Friday, April 04, 2008

ചിതലെടുക്കാത്ത ഡയറിക്കുറിപ്പുകള്‍, അമ്മയറിയാതിരിയ്ക്കാന്‍‍...

പേടിയാണ്‌ എനിക്കെന്റെ ശബ്ദത്തെ. വില്ലുകുലച്ച്‌ ലക്ഷ്യസ്ഥാനത്ത്‌എത്തിക്കുന്നതുപോലെ അതെന്റെ വികാരങ്ങളെയും വിചാരങ്ങളെയുംപൂര്‍ണനഗ്നരാക്കി എത്തിക്കും, ആ മുന്നില്‍. ഇനിയെന്റെ ശബ്ദംഅവിടേക്കെത്തരുത്‌ ഏതുമാര്‍ഗേനയുമെന്ന്‌ ഞാന്‍ അതിയായിആഗ്രഹിച്ചുപോകുന്നു. ഇനിമുതല്‍ നമുക്കിടയില്‍ ശബ്ദമുയര്‍ത്താതെ അക്ഷരങ്ങളാകുന്ന വാക്കുകള്‍ മാത്രമാകും വിശേഷങ്ങള്‍ കൈമാറുകയെന്ന്‌ ഞാന്‍ഉറപ്പിച്ചിരിക്കുന്നു.

എന്റെ കരഞ്ഞു നീരുവച്ച കണ്ണുകളില്‍ വീണ്ടും ഉരുള്‍പൊട്ടുമ്പോള്‍ഞാനെഴുതും- ''എനിക്കിവിടെ പരമാനന്ദമാണമ്മേ...''യെന്ന്‌. നാട്ടുകാരെയുംകൂട്ടുകാരെയും മുഖംകാണിക്കാന്‍മടിച്ച്‌, നാലു ചുവരുകള്‍ക്കുള്ളില്‍വിഷാദത്തിന്റെ കയങ്ങളില്‍ ഒളിച്ചിരിക്കുമ്പോള്‍ ഞാനെഴുതാം-''ജീവിതസൗഭാഗ്യങ്ങള്‍ക്കിടയിലും ഞാന്‍ തിരക്കുകളില്‍പെട്ടുപോയിരിക്കുന്നമ്മേ..''യെന്ന്‌.

സ്വരം കേള്‍ക്കണമെന്ന്‌ ഇന്നലെ വാശിപിടിച്ചപ്പോള്‍ ഭാഷ അറിയുകയുംപറയുകയും ചെയ്യുന്ന ഒരുവളെ പ്രതിഫലംകൊടുത്ത്‌ വിളിച്ചുവരുത്തി,ഞാനെന്നപോലെ സംസാരിപ്പിക്കാന്‍ തുനിഞ്ഞത്‌, എന്റെ ശബ്ദം അമ്മയുടെമനസ്സിനെ മുറിപ്പെടുത്താതിരിക്കാന്‍വേണ്ടി മാത്രമായിരുന്നു. പത്തുമാസംചുമന്നുപെറ്റ്‌ പൊക്കിള്‍ക്കൊടി അറുത്തുമാറ്റിയിട്ടും ദിനംപ്രതിദൃഢതയേറിവന്നിരുന്ന ബന്ധത്തിന്റെ മുന്നിലേക്കാണ്‌ ഒരു അപരിചിതസ്വരത്തെഞാന്‍ എന്റേതാക്കി വാടകയ്‌ക്കെടുത്തു വിട്ടത്‌.

കളിപിഴച്ചെന്ന്‌തുടക്കത്തിലേ നമ്മള്‍ മൂന്നുപേര്‍ക്കും മനസ്സിലായിട്ടും എന്തിനാണ്‌സംഭാഷണം തുടര്‍ന്നത്‌, എന്നെ ഇനിയും വേദനിപ്പിക്കാതിരിക്കാനോ? ആനിമിഷങ്ങളില്‍ ഞാന്‍ എന്നിലേക്കു ചുരുങ്ങിച്ചുരുങ്ങി ഇല്ലാതായെങ്കില്‍എന്നാശിച്ചു. ഈശ്വരാ എന്നു ഒരിക്കല്‍പ്പോലും വിളിക്കാത്ത എന്റെനാവിനെക്കൊണ്ട്‌ ഒടുവില്‍ ഞാന്‍ അതുപോലും വിളിപ്പിച്ചു.

