
ചിത്രത്തിനു കടപ്പാട് അജീഷ്
നെഞ്ചിന്‍കൂടു വലിച്ചു തുറന്നു
ഹൃദയത്തിന്റെ നാലറകളിലേതി-
ലെങ്കിലുമൊന്നില്‍, ഉത്തരം തേടി
മടുത്ത ചില സമസ്യകള്‍ക്ക്
ഉത്തരമുണ്ടോയെന്നു തിരയുവാനും,
തലവെട്ടിപൊളിച്ച് അതിനുള്ളില്‍
ചുരുണ്ടു കൂടിയിരിക്കുന്ന മസ്തിഷ്കത്തിന്റെ
രഹസ്യങ്ങളെന്തൊക്കെയെന്നു
ചുരുള്‍ വിടര്‍ത്തി നോക്കുവാനും,
ഇരു കണ്ണുകളിലൊന്നു മുളങ്കമ്പാല്‍
കുത്തിയെടുത്ത്, കാണുന്നതെല്ലാം
ചാരവര്‍ണ്ണമായതെങ്ങിനെയെന്നു
മറുകണ്ണു കൊണ്ടു തിരയുവാനും,
ഇരു ചെവിയിലുമീയമിരുക്കിയൊഴിച്ചു
പിന്നെയത് ഇളക്കി മാറ്റി, കേള്‍വിയുടെ
ഏറ്റക്കുറച്ചിലുകളൊന്നുകൂടെ
പരിശോധിച്ച് നോക്കുവാനും,
അറുത്തെടുത്ത നാവിന് തുമ്പില്‍
അക്ഷരങ്ങളോരോന്നായ് നാരായത്താ-
ലെഴുതിച്ചേര്‍ത്ത് വീണ്ടുമതിനെ
സംസാരിപ്പിക്കണമെന്നു തോന്നുന്നതും,
ചില നേരങ്ങളില്‍ കടന്നു വരുന്ന
ചില തോന്നലുകളില്‍, ചിലത് മാത്രമാണ്.