Friday, November 25, 2011

മൃതശൈത്യം

ഹൃദയകവാടം തുറന്നുവച്ചു,
അറകളോരോന്നും
തുറന്നുവച്ചു.
ശുദ്ധ,മശുദ്ധമിടകലര്‍ന്നു,
നീലിച്ചു നീലിച്ചു തണുത്തുറഞ്ഞു.
തണുപ്പിലോ തനിച്ചായിരുന്നു.

ഹൃദയം തുരന്ന്‍ പുറത്തെടുത്തു
വിഷക്കല്ലൊരെണ്ണം തുന്നിവച്ചു.
വിളർത്ത് വെളുത്ത് തണുത്തുറഞ്ഞു,
ആ തണുപ്പിലും തനിച്ചായിരുന്നു.

Monday, November 07, 2011

ലാ വണ്ടർ

മഞ്ഞപ്പൂക്കളുടെ
കുപ്പായമണിഞ്ഞവളേ…

ലാവൻഡർ പുഷ്പ്പങ്ങളുടെ
സുഗന്ധമുള്ളവളേ…

മുറിവുകളിൽ തലോടി
വസന്തമാക്കുന്നവളേ…

ഞാൻ തുന്നിവച്ച
കവിതകുപ്പായമണിഞ്ഞെന്നെ നീ
ചുംബിച്ചിരുന്നപ്പോൾ
ദൈവത്തിന്റെ ഹൃദയത്തോണിയിലേറി
നിന്റെ പാദങ്ങളിലേക്ക്
ഞാനൊഴുകി പടർന്നിരുന്നു.

ഇപ്പോൾ
മൗനത്താൽ തുന്നിക്കെട്ടിയ
നിന്റെയധരങ്ങൾ
ഓരോരോ വാക്കിനെയും
നിശ്ശബ്ദമായി വിഴുങ്ങിതീർക്കുമ്പോൾ,
ഞാനൊരു പറവയെ പോലെ
നിന്നിൽ വട്ടമിട്ടുപ്പറന്ന്
നിന്നെ കൊത്തിത്തിന്നുകയും,
പെരുമ്പാമ്പിനെ പോലെ
നിന്നെ മുറിക്കിച്ചുറ്റിപ്പുണർന്ന്
നിന്നെയപ്പാടെ വിഴുങ്ങുകയും
ചെയ്തുകൊണ്ടേയിരിക്കുന്നു.

വ്രണത കവിതകളാലലംകൃതമായ
ഹൃദയത്തിൽനിന്നാവിർഭവിക്കുന്ന
കാവ്യത്തിലൊരുന്മാദിയെപോലെ
നിന്നെ എഴുത്തിച്ചേർത്തുകൊണ്ടേയിരിക്കുന്നു.

ഒടുവിൽ നിന്നിലേക്ക്
ഞാൻ നമ്മെ മുറിച്ച് ചേർക്കുന്നു.

Saturday, November 05, 2011

La wonder / Lavender

Within her* quilt

there yield

an yellow field.


With each breath

there throbbed

A million daffodils.

But she fragrance

like a lavender field,

her lover gasped.




In search for his lavender

he got lost in her yellow field.

This twirled him in heliotrope,

within her quilt.


Tuesday, October 25, 2011

നഗ്നമഴ

ബോൺസായിക്കെ-
ന്തെരിവെയിലും
പെരുമഴയും!

Saturday, October 22, 2011

മേഘമൂട്ട്

അവൾ മേഘങ്ങളെ മാറിലൊളിപ്പിച്ച്

അവളുടെ കുഞ്ഞുങ്ങളെ കൊന്നവരുടെ

കുഞ്ഞുങ്ങളെ മുലയൂട്ടി.


ശൂന്യാകാശത്തിന്റെ ശൂന്യതയിൽ തപിച്ച്

അവരുടെ അച്ഛനമ്മമാർ വിലപിച്ചു.

അവരുടെ മിഴികളിലേക്കവൾ മുലയിറ്റിച്ചു.


പിന്നീ‍ടൊരുനാൾ

വിണ്ടുകീറിയ മുലയുള്ളൊരുവൾ

വെന്തുമരിച്ചെന്ന വാർത്തയുള്ളൊരു

പഴയപത്രത്താളാൽ

പാഠപുസ്തകം പൊതിഞ്ഞെടുത്ത്

സ്കൂളിലേക്ക് പോയൊരു കുട്ടി,

സ്കൂളിലേക്കോ വീട്ടിലേക്കോയുള്ള

വഴിയിലല്ലാത്തൊരിടത്ത്!


നയനസംസ്കാരകോമരങ്ങളാറാടുന്ന

ചാനലുകളുടെയൊച്ചയിൽ,

വെന്തുമരിച്ച ഒരുവളുടെയൊച്ച

ശൂന്യാകാശത്തെ

പ്രകമ്പനം കൊള്ളിച്ചുകൊണ്ടിരുന്നു.


