Monday, August 27, 2007

ചില്ല്

ചില്ല് അലമാരയിലെ
നിഘണ്ടുവില്‍
മൃതിയടഞ്ഞ
അര്‍ത്ഥങ്ങളുടെ
പുനസ്സമാഹരണം.

രക്തക്കറ തീര്‍ത്ത
കാല്‍പ്പാടുകള്‍
പന്ഥാവിലെ
ചില്ലെടുക്കുവാന്‍
അമാന്തിച്ചതിന്റെ
ശേഷിപ്പ്.

തളത്തില്‍ വീണുടഞ്ഞ
കാണ്ണാടി ചില്ലുകളില്‍
തത്സ്വരൂപത്തിന്റെ
വിഭിന്നാവതാരങ്ങള്‍
പരിഹസിക്കുന്നു.

മനസ്സില്‍ അളന്നു
കുറിച്ചിട്ട വഴികള്‍
തെറ്റിയൊയെന്ന്
ഒളിഞ്ഞ് നോക്കുന്നൂ
ഓര്‍മ്മയുടെ ചില്ലു
ജാലകത്തിനപ്പുറം.

വാക്കുകള്‍ എല്‍പ്പിച്ച
മുറിവില്‍ അക്ഷരങ്ങള്‍
നിറയ്ക്കാന്‍ ശ്രമിച്ചതില്‍
ചില്ലക്ഷരങ്ങള്‍ തറച്ച്
വ്രണപ്പെട്ട ചിന്ത.

Friday, August 24, 2007

സദ്യപുരാണം





അന്നൊരു വര്‍ഷം ഓണം നാളില്‍
ഞാന്‍ സര്‍വ്വാഭരണ വിഭുഷിതയായി
അകതാരിലൊരു പൂക്കളം തീര്‍ത്ത്
കുട്ടികളെ എല്ലാം പാട്ടിലുമാക്കി

കണ്ടറിയാന്‍ ഇവിടില്ലൊരു ഓണം
അതിനാല്‍ ഉണ്ടറിയാനായ് കച്ചമുറുക്കി
പച്ചക്കറികള്‍ വെട്ടി നുറുക്കി
സദ്യ ഒരുക്കാന്‍ കത്തി എടുത്തു

പച്ചക്കറികള്‍ പലയിനം അങ്ങിനെ
പലവക നിറത്തില്‍ ഇളിച്ചു ചിരിച്ചു
ഒന്നിച്ചങ്ങിനെ ഞെളിഞ്ഞിരുന്ന്
വില്ലന്‍ ചമഞ്ഞെന്നെ വെല്ല് വിളിച്ചു

ചുമന്ന് തുടുത്തൊരു തക്കാളിയെ
ഞാന്‍ ഉണ്ട കണ്ണാല്‍ നോക്കി വിരട്ടി
ഉരുണ്ടൊളിക്കും ഉരുളക്കിഴങ്ങിനെ
ഞാന്‍ മുരിങ്ങാക്കോലും കാട്ടി വിരട്ടി

വില്ലന്‍ തടിയന്‍ ചേനത്തുണ്ട്
“കൈയേല്‍ കടിക്കും” ഭീഷണി മുഴക്കി
കത്തിയാലവനെ കുത്തി എടുത്ത്
വെട്ടി അരിഞ്ഞ് കലത്തില്‍ തള്ളി.

തൊണ്ട് കളഞ്ഞൊരു തേങ്ങയെടുത്ത്
ഞാന്‍ ഒറ്റ വെട്ടാലെ ഉടച്ചെടുത്തു
അത് കണ്ടിട്ടൊരു കൊട്ടത്തേങ്ങ
കൊട്ടയിലിരുന്നിട്ട് ആര്‍ത്ത് ചിരിച്ചു

അവിയല്‍ കഷണം കലത്തിലിരുന്നു
കാപാലികയെ എന്നലറി വിളിച്ചു
പപ്പടം കാച്ചാന്‍ വച്ചൊരു എണ്ണ
ദേഷ്യം മൂത്ത് തിളച്ച് മറിഞ്ഞു

പച്ചടി വയ്‌ക്കാന്‍ ഉള്ളൊരു വഴുതന
പൈനാപ്പിളിനെ ചൂണ്ടി മടുത്തു
പച്ചക്കറികള്‍ ഓരൊന്നായ് അങ്ങിനെ
കത്തിക്കടിയില്‍ അടിയറവ് പറഞ്ഞു

തേങ്ങ അരച്ച് അവിയലില്‍ ഇട്ടു
തേങ്ങ ചുരണ്ടി തോരനില്‍ ഇട്ടു.
മിച്ചം വന്ന തേങ്ങയെടുത്ത്
വറുത്ത് അരച്ച് തീയല്‍ വയ്‌ച്ചു.

