മരുന്നേറ്റു!
പാര്‍ശ്വഫലങ്ങള്‍
ഒന്നുമേയുണ്ടായില്ല!
അവിശ്വസനീയം,
രോഗലക്ഷണവും
രോഗവും
രോഗനിര്‍ണ്ണയത്തിനു
മുന്നേയുണ്ടായിരുന്ന
ലക്ഷണവുമൊക്കെ
പമ്പ കടന്നു!
ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്
'പ്ലസീബോ*'യായാലെന്ത്?
ഇനിയിതു കണ്ണുകടി-
യസൂയയഹങ്കാരം
പിന്നെയിനിയും
കണ്ടുപിടിയ്ക്കാത്ത
മറ്റു ചിലയസുഖ-
മിത്യാദികള്‍ക്ക്
നിന്നിലുമെന്നിലു-
മൊക്കെയൊന്നു പരീക്ഷിച്ചു
നോക്കിയാലെന്ത്?
പ്ലസീബോ* :- മരുന്നെന്ന പേരില്‍ നല്‍കുന്ന മരുന്നല്ലാത്ത വസ്‌തു.
പ്ലേസീബോയെപ്പറ്റി കൂടുതല്‍ അറിയാന്‍ ഇവിടെ നോക്കുക.
Thursday, November 29, 2007
പ്ലസീബോ
Sunday, November 25, 2007
അസ്തമയം
കടല്‍തീരത്ത് തിരകളുമെണ്ണിയിരിക്കുമ്പോള്‍, അസ്തമയമെന്നാല്‍ ഫ്ലാറ്റിലെ കാറ്റു പോലും കടക്കാതെയടച്ചിട്ടിരുന്ന ജനാലയുടെ ഗ്ലാസില്‍വൈകുന്നേരങ്ങളില്‍ പടരുന്ന ഓറഞ്ച് നിറമാണെന്നു ധരിച്ചിരുന്ന ബാല്യമായിരുന്നു ഓര്‍മ്മകളില്‍.
കലപില ശബ്ദത്താല്‍ മുഖരിതമായ കടല്‍പ്പുറം. ഒറ്റയായും കൂട്ടമായുമെല്ലാം നടന്നു നീങ്ങുന്നവര്‍. ബലൂണും, ഐസ്ക്രീമും, കടലയും വില്‍ക്കുന്നവര്‍ക്ക് ചുറ്റിലും വട്ടമിട്ടു നില്‍ക്കുന്നയാളുകള്‍. കനകാംബരപ്പൂക്കള്‍ വില്‍ക്കാന്‍ നടക്കുന്ന തമിഴ് പെണ്‍കുട്ടി അടുത്തു വന്നൊന്നറച്ചുനിന്നു. കാലം കുറെയായി കനകാംബരപ്പൂക്കള്‍ കണ്ടിട്ട്, നല്ല ഭംഗിയായി അടുക്കി കെട്ടിരിക്കുന്ന പൂക്കള്‍, എന്നിട്ടും വേണ്ടെന്നു മെല്ലെ തലയാട്ടി. ഒരിക്കല്‍ക്കൂടി പ്രതീക്ഷയോടെ നോക്കിയിട്ടവള്‍ നടന്നകന്നു.
അസ്തമയം തുടങ്ങാറായി, സുഖപ്രദമായൊരിളം ചൂടുള്ള കാറ്റ് കടലിന്റെ ഗന്ധവും പേറി വന്ന് ആശ്ലേഷിച്ച് കടന്നു പോയി. മനസില്‍ നേര്‍ത്ത സംഭ്രമം...ഹൃദയമിടിപ്പ് ക്ഷണനേരത്തേക്ക് നിലച്ച് പുന:സ്ഥാപിച്ചതു പോലെ. ആകാശത്ത് നിറപ്പകര്‍ച്ചയുടെ കാഠിന്യമേറിവരുന്നു. കോപാഗ്നിയായി ജ്വലിക്കുന്ന സൂര്യന്‍, വെണ്മേഘങ്ങളുടെ ചിറകുകളില്‍ സ്വരലയം പോലെ പടര്‍ത്തുന്ന ജ്വാലകള്‍. പിന്നെ ഭാവമയമായി മെല്ലെയെരിഞ്ഞടങ്ങി കടലിന്റെ മടിത്തട്ടിലേക്ക്.
