Sunday, June 03, 2012

നീല മൂങ്ങ


(1)പേച്ച്

എന്തു ചെയ്തു
ഞാനിന്നലെത്തന്ന ചെമ്പരത്തി?

അതോ
അതിന്നൊരു കുട പോലെ
മടങ്ങിയിരിക്കുന്നു.

എന്നാലതിനെയിനി
ദൂരേയ്ക്ക് വലിച്ചെറിഞ്ഞേക്കൂ...

ഇല്ല
മഴക്കാലമല്ലേ
പുറത്തേക്കിറങ്ങുമ്പോൾ
കൂടെ കൊണ്ടുപോകും,
മഴയത്ത് കുടപോലെ
നിവർത്തിപ്പിടിക്കും!

(2) പൊടുന്നനെ പെയ്യുന്ന മഴ

(2.1)
മഴയത്ത്,
തിളയ്ക്കുന്ന എണ്ണയിൽ
പൊട്ടാൻ മടിച്ചുകിടക്കുന്ന
കള്ള കടുകുമണികൾപോലെ നമ്മൾ!


(2.2)
മഴയത്ത്,
തിളയ്ക്കുന്ന എണ്ണയിലേക്ക്
ചീന്തിയിട്ട കാന്താരിമുളകിന്റെ
അരികൾപോലെ നമ്മൾ!


3. രാത്രി

പുരാതനമായ
എതോ കരയിൽ നിന്നും,
പെരുങ്കാറ്റും താണ്ടി,
നിലാവ് നീലിപ്പിച്ച
വെള്ളിത്തൂവലുകളും
വീശി വന്ന
നീല മൂങ്ങയെപോലെ നമ്മൾ!
 
സീരീസ്: ഋതുദേഹം 

Tuesday, March 27, 2012

~~~~”

ശലഭമാവാത്ത പുഴുക്കളുടെ
സമാധിപ്പറമ്പ്,
ഉന്മാദിയുടെ സ്വപ്നഗേഹം;
ഒളിവേഗം ഈറ്റില്ലം!

ആരുടെയഴിഞ്ഞ
മുലക്കച്ചയാണ് ശവക്കച്ചയാക്കി
ചോരച്ചിറകുകൾ പുറത്തേക്ക്?

Monday, March 26, 2012

ചോന്ന്...ചോന്ന്

മൊഴി കറുത്താൽ മിഴി ചുവക്കും..
മിഴി ചുവന്നാൽ മഴ പൊഴിക്കും.

ചുവന്ന പെണ്ണേ ചുകചുവപ്പേ…
നിൻ മഴ നനഞ്ഞ്…നട നടന്നേ.

നട നടന്ന്…കുഴ കുഴഞ്ഞ്...
കുഴ കുഴഞ്ഞേ കടത്തടുത്തേ.

കരകവിയും കടത്തെടുത്ത്…
ചോന്ന് ചോന്ന്... ചെന്ന് ചെന്നേ.

ചെന്ന് ചെന്ന്...ചെന്നു ചേർന്നൂ…
ചെന്ന് ചേർന്നേ കടലിനോട്.