പച്ചടി വയ്‌ച്ചു കിച്ചടി വയ്‌ച്ചു
സാമ്പാറവിയല്‍ തോരനും വയ്ച്ചു
ചില ചെറു കള്ളത്തരത്തില്‍ ഞാനാ
കാ‍ളനും ഓലനും ഒപ്പിച്ചെടുത്തു

അച്ചാറിട്ടത് കുപ്പിയിലാക്കി
ഇഞ്ചി കറിയത് വേറെ വയ്ച്ചു
നേന്ത്രക്കായത് ഉപ്പേരി വറുത്തു
അടയും കടലയും പ്രഥമന്‍ വയ്‌ച്ചു

കറികള്‍ പലത് താളിക്കും നേരം
കടുക്ക് പലവുരു പൊട്ടിത്തെറിച്ചു
കറിവേപ്പിലയോട് അടിപിടി കൂടി
ചിരട്ടത്തവി അവര്‍ക്ക് കുത്ത് കൊടുത്തു

കുത്തരി കൂട്ടി സദ്യയതുണ്ണാല്‍
കൊതി മൂത്തിട്ട് ഉള്ളം തുടിച്ചു
സദ്യ വിളമ്പും നേരം തവിയില്‍ ഒരു
കറിവേപ്പിലയത് പിണങ്ങിയിരുന്നു.

ഇഞ്ചി കറിയത് കൂട്ടും നേരം ഇഞ്ചി
കടിച്ചത് പോലായ് മുഖഭാവം
അത് വരെ അന്നം കാണാത്തതു പോല്‍
ഉരുളകള്‍ പലവുരു ഉരുട്ടി വിഴുങ്ങി

തൂശനിലയിലാ സദ്യയും അടിച്ച്
മത്ത് പിടിച്ച് മയങ്ങും നേരം
കായം മറന്നൊരു സാമ്പാര്‍ ആരും
കണ്ടു പിടിച്ചില്ലെന്നത് ഓര്‍ത്തു ചിരിച്ചു.

Wednesday, August 22, 2007

ആരൊ എന്നെ ഫ്രയിം ചെയ്തൂ.




എന്നെ ഫ്രയിം ചെയ്ത ഈ സംഭവത്തിന് തിരികൊളുത്തിയത് 2007 ആഗസ്റ്റ് 16ന് കാര്‍ട്ടൂണിസ്റ്റ് വരച്ച എന്റെ കാരികേച്ചറാണ്. എന്നെ ഫ്രയും ചെയ്ത പ്രസ്തുത കഷിയുടെ ഓഫീസ് മുറിയുടെ ചുമരും ചാരി ഞാന്‍ നില്‍ക്കുന്നത് കണ്ടില്ലെ. ഈ മുഖാമുഖം ദിനം പ്രതി സഹിക്കുന്ന കഷി ആര് എന്ന് കണ്ട് പിടിക്കുന്നവര്‍ക്ക് ഒരു പ്രത്യക സമ്മാനം(e-ഓണ തല്ല്, e-ഓണ സദ്യ,e- ഉഗാണ്ടയിലേക്ക് ഉള്ള യാത്ര) നല്‍കുന്നതാണ്;). സംഭവം എന്റെ ശ്രദ്ധയില്‍ പെട്ടത് ഇങ്ങിനെ.


അതിരാവിലെയാറര മണിക്ക്
കോഫിയുമായി നെറ്റില്‍ കയറി.
പത്രം നോക്കി, പാട്ടുകള്‍ കേട്ടു
ബ്ലോഗുകള്‍ പലതും വായിച്ച് കമന്റി.

ഇടയ്ക്ക് പലവുരു ഓര്‍മ്മയില്‍ തികട്ടി
ഇമെയില്‍ ഒന്നും നോക്കിയിട്ടില്ല.
ഒടുവില്‍ ഇമെയില്‍ നോക്കും
നേരം വിഷയം ഒന്ന് കണ്ണിലുടക്കി.

സ്പഷ്ടമായത്തില്‍ എഴുത്തിയിരിക്കുന്നൂ
ആരോ മയൂരയെ ഫ്രയിം ചെയ്തു,
കൂടെ ഉള്ളൊരു ചിത്രം നോക്കൂ.
ചെയ്‌ത്തതാരെന്ന് ചോദിച്ചറിയൂ.

ചിത്രം കണ്ടൂ ഉള്ളില്‍ കൊണ്ടൂ
ഞെട്ടിത്തരിച്ച് കോരിത്തരിച്ചു
സന്തോഷത്താല്‍ ഉള്ളം പൊട്ടി
പൊട്ടിച്ചിരിച്ച് പൊട്ടിത്തകര്‍ന്നൂ.

സന്തോഷത്താല്‍ ഓര്‍ത്ത് ചിരിചൂ
പിന്നെ ഒരു ചെറു നെടുവീര്‍പ്പിട്ടു.
ഇതരമൊരു വികൃതി കാട്ടീടുവാനായ്
കച്ച കെട്ടിയതാരെന്ന് പറയ്ക.