Wednesday, January 02, 2013

എനിക്ക് ചോളമണികളായ് പൊട്ടി വിടരാൻ കുറച്ച് പൊരിവെയിൽ തരൂ...

മഞ്ഞുമഴയുടെ നാളുകളിൽ
രാത്രി പുലരുവോളം
മഞ്ഞുവാരി നിറച്ച് തലയിണയും
മെത്തയുമുണ്ടാക്കി കട്ടിലൊരുക്കി
നേരം പുലരുവാനായി കാത്തിരിക്കുന്നു.

കാത്തിരിപ്പിന്റെ വേളകളിൽ
ഘനീഭവിക്കുന്ന മുഷിവകറ്റാൻ
ചർക്കയിൽ നൂറ്റെടുത്ത
മഞ്ഞുനൂലുകൾ കൊണ്ട്
കമ്പിളി പുതപ്പുകൾ നെയ്തെടുക്കുന്നു.

ചൂളക്കുഴൽ  വിളികൾക്കൊപ്പം
എന്നും പുലർവേളകളിൽ
മഞ്ഞുവാരിക്കൂട്ടി ഉരുട്ടിയെടുത്ത്
ആകാശത്തേക്ക് ഉരുട്ടി കയറ്റിയും,
ഉരുട്ടി കയറ്റിയ മഞ്ഞുഗോളം
ആകാശത്തിൽ നിന്നും
താഴേക്ക് തള്ളിയിട്ടും
സങ്കടക്കടൽ പെയ്തു തീർക്കുന്നു.

(നീ ഇപ്പോൾ ഓർക്കുന്ന
നാറാണത്ത് ഭ്രാന്തന്റെ പോലൊന്നുമല്ല,
അത് ഒന്നുമല്ല ഒന്നും,
എന്നെ വിശ്വസിക്ക്, അല്ലങ്കിൽ
ഉരുട്ടിയുരുട്ടി കയറ്റുംതോറും
മഞ്ഞുഗോളത്തിന്റെ വലുപ്പവും ഭാരവും
കൂടുന്നതിന്റെ വേദന
എന്നെ പോലെ നീയും
അറിയാനൊന്ന് ശ്രമിച്ച് നോക്ക്,
തോറ്റു പോകും
നിന്റെ നാറാണത്ത് ഭ്രാന്തൻ!)

വിളറിവെളുത്തുപോകുന്ന നിശ്ചലതയിൽ
മഞ്ഞുമഴക്കൊപ്പം താഴേക്ക് വീണ്
ഉച്ചിയുലഞ്ഞുറയുന്ന വേളകളിൽ
അശാന്തമായി മഞ്ഞു കുഴിച്ച് കുഴിച്ച്
വെയിൽ തിരയുകയും,
കടലാസു തോണികളുണ്ടാക്കി
മഞ്ഞിനു മുകളിൽ ഇടുകയും ചെയ്യുന്നു.

വെള്ളത്തിനെയും കാറ്റിനെയും
ഇപ്പോഴെനിക്ക് ഭയമില്ല
എന്റെ കടലാസു തോണിയെ
മുക്കികളയുവാൻ രണ്ടിനും
കഴിയുകയില്ലല്ലോ!

ധ്രുവക്കരടിയായും ഹിമമൂങ്ങയായും
പരകായം ചെയ്തു ചെയ്തു
എനിക്കെന്നെ എന്നേ നഷ്ടമായിരിക്കുന്നു,
എന്റെ നിഴൽ പോലും
വെളുത്തു പോയിരിക്കുന്നു!

എനിക്ക് നിലാവിനായി
നീ കൊടുത്തുവിട്ട വെയിൽ പോലും
ഉറഞ്ഞു പോയിരിക്കുന്നു!

വെയിലിന്റെ മണം തിരഞ്ഞുതിരഞ്ഞ്
വെയിലിന്റെ ഒച്ച തിരഞ്ഞുതിരഞ്ഞ്
മൂക്കിൽ നിന്നും കാതിൽ നിന്നും
ചോര പൊടിയുന്നു.

മഞ്ഞുപാളികളെ അലിയിക്കാൻ
അവയ്ക്കു മുകളിലേക്ക്
വാരിവാരി വിതറുന്ന
ഉപ്പുകല്ലുകളാൽ മൂടപ്പെട്ട്
ഏറെനാളുകളായി തുടരുന്ന
ഈ അതിശൈത്യത്തിൽ
ഞാനുറഞ്ഞു പോയിരിക്കുന്നു.

നാഡീഞരമ്പുകൾക്ക് പകരം
ഉറഞ്ഞുപോയ പുഴകൾമാത്രമാണെന്നിൽ,
അടിത്തട്ടിൽ നിന്നും ചത്തുമലച്ച്
മുകളിലേക്കുയരുന്ന മത്സ്യങ്ങൾ
മഞ്ഞുപാളികളിൽ ചെന്ന് മുട്ടുന്നയൊച്ച
സ്റ്റെതസ്‌കോപ്പിലൂടെയെന്നവണ്ണം
നിനക്ക് കേൾക്കാനാവുന്നുണ്ടോ?

ശൈത്യകാലം കഴിയുന്നുവെന്ന്
രാവു പുലരുവോളം
ഉറക്കെ ചിലച്ചറിയിക്കാറുള്ള
ചീവീടുകളുടെ വീട് എവിടെയാണ്?

ഉച്ചത്തിൽ, ഒന്നത്യുച്ചത്തിൽ ചിലച്ച്
ഈ നശിച്ച മഞ്ഞുകാലത്തെ
ഒന്നോടിച്ച് വിടണേയെന്ന് പറയാൻ
എനിക്കവിടെ വരെയൊന്ന് പോകണം.

വെള്ളയുടെ നിറഭേദങ്ങൾക്കിടയിൽ
ഒരു കറുത്ത നിഴൽ
ഉറഞ്ഞുപോകുവതെയിരിക്കുവാൻ
ആവത് ശ്രമിച്ചുഴറിയുറഞ്ഞ്
മഞ്ഞുശിൽ‌പ്പമാകുന്നതിനോടൊപ്പം
ശിശിരം മൈഥുനത്തിലാകുന്നതിനു മുൻപേ

എനിക്ക് ചോളമണികളായി
പൊട്ടി വിടരാൻ
കുറച്ച് പൊരിവെയിൽ തരൂ
എന്നപേക്ഷിക്കണം!
 
സീരീസ്: ഋതുദേഹം