അസ്തമയവും കണ്ട് ആളുകള്‍ മടങ്ങാന്‍ തുടങ്ങുന്ന മാത്രയില്‍ എവിടെനിന്നെന്നറിയാത്തെ ഒരശരീരി മുഴങ്ങി. "വിടരുതവനെ, പകലിനെ കൊന്നിട്ടവന്‍ കടലിലൊളിയ്ക്കുന്നു, ആകാശത്ത് ചോരചീന്തിച്ചിട്ട് എല്ലവരും നോക്കിനില്‍ക്കേയവന്‍ ചോരക്കറ കടലില്‍ കഴുകി ഒളിവില്‍ പോയതു കണ്ടില്ലേ...?"
സാമാന്യബോധം പോലുമില്ലാത്ത മനുഷ്യരെന്നു മനസിലോര്‍ക്കുമ്പോള്‍, ചിലര്‍ പരസ്പരം തുറിച്ച് നോക്കിയെന്തൊക്കെയോ പിറുപിറുക്കുന്നു, മറ്റുചിലര്‍ കേട്ടപാതി കേള്‍ക്കാത്ത പാതി കടലിലേക്കെടുത്തു ചാടുന്നു, ആര്‍ത്തലയ്ക്കുന്ന തിരയിലേക്ക്. "എനിയ്ക്ക് നീന്തലറിയില്ല നിന്റെ കൈപിടിച്ച് ഞാനും ഇറങ്ങട്ടെ തിരയിലേക്ക്?", ആരുടെയോ ഒച്ച. നീന്തലറിയാവുന്നവന്റെ കൈപിടിച്ചാല്‍ മതിയെന്ന വ്യര്‍ത്ഥമായ ചിന്തയാവും.
സൈറനിട്ടു വരുന്ന പോലീസും രക്ഷാസന്നാഹങ്ങളും. ഇരുട്ട് പടര്‍ന്നതിനാല്‍ പുലരും വരെ ഒന്നും ചെയ്യുവാനില്ലെന്നു പറഞ്ഞു സുര്യനുദിക്കുന്നതും കാത്തവരിരുന്നു. കടലിലിറങ്ങിയ നിഴലുകളെയാദ്യം ഇരുള്‍ വിഴുങ്ങി, പിന്നെ തിര വിഴുങ്ങി...ശേഷം ഓരോരുത്തരായി കടലമ്മയുടെ ഗര്‍ഭപാത്രത്തില്‍ അഭയംപ്രാപിച്ചു. ഇനി മൂന്നാം പക്കം കടലമ്മയ്ക്ക് പേറ്റുനോവു തുടങ്ങും. എത്രയാറ്റുനോറ്റിരുന്നാലും പിറക്കുന്നതെല്ലാം ഒരു പക്ഷേ ചാപിള്ളയായിരിക്കും.
Tuesday, November 20, 2007
എന്തിനാണ്.
എന്തിനാണ് ചില കൊന്നമരങ്ങള്‍
ഋതു തെറ്റി പൂക്കുന്നത്?
നിറയെപ്പൂവിട്ടിട്ടും കായ്ക്കാതെ
മാമ്പൂക്കള്‍ കൊഴിയുന്നത്?
ദേശാടനപക്ഷികള്‍
ദിശമാറിപ്പറക്കുന്നത്?
കാര്‍മേഘങ്ങള്‍
പെയ്യാതെയൊഴിയുന്നത്?
മേഘാവൃതമല്ലാത്തയാകാശം
പേമാരി ചൊരിയുന്നത്?
എന്തിനാണിതെല്ലാം കണ്ടിട്ടേതോ
മിഴികള്‍ നിറഞ്ഞൊഴുകുന്നത്?



