റോഡരികിലാണെങ്കിലും
വേലിക്കുള്ളില്‍ തന്നെയാണ്
വെള്ളപൂശിയങ്ങനെ, തെക്കേ ചുമര്.
എന്നിട്ടും,
കടന്നുപോകുന്ന വണ്ടികള്‍
ചെളിതെറിപ്പിക്കുന്നുണ്ട്,
വഴിനടപ്പുകാര്‍ കുശുകുശുത്ത്
തുറിച്ചുനോക്കുന്നുണ്ട്,
രാത്രിയില്‍ കള്ളുകുടിയന്മാര്
പുലഭ്യംപറഞ്ഞ് കല്ലെറിയുന്നുണ്ട്,
മൂന്നു പെണ്മക്കളുള്ള മീനാക്ഷിയമ്മ
ദിനവും മുറുക്കിത്തുപ്പുന്നുണ്ട്...
വേറെ ചിലരുമുണ്ട്-
ഒരു നേര്‍ത്ത വിടവുപോലുമില്ലെങ്കിലും
തുറിച്ച നോട്ടത്താല് വിള്ളലുണ്ടാക്കി
അകത്തെന്തെന്നറിയാന്‍ വെമ്പുന്നവര്‍.
ഇത്രയൊക്കെയായിട്ടും
വേലിക്കെട്ടിനുള്ളില്‍
എല്ലാം സഹിച്ച് നില്ക്കുന്നതിനാലാണോ
ഒടുവിലത്തെ പഴി?
"നാണവും മാനവുമില്ലാതെ
നില്ക്കുന്നതു കണ്ടില്ലേ" യെന്ന്.
കാലം വരും, ഒരിക്കല്‍-
ഈ ചുമരെഴുത്തുകള്‍
വായിക്കപ്പെടുന്ന ഒരു കാലം.
ചുമരുകള്‍ സംസാരിക്കില്ലല്ലോ...