തളരാത്ത തുലാവർഷപ്പച്ചകൾ

തളിരിലകളെ പിന്നെയും

മേഘമൂട്ടിവളർത്തിക്കൊണ്ടിരുന്നു.


Monday, September 26, 2011

മരണവാർത്തയറിഞ്ഞതിന്റെ പിറ്റേന്ന് കിട്ടിയ ആത്മഹത്യ ചെയ്തയാളിന്റെ കത്ത്


കൊഴിഞ്ഞു പോയ
കഴിഞ്ഞദിവസങ്ങളിലെന്ന പോലെ
ഇന്നും ഞാനിവിടെ സുഖമായിരിക്കുന്നു.

സുഖം, സന്തോഷം, 
സുഖം, സന്തോഷ-
മെന്നിങ്ങനെയെഴുതിയെഴുതി
സന്തോഷിക്കുന്നതിന്റെ-
യാലസ്യത്തിലാണെപ്പോഴും.

ഈ ആലസ്യമൊന്നു വിട്ടു മാറാനായൊരു
യാത്ര പോകുന്നു,
ഇല്ലെങ്കിൽ ആലസ്യത്തിൽ നിന്നും
അലസതയിലേക്കുള്ള വഴുതൽ
അതീവഭീകരമായിരിക്കുമെന്നഭയത്തോടെ.

ആദ്യമേ എഴുതിയതു പോലെ
എനിക്ക് ഇ(എ)ന്നുമിവിടെ സുഖം തന്നെ.
അവിടെ നിങ്ങളും സുഖമായിരിക്കൂ.

Sunday, September 18, 2011

മൈക്രോവേവ്

പ്രാതൽ കഴിപ്പിച്ച് കുട്ടികളെ സ്കൂളിലേക്കും ഭർത്താവിനെ ഓഫീസിലേക്കും അയച്ചതിനു ശേഷം ബിന്ദു കുളിമുറിയിൽ കയറി. അവളുടെ ഭർത്താവ് ഓഫീസില്‍ പോകാതെ പകുതി വഴിക്ക് വീട്ടിലേക്ക് മടങ്ങി വന്നു. പതിവ് പോലെ ജോലിക്കാരി അയാൾക്ക് കതക് തുറന്ന് കൊണ്ടുത്തു. അയാള്‍ നാലഞ്ച് മിനിറ്റ് ഡൈനിങ്ങ് ടേബിളിൽ അയാളുടെ പതിവ് കസേരയിൽ ഇരുന്നു ചെവി വട്ടം പിടിച്ചു. മൂന്നാം മിനിറ്റിന്റെ അന്ത്യത്തിൽ ജോലിക്കാരി പതിവ് പോലെ മാർക്കറ്റിൽ പോകാനിറങ്ങുന്നതയാൾ കണ്ടു. എട്ടാമത്തെ മിനിറ്റില്‍ ഗേറ്റടയുന്ന ഒച്ച കേട്ടതുമയാൾ അടുക്കളയിലേക്ക് ഓടിക്കയറി.

രാവിലെ പ്രാതൽ കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ചീരക്കാരി ബിന്ദുവിനെ വിളിക്കുന്നതും, പുറത്തേക്ക് ഇറങ്ങിപ്പോയ ബിന്ദു രണ്ടു പിടി ചീരയുമായി വരുന്നതും അയാൾ ശ്രദ്ധിച്ചിരുന്നു. എന്നും അത്താഴത്തിന്റെ കൂടെ ചീരക്കറി വേണമെന്ന് ബിന്ദുവിന്റെ ഭർത്താവിനു നിർബന്ധമാണ്.

 ചീരക്കാരികൊണ്ടുവന്ന രണ്ട് പിടി ചീരയും അയാൾ കൗണ്ടർട്ടോപ്പിനു  മുകളിലേക്ക് പിടിച്ച് ശ്രദ്ധയോടെ കുടഞ്ഞു. നിരാശനായി ഓരോ തണ്ടുമെടുത്ത് ഇലകൾക്കിടയിലൂടെ അതിസൂഷ്മം വിരളുകളോടിച്ചു. ഇടയ്ക്ക് ഒന്നു രണ്ട് വട്ടം സന്തോഷമയാളുടെ കണ്ണുകളെ ഈറന്‍ അണിയിക്കുകയും കവിളുകളിൽ വരകൾ തീർക്കുകയും ചെയ്യിപ്പിച്ചു.


