Friday, April 03, 2009

ഫ്രഷ് ഔട്ട് ഓഫ് ദ അവന്‍

സില്‍വിയ,

ഞാന്‍ നിന്നെ, നിന്റെ വരികളെ
പ്രണയിക്കുന്നു.

വെണ്ണീരടരുന്ന നിന്‍
വലംകാല്പെരുവിരല്‍ത്തുമ്പില്‍
ചുംബനമര്‍പ്പിക്കുന്നെന്നൊരു
വിഭ്രമവിഭൂതിയില്‍ ഞാനമരുന്നു.

നനഞ്ഞ തുവര്‍ത്തും തുണികളുംകൊണ്ടു
നിന്നെപോലെ ഞാനുമീമുറികള്‍ക്കകം
സുരക്ഷിതമായടച്ചിരിക്കുന്നു.

നിന്റെ കവിതതന്‍ വരികളെന്‍
ചുമലില്‍ കിളിര്‍പ്പിച്ച
ഭ്രാന്തന്‍സ്വപ്‌നത്തിന്റെ ചിറകിലേറി,
അഴലിന്റെയാഴങ്ങളിലുടനീളം
ഭ്രാന്തയാമങ്ങളില്‍ ഞാനുഴറിയലഞ്ഞീടിലും
കുഴയുന്നീല നീയെന്‍ ചുമലിലേറ്റിയ
മൃത്യുസ്വപ്‌നസഞ്ചാരച്ചിറകുകള്‍...

പുറത്ത്‌ മഞ്ഞുവീഴ്‌ചകള്‍ക്കറുതിയാവുന്നു,
പഞ്ചയാമത്തിന്‍ ദൈര്‍ഘ്യമേറുന്നു,
വസന്തമെത്തുവാനേറെയില്ലെന്നാലു-
മറിയുന്നതെനിക്കുവേണ്ടിയല്ലെന്നതും,
അരികില്‍ നീയിനിയില്ലയെന്നതും...

പൊയ്‌ക്കൊള്ളട്ടെയിനി ഞാന്‍,
വസന്തമുള്ളിലുറങ്ങും മരങ്ങളെ
ഋതുപതിയുണര്‍ത്തീടും മുമ്പ്‌;
സഖേ, നിന്മുടിയിഴകളില്‍
മുഖമൊളിപ്പിക്കും രാപ്പൂവൊന്നതിന്‍
മിഴിവാര്‍ന്നെന്‍ എരിയുമടുപ്പിനുചുറ്റും
നിമീലനനൃത്തച്ചുവടുകള്‍ വയ്‌ക്കും
അഗ്നിശിഖരങ്ങളെ കെടുത്തിടും മുമ്പ്‌...

സില്‍വിയാ പ്ലാത്‌,
ഞാന്‍ നിന്നെ, നിന്റെ വരികളെ,
നിന്റെ വരികള്‍ക്കിടയില്‍ നിന്നു-
മുയിരാര്‍ക്കുന്ന മഹാനിദ്രയെ പ്രണയിക്കുന്നു.

23 comments:

ശ്രീ said...

നന്നായിട്ടുണ്ട് ചേച്ചീ

വല്യമ്മായി said...

:(

അനാഗതശ്മശ്രു said...

വിഭ്രമ വിഭൂതിയില്‍ ഞാനമരുന്നു...

ഋതുപതിയുണരുന്നതിന്‍ മുന്പു...

തുടങ്ങിയ വരികള്‍ വായിച്ചപ്പോള്‍ കൃതഹസ്തയായ
എഴുത്തുകാരിയെ കണ്ടു..

ആശം സകള്‍ ...കീപ് ഇറ്റ് അപ്

joshi said...

very nice.....

ഗൗരി നന്ദന said...

"ഞാന്‍ നിന്നെ, നിന്‍റെ വരികളെ,
നിന്‍റെ വരികള്‍ക്കിടയില്‍ നിന്നു-
മുയിരാര്‍ക്കുന്ന മഹാനിദ്രയെ പ്രണയിക്കുന്നു."


.................ശരിക്കും പ്രണയിച്ചു പോകുന്നു...........

Calvin H said...

"നനഞ്ഞ തുവര്‍ത്തും തുണികളുംകൊണ്ടു
ഞാനും നിന്നെപോലെയീമുറികള്‍ക്കകം
സുരക്ഷിതമായടച്ചിരിക്കുന്നു."

"മുഖമൊളിപ്പിക്കും രാപ്പൂവൊന്നതിന്‍
മിഴിവാര്‍ന്നെന്‍ എരിയുമടുപ്പിനുചുറ്റും
നിമീലനനൃത്തച്ചുവടുകള്‍ വയ്‌ക്കും
അഗ്നിശിഖരങ്ങളെ കെടുത്തിടും മുമ്പ്‌..."


വേണ്ട...
മരണത്തെക്കുറിച്ചുള്ള കവിതകള്‍ വായിക്കാന്‍ പേടിയാണ്...