ആ മുന്നില്‍ വന്നുനിന്നാലും തിരിച്ചറിയാനാവാത്തവിധം എന്റെ രൂപവും ഭാവവുംചിന്തയും മാറിയിരിക്കുന്നുവെന്ന്‌ മനസ്സ്‌ തറപ്പിച്ചുപറയുമ്പോഴും ആഅമ്മമനസ്സെന്നെ തിരിച്ചറിയുമെന്ന സത്യത്തെയും എനിക്ക്‌ പേടിയാണ്‌. ആ മനസ്സ്‌ എത്ര ഓടിവരാന്‍ ആഗ്രഹിച്ചാലും എത്തിപ്പെടാനാവാത്തയത്ര അകലത്തില്‍ഇപ്പോള്‍ ഞാനായത്‌ അത്രയുംനന്ന്‌.

എന്റെ ശബ്ദമോ ഞാനോ ആ മുന്നില്‍എത്താത്തിടത്തോളംകാലം അക്ഷരങ്ങളുടെ ചിറകേറിയെത്തുന്ന വാക്കുകള്‍ അമ്മയെസമാധാനിപ്പിക്കും, സന്തോഷിപ്പിക്കും. അതാണ്‌ വിശ്വാസം..., ആശ്വാസവും. അതോ ഒരു നിമിത്തംപോലെ അമ്മയ്‌ക്ക്‌ തോന്നുമോ ഞാന്‍ ഏതവസ്ഥയിലാണെന്ന്‌?!... ആ കണ്ണുകള്‍ ചുമന്നുകലങ്ങിനിന്ന്‌ തൃസന്ധ്യയിലെ മഴയാവുന്നത്‌സങ്കല്‌പിക്കുമ്പോള്‍ തളര്‍ച്ചയുടെ ഒരു പടിയില്‍നിന്ന്‌ മറ്റൊന്നിലേക്ക്‌ഇടറിവീഴുന്ന എനിക്ക്‌ വേറെന്തുചെയ്യാനാവും...

തുമ്പിയെ പിടിക്കാനോടിയപ്പോള്‍ കാല്‍തട്ടിവീണ്‌ മുട്ടുകള്‍ ഉരഞ്ഞുപൊട്ടിയവേദനയില്‍ ആ മടിയില്‍ കിടന്നുകരഞ്ഞ മൂന്നുവയസുകാരിയുടെ നിസഹായതാണ്‌ഇപ്പോഴുമെന്റേത്‌. എല്ലാമറിഞ്ഞ്‌ മാപ്പുതരണം.. ഇനിയും എത്ര ജന്മംവേണം അമ്മയെപ്പോലെ ഒരുവളാകാന്‍ എനിക്ക്‌... ഒരുപക്ഷേ എനിക്കൊരിക്കലും...

25 comments:

  1. “എന്റെ ശബ്ദമോ ഞാനോ ആ മുന്നില്‍എത്താത്തിടത്തോളംകാലം അക്ഷരങ്ങളുടെ ചിറകേറിയെത്തുന്ന വാക്കുകള്‍ അമ്മയെസമാധാനിപ്പിക്കും, സന്തോഷിപ്പിക്കും. അതാണ്‌ വിശ്വാസം..., ആശ്വാസവും.“

    ReplyDelete
  2. ടച്ചിങ്ങ്‌സ്...
    (രണ്ടു പെഗ് വെള്ളം ചേര്‍ക്കാതെ അടിക്കാം :))

    ReplyDelete
  3. ആശിക്കാറുണ്ട് ചിലപ്പോഴെങ്കിലും അമ്മയെപ്പോലെയാകാന്‍ കഴിഞ്ഞെങ്കിലെന്നു...

    ശരിയാണ് മയൂരാ, അങ്ങനെയുള്ള വിശ്വാസങ്ങള്‍ മാത്രമാണ് മുതല്‍ക്കൂട്ട്!!!

