Showing posts with label നര്‍മ്മം. Show all posts
Showing posts with label നര്‍മ്മം. Show all posts

Wednesday, April 14, 2010

പ്രോണോഗ്രാഫി

"എടാ, ചേട്ടന്‍ ഇന്ന് ലഞ്ചിന് വരുന്നില്ല. നീ ഫ്രീയാണെങ്കില്‍ ഇവിടേക്ക് വന്ന് പ്രോണോഗ്രാഫി ഉണ്ടാക്കാന്‍ എന്നെ സഹായിക്കുമോ?"


മുന്‍പ് ഒരിക്കല്‍ എന്നെ വിളിക്കുമ്പോള്‍ 'ബെസ്റ്റ് ബയ്-ല്‍ മെയില്‍ ടു ഫീമെയില്‍' വാങ്ങാന്‍ പോയിരുന്നൂ എന്ന് പറഞ്ഞപ്പോള്‍  "why are you offending me?" എന്ന് ചോദിച്ചവള്‍. അതിനു ശേഷം വാല്‍മാര്‍ട്ടില്‍ കണ്ടപ്പോള്‍ മുഖം തിരിച്ചവള്‍.

മറ്റൊരിക്കല്‍ വീട്ടില്‍ വന്ന് വായിക്കാനായി പുസ്തകമൊരെണ്ണം തിരയുന്നതിനിടയില്‍ നളിനീ ജമീലയുടെ ആത്മകഥ കണ്ട് എന്നെ നോക്കി ദഹിപ്പിച്ചവള്‍. ശേഷം പുസ്തകക്കൂട്ടത്തില്‍ കാമസൂത്ര ഇരിക്കുന്നത് കണ്ട് കാറ്റത്തെ കരിയില പോലെ വീട്ടില്‍ നിന്നും പറന്നു പോയവള്‍.

സ്ത്രീകളുടെ വെടിവട്ടക്കൂട്ടത്തില്‍ ഒരിക്കല്‍ മുന്നൂറ്റി എഴുപത്തി ഏഴ്  ഭേദഗതി ചെയ്തതിനെ പറ്റിയൊരുവള്‍ സംസാരിച്ചപ്പോള്‍ "ഇനിമേല്‍ ഇത്തരം വൃത്തികേടുകള്‍ പറയുന്നിടത്ത് പോകരുതെന്ന്" എനിക്ക് താക്കീത്  തന്നവള്‍.

ഒടുവിലൊരിക്കല്‍ ദേഹാസ്വസ്ഥ്യവുമായി കുറെനാള്‍ കഴിയേണ്ടി വന്നപ്പോള്‍ അഞ്ചുകറിയും ഇഞ്ചിയുമായി കാണാന്‍ വന്നവള്‍. 'ലിക്വുഡ് ഡയറ്റി'ലെന്നറിഞ്ഞപ്പോള്‍ വിഷമിച്ചവള്‍. അന്ന് രാതി തന്നെ ഉഴുന്നുവട ഉണ്ടാക്കികൊണ്ടു വന്ന് "ഗൂഗിള്‍ ചെയ്തപ്പോള്‍  ലൈറ്റ് കടന്നു പോകുന്നതെന്തും ലിക്വുഡ് ഡയറ്റിന് കഴിക്കാമെന്ന്" പറഞ്ഞവള്‍.

"എടാ, നീ തിരക്കിലാണോ...ഫോണ്‍ വച്ചിട്ട് പോയോ...എന്താ മിണ്ടാതെ?"

"ഇപ്പോ നിനക്കെന്തിനാ പ്രോണോഗ്രാഫിയെന്ന് ആലോചിക്കുകയായിരുന്നു."

"ഒരു ചെയിഞ്ചിന്"

"അതിന് പ്രോണോഗ്രാഫി തന്നെ വേണോ?"

"നോണ്‍ വെജ് വേണം ന്ന് തോന്നി."

"നിനക്കിത് എന്തു പറ്റി ഇന്ന്?"

"കോഴിയുടെ ഉളുമ്പുമണം എനിക്ക് ഇഷ്ടമല്ലെന്ന് നിനക്കറിയാമല്ലോ. പിന്നെ ഇന്ന് ഞാന്‍ പുറത്തു പോയപ്പോള്‍ ഒരു പൗണ്ട് വൃത്തിയാക്കി വച്ചിരുന്ന പ്രോണ്‍സ് വാങ്ങി. നോണ്‍ വെജ് ഉണ്ടാക്കാന്‍ എനിക്കറിയില്ലെന്ന്  നിനക്കറിയില്ലെ? ഇതു കൊണ്ട് നല്ല ഗ്രേവിയൊക്കെ ഉള്ള പ്രോണ്‍സ് ഉണ്ടാക്കാന്‍ നീ സഹായിക്കണേ...ഈ പ്രോണോഗ്രാഫി കണ്ട് ചേട്ടന്‍ ഞെട്ടണം."

"പിന്നെന്താ നമ്മുക്ക് ഞെട്ടിപ്പിച്ച് കളയാം , ബട്ട് കറിയുടെ പേര് ഞാനല്പ്പം മാറ്റും...പ്രോണോഗ്രേവിയെന്ന്!!!"

Tuesday, November 03, 2009

കവിശിക്ഷ

സീന്‍ അ
-----------

രാജകിങ്കരന്മാര്‍ രാജവീഥിയിലൂടെ ഒരു കുറ്റവാളിയെ കൈകാലുകളില്‍ വിലങ്ങുകളണിയിച്ച് വലിച്ചിഴച്ചുകൊണ്ട് വരികയാണ്.

ക്യാമറ പാനിങ്ങ് (ഇതെന്ത് കുന്താണൊ ആവോ, ഇനി ഇതിന് ഇങ്ങിനെയല്ല പറയുന്നതെങ്കില്‍ ചൂസ് എ കറക്ട് ആന്‍സര്‍ ഫ്രം യുവര്‍ കോമന്‍സെന്‍സ് നോളജ്ജ്, ഇതൊക്കെ ആ ക്യാമറാമാന്റെ പണിയാണ് തിരകഥാകൃത്തിന്റെയല്ല)

രാജകിങ്കരന്മാര്‍ കൊട്ടാരകവാടത്തിലെക്ക് കടക്കുന്ന വഴിയില്‍ കുറച്ച് കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്നുണ്ട്. അതില്‍ ഒരു കുട്ടിയെ ക്യാമറ ഫോക്കസ് ചെയ്യുന്നു. കൊട്ടാരകവാടം മലര്‍ക്കേ തുറക്കപ്പെടുന്നു (സൗണ്ട് എഞ്ചിനീയര്‍ ആരാണെന്ന് തീരുമാനിച്ചിട്ടില്ല, ശബ്ദമിശ്രണം തിരകഥാകൃത്തിന്റെ പണിയല്ല)

സീന്‍ ആ
-----------

രാജാവ് എഴുന്നള്ളുന്നു (എങ്ങിനെ എഴുന്നള്ളണമെന്ന് ഡിറക്ടര്‍ തീരുമാനിക്കും, അയാള്‍ക്കും പണിയുള്ളതല്ലെ. എന്ത് ധരിച്ചെഴുന്നള്ളുമെന്ന് വസ്ത്രാലങ്കാരകര്‍ തീരുമാനിക്കും. മഹാരാജാവ് തിരകഥാകൃത്ത് വിചാരിക്കാതെ ഒരക്ഷരം ഉരിയാടില്ല. അവിടെയാണ് തിരകഥാകൃത്ത് രാജാവിനെ അടിയറവ് പറയിക്കുന്നത്.)

രാജാവ് രാജസിംഹാസനത്തിലമര്‍ന്നിരിക്കുന്നു. രാജഗുരുക്കള്‍ വലതുവശത്തായി ഉപവിഷ്ടനായിട്ടുണ്ട്. സില്‍മ റിലീസ് ചെയ്യുമ്പോള്‍ ഫെമിനിസ്റ്റുകള്‍ ഉപരോധിക്കുമെന്ന ഭയത്താല്‍ ചാമരം വീശാന്‍ തോഴിമാര്‍ക്ക് പകരം രണ്ട് ദൃത്യന്മാരെ ഇരുവശങ്ങളിലായി ചാമരവും പിടിപ്പിച്ച് നിര്‍ത്തിയിട്ടുണ്ട്.)

രാജാവ് :- കടന്ന് വരാന്‍ പറയൂ....

രാജകിങ്കരന്മാര്‍ കുറ്റവാളിയെ രാജസമക്ഷം ഹാജരാക്കി.

രാജവ്: എന്താണ് ഇയാള്‍ ചെയ്ത രാജദ്രോഹം?

