീവനെ,
    സ്നേഹത്തിന്റെ സൂചിയില്‍
    വെളുത്ത നൂലുകോര്‍ത്ത്,
    തിരികെ മെല്ലെ ശരീരത്തോടു
    തുന്നിച്ചേര്‍ക്കും, തയ്യല്‍ക്കാരി...”

    മനസ്സിലേക്ക് ആഴ്ന്നിറങ്ങി ഈ വരികള്‍!
    മയൂരയുടെ തയ്യല്‍ക്കാരിയെ സ്നേഹപൂര്‍വ്വം
    സ്വികരിക്കുന്നു ഭാവുകങ്ങള്‍

    ReplyDelete
  7. നന്നായിരിക്കുന്നു.

    -സുല്‍

    ReplyDelete
  8. വളരെ നന്നായിരിക്കുന്നു.
    ആശയവും അവതരിപ്പിച്ച രീതിയും.
    നന്ന്ദി!

    ReplyDelete
  9. സ്നേഹത്തിന് പലതും തുന്നിച്ചേര്‍ത്തേ പറ്റൂ. :)

    ReplyDelete
  10. വായനക്കു സുഖം നല്‍കുന്ന നല്ല വരികള്‍

    ReplyDelete
  11. ശരിയാണ് - പരിമിതികള്‍ പൂര്‍വ്വ കല്പിതമാണ്. ഇല്ലെങ്കില്‍ മനുഷ്യന്‍ ഈ ലോകത്തെ കീഴ്മേല്‍ മറിച്ചേനെ.

    കുറേ നാളുകള്‍ക്ക് ശേഷം മയൂര നല്ലൊരു കവിതയുമായ് പ്രത്യക്ഷപ്പെട്ടിരിക്കുന്നു.(അതോ ഞാന്‍ ബ്ലോഗ് സന്ദര്‍ശിക്കാഞ്ഞതുകൊണ്ടാണോ!)
    ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങള്‍

    ReplyDelete
  12. സൂചിയിലേത് വര്‍ണ്ണനൂലത്
    കോര്‍ക്കണമെന്നുമതെങ്ങിനെ
    കോര്‍ക്കണമെന്നുമറിയാതെ,

    നൂലുകളുടെ നിറഭേദങ്ങള്‍ക്കിടയില്‍
    തയ്യല്‍ക്കാരി അപ്രത്യക്ഷയാകും.

    തൂവെള്ള നൂലു മതി.. ജീവിതം തുന്നിപിടീപ്പിക്കാന്‍..

    നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

    ReplyDelete
  13. നല്ലൊരു തുന്നല്‍ക്കാരി.

    ഓ.ടോ :- പ്രിയ ചോദിച്ചതുതന്നെ ഞാനും ചോദിക്കുന്നു. എവിടെയായിരുന്നു ?

    ReplyDelete
  14. ഓരോതരം വര്‍ണ്ണനൂലുകള്‍
    സ്നേഹത്തിന്റെ സൂചിയില്‍ കോര്‍ത്ത്
    തുന്നിച്ചേര്‍ക്കാന്‍...!
    ഭാവുകങ്ങള്‍
    നന്നായിരിക്കുന്നു.

    ReplyDelete
  15. ഇഷ്ടപ്പെട്ടു ഈ തുന്നല്‍ക്കാരിയെ..

    ReplyDelete
  16. കവിതയൊക്കെ അവിടെ നിക്കട്ടെ..!

    ഇനി പറയാതെ പോയാലുണ്ടല്ലൊ..സ്നേഹത്തിന്റെ സൂചിയില്‍ കോര്‍ത്തു ഇവിടിടും പറഞ്ഞേക്കാം..:)

    ReplyDelete
  17. മയൂരാ..അഭിനന്ദിക്കാണ്‍ വാക്കുകള്‍ കിട്ടുന്നില്ല
    :-)

    ReplyDelete
  18. ഈ തയ്യല്‍‌ക്കാരിയാണോ ഇനിയീ എലിസബേത്ത് ടെയ്‌ലര്‍?:):):):)
    കവിത നന്നായി ഇഷ്ടമായി!!

    ReplyDelete
  19. സ്നേഹത്തിന്റെ സൂചിയുമായി വരുന്ന തയ്യല്‍‌ക്കാരി!

    നന്നായിരിയ്ക്കുന്നു ചേച്ചീ... ഇഷ്ടപ്പെട്ടു.
    :)

    ReplyDelete
  20. പരിമതികള്‍‍ സാരമില്ല.
    സ്നേഹം പലതും തുന്നിച്ചേര്‍ക്കട്ടെ.
    തയ്യല്‍ക്കാരി മരിക്കാതിരിക്കട്ടെ.
    സ്നേഹത്തിന്‍റെ സൂചി നോവുനല്‍കാതെ വര്‍ണനൂലുകള്‍ തുന്നട്ടെ..
    മയൂരാ, നല്ല വരികളും ആശയവും..

