(1)പേച്ച്
എന്തു ചെയ്തു
ഞാനിന്നലെത്തന്ന ചെമ്പരത്തി?
അതോ
അതിന്നൊരു കുട പോലെ
മടങ്ങിയിരിക്കുന്നു.
എന്നാലതിനെയിനി
ദൂരേയ്ക്ക് വലിച്ചെറിഞ്ഞേക്കൂ...
ഇല്ല
മഴക്കാലമല്ലേ
പുറത്തേക്കിറങ്ങുമ്പോൾ
കൂടെ കൊണ്ടുപോകും,
മഴയത്ത് കുടപോലെ
നിവർത്തിപ്പിടിക്കും!
(2) പൊടുന്നനെ പെയ്യുന്ന മഴ
(2.1)
മഴയത്ത്,
തിളയ്ക്കുന്ന എണ്ണയിൽ
പൊട്ടാൻ മടിച്ചുകിടക്കുന്ന
കള്ള കടുകുമണികൾപോലെ നമ്മൾ!
(2.2)
മഴയത്ത്,
തിളയ്ക്കുന്ന എണ്ണയിലേക്ക്
ചീന്തിയിട്ട കാന്താരിമുളകിന്റെ
അരികൾപോലെ നമ്മൾ!
3. രാത്രി
പുരാതനമായ
എതോ കരയിൽ നിന്നും,
പെരുങ്കാറ്റും താണ്ടി,
നിലാവ് നീലിപ്പിച്ച
വെള്ളിത്തൂവലുകളും
വീശി വന്ന
നീല മൂങ്ങയെപോലെ നമ്മൾ!
സീരീസ്: ഋതുദേഹം