കിങ്കരന്മാരൊന്നിച്ച്: മഹാരാജന്‍ ഈ രാജദ്രോഹി സാമാന്യജനത്തിന് മനസിലാക്കാനുചിതമല്ലാത്തവണ്ണം കവിതകള്‍ രചിച്ചിരിക്കുന്നു.

രാജാവ് ചിന്താമഗ്നനായി. സീന്‍ അ- യില്‍ ഫോക്കസ് ചെയ്ത കുട്ടിയെ ക്യാമറ വീണ്ടും ഫോക്കസ് ചെയ്യുന്നു. രാജാവ് തല വലത്തേക്ക് തിരിച്ച് രാജഗുരുക്കളോട് ചോദ്യചിഹ്നത്തില്‍ പുരികക്കൊടികളുയര്‍ത്തി കാണിക്കുന്നു.

രാജഗുരുക്കള്‍: മഹാരാജന്‍ ഈ രാജ്യദ്രോഹിക്ക് അങ്ങ് "കവിശിക്ഷ" വിധിച്ചാലും.

രാജാവ്: ആരവിടെ! അങ്ങിനെയാവട്ടെ!

രാജകിങ്കരന്മാര്‍ കുറ്റവാളിയെയും കൊണ്ട് രാജസദസില്‍ നിന്നും പിന്‍‌വാങ്ങുന്നു.

സീന്‍ ഇ
----------

രാജകിങ്കിരന്മാര്‍ ഇടത്തേക്കും വലത്തേക്കും, ശേഷം വലത്തേക്കും ഇടത്തേക്കും ഉല്ലാത്തുകയാണ്. കുറ്റവാളി സീനിനു നടുവില്‍ അന്ധാളിച്ച് നില്പുണ്ട്.(കൂടുതല്‍ ഭാവമെല്ലാം അഭിനേതാവിന്റെ മിടുക്കു പോലെ ഇരിക്കും). രാജകിങ്കരന്മാര്‍ അക്ഷമരായി പൃഷ്ഠം ചൊറിയുന്നു.

അശരീരി: എന്തെരെടെ അപ്പീ ഈ പൃഷ്ഠം, ലതുതന്നെയല്ലേയപ്പീ നീയീ എഴുതി വെയ്ച്ചേക്കണയിത്?

തിരക്കഥാകൃത്ത്:- ച്‌ഛേ...അശ്ശീലം പറയാതിരിക്കൂ അശരീരീ...എനിക്കങ്ങനെ അത്രയ്ക്കും തരം താഴാന്‍ പറ്റില്ല. അതല്ലെങ്കില്‍ നിങ്ങള്‍ വേറെ ആളിനെ അന്വേഷിക്കു തിരക്കഥയെഴുതാന്‍. (തിരക്കഥാകൃത്ത് പേന അടച്ച് വച്ച് റിവോള്വിങ്ങ് ചെയറില്‍ ചാഞ്ഞു കിടന്നു ചെവിയോര്‍ക്കുന്നു. വീണ്ടും അശരീരി കേള്‍ക്കുന്നോ എന്ന്. നിശ്ശബ്ദത, കാതടപ്പിക്കുന്ന നിശ്ശബ്ദത. പിന്നെ ഒരു പുച്ഛഭാവത്തില്‍ പേന തുറന്ന് എഴുത്ത് തുടരുന്നു)

പൃഷ്ഠം ചൊറിയുന്നതിനിടയില്‍ രണ്ടു പേര്‍ക്കും ഒരു പോലെ വെളിപാടുണ്ടായെന്നതു പോലെ രാജകിങ്കരന്മാരൊന്നിച്ച് ഉച്ചത്തില്‍ ആക്രോശിച്ചു.

രാജകിങ്കരന്മാര്‍ ഇരുവരും ഒന്നിച്ച് :

"ശബ്ദതാരാവലിയില്‍ ഇല്ലാത്ത പദങ്ങള്‍ കോര്‍ത്തു മാല കെട്ടി,
കവിയുടെ ശിരോധരത്തിലണിയിച്ച ശേഷം,
ശ്രവണസ്ത്രോതസടയുമാറുച്ചത്തില്‍ ചെണ്ടകൊട്ടി,
പൊതുവഴിയിലൂടെ ത്രികരണങ്ങളാതുരമാകുന്നതു വരെ
നടത്തിക്കുന്ന പ്രക്രിയയേ കവിശിക്ഷയെന്ന് പറയുന്നൂ"

ഇത് കേട്ടുകൊണ്ട് രാജഗുരുക്കള്‍ കടന്നു വരുന്നു. രാജഗുരുക്കള്‍ കോപിഷ്ഠനാകുന്നു.

രാജഗുരുക്കള്‍: വിഡ്ഡികള്‍, എന്തസംബന്ധമാണ് നിങ്ങളീ വിളിച്ച് കൂവുന്നത്?

രാജകിങ്കര്‍ന്മാര്‍ പരസ്പരം കണ്ണേറ് കൈമാറുന്നു.

രാജഗുരുക്കള്‍: നിയാമകവിമര്‍ശനത്തിനു സാമാന്തരമായോ സമാനമായോ‍ നിലകൊള്ളുന്ന വിമര്‍ശനമാണ് കവിശിക്ഷയെന്ന പേരില്‍ പറഞ്ഞു പോരുന്നത്. കാവ്യരചന സമര്‍ത്ഥമായി നടത്തുന്നതിന് ഉപകരിക്കുന്ന ഉപദേശങ്ങളാണ് കവിശിക്ഷയുടെ കാതല്‍. അവ നല്‍ക്കുവാനാണ് നാമിവിടെ എത്തിച്ചേര്‍ന്നത്.


സീന്‍ ഈ
------------

രാജസദസ്, കിങ്കരന്മാര്‍ രാജഗുരുക്കളെ കൈകാലുകളില്‍ വിലങ്ങണിയിച്ച് രാജസമക്ഷം ഹാജരാക്കുന്നു. രാജാവ് തലവലത്തേക്ക് തിരിച്ച് ചോദ്യചഹ്നത്തില്‍ പുരികകൊടികളുയര്‍ത്തുന്നു. അത് കാണാന്‍ അവിടെ ആരും ഇല്ല. രാജാവ് ചിന്താമഗ്നനാകണമോ വേണ്ടയോ എന്ന ധര്‍മ്മസങ്കടത്തിലെന്ന വണ്ണമുള്ള ഭാവാഭിനയത്തിലാണെന്ന് തോന്നിക്കുമാറുള്ള ഭാവത്തില്‍...

രാജാവ്: എന്താണ് ഈ രാജ്യദ്രോഹിചെയ്ത കുറ്റം.

രാജകിങ്കരന്മാരൊന്നിച്ച്: മഹാരാജന്‍ ഈ രാജദ്രോഹി സാമാന്യജനത്തിന് മനസിലാക്കാനുചിതമല്ലാത്തവണ്ണം കവിശിക്ഷയ്ക്ക് വ്യാഖ്യാനങ്ങള്‍‍ പറയുന്നു പ്രഭോ!

രാജാവ്: ആരവിടെ ഈ രാജ്യദ്രോഹിയെ നാം "കവിശിക്ഷക്ക്" വിധിച്ചിരിക്കുന്നു.

രാജഗുരുക്കളെയും കൊണ്ട് രാജകിങ്കരന്മാര്‍ സദസില്‍ നിന്നും പിന്‍‌വാങ്ങുന്നു. രാജാവ് അന്തപുരത്തിലേക്ക് പോകുന്നു.


സീന്‍ ഉ
----------


സീന്‍ അ- യിലും ആ-യിലും ഫോക്കസ് ചെയ്ത കുട്ടിയെ ക്യാമറ വീണ്ടും ഫോക്കസ് ചെയ്യുന്നു.
ക്യാമറ ഫോക്കസ് ചെയ്ത നിമിഷം കുട്ടി തിരകഥാകൃത്തിനോട് ആക്രോശിക്കുന്നു.

കുട്ടി: താനാരടൊ ഊവേ, കുറെ നേരമായല്ലോ താനെന്നെ ഈ പൊരി വെയിലത്ത് നിര്‍ത്തി ക്രിക്കറ്റ് കളിപ്പിക്കുന്നു. വായ തുറന്ന് ആകെ പറയാനുണ്ടായിരുന്ന ഒരു ഡയലോഗ്, താന്‍ രാജാവിനെ അന്തപുരത്തിലേക്ക് പറഞ്ഞയച്ച് കുളമാക്കി കളഞ്ഞില്ലെ. രാജാവ് ഏവിടെയാണെന്നൊന്നും ഞാന്‍ നോക്കില്ല. എനിക്ക് പറയുവാനുള്ള ഡയലോഗ് എനിക്ക് പറഞ്ഞേ പറ്റു

കുട്ടി എനിട്ട് രാജകവാടത്തിനു നേരെ വിളിച്ചും കൊണ്ട് ഓടുന്നു...