    ReplyDelete
  4. അമ്മയേപ്പോലാവാന്‍, അമ്മയായല്‍ പോര, അമ്മമനസിന്റെ സ്നേഹനൊമ്പരങ്ങളെ തൊട്ടറിയണം, പുക്കിള്‍ക്കൊടിയുടെ ബന്ധം അറിഞ്ഞാല്പോര അതിന്റെ സ്പന്ദനം അറിയണം.... ഹൃദയസ്പര്‍ശിയായ വരികള്‍.. [മനു]

    ReplyDelete
  5. അവസ്ഥകളൊന്നും സ്ഥായിയല്ല!
    അക്ഷരങ്ങളില്‍ അമ്മയ്ക്കുവേണ്ട അളവില്‍ മക്കളൊതുങ്ങില്ല!

    ദൈവം, അതെനിയ്ക്കിഷ്ടമായി! ഹഹ്ഹ!

    ReplyDelete
  6. ആഹാ, ചേച്ചിയിവിടെത്തന്നെയുണ്ടായിരുന്നോ? കാണാനില്ലാന്ന് പറഞ്ഞ് എന്തൊരു കരച്ചിലും ബഹളോം ആയിരുന്നെന്നോ ഇവിടെ.

    ReplyDelete
  7. എന്തുകൊണ്ടാണ് അമ്മയോട് സംസാരിക്കാന്‍ വിമുഖത കാട്ടുന്നത്. മരവിച്ച മനസ്സിലെ ചിന്തകള്‍ ചിലപ്പോള്‍ നമ്മെ ഇങ്ങനെയൊക്കെ തോന്നിപ്പിക്കുമോ.?

    ReplyDelete
  8. മയൂര കഥ നന്നായി, അതിലേറെ സന്തോഷം ഋതുഭേദങ്ങള്‍ വീണ്ടും കാണാനായതിലാണ്‌.

    പിന്നെ ജീവിതത്തില്‍ ഒളിച്ചുവെക്കാന്‍ ഒന്നുമില്ലാതെയായാല്‍ മനസ്സിലൊരുപാടു സന്തോഷമുണ്ടാവുമെന്നു തോന്നുന്നു.

    ReplyDelete
  9. ഡയറിക്കുറിപ്പായാലും അമ്മ എന്നും ഒന്നു തന്നെ അല്ലേ..
    അമ്മയെ അറിയല്‍ വേറോരു ഭാവത്തില്‍.

    ReplyDelete
  10. കവിതയെക്കാളും വായിക്കാന്‍ സുഖം ഇതു തന്നെ, മനസ്സിലാകുകയെങ്കിലും ചെയ്യും..:)

    ഓ.ടോ: ഈ മയൂരയല്ലെ കാണാനില്ലയെന്നു പറഞ്ഞു ഹരിയണ്ണന്‍ വലിയവായില്‍ നിലവിളിച്ചത്...?

    ReplyDelete
  11. Anonymous12:41 AM

    പ്രിയ മയൂരാ..

    അമ്മയെയും അമ്മയായി ജീവിന്നതിനെപ്പറ്റിയും മനസിലായി.. എങ്കിലും എനിക്ക് അതിനപ്പുറം മനസിലായത് പറയട്ടേ..

    പറയാതെ അറിയുന്ന വിഷമം... അമ്മയെ വിഷമിപ്പിക്കാതിരിക്കാന്‍ മനസിന്റെ താളില്‍ എഴുതിവെച്ചിരിക്കുന്ന നിന്റെ ആത്മദുഖങ്ങള്‍... ശബ്ദങ്ങള്‍ നിന്റെ നൊമ്പരം അറീയിച്ചെങ്കിലോ എന്ന ഭയത്താല്‍ , ജീവനില്ലാത്ത അക്ഷരങ്ങളില്‍ ഒളിപ്പിച്ചയക്കുന്ന സ്നേഹാന്വേഷണം.. പിന്നെ കടമെടുത്ത ശബ്ദത്തില്‍ - കടമെടുത്ത, നിന്റേതല്ലാത്ത വ്യക്തിത്വത്തില്‍ “സുഖമാണെന്ന്” പറയാനുള്ള പാഴ്ശ്രമം..... അവിടെയും നിനക്ക് തെറ്റി. അളക്കാനാവാത്ത ആഴത്തിലുള്ള ആ ബന്ധത്തെ കബളിപ്പിക്കാന്‍ നിനക്കാവില്ല!! നിന്റെ ശബ്ദത്തിലെ ഓരോ നോവിനെയും തിരിച്ചറിയാന്‍ അമ്മക്ക് പറ്റുന്നു. അവിടെയാണ് അമ്മയെന്ന വ്യക്തിയുടെ പ്രത്യേകത.

