ചതിക്കുന്നവരുടെയും
ചതിക്കപ്പെടുന്നവരു-
ടെയുമിടയില്‍,
സ്ത്രീയെ ചതിക്കുന്നത്
പുരുഷനും,
പുരുഷനെ ചതിക്കുന്നത്
സ്ത്രീയുമെങ്കില്‍,
പകല്‍ വെളിച്ചതില്‍
മുഖംമൂടിയുടെ പിന്-
ബലമേതുമില്ലാതെ,
ഇരുകൂട്ടരെയും ചതിക്കുന്നവരെ,
എന്ത് വിളിക്കും?
വിശ്വസിച്ച് താക്കോല്‍
ഏല്‍പ്പിക്കുന്നവരെ,
തെറ്റിദ്ധാരണയാല്‍ ചതിച്ച്,
സൗഹൃദങ്ങള്‍ തച്ചുടയ്ക്കുന്നവരെ
എന്തു പേരു ചൊല്ലി വിളിക്കും?
Friday, October 05, 2007
ചതി
Labels:
കവിത
Wednesday, October 03, 2007
അന്വേഷണം

ശരത്കാലത്തെ കൊഴിഞ്ഞ ഇലച്ചാര്‍ത്തുകള്‍ക്കിടയില്‍ മറ്റൊരിലയായ് നീ പെട്ടു പോയിരിക്കാം എന്നോര്‍ത്താണു ഞാന്‍ ഇത്രയും ദിവസം നിന്നെ തിരഞ്ഞു നടന്നത്. തിരച്ചിലിനൊടുവില്‍ കണ്ടെത്തിയ ഉത്തരങ്ങള്‍ എന്തേയിത്ര ക്രൂരമായി?
ഋതുകള്‍ എന്നും മാറി മറയുമ്പൊഴും നിന്റെ മനസില്‍ സൌഹൃദത്തിനു എന്നും വസന്തമായിരുന്നു. ആ വസന്തം നിലനിര്‍ത്തുവാന്‍ നീയെന്തും ചെയ്യാന്‍ മടിച്ചതുമില്ല, അതറിഞ്ഞു നിന്നെ സ്വാര്‍ത്ഥ താല്പര്യങ്ങള്ക്ക് വേണ്ടി മുതലെടുത്തതും മറ്റാരുമല്ലല്ലൊ.
എപ്പോഴും സ്വന്തം വിശ്വാസത്തെക്കാള്‍ ഏറെ വിലനല്കിയത് സുഹൃത്തുക്കളുടെ വാക്കുകള്‍ക്കായിരുന്നു, അവ ആഴവും പരപ്പുമില്ലാത്തതായിരുന്നു എന്ന് നീ വൈകിയാണ് അറിഞ്ഞത്. അതിനു ശേഷവും നീ നിന്റെ നേര്‍വരയില്‍ നിന്നും ഒരു നെല്ലിട പോലും വ്യതിചലിച്ചില്ല എന്നുള്ള സത്യമാണ് എന്നെ ഏറെ വേദനിപ്പിച്ചത്.
സൌഹൃദത്തിന്റെ വിരലുകള്‍ മുറുകെ കോര്‍ത്ത് പിടിച്ചിട്ടും ആകസ്മികമായുണ്ടായ ചുഴലിക്കാറ്റ് നമ്മെ രണ്ടു ധ്രുവങ്ങളിലാക്കിയതെങ്ങിനെ? നമ്മുടെ സൌഹൃദം പോലും ചോദ്യം ചെയ്യപ്പെട്ട അവസരങ്ങള്‍ എന്നോ ഉത്തരം? തിരിച്ചറിവുകളുടെ വെട്ടത്തില്‍ നിര്‍വികാരത ബോധമനസില്‍ നിന്നുമുപബോധമനസിലേക്ക് ചേക്കേറിയപ്പോള്‍ മടുപ്പ് ആഴ്ന്നിറങ്ങിയ മനസുമായി നീ അകലാന്‍ തുടങ്ങി.
ഇവിടെ ഹേമന്തമാണ്, മരങ്ങള്‍ ഇലകള്‍ പൊഴിച്ച് നഗ്നരായി കണ്ണുനീര് വാര്‍ക്കുന്നു. ശിശിരം കഴിയും വരെ അവയീ നില്‍പ്പ് തുടരും, മഞ്ഞു പൊഴിയുമ്പോഴും നിര്‍വികാരമായി നിലകൊള്ളും, തണുത്ത് മരവിച്ച മനസ്സുപോലെ. അപ്പോഴും ജീവന്റെ നേര്‍ത്ത സ്പന്ദനം ഉള്ളില്‍ ഉറങ്ങുന്നുണ്ടാവും. ഈ അതിശൈത്യം അതിജീവിക്കണം അടുത്ത വസന്തത്തില്‍ തളിരിടാന്‍, അങ്ങിനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം.
ഒരു പക്ഷേ ഇത് മനസില്‍ കനലുകോരിയിടുന്ന ചോദ്യങ്ങള്‍ കൊണ്ടു നിറയ്ക്കുന്ന അനര്‍ത്ഥമായ കാത്തിരിപ്പാവാം. അങ്ങിനെയെങ്കില്‍ ഇനി ഇവിടെ ഋതുക്കളില്ല ഋതുമാത്രം, നീ വരും വരെ.
Labels:
ചെറുകഥ
Tuesday, October 02, 2007
തെറ്റ്
ഒരു വാക്കും വരിയുമൊക്കെ
എഴുതി ചുരുട്ടിയെറിഞ്ഞ്
ചുറ്റിലും ചിതറി കിടക്കുന്ന
കടലാസു കഷണങ്ങള്‍.
നിമിഷംപ്രതിയേറി
വരുന്ന അവയുടെ എണ്ണവും
അക്ഷരങ്ങളുടെ ആര്‍ത്തനാദവു-
മെന്നെ വല്ലതെ ഭയപ്പെടുത്തി.
അവയില്‍ അങ്ങിങ്ങായി
ഉറുമ്പരിക്കുന്ന കറുത്ത
അക്ഷരങ്ങള്‍ പരസ്പരം
വെല്ലുവിളിച്ചു പടവെട്ടി.
എന്റെ മനസിലും അവ
അങ്ങിനെയായിരുന്നു.
അവരെ തൂലിക തുമ്പിലൂടെ
സ്വാതന്ത്രരാക്കുക എന്നതാ-
യിരുന്നെന്റെ ലക്ഷ്യം.
അതു തന്നെയാണ് ഞാന്‍
ചെയ്ത വലിയ തെറ്റും.
Labels:
കവിത
Subscribe to:
Posts (Atom)