കുട്ടി: രാജാവ് നഗ്നനാണേ...രാജാവ് നഗ്നനാണേ...

സീന്‍ ഊ
-----------


രാജകിങ്കരന്മാര്‍ കുട്ടിയേയും തിരകഥാകൃത്തിനെയും കൈകാല്‍ വിലങ്ങുകളണിയിച്ച് പുറത്തേക്ക് കൊണ്ട് വരുന്നു.

ക്യാമറ് ഗോയിങ്ങ് ഔട്ട് ഓഫ് ഫോക്കസ്
സൌണ്ട് ഫെയ്ഡിങ്ങ് ഔട്ട്

Sunday, October 07, 2007

അടി വരുന്ന വഴിയും, കിട്ടുന്ന കണക്കുകളും

ഓര്‍മ്മ വച്ച കാലം മുതല്‍ വീട്ടിലെ ശിക്ഷണ നടപടികളില്‍ മുന്നിട്ടു നിന്നിരുന്നത് അടിയാണ്. അടിയ്ക്കുന്നത്തില്‍ പ്രധാനി മമ്മിയാണ്. ഇനി അടിയെന്നു പറഞ്ഞാല്‍ കൈയ് കൊണ്ടു തുടങ്ങി വള്ളി ചൂരല്‍, പുളി, പേര, തെറ്റി, ചെമ്പരത്തി തുടങ്ങിയവയുടെ കമ്പ്, തെങ്ങിന്റെ മടല്‍(ചത്തു പോകാത്തത് മുജ്ജന്മ സുകൃതം, മമ്മിയുടെയും ഞങ്ങളുടെയും), ഈര്‍ക്കിലുകള്‍ കൂട്ടികെട്ടിയുണ്ടാക്കിയ സാധനം എന്നിങ്ങിനെ അടിക്കാന്‍ ഉപയോഗിക്കുന്ന ആയുധങ്ങള്‍ അനവധിയാണ്. ഒരിക്കല്‍ മുരിങ്ങക്കായ കൊണ്ടും അടി കിട്ടിയിട്ടുണ്ട്, മറ്റുള്ളവയെ അപേക്ഷിച്ച് ഇത് എവിടെ ഏല്‍ക്കാന്‍. സില്ലി മുരിങ്ങയ്ക്ക, സില്ലി മമ്മി.


വഴിതെറ്റിയതു കൊണ്ടല്ല, വഴി തെറ്റാതെയിരിക്കുവാന്‍ വേണ്ടി മാത്രമായിരുന്നു അടിയ്ക്കടിയുള്ളയീ അടികള്‍. വീട്ടില്‍ സന്താനഗോപാലങ്ങള്‍ രണ്ട് എന്നുള്ളത് മൂന്നായപ്പോള്‍ ക്രമസമാധാനനില എളിയ തോതില്‍ തകരാറിലാവാന്‍ തുടങ്ങി, സന്താനഗോപാലങ്ങള്‍ തമ്മില്‍ ഉള്ള അടി തന്നെയാണ് സ്ഥായിയായ കാരണം.


ഇടയ്ക്കിടെ ഉണ്ടാകുന്ന തമ്മില്‍ തല്ലും, പിടിച്ചുപറിയും(ബിസ്കറ്റ്, കളിപ്പാട്ടങ്ങള്‍, ഊണു പാത്രത്തിലെ വറുത്ത മീന്‍ കഷണം etc...), അടിച്ചു മാറ്റലും(ഇളയ അനുജത്തിയുടെ വായില്‍ നിന്നും ഒലിച്ചിറങ്ങി വന്ന പാരിസ് മിഠായി വിത്ത് തുപ്പല്‍ അറ്റാച്ചിട്, കാക്കയെക്കാള്‍ വേഗത്തില്‍ അടിച്ചുമാറ്റ് വായിലിട്ട് ഓടി ഒളിച്ചത് ഇന്നലെ പോലെ ഓര്‍ക്കുന്നു), എട്ടുദിക്കും പൊട്ടുമാറുള്ള നിലവിളിയും ഒക്കെ സ്ഥിരമായി നടക്കാന്‍ തുടങ്ങിയപ്പോല്‍ മമ്മി അടി തരുന്നതിനു ചില റൂള്‍സ് ഒക്കെ ഉണ്ടാക്കാന്‍ തുടങ്ങി. ആദ്യമായി മക്കളെ എ, ബി, സി എന്നു ലേബല്‍ ചെയ്തു. പേരൊക്കെ വിളിച്ച് അടിച്ചാല്‍ സെന്റിയാകും, അതാണെ.