    ഇനിയും വിഷമിപ്പിക്കാതിരിക്കാന്‍, തിരിച്ചറിയപ്പെടുമെന്ന ഭീതിയില്‍, വീണ്ടും ജീവനില്ലാത്ത അക്ഷരങ്ങളില്‍ നിന്റെ ജീവിതത്തെ ഒളിപ്പിച്ച്, സ്വയം തളരുമ്പോഴൂം , അമ്മയെയും മറ്റു സ്നേഹിക്കുന്നവരെയും തളര്‍ത്തിയില്ലെന്ന ആശ്വാസത്തില്‍ , സ്വയം നിസ്സാഹയതയോടെ , ഈ ജന്മം ഇനിയും ഒരുപാട് ദൂരം മുന്‍പോട്ട്...

    പറയാതെ നൊമ്പരം തിരിച്ചറിയുന്ന അമ്മ മനസിനോട് താദാത്മ്യം പ്രാപിക്കണമെന്ന ആഗ്രഹത്തിന്റെ കൂടെ , ചിതലെടുക്കാത്ത ( എന്നും അത് ഉപയോഗിക്കുന്നുണ്ടല്ലേ? ) ഡയറിക്കുറിപ്പുകളില്‍ നൊമ്പരത്തെ ഒളിപ്പിക്കുന്ന ഒരു പെണ്ണ്...!!!

    ഒന്നാന്തരം... !!!!

    - സസ്നേഹം, സന്ധ്യ :)

    ReplyDelete
  12. This comment has been removed by the author.

    ReplyDelete
  13. 1. പൊക്കിള്‍ക്കൊടി ബന്ധത്തോളം വരുമോ മറ്റേതു ബന്ധവും..?

    2. നിനയ്കും മുമ്പേ മനസ്സില്‍ക്കാണുന്ന ആ സ്നേഹത്തിനു മുമ്പില്‍ നമ്മുക്കെന്തെങ്കിലും മറയ്കാനാവുമോ..?

    3. സത്യത്തേ മുലയൂട്ടിയ സ്നേഹത്തോടു മറച്ചു പിടിക്കേണ്ടി വരുന്നതില്‍ പരം കടുത്ത നൊമ്പരം മറ്റെന്തുണ്ട്..?

    നിന്റെ നൊമ്പരങ്ങള്‍ ഹൃദയത്തില്‍ തട്ടി

    :-രജിത്ത് ആലപ്പാട്ട്

    ReplyDelete
  14. മനസിന്റെ ആഴങ്ങളില്‍ നിന്ന് വന്ന
    നേര്‍ ഭാഷ ... കീപ്‌ ഇറ്റ്‌ അപ്‌

