Wednesday, June 29, 2011

ഋതുമാപിനി

ശൈത്യദംശമേറ്റ്
നീലിച്ചുപോയൊരെന്നില്‍,
വിഷക്കല്ലിനാല്‍ വിഷമിറക്കിക്കാന്‍
ശ്രമിക്കാതെയിരിക്കുക!


കാതിലേക്ക് തുളച്ച് കയറുന്ന
ഓരോ വാക്കിനെയും
തോണ്ടിയെടുത്ത് പുറത്തിടാന്‍
കൈയിലെടുത്തിരുന്ന തുമ്പു കൂര്‍ത്ത,
മുകളിലേക്ക് വളഞ്ഞ കത്തികൊണ്ട്,
ഓരോ വാക്കിന്റെയും
നീളവും അര്‍ത്ഥവ്യാപ്തിയും മനസ്സിലളന്ന്,
കൈമിടുക്കുള്ളൊരു
ശില്പിയുടെ ചാതുര്യത്തോടെ
ഇരു തുടകളിലും
നീളത്തിലും ആഴത്തിലുമുള്ള
മുറിവുകള്‍ തീര്‍ക്കുന്നു.


അറുതിയില്ലെന്നു കരുതിയിരുന്ന
സമസ്യകള്‍ക്ക്
സമാശ്വാസമാകുന്നു
ചോരവാര്‍ന്നു മറഞ്ഞുപോയ,
മുറിവക്ഷരങ്ങള്‍ തീര്‍ത്ത ഈ സന്ദേശം.


വരികള്‍ കൊണ്ട് കൂട്ടിക്കെട്ടിയ
കയര്‍ത്തുമ്പിലെ ചോദ്യമായി,
പാതാളക്കരണ്ടി ഏതു നിമിഷത്തിലാണ്
തലയോട്ടി പിളര്‍ത്തി
മസ്തിഷ്കത്തിനുള്ളിലെ
കടങ്കഥകള്‍ക്കുത്തരം
തിരയുവാനെത്തുന്നതെന്ന്
ആര്‍ക്കാണ് പറയുവാന്‍ കഴിയുക?


വേനലിന്റെ മുറിവുകളെ
വസന്തം മറയ്ക്കുന്നതേയുള്ളു;
ഉണക്കുന്നില്ല!



//* schedule to auto publish on june 30 *//

Saturday, February 26, 2011

കണ്ടിട്ടുണ്ടോ നിങ്ങള്‍ ?

നിങ്ങള്‍ കണ്ടിട്ടുണ്ടോ?
ഇല്ലാത്ത പശുവിന് പുല്ല് പറിച്ചുകൊണ്ട്
വയല്‍ക്കരയില്‍ നില്‍ക്കുന്നൊരാള്‍
നാല്‍ക്കാലിയായി മാറുന്നതും മേയുന്നതും!

ഇല്ലാത്ത മീനിനു ചൂണ്ടയിടുന്നൊരാള്‍
ചെകിളകള്‍ വിടര്‍ത്തി, വായ തുറന്ന്
പിടഞ്ഞ് പിടഞ്ഞൊരു മീനായി
പുഴയിലേക്ക് ചാടി നീന്തിത്തുടിച്ച് പോകുന്നത്!

നിങ്ങള്‍ കണ്ടിട്ടുണ്ടോ?
ഇതെല്ലാം കണ്ടു നില്‍ക്കുന്ന
ഇല്ലാത്തൊരാള്‍ക്കൂട്ടം
അവരവരുടെ ഇല്ലാത്ത വീടുകളിലേക്ക്
മടങ്ങി പോകുന്നതും
ഇല്ലാത്ത ആളുകള്‍ അവരെ കാത്ത്
ആ വീടുകള്‍ക്കുള്ളിലിരിക്കുന്നതും
ഇല്ലാത്ത അടുപ്പത്ത് തീകൂട്ടി
ഇല്ലാത്ത കലത്തില്‍ വെള്ളം തിളപ്പിച്ച്
ഇല്ലാത്ത അരികഴുകിയിട്ട്
ഇല്ലാത്ത വേവ് നോക്കി, വാര്‍ത്തെടുത്ത്
ഇല്ല്ലാത്ത പാത്രത്തില്‍ വിളമ്പി
ഇല്ലാത്ത കറികളും കൂട്ടിയുണ്ണുന്നതും!

കണ്ടിട്ടുണ്ടോ നിങ്ങള്‍ ?

എങ്ങിനെ കാണാനാണ്,
അങ്ങിനൊരാളുമില്ലല്ലോ!
എന്തിന്,
ഞാനോ നിങ്ങളോ പോലുമില്ലല്ലോ!

Sunday, February 13, 2011

നോവൽ

മനസ്സറിഞ്ഞാരാധിച്ചാല്‍
വിഗ്രഹമായിപ്പോകുമെന്നു പേടിച്ച്‌,
പ്രണയിക്കുന്നുവെന്ന്‌
ഏതൊക്കെ രീതിയില്‍,
എങ്ങനെയെല്ലാം പറഞ്ഞിട്ടുണ്ട്‌...

അപ്പോഴെല്ലാം മൗനത്തിന്റെ വിഷം
ശവശൈത്യത്തിലുരച്ചിറ്റിച്ചു തന്നതല്ലാതെ
ശിഥിലശില്‌പശകലം തറച്ചുള്ള
നീറ്റലും പുകച്ചിലും പിടച്ചിലും
ഒരിക്കല്‍പ്പോലും
അറിഞ്ഞെന്നു നടിച്ചിട്ടില്ലല്ലോ!

നീ കയറ്റുമതി ചെയ്യിച്ച നമ്മുടെ
പ്രണയത്തെക്കുറിച്ചുള്ള കവിതയാവും
ഞാന്‍ ഇറക്കുമതി ചെയ്‌താല്‍
കഥ, നീണ്ടകഥ,
തുടര്‍ക്കഥ എന്നിവ പൊട്ടിച്ച്‌
നോവലായി ചിറകുവീശുക....

നമ്മുടെ പ്രണയത്തെക്കുറിച്ച്‌
എഴുതിച്ചേര്‍ക്കേണ്ട വരികള്‍
പിന്നെയും പിന്നെയും ബാക്കിയാവും!