എ ഈസ് > ബി ആന്റ് സി.
ബി ഈസ് < എ ആന്റ് > സി.
സി ഈസ് < ബി ആന്റ് എ. ഇനി എനിക്ക് മനസിലാക്കാന്‍ വേണ്ടി, കണക്കിനു ഞാന്‍ അന്നും ഇന്നും കണക്കാ (എന്റെ ടീച്ചര്‍ ഇതൊന്നും കാണുന്നില്ല എന്നു ഞാന്‍ ഉറച്ച് വിശസിക്കുന്നു, അഥവായിനി കണ്ടാല്‍ ഒരു ജാമ്യത്തിനായി ഞാന്‍ ലേബലില്‍ "പച്ച കല്ലുവച്ച" എന്നു ചേര്‍ത്തിരിക്കുന്നത് നോക്കുവാന്‍ അപേക്ഷ, ഇത് മമ്മിക്കും ബാധകമാണ്. ഇനി ഇത് കണ്ടയുടനെ എന്നെ വിളിച്ച് "അതുമിതും" പറയരുത്, ഐ ലവ് കോച്ചിപ്പിടി വായിച്ചിട്ട് പറഞ്ഞത് പോലെ ) എ = മൂത്തത്. സി = ഇളയത്. ബി = 'എ' യ്ക്കും 'സി' ക്കും ഇടയ്ക്ക് ഉള്ളത്, അല്ലെങ്കില്‍ രണ്ടാമത്തെ സന്താനം. അടിയുടെ റൂള്‍സ് തുടങ്ങുന്നതിനു മുന്‍പേ ചില ഒഴിവു കിഴിവുകള്‍. (1) സി:- 'സി' ഇളയ കുട്ടിയാണ്. 'സി' എത്ര വലുതായാലും 'സി'ക്ക് ഇനി 'സി' കള്‍ ഉണ്ടായലും 'സി' മമ്മിക്ക് എന്നും 'സി' തന്നെയാണ്. മമ്മിയുടെ കണ്ണിലുണ്ണി. 'എ'യുടെയും 'ബി'യുടെയും കണ്ണിലെ കരട്. (2) എ:- 'എ' മൂത്ത കുട്ടിയാണ്. മൂത്തതായ്തു കൊണ്ട് ഇത്തിരി വാത്സല്യം ഒക്കെ മമ്മിക്ക് ഇടയ്ക്കിടയ്ക്ക് തോന്നും എങ്കിലും തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നതു മാതിരി 'എ' യില്‍ നിന്നും ഭാരിച്ച ഉത്തരവാദിത്വം തിരിച്ച് പ്രതീക്ഷിക്കും, 'എ'യെ കൊണ്ടു അതിനു ആവതില്ലെങ്കിലും. പിന്നെ 'എ' ബിയുടെ കണ്ണിലെ കരടാണ്. 'എ'യും 'ബി'യും എപ്പോഴും അന്യോന്യം പാര പണിയലില്‍ ശ്രദ്ധകേന്ദ്രീകരിക്കുക പതിവാണ്. (3) ബി:- 'ബി' യുടെ വാക്കുകളില്‍ പറഞ്ഞാല്‍ " 'എ' മൂത്തതായതിനാല്‍ 'എ'യെ മമ്മി അടിക്കില്ല. " 'സി' ഇളയതായതിനാല്‍ 'സി'യെയും മമ്മി അടിക്കില്ല. രണ്ടിനും ഇടയില്‍ കിടക്കുന്ന എന്നെ മാത്രം ആര്‍ക്കും വേണ്ട, എപ്പോഴും എന്തിനും അടിയും". ഇത് 'ബി'യുടെ സ്ഥിരം പല്ലവിയാണ്, തെറ്റ് 'ബി' യുടെതാണ് എന്ന് നെറ്റിയില്‍ എഴുതി ഒട്ടിച്ചാലും. പിന്നെ 'ബി'ക്ക് നാവിനു ചുറ്റും പല്ലുകൊണ്ടൊരു വേലി ഉണ്ടെങ്കിലും നാവ് എപ്പോഴും വേലിക്ക് പുറത്താണ്, അത് പല ഭാഷകളിലും പി.എച്ച്.ഡി ഇപ്പോഴും ചെയ്തുകൊണ്ടിരിക്കയാണ്, അന്നും ഇന്നും. ഇനി അടിയുടെ തുടങ്ങുന്ന വിധം (1) കരച്ചിലാണു അടി തുടങ്ങാന്‍ 99.99% സമയത്തും ഉള്ള ക്ലൂ. (2) ആരുടെ കരച്ചില്‍, അല്ലെങ്കില്‍ ആരൊക്കെ കരയുന്നു എന്നതാണ് അടുത്തതായി അറിയേണ്ടത്. ഇനിയാണു റൂള്‍സ് രൂപപ്പെടുന്നത്. (1) 'സി'യാണു കരയുന്നതെങ്കില്‍ 'എ'യ്ക്കും 'ബി'യ്ക്കും കാരണം ആരായാതെ ആദ്യം അടികിട്ടും, 'സി' വീണിട്ടാണു കരയുന്നതെങ്കില്‍ കൂടിയും. കാരണം 'എ'യുടെയും 'ബി'യുടെയും ചുമതലയാണു 'സി'യെ നോക്കല്‍. അപ്പോള്‍ ചുമതലയിലെ പാളിച്ച നമ്പര്‍ 1. അടിയെപ്പോ കിട്ടി എന്നു ചോദിച്ചാല്‍ മതി. രണ്ടാള്‍ക്കും അടി തന്നു കഴിഞ്ഞിട്ട് കാരണം തിരക്കല്‍ ചടങ്ങ് ഉണ്ട്. കാരണതിന്റെ മൂര്‍ദ്ധന്യം അനുസരിച്ചും അത് വാദിക്കുന്നതില്‍ ആര്‍ക്കാണു മിടുക്കും എന്നത് അനുസരിച്ചും ആണ് അടുത്ത സെറ്റ് അടി. പലപ്പോഴും നാക്കിനു ബലവും നീളമുള്ള 'ബി' വാദിച്ച് കുറ്റം 'എ' യ്ക്കുമേല്‍ ചുമത്തി രക്ഷനേടും. അപ്പോള്‍ സെകെന്റ് സെറ്റ് അടി 'എ'യ്ക്ക്. അടി വാങ്ങുന്ന 'എ' യ്ക്ക് ഒഴുകെ തരുന്ന മമ്മിക്കൊ, കണ്ടു നില്‍ക്കുന്ന 'ബി'യ്ക്കൊ 'സി' യ്ക്കൊ ഒരു പരാതിയും ഉണ്ടായിരുന്നില്ല. (2) 'ബി'യാണു കരയുന്നതെങ്കില്‍ അടി കിട്ടാനുള്ള ചാന്‍സ് 'എ'യ്ക്ക് മാത്രമാണ്. കാരണം 'സി' "കോശല്ലേ.." ഇവിടെ 'ബി'യുടെ നിര്‍ത്താതെ ഉള്ള "കള്ള" കരച്ചില്‍ കാരണം കാരണം ബോധിപ്പിക്കല്‍ എന്ന ചടങ്ങ് നടക്കാറില്ല. 'എ' കിട്ടുന്നതും വാങ്ങിച്ച് കെട്ടി സ്ഥലം കലിയാകും, എത്രയും പെട്ടെന്ന് 'ബി' യ്ക്ക് അടുത്ത പാര പണിയാന്‍. (3) 'എ'യാണു കരയുന്നതെങ്കില്‍, എങ്കില്‍ ലോകം അവസാനിക്കും, 'എ' എങ്ങിനെ ഒന്നും കരയാറില്ല. 'ബി'യില്‍ നിന്നും കിട്ടുന്നതെന്തും പാരയുള്‍പ്പടെ സഹിച്ചും തിരിച്ചു കൊടുത്തും നടക്കും. 'ബി'യെ തീരെ സഹിക്കാനും തിരിച്ചടിക്കാനും കഴിയാതെ വരുമ്പോള്‍ "മമ്മീ" എന്നുറക്കെ വിളിക്കും, ഇത് കേള്‍ക്കെണ്ട താമസം, 'ബി' സ്ഥലം കാലിയാക്കും. മമ്മി സംഭവ സ്ഥലം സന്ദര്‍ശിക്കാന്‍ എത്തുമ്പോള്‍ 'ബി' നാലു അയള്‍പക്കവും താണ്ടി അമ്മാമ്മയുടെ വീട്ടില്‍ എത്തിയിട്ടുണ്ടാവും. (4) 'ബി'യും 'സി'യും കരഞ്ഞാല്‍. ഇങ്ങിനെ സംഭവിക്കുന്ന അവസരങ്ങളില്‍ കാരണം ചോദിക്കള്‍ ഒന്നും കൂടാതെ 'ബി'യ്ക്കും 'എ'യ്ക്കും അടി ഉറപ്പ്. ഇവിടെ ഇപ്പോഴും 'സി' "കോശാണ്". 'സി' എപ്പോഴും "കോശാണ്". വാല്‍ക്ഷണം:- കുറച്ച് നാള്‍ കഴിഞ്ഞ് 'എ' അടിക്ക് എതിരെ പ്രതികരിക്കാന്‍ തുടങ്ങി, അതു കഴിഞ്ഞു 'ബി'. 'സി' ഒന്നിന്നും പ്രതികരിച്ചില്ല കാരണം അപ്പോഴും 'സി' "കോശാണല്ലോ". ഇതു മാത്രം അല്ല, അടിച്ചടിച്ച് മമ്മിയും മടുത്തു, അടി വാങ്ങിച്ചു കെട്ടി 'എ'യും 'ബി'യും. അടിയുടെ റൂള്‍സ് തന്നെ ചെയിഞ്ച് ചെയ്തു ഒടുവില്‍ അടി തന്നെയില്ലാതെയായി. വീട്ടിലെ പേരയിലും തെറ്റിയിലും ചെമ്പരത്തിയും പുളിമരത്തിലും ഒക്കെ ശിഖരങ്ങള്‍ ഏറിവന്നു, അവ തളിരിടുകയും പൂവിടുകയും ചെയ്തു. തെങ്ങിന്റെ മടലുകള്‍ അയല്പക്കതെ കുട്ടികള്‍ ക്രിക്കറ്റ് കളിക്കാന്‍ കൊണ്ടു പോയി. ബാക്കിയുള്ളവ പുകയടുപ്പില്‍ കിടന്നു അലറി വിളിച്ചു, " ഞങ്ങള്‍ എന്തു തെറ്റു ചെയ്തു, അറ്റ് ലീസ്റ്റ് ക്രിക്കറ്റ് കളിക്കുവാന്‍ ബാറ്റിലാത്ത കുട്ടികള്‍ക്ക് ഞങ്ങളെ ദാനം ചെയൂ..."

Friday, August 24, 2007

സദ്യപുരാണം





അന്നൊരു വര്‍ഷം ഓണം നാളില്‍
ഞാന്‍ സര്‍വ്വാഭരണ വിഭുഷിതയായി
അകതാരിലൊരു പൂക്കളം തീര്‍ത്ത്
കുട്ടികളെ എല്ലാം പാട്ടിലുമാക്കി

കണ്ടറിയാന്‍ ഇവിടില്ലൊരു ഓണം
അതിനാല്‍ ഉണ്ടറിയാനായ് കച്ചമുറുക്കി
പച്ചക്കറികള്‍ വെട്ടി നുറുക്കി
സദ്യ ഒരുക്കാന്‍ കത്തി എടുത്തു

പച്ചക്കറികള്‍ പലയിനം അങ്ങിനെ
പലവക നിറത്തില്‍ ഇളിച്ചു ചിരിച്ചു
ഒന്നിച്ചങ്ങിനെ ഞെളിഞ്ഞിരുന്ന്
വില്ലന്‍ ചമഞ്ഞെന്നെ വെല്ല് വിളിച്ചു

ചുമന്ന് തുടുത്തൊരു തക്കാളിയെ
ഞാന്‍ ഉണ്ട കണ്ണാല്‍ നോക്കി വിരട്ടി
ഉരുണ്ടൊളിക്കും ഉരുളക്കിഴങ്ങിനെ
ഞാന്‍ മുരിങ്ങാക്കോലും കാട്ടി വിരട്ടി

വില്ലന്‍ തടിയന്‍ ചേനത്തുണ്ട്
“കൈയേല്‍ കടിക്കും” ഭീഷണി മുഴക്കി
കത്തിയാലവനെ കുത്തി എടുത്ത്
വെട്ടി അരിഞ്ഞ് കലത്തില്‍ തള്ളി.

