Sunday, September 23, 2007

നീലക്കുറിഞ്ഞികള്‍

മുടിയും മനസും മത്സരിച്ച് നരയ്ക്കുന്നത്, മനസ് അതില്‍ വിജയിച്ച് ഓര്‍മ്മകള്‍ക്ക് അല്‍‌സൈമേഴ്‌സ് സമ്മാനിക്കുന്നത്, ചിന്തകള്‍ പതിവു പോലെ കാടുകയറാന്‍ തുടങ്ങുകയാണെന്ന് അവന് മനസ്സിലായി. പുറത്തെ വെളിച്ചത്തിന് ഓറഞ്ച് നിറം വീണു തുടങ്ങിയിരിക്കുന്നു. അല്ലെങ്കിലും ഇവിടെ പന്ത്രണ്ട് വര്‍ഷത്തോളമായി പകലുകളും, സന്ധ്യകളും, രാത്രികളുമില്ലല്ലോ...അവന്‍ ഓര്‍ത്തു.

അടച്ചിട്ടിരുന്ന, ഭൂരിഭാഗവും ഇരുള്‍ നിറഞ്ഞ മുറിയ്ക്ക് ഉള്ളിലെ നേര്‍ത്ത മഞ്ഞ വെട്ടത്തില്‍ അവന്‍ അവിടമാകെ വെറുതെ കണ്ണുകള്‍ ഓടിച്ചു. മേശയുടെ ഒരരുകില്‍ ഇരിയ്ക്കുന്ന പുസ്‌തകത്തില്‍ അവന്റെ കണ്ണുകള്‍ ഉടക്കിനിന്നു. ഇടയ്ക്ക് ആരോ കാണാന്‍ വന്നപ്പോള്‍ തന്നതാവും. മെല്ലെ കൈയെത്തി അത് എടുത്തു വായിച്ചു. സുഭാഷ് ചന്ദ്രന്റെ ‘ഘടികാരങ്ങള്‍ നിലയ്‌കുന്ന സമയം‘, വായിക്കുവാനുള്ള മനസില്ല എന്നാലും വെറുതെ അവന്‍ അത് മറിച്ച് നോക്കി. "നമ്മുക്കിടയില്‍ തിരയടിക്കുന്നത് സ്‌നേഹത്തിന്റെ സമുദ്രമാണെന്നു നീ പറഞ്ഞപ്പോള്‍ ഞാന്‍ ഭയന്നു, തീരങ്ങള്‍ തമ്മിലുള്ള അകലമോര്‍ത്ത്". ഹൃദയമിടിപ്പ് വല്ലാതെ കൂടുന്നത് പോലെ, വായിച്ച് നിര്‍ത്തി പുസ്തകം മേശമേല്‍ വയ്ച്ച് മുഖം ഉയര്‍ത്തി വിദൂരങ്ങളില്‍ കണ്ണും നട്ട് ഇരുന്നപ്പോള്‍ അവളുടെ മുഖമായിരുന്നു അവന്റെയുള്ളില്‍.

പെട്ടെന്ന് ഒച്ചയോടെ പാതി തുറന്ന വാതില്‍പ്പാളിയിലൂടെ മുറിക്കകത്തെ ഇരുട്ടിനെ അലിയിച്ചുകൊണ്ട് വല്ലാത്തൊരധികാരത്തോടെ നീണ്ടു വന്ന വെളിച്ചത്തെ അവന്‍ ഒരല്‍പ്പം ഈര്‍ഷ്യയോടെ നോക്കി. നോട്ടം എത്തിനിന്നത് അവളിലായിരുന്നു. ഒരു നിമിഷം അവര്‍ പരസ്‌പരം കണ്ണുകളിലേക്ക് നോക്കി. സമയം നിശ്‌ചലമാകുന്നത് പോലെ തോന്നി അവന്. വിധി വിണ്ടും മിഴാവുകൊട്ടുകയാണോ?

അവള്‍ക്കരികിലേക്ക് എത്താ‍ന്‍ അവന്‍ മെല്ലെ എഴുന്നെറ്റു. പക്ഷേ നടന്നപ്പോള്‍ കാലുകള്‍ ഇടറി അവന്‍ വീണു പോയി. പെട്ടെന്നവള്‍ ഓടി വന്ന് അവനെ താങ്ങി പിടിച്ചു.കരയാന്‍ മറന്ന അവന്റെ കണ്ണുകളില്‍ അപ്പോള്‍ മാത്രം മിഴി നീര്‍ ‍പൊടിയുകയായിരുന്നു. തീര്‍ഥാടനത്തിലായിരുന്ന അവന്റെ നിറം മങ്ങിയ ഓര്‍മ്മകളില്‍ നേര്‍ത്ത പ്രകാശം അരിച്ചിറങ്ങാന്‍ തുടങ്ങി.

അകലെ താഴ്‌വരയില്‍ വീണ്ടും നീലക്കുറിഞ്ഞികള്‍ പൂവിടുവാന്‍ തുടങ്ങുകയായിരുന്നു...

Saturday, September 15, 2007

പെരുക്കം

ഉമ്മറത്തെ ഒഴിഞ്ഞ
ചാരുകസേരയുടെ പിടിയില്‍
മുത്തശ്ശന്‍ രാവിലെ
കുടിച്ച കട്ടന്റെ
ഗ്ലാസില്‍ ചത്തു മലച്ചു
കിടക്കുന്നു, രണ്ടീച്ചകള്‍.
ചുറ്റിലും പറക്കുന്നു
നാലു കുറ്റീച്ചകള്‍.

സമയം എട്ടോടടുക്കുന്നു,
അടുക്കുന്നു, തന്ത്രി
മന്ത്രം ചൊല്ലി പൂജയ്ക്ക്
സാമഗ്രികള്‍ ചുറ്റിലും.

നാളെ,
പതിനാറടിയന്തിരമാണു,
മുപ്പത്തിരണ്ടു ദിനം
ആശുപത്രിയില്‍ കിടന്നു
യാതനയനുഭവിച്ചെന്റെ,
അറുപത്തിനാലുകാരി
മുത്തശ്ശി വിട വാങ്ങി.

Thursday, September 13, 2007

തലവര