ചില അനുഭവങ്ങള്‍ തന്നെ കാരണം :(

Jayasree Lakshmy Kumar said...

ഇഷ്ടപ്പെട്ടു ഈ വരികൾ

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പലയിടത്തും ഒരുപാടിഷ്ടപ്പെട്ടു പോകുന്നു...

ആശംസകള്‍

പകല്‍കിനാവന്‍ | daYdreaMer said...

നിന്റെ കവിതതന്‍ വരികളെന്‍
ചുമലില്‍ കിളിര്‍പ്പിച്ച
ഭ്രാന്തന്‍സ്വപ്‌നത്തിന്റെ ചിറകിലേറി,
അഴലിന്റെയാഴങ്ങളിലുടനീളം
ഭ്രാന്തയാമങ്ങളില്‍ ഞാനുഴറിയലഞ്ഞീടിലും
കുഴയുന്നീല നീയെന്‍ ചുമലിലേറ്റിയ
മൃത്യുസ്വപ്‌നസഞ്ചാരച്ചിറകുകള്‍...

ശരിക്കും ഇഷ്ടപ്പെട്ടു...

ഗിരീഷ്‌ എ എസ്‌ said...

അവസാനവരികളില്‍ നിന്നും
എന്നെയൊരു ഭയം പൊതിയുന്നു...
നഷ്ടസ്വപ്‌നങ്ങളുടെ
ചിരാതിനെ
കെടുത്താന്‍ നിശ്വാസങ്ങള്‍
പുറപ്പെട്ടുതുടങ്ങിയോ എന്ന്‌ സംശയിക്കുന്നു...
വ്യര്‍ത്ഥമോഹങ്ങളുടെ
മഞ്ഞുവീഴ്‌ച
കത്തിയാളുന്ന തിരിയെ
മരവിപ്പിക്കാനെത്തുന്നുവോയെന്ന്‌
അസ്വസ്ഥമായി ചിന്തിച്ചുപോവുന്നു...


ഡോണേച്ചീ
കത്തുന്ന കവിതകളെ
എനിക്കിപ്പോള്‍ ഭയമാണ്‌...

നന്മകള്‍ നേരുന്നു..
പ്രാര്‍ത്ഥിക്കുന്നു...

ആശംസകളോടെ...

Rineez said...

:(
പൊള്ളുന്നല്ലോ ചേച്ചിയേ..

തണല്‍ said...

നിന്റെ വരികള്‍ക്കിടയില്‍ നിന്നു-
മുയിരാര്‍ക്കുന്ന മഹാനിദ്രയെ പ്രണയിക്കുന്നു.
-പ്രണയിച്ചു പോകുന്നു.

Sandhya said...

“ ഞാന്‍ നിന്നെ, നിന്റെ വരികളെ,
നിന്റെ വരികള്‍ക്കിടയില്‍ നിന്നു-
മുയിരാര്‍ക്കുന്ന മഹാനിദ്രയെ പ്രണയിക്കുന്നു...”

ഇതാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ട വരികള്‍. പക്ഷേ എനിക്ക് മരണത്തെ പേടീയാ, മരിക്കാനും! മരണത്തിന്റെ കവിതകളും വരികളും മരണത്തെ സ്നേഹിക്കാന്‍ പഠിപ്പിക്കുമോ മയൂരേ?

പക്ഷേ... “നനഞ്ഞ തുവര്‍ത്തും തുണികളുംകൊണ്ടു
ഞാനും നിന്നെപോലെയീമുറികള്‍ക്കകം
സുരക്ഷിതമായടച്ചിരിക്കുന്നു“

പറ്റുന്നിടത്തോളം സുരക്ഷിതമാക്ക്, എത്രപറ്റുമെന്ന് കണ്ടറിയാം

- സ്നേഹത്തോടേ, സന്ധ്യ!

Shameer said...

ജനനം കഴിഞ്ഞാല്‍ മരണം'അതൊരു പ്രകൃതി സത്യമാണ്,അപ്പോള്‍ അതിനെക്കുറിച്ച് മാത്രം ചിന്തിച്ചാല്‍ ഒരു രാത്രി പോലും സന്തോഷമായി ഉറങ്ങാന്‍ കഴിയില്ല.അതുപോലെ ദുഃഖം മറക്കാന്‍ മരണത്തെ കൂട്ടുപിടിക്കുന്നതും ശരിയല്ല,അതുകൊണ്ട് നമുക്കിതിനോയൊക്കെ തോല്‍പ്പിക്കാന്‍ ഒരു വിപ്ലവകവിതയെഴുതാന്‍ ശ്രമിക്കൂ.

"തോല്‍പ്പിക്കാന്‍ കഴിയില്ലെന്കിലും"

എതിരന്‍ കതിരവന്‍ said...

എന്താ ഹേ ഇപ്പോ ഒരു മൃത്യുവാന്ച്ഛ?

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഈ വരികൾ എങ്ങനെ എന്റെ കണ്ണിൽ‌പ്പെടാതെ പോയി എന്നു ