Wednesday, January 30, 2008

സത്യം

വിളറിവെളുത്തൊരു
വലിയ നുണ സദസ്സിനു മുന്നില്‍
എഴുന്നേറ്റുനിന്ന്‌ സദസ്യര്‍
‍ഓരോരുത്തര്‍ക്കും
നേരെ വിരല്‍ചൂണ്ടി.

അവിടെ കൂടിയിരുന്ന
ചില ചെറുനുണകള്‍
‍അതുകണ്ട്‌ കൈയടിച്ച്‌,
ആര്‍പ്പുവിളിച്ചു.
ചൂണ്ടിയ വിരല്‍ തങ്ങള്‍ക്കു
നേരെ തിരിയുന്നതുവരെ.

അനന്തരം ചെറുനുണകളെല്ലാം
ഒന്നിച്ചുകൂടി ഒരു
ചീങ്കണ്ണിയുടെ ആകൃതിപ്രാപിച്ച്‌,
സദസ്സിനുമുന്നില്‍ നിന്നിരുന്ന
വലിയ നുണയെ
അവരുടെ മുന്നില്‍വച്ച്‌
അപ്പാടെ വിഴുങ്ങിക്കളഞ്ഞു.

എന്നിട്ട്‌, വലിയ നുണയെ
കാണ്മാനില്ലെന്നൊരു
വലിയ നുണ, അവര്‍
‍സദസ്സ്യര്‍ക്കുനേരെ
അലറിവിളിച്ചു
പറഞ്ഞുകൊണ്ടേയിരുന്നു.

Saturday, January 26, 2008

മൗനം

അമ്പലവഴിയിലെ ആല്‍മരവുമതിന്‍
ശിഖരങ്ങളില്‍ തലകീഴായ്
തൂങ്ങിയുറങ്ങുന്ന വവ്വാലുകളുമെന്നെ
മനസും മൗനവുമാണോര്‍മ്മിപ്പിക്കുന്നത്.

ആല്‍മരമെത്ര കിണഞ്ഞു ശ്രമിച്ചാലും,
കാറ്റിന്റെ തുണയുണ്ടെങ്കിലും
ഒന്നനക്കുവാനാവില്ല, അകറ്റുവാനാവില്ല
ചില്ലകളില്‍ ചേക്കേറിയ മൗനത്തെ.

ഒടുവിലിരുള്‍ വീഴുമ്പോള്‍
മൗനമൊന്നിച്ചൊരു കാര്‍മേഘമായ്
ചിറകടിച്ചകലുന്നതും നോക്കി ആല്‍മരം
ചില്ലകളിളക്കി നെടുവീര്‍പ്പിടും.

പിന്നെ ഇരുളില്‍ മൂകമായ്
അനിവാര്യമായൊരു കാത്തിരിപ്പു തുടങ്ങും,
പുലരിയില്‍ മൗനം കൂടണയാന്‍
മടങ്ങി വരുന്നതും പ്രതീക്ഷിച്ച്.

Tuesday, January 22, 2008

മാനം




മാനം കാണാതെ പുസ്തകത്താളിനുള്ളില്‍
ഒളിപ്പിയ്ച്ച് വയ്ച്ചു നിന്നെയെങ്കിലും,
അതിനുള്ളിലിരുന്നു പെറ്റു പെരുകി
നീയെന്റെ മാനം കളഞ്ഞല്ലോ.