ചീര കിടന്നിരുന്നിടത്തേക്ക് ഇട്ടിട് ഉള്ളം കൈയിൽ അതീവഭദ്രമായി ഒതുക്കി വച്ചിരുന്നതയാൾ ഒരു ഗ്ലാസിലേക്ക് ഇട്ടു. പൈപ്പ് തുറന്ന് ഒരു കൈവെള്ളമെടുത്ത് ഗ്ലാസിലേക്കോഴിച്ചു. മൈക്രോവേവിനുള്ളിലേക്ക് ഗ്ലാസ് വച്ച് മുപ്പതു സെക്കന്റ് നേരത്തേക്ക് ഓണാക്കി. എട്ടാം സെക്കന്റിൽ മൈക്രോവേവിനുള്ളിൽ നിന്നും അകലെ എവിടെയോ ദീപാവലിക്ക് തറചക്രം കറങ്ങുന്നതു പോലത്തെ ഒച്ച കേൾക്കാൻ തുടങ്ങി. അയാൾ ആകാംക്ഷയോടെ മൈക്രോവേവിനുള്ളിലേക്ക് നോക്കി. ചുരുണ്ടു കിടന്നിരുന്ന രണ്ട് പുഴുക്കൾ ശീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ എന്ന ശബ്ദത്തോടെ ഗ്ലാസിനുള്ളിൽ നാലഞ്ചാവർത്തി കറങ്ങി ചത്ത് നിവർന്നു പൊന്തിക്കിടന്നു. പതിമൂന്നാം സെകന്റിൽ അയാൾ കൈക്രോവേവ് ഓഫ് ചെയ്തു. ഗ്ലാസ്സെടുത്ത് സിങ്കിലേക്കിട്ടിട്ട് തിരിച്ച് ഡൈനിങ്ങ് മുറിയിലേക്കെത്തിയപ്പോൾ ബിന്ദു കുളികഴിഞ്ഞെത്തി.

അയാൾ ബിന്ദുവിനരികിലേക്ക് മെല്ലെ നടന്നു ചെന്നു. അവൾ വശ്യതയോടെ ചിരിച്ച് മൊഴിഞ്ഞു. “എന്നും ഞാൻ കുളികഴിഞ്ഞ് വന്ന് ഓഫീസിൽ പോയാൽ മതിയെന്ന് പറഞ്ഞാൽ കേൾക്കില്ല!!!“

Wednesday, June 29, 2011

ഋതുമാപിനി

ശൈത്യദംശമേറ്റ്
നീലിച്ചുപോയൊരെന്നില്‍,
വിഷക്കല്ലിനാല്‍ വിഷമിറക്കിക്കാന്‍
ശ്രമിക്കാതെയിരിക്കുക!


കാതിലേക്ക് തുളച്ച് കയറുന്ന
ഓരോ വാക്കിനെയും
തോണ്ടിയെടുത്ത് പുറത്തിടാന്‍
കൈയിലെടുത്തിരുന്ന തുമ്പു കൂര്‍ത്ത,
മുകളിലേക്ക് വളഞ്ഞ കത്തികൊണ്ട്,
ഓരോ വാക്കിന്റെയും
നീളവും അര്‍ത്ഥവ്യാപ്തിയും മനസ്സിലളന്ന്,
കൈമിടുക്കുള്ളൊരു
ശില്പിയുടെ ചാതുര്യത്തോടെ
ഇരു തുടകളിലും
നീളത്തിലും ആഴത്തിലുമുള്ള
മുറിവുകള്‍ തീര്‍ക്കുന്നു.


അറുതിയില്ലെന്നു കരുതിയിരുന്ന
സമസ്യകള്‍ക്ക്
സമാശ്വാസമാകുന്നു
ചോരവാര്‍ന്നു മറഞ്ഞുപോയ,
മുറിവക്ഷരങ്ങള്‍ തീര്‍ത്ത ഈ സന്ദേശം.


വരികള്‍ കൊണ്ട് കൂട്ടിക്കെട്ടിയ
കയര്‍ത്തുമ്പിലെ ചോദ്യമായി,
പാതാളക്കരണ്ടി ഏതു നിമിഷത്തിലാണ്
തലയോട്ടി പിളര്‍ത്തി
മസ്തിഷ്കത്തിനുള്ളിലെ
കടങ്കഥകള്‍ക്കുത്തരം
തിരയുവാനെത്തുന്നതെന്ന്
ആര്‍ക്കാണ് പറയുവാന്‍ കഴിയുക?


വേനലിന്റെ മുറിവുകളെ
വസന്തം മറയ്ക്കുന്നതേയുള്ളു;
ഉണക്കുന്നില്ല!



//* schedule to auto publish on june 30 *//

Saturday, February 26, 2011

കണ്ടിട്ടുണ്ടോ നിങ്ങള്‍ ?