തൊണ്ട് കളഞ്ഞൊരു തേങ്ങയെടുത്ത്
ഞാന്‍ ഒറ്റ വെട്ടാലെ ഉടച്ചെടുത്തു
അത് കണ്ടിട്ടൊരു കൊട്ടത്തേങ്ങ
കൊട്ടയിലിരുന്നിട്ട് ആര്‍ത്ത് ചിരിച്ചു

അവിയല്‍ കഷണം കലത്തിലിരുന്നു
കാപാലികയെ എന്നലറി വിളിച്ചു
പപ്പടം കാച്ചാന്‍ വച്ചൊരു എണ്ണ
ദേഷ്യം മൂത്ത് തിളച്ച് മറിഞ്ഞു

പച്ചടി വയ്‌ക്കാന്‍ ഉള്ളൊരു വഴുതന
പൈനാപ്പിളിനെ ചൂണ്ടി മടുത്തു
പച്ചക്കറികള്‍ ഓരൊന്നായ് അങ്ങിനെ
കത്തിക്കടിയില്‍ അടിയറവ് പറഞ്ഞു

തേങ്ങ അരച്ച് അവിയലില്‍ ഇട്ടു
തേങ്ങ ചുരണ്ടി തോരനില്‍ ഇട്ടു.
മിച്ചം വന്ന തേങ്ങയെടുത്ത്
വറുത്ത് അരച്ച് തീയല്‍ വയ്‌ച്ചു.

പച്ചടി വയ്‌ച്ചു കിച്ചടി വയ്‌ച്ചു
സാമ്പാറവിയല്‍ തോരനും വയ്ച്ചു
ചില ചെറു കള്ളത്തരത്തില്‍ ഞാനാ
കാ‍ളനും ഓലനും ഒപ്പിച്ചെടുത്തു

അച്ചാറിട്ടത് കുപ്പിയിലാക്കി
ഇഞ്ചി കറിയത് വേറെ വയ്ച്ചു
നേന്ത്രക്കായത് ഉപ്പേരി വറുത്തു
അടയും കടലയും പ്രഥമന്‍ വയ്‌ച്ചു

കറികള്‍ പലത് താളിക്കും നേരം
കടുക്ക് പലവുരു പൊട്ടിത്തെറിച്ചു
കറിവേപ്പിലയോട് അടിപിടി കൂടി
ചിരട്ടത്തവി അവര്‍ക്ക് കുത്ത് കൊടുത്തു

കുത്തരി കൂട്ടി സദ്യയതുണ്ണാല്‍
കൊതി മൂത്തിട്ട് ഉള്ളം തുടിച്ചു
സദ്യ വിളമ്പും നേരം തവിയില്‍ ഒരു
കറിവേപ്പിലയത് പിണങ്ങിയിരുന്നു.

ഇഞ്ചി കറിയത് കൂട്ടും നേരം ഇഞ്ചി
കടിച്ചത് പോലായ് മുഖഭാവം
അത് വരെ അന്നം കാണാത്തതു പോല്‍
ഉരുളകള്‍ പലവുരു ഉരുട്ടി വിഴുങ്ങി

തൂശനിലയിലാ സദ്യയും അടിച്ച്
മത്ത് പിടിച്ച് മയങ്ങും നേരം
കായം മറന്നൊരു സാമ്പാര്‍ ആരും
കണ്ടു പിടിച്ചില്ലെന്നത് ഓര്‍ത്തു ചിരിച്ചു.

Wednesday, August 22, 2007

ആരൊ എന്നെ ഫ്രയിം ചെയ്തൂ.




എന്നെ ഫ്രയിം ചെയ്ത ഈ സംഭവത്തിന് തിരികൊളുത്തിയത് 2007 ആഗസ്റ്റ് 16ന് കാര്‍ട്ടൂണിസ്റ്റ് വരച്ച എന്റെ കാരികേച്ചറാണ്. എന്നെ ഫ്രയും ചെയ്ത പ്രസ്തുത കഷിയുടെ ഓഫീസ് മുറിയുടെ ചുമരും ചാരി ഞാന്‍ നില്‍ക്കുന്നത് കണ്ടില്ലെ. ഈ മുഖാമുഖം ദിനം പ്രതി സഹിക്കുന്ന കഷി ആര് എന്ന് കണ്ട് പിടിക്കുന്നവര്‍ക്ക് ഒരു പ്രത്യക സമ്മാനം(e-ഓണ തല്ല്, e-ഓണ സദ്യ,e- ഉഗാണ്ടയിലേക്ക് ഉള്ള യാത്ര) നല്‍കുന്നതാണ്;). സംഭവം എന്റെ ശ്രദ്ധയില്‍ പെട്ടത് ഇങ്ങിനെ.


അതിരാവിലെയാറര മണിക്ക്
കോഫിയുമായി നെറ്റില്‍ കയറി.
പത്രം നോക്കി, പാട്ടുകള്‍ കേട്ടു
ബ്ലോഗുകള്‍ പലതും വായിച്ച് കമന്റി.

ഇടയ്ക്ക് പലവുരു ഓര്‍മ്മയില്‍ തികട്ടി
ഇമെയില്‍ ഒന്നും നോക്കിയിട്ടില്ല.
ഒടുവില്‍ ഇമെയില്‍ നോക്കും
നേരം വിഷയം ഒന്ന് കണ്ണിലുടക്കി.

സ്പഷ്ടമായത്തില്‍ എഴുത്തിയിരിക്കുന്നൂ
ആരോ മയൂരയെ ഫ്രയിം ചെയ്തു,
കൂടെ ഉള്ളൊരു ചിത്രം നോക്കൂ.
ചെയ്‌ത്തതാരെന്ന് ചോദിച്ചറിയൂ.

ചിത്രം കണ്ടൂ ഉള്ളില്‍ കൊണ്ടൂ
ഞെട്ടിത്തരിച്ച് കോരിത്തരിച്ചു
സന്തോഷത്താല്‍ ഉള്ളം പൊട്ടി
പൊട്ടിച്ചിരിച്ച് പൊട്ടിത്തകര്‍ന്നൂ.

സന്തോഷത്താല്‍ ഓര്‍ത്ത് ചിരിചൂ
പിന്നെ ഒരു ചെറു നെടുവീര്‍പ്പിട്ടു.
ഇതരമൊരു വികൃതി കാട്ടീടുവാനായ്
കച്ച കെട്ടിയതാരെന്ന് പറയ്ക.

Thursday, August 16, 2007

ഐ ലവ് കോച്ചിപ്പിടി.

“അമ്മേയെനിക്ക് കോച്ചിപ്പിടി.........” ഇടിതീ വീഴുന്ന ശബ്ധം പോലെയാണത് കര്‍ണ്ണങ്ങളില്‍ ആഞ്ഞടിച്ചത്. ഞാന്‍ ചെവി വട്ടം പിടിച്ചു. അടുക്കളയുടെ ഭാഗത്ത് നിന്നാണ്. പിന്നെ ഒന്നും ചിന്തിക്കാതെ, വഴിയിലെ തടസങ്ങള്‍ എല്ലാം ഇടിച്ച് തെറിപ്പിച്ച് (മമ്മി, രണ്ട് കസേര, ഒരു ടീപോയ്, ഒരു കതക്ക്) ചട്ടമ്പിയുടെ അടുത്തെക്ക് ഓടി എത്തി, എട്ട് ദിക്കും പൊട്ടുമാറുച്ചത്തില്‍ ചോദിച്ചു “എന്താ മോനെ, എവിടെ..എവിടെയാണ് കോച്ചിപ്പിടിച്ചത് ... കാല്..കൈ.. എവിടെ.. എവിടെ..”

കേരള ഫിലിം ചേമ്പര്‍ അവാര്‍ഡ് ദാന ചടങ്ങിനിടയില്‍ ഓസ്കര്‍ വിന്നിങ്ങ് ആക്ഷന്‍ സീന്‍ കാണുന്നത് പോലെ പൊടി തട്ടി എണീറ്റ മമ്മിയും, ഭയനിട്ടെന്ന പോലെ നാലു വയസുകാരന്‍ ചട്ടമ്പിയും തുറിച്ച് നോക്കുന്നു. ടിര്‍ണോം....ര്‍ണോം... ണോം.... ണോം... എന്നുള്ള സ്വരത്തില്‍ ഒരു സ്റ്റീല്‍ പാത്രം ചട്ടമ്പിയുടെ കൈയില്‍ നിന്നും തഴെ വീണു കറങ്ങുന്നു. ചട്ടമ്പിയുടെ കൈയില്‍ ഒരു ഗ്ല്ലാസുമുണ്ട്. എന്റെ ഉള്ളില്‍ കുതിച്ച് കയറിയ മെര്‍ക്കുറി ഒന്ന് താഴെയിറങ്ങാന്‍ ഒരു ദീര്‍ഘനിശ്വാസം എടുത്തത് രണ്ട്..മൂന്ന്..നാല്..എന്നങ്ങിനെ ഒരു പത്ത് ഇരുപത്തിയഞ്ച് ആയപ്പോഴെക്കും താഴെയിറങ്ങി. പിന്നെ ചട്ടമ്പിയുടെ അടുത്ത് ചെന്ന് ആവര്‍ത്തിച്ച് ചോദിച്ചു. “എന്താ മോനെ, എവിടെ..എവിടെയാണ് കോച്ചിപ്പിടിച്ചത്... എവിടെ?” "അമ്മേ.....എനിക്ക് കോച്ചിപ്പിടിച്ചത് അറിയില്ല, ബട്ട് എനിക്ക് കോച്ചിപ്പിടി പഠിപ്പിച്ച് തരൂ, പ്ലീസ്...ഐ ലവ് കോച്ചിപ്പിടി.”