    ReplyDelete
  21. ഭയങ്കര ഭാവനയാണല്ലോ മയൂരേ.....

    മയൂരയെ പോലെ ഇത്ര fantastic അല്ല, bombastic ഭാവനയുള്ളവരെ ഇതുവരെ കണ്ടിട്ടില്ല...

    വളരെ വൈചിത്ര്യവൈവിധ്യമുള്ള ഭാവനകളാണ് മയൂരയുടെത്‌.

    കവിതയുടെ അവസാന ഭാഗത്തെ അര്‍ത്ഥം പിടികിട്ടിയില്ലെങ്കിലും ഈ കവിതയെനിക്ക് നന്നേ ഇഷ്ടപ്പെട്ടു.

    ജീവന്‍ ശരീരത്തില്‍ നിന്ന്‌ വിട്ടുപോകാന്‍ ആഗ്രഹിക്കുമ്പോള്‍ ശരീരം അതിനെ വിട്ടുകൊടിക്കില്ലാന്നു വാശി പിടിക്കരുതേ എന്നാണെന്റെ പ്രാര്‍ത്ഥന...

    ReplyDelete
  22. സൂചി സ്നേഹത്തിന്റെ ആവുമ്പോ വേദന ഉണ്ടാവില്ലല്ലോ. ഒത്തിരി ഇഷ്ടമായി ഭാവനയും കവിതയും. :)

    ReplyDelete
  23. ശരീരത്തില്‍ നിന്നു
    വേര്‍പെട്ടു പോകുന്ന ജീവനെ,
    സ്നേഹത്തിന്റെ സൂചിയില്‍
    വെളുത്ത നൂലുകോര്‍ത്ത്,
    തിരികെ മെല്ലെ ശരീരത്തോടു
    തുന്നിച്ചേര്‍ക്കും, തയ്യല്‍ക്കാരി

    വരികള്‍ കൊള്ളാം...

    ആശംസകളോടെ...

    ഹരിശ്രീ

    ReplyDelete
  24. ന‌ന്നായി. :)

    ReplyDelete
  25. മയൂരാ....അതിമനോഹരം.....

    ReplyDelete
  26. നിര്‍മ്മലേച്ചീ, വാല്‍മീകി, ഹരീ, മാണിക്യം, സുല്‍, സുധീര്‍, സൂ, ശെഫി, മുരളി മേനോന്‍, എ.വീ, ബാജി, കരിം മാഷേ, ഹൃദയം നിറഞ്ഞ നന്ദി:)


    പ്രിയ, നിരക്ഷരന്‍, പ്രയാസി :- ഹൃദയം നിറഞ്ഞ നന്ദി:)..പനിയും ചുമയും പിടിച്ചു..:)

    നിസ, ആഗ്നേയ, സാജന്‍, ശ്രീ ,അപര്‍ണ്ണ, ഹരിശ്രീ, നിഷ്ക്കളങ്കന്‍, വേണു:-
    ഹൃദയം നിറഞ്ഞ നന്ദി:)

    പ്രയാസി, പ്രായാസമാവില്ലേ...വീട്ടുകാര്‍ക്കും,ബൂലോകര്‍ക്കും;)

    ഗീതേച്ചീ, ഞാന്‍ ധന്യയായി...:)

    പ്രദീപ് സോമസുന്ദരന്‍, നന്ദി:)

    ReplyDelete
  27. മയൂരേ,
    നന്നായിട്ടുണ്ട്.

    ReplyDelete
  28. വലതു വശം ചേര്‍ന്നിരുന്നു,
    മല്ലടിച്ച് വിജയിച്ച്,
    ശരീരത്തില്‍ നിന്നു
    വേര്‍പെട്ടു പോകുന്ന ജീവനെ,

    വലതു വശം ????

    ഭാവനാമയൂരം പീലി വിടര്‍ ത്തുന്ന
    പലയിടങ്ങളും ശ്രദ്ധേയം

    ഭാവനാമയൂരം പീലി വിടര്‍ ത്തുന്ന
    പലയിടങ്ങളും ശ്രദ്ധേയം ...

    ReplyDelete
  29. നല്ല കവിത.... :)

    ReplyDelete
  30. ആരെയും ഭാവഗായകനാക്കും...

    അടിപൊളിഭാവന..എന്തായാലും മനസ്സില്‍ ആ ബിംബങ്ങള്‍ ഓടിവന്നു.

    ഇതെങ്ങനെ ഒപ്പിക്കുന്നെടേ...
    സമ്മതിച്ചിരിക്കുന്നു!!

    ReplyDelete
  31. വളരെ ഇഷ്ടമായി ഇത്..

    ReplyDelete
  32. Assalaayittund:) .. Really enjoyed it!

    Ithu vayichappol aadyam manassil vannathu 'Florence Nightingale' nte kadhayaanu.

    ReplyDelete