
ചിത്രത്തിനു കടപ്പാട് അജീഷ്
നെഞ്ചിന്‍കൂടു വലിച്ചു തുറന്നു
ഹൃദയത്തിന്റെ നാലറകളിലേതി-
ലെങ്കിലുമൊന്നില്‍, ഉത്തരം തേടി
മടുത്ത ചില സമസ്യകള്‍ക്ക്
ഉത്തരമുണ്ടോയെന്നു തിരയുവാനും,
തലവെട്ടിപൊളിച്ച് അതിനുള്ളില്‍
ചുരുണ്ടു കൂടിയിരിക്കുന്ന മസ്തിഷ്കത്തിന്റെ
രഹസ്യങ്ങളെന്തൊക്കെയെന്നു
ചുരുള്‍ വിടര്‍ത്തി നോക്കുവാനും,
ഇരു കണ്ണുകളിലൊന്നു മുളങ്കമ്പാല്‍
കുത്തിയെടുത്ത്, കാണുന്നതെല്ലാം
ചാരവര്‍ണ്ണമായതെങ്ങിനെയെന്നു
മറുകണ്ണു കൊണ്ടു തിരയുവാനും,
ഇരു ചെവിയിലുമീയമിരുക്കിയൊഴിച്ചു
പിന്നെയത് ഇളക്കി മാറ്റി, കേള്‍വിയുടെ
ഏറ്റക്കുറച്ചിലുകളൊന്നുകൂടെ
പരിശോധിച്ച് നോക്കുവാനും,
അറുത്തെടുത്ത നാവിന്‍ തുമ്പില്‍
അക്ഷരങ്ങളോരോന്നായ് നാരായത്താ-
ലെഴുതിച്ചേര്‍ത്ത് വീണ്ടുമതിനെ
സംസാരിപ്പിക്കണമെന്നു തോന്നുന്നതും,
ചില നേരങ്ങളില്‍ കടന്നു വരുന്ന
ചില തോന്നലുകളില്‍, ചിലത് മാത്രമാണ്.
Thursday, December 27, 2007
തോന്നലുകള്‍
Labels:
കവിത
Friday, December 14, 2007
അക്വേറിയം
വിശക്കുന്നുണ്ട്,
ചില്ലുകൂട്ടിലെയരഭാഗം
നിറഞ്ഞ വെള്ളത്തില്‍
നീന്തി തുടിയ്ക്കുന്ന
സ്വര്‍ണ്ണ മീന്‍കുഞ്ഞുങ്ങള്‍ക്ക്.
ചോദിക്കുന്നുണ്ട്,
ചെകിളകളുയര്‍ത്തി
ചില്ലില്‍ ചുണ്ടുകൊണ്ടിടിച്ച്
സ്വര്‍ണ്ണ ചിറകുകള്‍ വീശി
കഴിക്കാനെന്തെങ്കിലുമെന്ന്.
അലറുന്നുണ്ട്,
കൊത്തി നുറുക്കികൊടുക്കുവാന്‍
ഏറെയില്ലെയിനിയും നിന്റെ
സ്വപ്നങ്ങളെന്ന് ഉച്ചത്തില്‍
ആരോ ഉള്ളില്‍.
പിടയുന്നുണ്ട്,
നുറുക്കുമ്പോള്‍ തെറിച്ച
സ്വപ്നശകലങ്ങളും, കവിള്‍
ചുട്ടു പൊള്ളിച്ച് ചാലുകീറിയ
ഉപ്പുനീരും വീണെവിടൊക്കയോ.
ചിരിയ്ക്കുന്നുണ്ട്,
കൊത്തി വിഴുങ്ങിയെല്ലാ-
മുള്ളിലാക്കി, നീന്തി തുടിച്ച്
ഇനി നിന്നെയിട്ടു തരൂയെന്ന
ഭാവത്തിലവരുടെ കണ്ണുകള്‍.
നുറുക്കുവാനുണ്ട്,
വിശിഷ്ടഭോജ്യമായ്
കൊടുത്തിടാനെന്നെ
തന്നെയിനിയെന്റെ
സ്വര്‍ണ്ണ മീന്‍കുഞ്ഞുങ്ങള്‍ക്ക്.
Labels:
കവിത
Wednesday, December 12, 2007
Subscribe to:
Posts (Atom)