ഇടിവെട്ടെറ്റവളുടെ തലയില്‍ ആപ്പിള്‍ (ചുമ്മാ.... അതിന്ന് ഒന്നാമതായി ഞാന്‍ ന്യൂട്ടന്‍ ഒന്നും അല്ല..പിന്നെ സംഭവം നടക്കുന്നത് അങ്ങ് കേരളത്തിലായിരുന്നു. അപ്പോള്‍ നല്ല ഉണങ്ങിയ തേങ്ങ തന്നെ ആണ് വീണത്.) വീണ പോലെ ആയി എന്റെ അവസ്‌ത. ചട്ടമ്പിക്ക് കോച്ചിപ്പിടിച്ചിരുനു എങ്കില്‍ അത് എണ്ണയൊ, കുഴമ്പോ ഒക്കെ ഇട്ട് മാറ്റാമായിരുന്നു. ഇനി കോച്ചിപ്പിടി പഠിപ്പിക്കാന്‍ ഞാന്‍ എന്ത് ചെയ്യും. ഞാന്‍ എന്തെങ്കിലും ചോദിക്കുന്നതിന് മുന്നേ ചട്ടമ്പിയുടെ ചോദ്യം വീണ്ടും. "അല്ലമ്മേ, കോച്ചിപ്പിടി പഠിക്കുന്നതെങ്ങിനെയമ്മേ?”. എന്റെ മന‍സിലൂടെ ഒരു മിന്നല്‍ പിണര്‍ കൂടി പാഞ്ഞു പോയി. എന്തിനായിരിക്കും ചട്ടമ്പി ഇത് ചോദിക്കുന്നത്? കാരണം കൈയിലിരുപ്പ് അങ്ങിനെയാണ്.

"അമ്മേ...." ചിന്തകള്‍ കാട്‌ കയറും മുന്‍പേ ചട്ടമ്പിയുടെ വിളികേട്ടു. "അമ്മേ.. എനിക്ക് കോച്ചിപ്പിടി പഠിപ്പിച്ച് തരൂ അമ്മേ, ഐ ലവ് കോച്ചിപ്പിടി.” ഞാന്‍ ഓടി പോയി ഗൂഗില്‍ ചെയ്ത് നോക്കിയാലോ എന്ന് ആലോച്ചിച്ചു. അല്ലതെ എങ്ങിനെ, ഇല്ലങ്കില്‍ ഇത് പഠിപ്പിക്കാന്‍ പറ്റിയ ആശാന്‍മാര്‍ ആരേലും ഉണ്ടോ എന്ന് തിരക്കണം. എവിടെ പോയി തിരക്കും, അതിനും ഗൂഗില്‍ തന്നെ ശരണം. എന്റെ മമ്മിയോട് ഇത്തരം ചോദ്യങ്ങള്‍ ചോദിച്ചാല്‍ ചീത്തയുറപ്പാണ് (അനുഭവം ഗുരു, പിന്നെ കുറച്ച് മുന്നേ തട്ടി തഴെയിട്ടതിന്റെ പൊട്ടി‘തെറി‘ ഇതു വരെ എനിക്ക് കിട്ടിയിട്ടില്ല).

ഞാന്‍ മെല്ലെ ചട്ടമ്പിയൊട് ചോദിച്ചു, " എന്തിനാ മോനെയിപ്പോള്‍ കോച്ചിപ്പിടി പഠിക്കുന്നത്. മോനെയമ്മ മാങ്ങയെറിയാനും, തുമ്പിയെ പിടിക്കാനും, തൊടിയിലെ കുളം കലക്കി തോര്‍ത്തിട്ട് മീന്‍ പിടിക്കാനും ഒക്കെ പഠിപ്പിക്കാം. ഇതൊന്നും തിരിച്ച് പോയാല്‍ പഠിയ്ക്കാനും ചെയ്യാനും പറ്റില്ലല്ലോ, എന്താ പോരെ". "വേണ്ടായെനിക്ക് ടി.വിയിലെ ആന്റിയെ പോലെ കോച്ചിപ്പിടി തന്നെ കാണിക്കണം, എനിക്ക് അത് തന്നെ പഠിക്കണം. അമ്മേ ആ ആന്റി തലയില്‍ ഗ്ലാസും വയ്‌ച്ച് പാത്രത്തില്‍ കയറി നിന്നാണ് കോച്ചിപ്പിടിച്ചത്". ങേ, അങ്ങിനെയോ? ഇത്തരം അഭ്യാസങ്ങള്‍ ആന്റിയല്ല ആരു കാണിച്ചാലും തീര്‍ച്ചയായും കോച്ചിപ്പിടിക്കും എന്ന് മനസില്‍ ഓര്‍ത്തു. പിന്നെ ഈ വക ചാനല്‍ ഒക്കെ ചട്ടമ്പിക്ക് ഇത് ആരാ കാണിച്ച് കൊടുക്കുന്നതെന്നറിയാനുള്ള ആവേശത്തില്‍ എന്റെ മെര്‍ക്കുറി വീണ്ടും ഉയര്‍ന്നു.

പെട്ടെന്നാണ് ഓര്‍മ്മ വന്നത്. കുറച്ച് ദിവസം മുന്നേ ടി.വിയില്‍ കുച്ചിപുഡി കണ്ട കാര്യം. അന്ന് ചട്ടമ്പി ചോദിക്കുകയും ചെയ്‌‌തിരുന്നു "ആ ആന്റിയുടെ അമ്മ ഗ്ലാസും പാത്രവും കൊണ്ട് കളിച്ചാല്‍ വഴക്ക് പറയില്ലേ" എന്ന്. ഈ സംഭവം ചട്ടമ്പിയുടെ കുരുന്ന് മനസ്സില്‍ കടന്ന് കയറി അത് പിന്നെ കുച്ചിപുഡിയില്‍ നിന്നും കോച്ചിപ്പിടിയായി പരിണമിച്ച് ഇത്രടം വരെ എത്തുമെന്ന് ആരു കണ്ടു.






ചട്ടമ്പിയെ മെല്ലെ അടുത്തെക്ക് വിളിച്ച് ഗ്ലാസ് കൈയില്‍ നിന്നും വാങ്ങി പാത്രം നിലത്ത് നിന്നും എടുത്ത് വയ്‌ച്ച് പുറത്തെക്ക് നടക്കുന്നതിനിടയില്‍ കുച്ചിപുഡി ഒരു ശാസ്‌ത്രീയ നൃത്തരൂപമാണെന്നും, ആന്ധ്രകൃഷ്‌ണാ ജില്ലയിലെ കുച്ചുപുഡി ഗ്രാമത്തില്‍ രൂപം കൊണ്ട കലാരൂപമായതു കൊണ്ടാണ് ഇതിന്ന് ആ പേര്‍ കിട്ടിയതെന്നും, തലയില്‍ വെള്ളം നിറച്ച കുടവുമേന്തി പിച്ചളക്കിണ്ണത്തില്‍ കാലിന്റെ പെരുവിരല്‍ ഊന്നി കൊണ്ടുള്ള അഭ്യാസ പ്രകടനമാണ് ഈ കലയുടെ സവിശേഷതയെന്നും ഒക്കെ എങ്ങിനെ ലളിതമായ ഭാഷയില്‍ ചട്ടമ്പിയെ പറഞ്ഞ് മനസിലാക്കാം എന്ന ചിന്തയില്‍ നടക്കുമ്പോള്‍ മുന്നിലുള്ള പടിയില്‍ തട്ടി വീണ് നടുവ് കോച്ചിപ്പിടിച്ച് ഞാന്‍ "മമ്മി, എന്റെ നടുവ് കോച്ചിപ്പിടിച്ചേ" എന്നുറക്കെ നിലവിളിക്കുന്നത് കേട്ട് ചട്ടമ്പി ഓടി പോയി ഒരു വട്ട പാത്രവും ഗ്ലാസുമെടുത്ത് എന്റെ അരികില്‍ എത്തി.