നിങ്ങള്‍ കണ്ടിട്ടുണ്ടോ?
ഇല്ലാത്ത പശുവിന് പുല്ല് പറിച്ചുകൊണ്ട്
വയല്‍ക്കരയില്‍ നില്‍ക്കുന്നൊരാള്‍
നാല്‍ക്കാലിയായി മാറുന്നതും മേയുന്നതും!

ഇല്ലാത്ത മീനിനു ചൂണ്ടയിടുന്നൊരാള്‍
ചെകിളകള്‍ വിടര്‍ത്തി, വായ തുറന്ന്
പിടഞ്ഞ് പിടഞ്ഞൊരു മീനായി
പുഴയിലേക്ക് ചാടി നീന്തിത്തുടിച്ച് പോകുന്നത്!

നിങ്ങള്‍ കണ്ടിട്ടുണ്ടോ?
ഇതെല്ലാം കണ്ടു നില്‍ക്കുന്ന
ഇല്ലാത്തൊരാള്‍ക്കൂട്ടം
അവരവരുടെ ഇല്ലാത്ത വീടുകളിലേക്ക്
മടങ്ങി പോകുന്നതും
ഇല്ലാത്ത ആളുകള്‍ അവരെ കാത്ത്
ആ വീടുകള്‍ക്കുള്ളിലിരിക്കുന്നതും
ഇല്ലാത്ത അടുപ്പത്ത് തീകൂട്ടി
ഇല്ലാത്ത കലത്തില്‍ വെള്ളം തിളപ്പിച്ച്
ഇല്ലാത്ത അരികഴുകിയിട്ട്
ഇല്ലാത്ത വേവ് നോക്കി, വാര്‍ത്തെടുത്ത്
ഇല്ല്ലാത്ത പാത്രത്തില്‍ വിളമ്പി
ഇല്ലാത്ത കറികളും കൂട്ടിയുണ്ണുന്നതും!

കണ്ടിട്ടുണ്ടോ നിങ്ങള്‍ ?

എങ്ങിനെ കാണാനാണ്,
അങ്ങിനൊരാളുമില്ലല്ലോ!
എന്തിന്,
ഞാനോ നിങ്ങളോ പോലുമില്ലല്ലോ!

Sunday, February 13, 2011

നോവൽ

മനസ്സറിഞ്ഞാരാധിച്ചാല്‍
വിഗ്രഹമായിപ്പോകുമെന്നു പേടിച്ച്‌,
പ്രണയിക്കുന്നുവെന്ന്‌
ഏതൊക്കെ രീതിയില്‍,
എങ്ങനെയെല്ലാം പറഞ്ഞിട്ടുണ്ട്‌...

അപ്പോഴെല്ലാം മൗനത്തിന്റെ വിഷം
ശവശൈത്യത്തിലുരച്ചിറ്റിച്ചു തന്നതല്ലാതെ
ശിഥിലശില്‌പശകലം തറച്ചുള്ള
നീറ്റലും പുകച്ചിലും പിടച്ചിലും
ഒരിക്കല്‍പ്പോലും
അറിഞ്ഞെന്നു നടിച്ചിട്ടില്ലല്ലോ!

നീ കയറ്റുമതി ചെയ്യിച്ച നമ്മുടെ
പ്രണയത്തെക്കുറിച്ചുള്ള കവിതയാവും
ഞാന്‍ ഇറക്കുമതി ചെയ്‌താല്‍
കഥ, നീണ്ടകഥ,
തുടര്‍ക്കഥ എന്നിവ പൊട്ടിച്ച്‌
നോവലായി ചിറകുവീശുക....

നമ്മുടെ പ്രണയത്തെക്കുറിച്ച്‌
എഴുതിച്ചേര്‍ക്കേണ്ട വരികള്‍
പിന്നെയും പിന്നെയും ബാക്കിയാവും!

Friday, February 11, 2011

സ്വാര്‍ത്ഥം

ആത്മഹത്യാക്കുറിപ്പ്
വായിക്കാന്‍ കൊടുത്തില്ലെന്ന്
ചത്ത് പിഴച്ചവരോട്!

ചത്തതറിയിച്ചില്ലെന്ന്
ചത്തവരോട്!

Sunday, February 06, 2011

Black Pine Tree in an Orange Light*




*Plath

Thursday, January 20, 2011

പൂഴിക്കടകന്‍

നോസ്റ്റാള്‍ജിയയെ പതിനെട്ടുവീലുകളുള്ള
പതിനെട്ടുലോറികളില്‍ കയറ്റി
മടക്കി അയച്ചുകൊണ്ടിരിക്കുന്നുവെന്ന് പറഞ്ഞതെന്റെ
പത്തൊന്‍പതാമത്തെ അടവായിരുന്നു.

മടങ്ങി വന്നുകൊണ്ടിരിക്കുന്നത് ഞാനാണ്!


 scheduled auto publish on Jan 20