Monday, October 11, 2010

ഒടു(രു)ക്കം

വര്‍ഷങ്ങളോളമിരുവരുമൊന്നിച്ച്,
തലവച്ച്, മുഖം ചേര്‍ത്തുറങ്ങിയിരുന്ന
തലയിണ കൊണ്ട് അവളെ
ശ്വാസം മുട്ടിച്ച് കൊല്ലുമ്പോള്‍

ശവമെടുപ്പിനു മുന്നേ
അവളെ ഒരുന്നോക്ക് കാണാന്‍ വരുന്ന
അവളുടെ കാമുകനെ വെട്ടിനുറുക്കി
അവളോടൊപ്പം അടക്കുമെന്നവന്‍ അലറി.

കുഴിമാടത്തിലേക്കെടുക്കും മുന്നേ
അവളെ കാണാനെത്തിയവര്‍ക്കിടയില്‍
അവളുടെ കാമുകിമാരുണ്ടായിരുന്നു.

കുഴിമാടത്തിനരികിൽ അവൻ ഇപ്പോഴും
അവളുടെ കമുകനെയും കാത്തിരിപ്പാണ്!

Sunday, September 12, 2010

തയ്യല്‍ക്കാരി

ഞാന്‍ ദൈവത്തെ കണ്ടു!

ദൈവം അവനല്ലായിരുന്നു,
അവളായിരുന്നു;ഒരു തയ്യല്‍ക്കാരി.

അളന്ന് വെട്ടിത്തയ്ച്ചതിന്റെ
അളവുകള്‍ തെറ്റിക്കുമ്പൊള്‍
പിരുത്തടിക്കുന്നതും
പിരുതെടുക്കുന്നതും
അവളല്ലാതെ മറ്റാരാണ്!

പുഴുക്കുത്തേറ്റ പോലെ
നിറയെ സൂചിക്കുത്തേറ്റ
അവളുടെ കൈവിരലുകളില്‍
ഉമ്മവെയ്ച്ചെന്ന
അപരാധത്തിന്മേല്‍ കയറ്റി
അവളെന്നെ വീണ്ടും
ഭൂമിയിലേക്ക് നാടുകടത്തി!

***
മുന്‍പൊരിക്കല്‍ തയ്യല്‍ക്കാരിയെ കണ്ടത് ഇവിടെ
***

Friday, September 10, 2010

തൊന്നൂറ്റൊമ്പതേയ്...

എടുത്ത് ചാടിയത്
മുങ്ങി ചാകാന്‍ വേണ്ടിയായിരുന്നു.

നീ* ഉടന്‍ എണ്ണി
ഞാനുയിരോടെ പൊങ്ങി!