Wednesday, May 02, 2007

നാ(വ)ട്ട് വിശേഷം - ലാപ് ടോപ്

കാന്താരി പെണ്ണേ...കാന്താരി പെണ്ണേ....കാന്തന്റെ നെഞ്ചില്‍ ...(മൊബൈല്‍ റിങ്ങ് ടോണാണ്) ആരാന്ന് ഒളിഞ്ഞു നോക്കി,കാന്തന്‍. ചാടി വീണ് മൊബൈല്‍ എടുതു....ഹലോ...
/*....ഫാസ്‌റ്റ് ഫോര്‍വേര്‍ഡ്........ഒരു 20, 25 മിനിട്ട് .......*\

ചട്ടമ്പി എന്ത് ചെയ്യുന്നു?
ചട്ടമ്പീ ..അചു വിളിക്കുന്നു...ദേ സംസാരിക്കൂ...
ഹലോ അച്ചൂ...ഫൈന്‍ ആണോ?

ഫൈന്‍..ഫൈന്‍....ചട്ടമ്പിക്കോ?
ആം ഫൈന്‍ ഹീര്‍....താങ്ക്‍സ് .

എന്താ ചട്ടമ്പീ അവിടെ പരിപാടി?
ഞാന്‍ ലാപ് ടോപ്പിലാ.

ലാപ് ടോപ്?
യേസ് അചാഛന്‍ ലാപ് ടോപ്..

അചാഛന്‍ ലാപ് ടോപോ? അതിന്റെ കീസ് ഒന്നും ഇളക്കി എടുക്കരുത്, ബീ കേര്‍ ഫുള്‍.
കീസ്, വാട്ട് കീസ്. എവ്‌രിബഡി ഹീര്‍ ഹവ് ലാപ് ടോപ്. സോ ഇറ്റ്സ് ഗോയിന്‍ ടു ബീ ഫൈന്‍.

ചട്ടമ്പീ,ഡിഡ് യാ സേ എവ്‌രിബഡി??
യേസ് , ഈവന്‍ അമ്മാമ ഹാവ് വണ്‍...ആന്‍‌റ്റ് കല്യാണീ ടൂ..

വാട്ട്, ഒക്കേ ചട്ടമ്പീ, ബീ എ നൈസ് ബോയ്. അമ്മക്ക് കൊടുക്കൂ മൊബൈല്‍.
അമ്മേ....അച്ചു വിളിക്കുന്നു.

ചട്ടമ്പീ തന്നിട്ട് പോയി കളിക്കൂ, കല്യാണിയേ നോവിക്കരുത്..ട്ടോ...അമ്മ ദേ വന്നു.

ഹലോ.........

നിന്നോട് ആരാ അവിടെ പോയി ലാപ് ടോപ് വാങ്ങാ‍ന്‍ പറഞ്ഞത്..അവിടെ എല്ലാവര്‍ക്കും ലാപ് ടോപ് ഉണ്ട് എന്നത് ഡസിന്റ് മീന്‍ യൂ ഹാവ് ടു ബൈ വണ്‍..അതും പോരാഞ്ഞ് കലാണിക്കും വാങ്ങി. ഇതിനൊക്കെ അഹങ്കാരം എന്നാണ് പറയേണ്ടത്......
/*.....വീണ്ടും ഒരു 15 മിനിട്ട് കൂടി ഫാസ്‌റ്റ് ഫോര്‍വേര്‍ഡ്...*\

അല്ലാ എന്താ ഇപ്പോള്‍ പ്രശ്‌നം....
എന്ത് ലാപ് ടോപ്,
ഏത് ലാപ് ടോപ്,
എവിടതെ ലാപ് ടോപ്,
എവിടെ ലാപ് ടോപ്?

ചട്ടമ്പി പറഞ്ഞൂ അവന്‍ ഇപ്പോള്‍ അചാഛന്റെ ലാപ് ടോപിലാണെന്നും, അവിടെ എല്ലാവര്‍ക്കും ലാപ് ടോപ് ഉണ്ടെന്നും, അമ്മക്കും കല്യാണിക്കും ലാപ് ടോപ് ഉണ്ടെന്നും. നീ ഇവിടന്ന് ലാപ് ടോപ് കോണ്ട് പോയില്ലല്ലോ, പിന്നെ അവിടന്ന് വാങ്ങിയോ?

ങേ....ഹാ...അതായിരുന്നു.....ഒരു നിമിഷം ഒന്നു ബ്രീത് ചെയ്യൂ.......ചട്ടമ്പി പറഞ്ഞത് നാടന്‍ ലാപ് ടോപിന്റെ കാര്യമാ.
നാടന്‍ ലാപ് ടോപ്പോ??

അതെ,
ചട്ടമ്പി ലാപ് ടോപിലാ,
അചാഛന്‍ ലാപ് ടോപിലാ,
അമ്മാമതന്‍ ലാപ് ടോപിലാ,
കുഞ്ഞാഞ്ഞതന്‍ ലാപ് ടോപിലാ.
അല്ലാ അത് ആര്‍ക്കാ ഇല്ലാതെ? ഇവിടെ എന്നല്ല എവിടെയും എല്ലാവര്‍ക്കും ഉണ്ട് കല്യാണിക്കും ഉണ്ട്. അതു വാങ്ങാന്‍ ഒന്നും പോകണ്ടാ, ഫ്രീ അല്ലേ, ജനിക്കുമ്പോഴേ ബില്‍ട്ട് ഇന്‍ ലാപ് ടോപ്, ലാപ് .... ടോപ്. അച്ഛനമ്മമാര്‍ മക്കളെ ഇരുത്തുന്നത് ലാപ് ടോപ്പില്‍, മുത്തശ്ശനും മുത്തശ്ശിയും കുട്ടികളെ ഇരുത്തുന്നത് ലാപ്പ്‌‌ടോപ്പില്‍, അങ്ങിനെ അങ്ങിനെ .....ഹഹഹ എനിക്ക് വയ്യാ..

ഓ അതായിരുന്നോ സംഭവം. പിന്നെ വേറെ വിശേഷം ഒന്നും ഇല്ലെങ്കില്‍? എന്താ നിനക്ക് എന്തോ പറയനോ ഉള്ളത് പോലെ?

ങേ...ങാ...ഒന്നും ഇല്ല ഞാന്‍ ഇതിന്റെ ഹാങ്ങോവറിലാണ്;)
/* അങ്ങേ തലയ്ക്കല്‍ ഒരു 68 കിലോ ഡെസ്ക്ക് ടോപ്പിലേക്ക് വീഴുന്ന സ്വരം........... *\

Monday, April 02, 2007

യാത്രാചരിതം അവസാന ഘട്ടം

ഓടിയല്ലോ നടക്കുന്നു
തെക്കോട്ടും വടകോട്ടും

അടുക്കുന്നു പെറുക്കുന്നു
മുറയ്‌ക്കവ വെയ്‌ക്കുന്നു

ഫ്രിഡ്‌ജിലെ ഫ്രോസണാം
കറികളിലോക്കയും

ലേബലുകറക്‌റ്റെന്ന്
നോക്കിയുറപ്പിച്ചും

കിച്ചണില്‍ സിങ്ക്കും
ക്യബിനറ്റും ഫ്ലോറും

ഓവനും മൈക്രോയും
വെടുപ്പാക്കി വയ്‌ക്കുന്നു

കിടപ്പ് മുറിയിലെ
തൊട്ടിലും കട്ടിലും

ഷെല്‍ഫ്‌ലെ വസ്‌ത്രവും
മുറയ്‌ക്കടുക്കി വയ്‌ക്കുന്നു

ബാത്‌റൂമ്മും സിങ്കും
ക്ലോസറ്റും ഷവറും

സ്‌പോട്ട് ഫ്രീആയതിന്‍
വെട്ടം കണ്ണുകളിലടിക്കുന്നു

ലിവിങ്ങ് റൂമിലെ നോന്‍-
ലിവിങ്ങ് സോഫയും

ടിവിയും പൊടിയടിച്ച്’
പൊടിലെസ് ആക്കുന്നു

കാര്‍പ്പറ്റ്വീരനാം വാക്യൂം
ക്ലീനറെ ടവല്‍ലാല്‍

തഴുകി പൊട്ടും തൊട്ട്
ഹൈബര്‍നേഷന് വയ്‌ക്കുന്നു

ഒടുവില്‍ സമയമായ്
ഫ്ലൈറ്റിനു നേരമായ്

വിതുമ്പുന്ന ഉള്ളാലെ
കാന്തനെ നോക്കുന്നു

കണ്ണുകള്‍ പരസ്പരം
ഉടക്കിയോരുനിമിഷം

യാത്രാ മൊഴികൈമാറി
മൌനമായ്...

കുട്ടികളെ നോക്കിതിരി-
ഞ്ഞൊരു നേരം കേട്ട

ചട്ടമ്പിതന്‍ ചിരിയില്‍
നേരിയ സന്ദേഹം.