    മയൂര എഴുതി എഴുതി വളര്‍ ന്ന ഗ്രാഫ്‌ ശ്രദ്ധിക്കാം

    ReplyDelete
  15. മകള്‍,ചെറുമകള്‍, സഹോദരി, ഭാര്യ, അമ്മ, സുഹൃത്ത്...>ഈ വിവരണം ആണ്‍ എന്നെ“ഋതുഭേദങ്ങളുടെ”
    വായനക്കാരിയാക്കിയത്..മറച്ചു വയ്ക്കുന്ന മകളുടെ ശബ്ദം അത് ഒരിക്കലും മറഞ്ഞിരിക്കില്ലാ,എനിക്ക് അതറിയാം. ഞാനും എന്റെ മകളും തന്നെ തെളിവ്
    അവള്‍ക്ക് എന്തെങ്കിലും വിഷമം വന്നല്‍ ഞാന്‍ അപ്പൊ വിളിച്ചിരിക്കും ‘എന്നാ മോളു’ എന്ന് ചോദിക്കുമ്പൊ
    അവള്‍ തിരിച്ചു ഒരു ചോദ്യമുണ്ട്, അമ്മ എങ്ങനറിഞ്ഞു ?
    അതുപൊലെ എന്റെ അമ്മ വിളിക്കും കഴിഞ്ഞ 30 കൊല്ലം ആയി എനിക്ക് സുഖം! ഒരു പ്രശനവും ഇല്ലാ..ഞാന്‍ ഒന്നും പറയാറില്ല
    മറ്റൊന്നും കൊണ്ടല്ലാ അമ്മയുടെ കുറെ സ്വപ്നങ്ങള്‍ ആണല്ലൊ ഞാന്‍ ആ സ്വപ്നത്തില്‍ ഒന്നിനും പോലും നിറം മങ്ങണ്ടാ ... ശരിയോ തെറ്റൊ?
    നന്നാ‍യി മയൂരാ ഈപൊസ്റ്റ് മറന്നിരുന്ന പലതും ഓര്‍ത്തു, ഓര്‍മ്മിപ്പിച്ചു.

    സ്നേഹാശംസകളോടെ മാണിക്യം

    ReplyDelete
  16. ഇതു വായിച്ചപ്പോള്‍ അമ്മയ്ക്ക് എഴുതിയിരുന്ന കത്തുകള്‍ ഓര്‍മ്മവന്നു.
    ഹൃദയസ്പര്‍ശിയായ പോസ്റ്റ്.

    ReplyDelete
  17. ഹൃദയസ്പര്‍ശിയായ ഒരു ഡയറിക്കുറിപ്പ് തന്നെ, ചേച്ചീ.

    ReplyDelete
  18. നന്നയിരിക്കുന്നു ഡൊണേച്ചി........

    ReplyDelete
  19. മിഴികള്‍ ആര്‍ദ്രമാക്കുന്നതോടൊപ്പം..
    ചിന്തകളെ വഴിമാറ്റി വിടുകയും ചെയ്തു ഈ കുറിപ്പുകള്‍...
    അമ്മയെ പോലെയാവാന്‍ കൊതിക്കുന്ന യൗവനങ്ങളുടെ
    ഉള്ളിലെ തീക്കനല്‍ മാത്രം ദ്രൗപദിക്ക്‌ തിരിച്ചറിയാന്‍ കഴിയാതെ പോയി..
    ഒരു പക്ഷേ അനുഭവങ്ങളുടെ
    തീഷ്ണത എന്റെ മനസിനെ ആഴത്തില്‍ പൊതിയാത്തത്‌ കൊണ്ടാവാം..
    പക്ഷേ വാക്കുകളുടെ ശക്തി തിരിച്ചറിയുന്നു...

    ആശംസകള്‍...

    ReplyDelete
  20. ഒരാളുടെ നല്ല ഓര്‍മകളെല്ലാം അമ്മയെ ച്റ്റിപ്പറ്റി ആണല്ലെ...........നല്ല കഥ...

    ReplyDelete
  21. വായിച്ചു കൊണ്ടിരുന്നപ്പോള്‍ അറിയാതെ ഫോണ്‍ എടുത്ത് അമ്മയെവിളിച്ചുപോയി മയൂരാ.
    പലപ്പോഴുമമ്മയെപറ്റിച്ചെന്നോര്‍ത്ത് ഞാനും ആശ്വസിച്ചിട്ടുണ്ട്.പിന്നീട് ആ മുഖം വിളിച്ചുപറയും എല്ലാം മനസ്സിലായിരുന്നുവെന്ന്.അസുഖങ്ങളോ,ചിന്തകളോ അസ്വസ്ഥയാക്കി ഉണര്‍ന്നിരിക്കുന്ന രാവുകള്‍ പിന്നിട്ടാല്‍,പുലര്‍ച്ചേ അമ്മയുടെ സ്വരം ഒഴുകിയെത്താറുണ്ട്, ഇന്നലേ രാത്രി നിന്നെക്കുറിച്ചോര്‍ത്ത് ഉറങ്ങാനായില്ലെന്ന്.
    ഒരുപാടിഷ്ടായീട്ടോ ഈ കുറിപ്പ്.

