അവൾ മേഘങ്ങളെ മാറിലൊളിപ്പിച്ച്
അവളുടെ കുഞ്ഞുങ്ങളെ കൊന്നവരുടെ
കുഞ്ഞുങ്ങളെ മുലയൂട്ടി.
ശൂന്യാകാശത്തിന്റെ ശൂന്യതയിൽ തപിച്ച്
അവരുടെ അച്ഛനമ്മമാർ വിലപിച്ചു.
അവരുടെ മിഴികളിലേക്കവൾ മുലയിറ്റിച്ചു.
പിന്നീടൊരുനാൾ
വിണ്ടുകീറിയ മുലയുള്ളൊരുവൾ
വെന്തുമരിച്ചെന്ന വാർത്തയുള്ളൊരു
പഴയപത്രത്താളാൽ
പാഠപുസ്തകം പൊതിഞ്ഞെടുത്ത്
സ്കൂളിലേക്ക് പോയൊരു കുട്ടി,
സ്കൂളിലേക്കോ വീട്ടിലേക്കോയുള്ള
വഴിയിലല്ലാത്തൊരിടത്ത്!
നയനസംസ്കാരകോമരങ്ങളാറാടുന്ന
ചാനലുകളുടെയൊച്ചയിൽ,
വെന്തുമരിച്ച ഒരുവളുടെയൊച്ച
ശൂന്യാകാശത്തെ
പ്രകമ്പനം കൊള്ളിച്ചുകൊണ്ടിരുന്നു.
തളരാത്ത തുലാവർഷപ്പച്ചകൾ
തളിരിലകളെ പിന്നെയും
മേഘമൂട്ടിവളർത്തിക്കൊണ്ടിരുന്നു.