തിരിഞ്ഞു നോക്കുമ്പൊള്‍,
വീണതല്ലോ കിടക്കുന്നു

പൂട്ട്‌പോട്ടിയ ലേബലൊട്ടിചതാം
നാല് പെട്ടികള്‍ മുകളില്‍

കുട്ടികള്‍ അരികില്‍
കാന്തനും പിന്നെയീ ഞാനും.

Tuesday, March 13, 2007

വള്ളിയിട്ടോരടയും വടയും.

അടയും വടയു-
മെനിക്ക് നിഷിധം.
കാണുന്നതു പോലും
ഉള്‍ക്കിടിലം.

കുഞ്ഞുനാളിലൊരു
സന്ധ്യാ നേരം
അമ്മയേകീ എനി-
ക്കോരിലയില്‍ ചുട്ടോരട.

ഇല കരിഞ്ഞതിനാലട
വേണ്ടന്ന് ഞാനും
കഴിക്കുക വേഗ-
മെന്നമ്മയും ശഠിച്ചു.

കണ്ടുനിന്നച്‌ഛന്‍
അരുളീ, ഒരു ചൂട്
വട വള്ളിയി-
ട്ടെടുക്കുക മോള്‍ക്ക്.

വടയോടുള്ളോരു
കൊതി മൂത്തു ഞാന്‍
വള്ളിയൊടുവില്‍
കേട്ടതില്ല.

അകത്തേക്കു പോയി
വന്നമ്മ വള്ളിയിട്ട
വടയാല്‍ ചുട്ട
വള്ളിയിട്ടോരടതന്നു.

Sunday, March 11, 2007

കാന്താ, മമ മാനസം വിതുമ്പുന്നു.

എനിക്കും ചട്ടമ്പിക്കും ചട്ടമ്പികല്യാണിക്കും വെറും നാലേ നാല് മാസം നാട്ടില്‍ പോകാന്‍ അല്‍പം കുശുമ്പോടെയാണ് കാന്തന്‍ ടിക്കറ്റ് ബുക്ക് ചെയ്‌തത്. ആ മുഖത്ത് ആ നേരം വിടര്‍ന്ന വര്‍ണ്ണരാജികള്‍ കണ്ടാല്‍ എന്റെ എന്തോ കുറ്റം കൊണ്ടാണ് കക്ഷിക്ക് നാല് മാസം ലീവ് കിട്ടാത്തതെന്ന് തോന്നി. . എനിക്ക് പിന്നെ ലീവെടുക്കാന്‍ വേണ്ടി മത്രം ജ്വാലികള്‍ ഇല്ലല്ലാ...

ആ സുദിനം മുതല്‍ എന്റെ മനസ്സ് രാവും പകലും കിനാവു കണ്ട് തിരുവനന്തോരത്തെ കുടുംബവീട്ടിലും പറമ്പുകളിലും മേഞ്ഞ് നടന്ന് ഓര്‍മ്മകള്‍ അയവിറക്കി ഏമ്പക്കവും വിട്ടിരിക്കാന്‍ തുടങ്ങി. ചട്ടമ്പികല്യാണിയെ ആദ്യായിട്ടാണല്ലൊ എല്ലാവരും കാണാന്‍ പോകുന്നത്. വീട്ടിലെത്തുമ്പോഴെക്കും സകലമാന ബന്ധുജനങ്ങളും ഒരു കാക്കത്തോള്ളായിരം ചോദ്യങ്ങളുമായി അവിടെ കാണും. ചെല്ല കിളീ, മക്കളുടെ പേരുകള്‍ എന്തിര്? സുഖങ്ങള്‍ വോക്കെ തന്നെ?കെട്ടിയോന്‍ വന്നിലല്ലേ,സത്യങ്ങള് പറഞ്ഞാല് അപ്പികള്‍ക്ക് തോനെ കാലം ലീവ്കള്‍ ഒന്നും കിട്ടൂലല്ലേ, ഇപ്പ പോയിട്ട് സന്ധ്യകള് ആകുമ്പൊ വരാം കേട്ടാ. ഞാന്‍ കേട്ടില്ല എന്നു നടിക്കും. സന്ധ്യക്ക് ഇവിടെ പ്രത്യകിച്ച് വിശേഷം ഒന്നും ഇല്ലല്ലോ, പിന്നെയെന്താ.

ഇങ്ങിനെ നൂറ് കൂട്ടം സുന്ദര സ്വപ്‌നങ്ങള്‍ കാണുന്നതിനിടക്ക് ഒരു അശരീരി പോലെയാണ് കാന്തന്റെ സ്വരം എന്റെ കര്‍ണ്ണങ്ങളില്‍ അലയടിച്ചത്. നീ നാട്ടില്‍ പോകുമ്പോള്‍‍ ഞാന്‍ മുളകും മല്ലിയും ഉപ്പും കുരുമുളകും ഒക്കെ എങ്ങിനെ തിരിച്ചറിയും...രുചിച്ച് നോക്കണോ...അതോ..മണപ്പിച്ച് നോക്കണോ? കാന്തന്‍ അവസാന രണ്ട് ആഴ്ച മാത്രമെ നാട്ടില്‍ വരുന്നുള്ളല്ലൊ. അത്രയും നാള്‍ വീട്ടില്‍ നളപാചകമാവും.സ്ഥിതി അതീവ ഗുരുതരം, കാന്തന്റെ ആമാശയത്തിന്ന്. മുളക്ക് പൊടിയാണെങ്കില്‍ രുചിച്ചോ മണപ്പിച്ചോ നോക്കാം എന്നു നാക്ക് വളച്ചതാ.......വളച്ചില്ല അല്ല വളഞ്ഞില്ല. കാന്തന് വല്ല തുമ്മലോ ചീറ്റലോ വയര്‍ എരിച്ചിലോ ഉണ്ടായാല്‍‍ എനിക്ക് എന്റെ "ഈ ചെറിയ അവധി" വെട്ടിച്ചുരുക്കി തിരിച്ച് വരേണ്ടി വരും.

ആ ഒരു അവസ്ഥ് ഓര്‍ത്തതപ്പോള്‍ ഞാന്‍ ഒരു കാറ്റഗറി അഞ്ച് കത്രീനയായി അടുക്കളയില്‍ ആഞ്ഞടിച്ചു.കണ്ണില്‍ കണ്ട സാധനങ്ങള്‍ ഒക്കെ അടിച്ച് നിലത്തിട്ടു. പിന്നെ ഉപ്പ് മുതല്‍ കര്‍പ്പൂരം വരെ ലേബല്‍ ചെയ്ത് കുപ്പികള്‍ ഓരോന്നും ഒന്ന് മുതല്‍ പൂജ്യം വരെ പൊക്കവും,വണ്ണവും, ആകൃതിയും അനുസരിച്ച് മുറയ്ക്ക് വയ്ച്ചു. പോരാത്തതിന്ന് ഇത് മേശയാണ്, ഇത് കസേരയാണ് ലോ ലാ കണുന്നത് ഫ്രിഡ്ജ് ആണ്.. അതിനടുത്ത് നില്‍ക്കുനതു മോനാണ്, തഴെ ഇഴയുന്നത്ത് മോളാണ്, ദൂരെ എവിടെയോ കിടന്ന് അലയ്ക്കുന്നത് ഭാര്യയാണ് എന്നിങ്ങനെ എല്ലാം ലേബല്‍ ചെയ്‌തു.

കാന്തനെ ഞാന്‍ ഒറ്റക്ക് വിട്ടിട്ട് പോകയല്ലേ...ആ മനസ്സും നീലമിഴികളും എന്നെ ഓര്‍ത്ത് നിറഞ്ഞു തുളുമ്പുമ്പോളായിരിക്കും വയറില്‍ നിന്നും‍ വിശപ്പിന്റെ വിളി കേള്‍ക്കുന്നത്. വല്ലതും ഉണ്ടാക്കി കഴിക്കുന്ന സമയത് ഉപ്പിനു പകരം വല്ല സോഡാ പൊടിയോ മറ്റോ ഇട്ട് ആഹാരം ഉണ്ടാക്കി കഴിച്ച് വല്ലതും വന്നു പോയാല്‍? പാടില്ല ഒരിക്കലും പാടില്ല, എന്റെ കരാട്ടെ ഗുരുക്കളെ അങ്ങിനെ വല്ലതും സംഭവിച്ചാല്‍ ഞാന്‍ പിന്നെ എന്തിന്ന് ജീവിച്ചിരിക്കണം. ജീവിതത്തിന്റെ ശേഷകാലം ഞാന്‍ കുറ്റബോധവും പേറി ജീവിക്കേണ്ടി വരും, കാന്തനെ പാചകത്തിന്റെ ബാലപാഠങ്ങള്‍ പഠിപ്പിക്കാത്തതിന്റെയും,ദിനവും അടുക്കളയില്‍‍ പാചകത്തിന് ഒരവസരം നല്‍കാതിരുന്നതിന്റെയും.