    ReplyDelete
  22. Anonymous5:31 PM

    മയൂരാ..
    വളരെ നന്നിയുട്ടുണ്ട്, മന‍സ്സില്‍ തട്ടിയ വാക്കുകള്‍
    എനിക്ക് എറ്റവും ഇഷ്ട്ടമയത്
    “...ഒരു അപരിചിതസ്വരത്തെഞാന് എന്റേതാക്കി വാടകയ്‌ക്കെടുത്തു വിട്ടത്. എന്റെ ശബ്ദം അമ്മയുടെമനസ്സിനെ മുറിപ്പെടുത്താതിരിക്കാന്‍വേണ്ടി മാത്രമായിരുന്നു..”

    ആ അമ്മയെപ്പോലെ ഒരുവളാകാന് മയൂരക്ക് തീര്‍ച്ചയയും പറ്റും..
    ഞാന്‍ ആദ്യമായാണിവിടെ
    ഇനിയും എഴുതണം
    വൃന്ദ ..

    ReplyDelete
  23. അമ്മുപ് പറഞ്ഞത് ആവര്‍ത്തിക്കുന്നു.

    ആ നല്ല അമ്മയെപ്പോലെ തന്നെ മയൂരയും ആകും. ആകാതെ തരമില്ല. ‘ദിനം‌പ്രതി ദൃഢതയേറി വരുന്ന‘ ആ ബന്ധത്തിന്റെ പ്രത്യേകതയാണത്. കാലം അതിനിടവരുത്തട്ടെ എന്നാശംസിക്കുന്നു. :)

    ReplyDelete
  24. അമ്മ ഒന്നും അറിയുന്നില്ലെന്ന് വെറുതെ മോഹിക്കാം അല്ലേ :)

    ReplyDelete
  25. ദൈവം, മദ്യപാനമാരോഗ്യത്തിനു ഹാനികരമാണ് ;)

    പ്രിയാ, :)

    മനൂ, :)

    ധ്വനീ, നഗ്നസത്യം :)

    എഴുത്തച്ഛന്‍, കരയാന്‍ ആളുണ്ടായതില്‍ സന്തോഷം :)

    ഡിയര്‍, കഥയില്‍ ചോദ്യമില്ല, ചോദ്യത്തിനു ഉത്തരവും ;)

    ദാസ്, തീര്‍ച്ചയായും പക്ഷേ പലപ്പോഴും പലതും നിര്‍ബന്ധിതമായി ഒളിച്ചുവെക്കെണ്ടിവരുന്നു :)

    പീ.ആറേ, :)

    യാരിദ്, എല്ലാം ഒരു പരീക്ഷണമല്ലെ:) ഹരിയണ്ണന്റെ നല്ല മനസിനു നന്ദി :)

    സന്ധ്യ, നീയെല്ലാം പറഞ്ഞിരിയ്ക്കുന്നൂ :)


    ആലപ്പാടന്‍,
    1. വരില്ല
    2. ഇല്ല
    3. :)


    അനാഗതശ്മശ്രു, നിറകണ്‍ചിരി :)

    മാണിക്യം, അനുഭവം പങ്കുവയ്ച്ചതില്‍ അതിയായ സന്തോഷം:)

    ശ്രീ, :)

    ശരത്, :)

    ദ്രൗപദി, ആഗ്നേയ, വാല്‍മീകി, ammup,നിരക്ഷരന്‍ :- എഴുതിയത് വായിക്കപ്പെട്ടിരിയ്ക്കുന്നു, എഴുതിയതിനു സംതൃപ്തി വരാന്‍ വേറെയെന്തു വേണമെനിയ്ക്ക് :)

    കാണാമറയത്ത്, :)

    ആഷേ, അതെയല്ലെ :)

    ReplyDelete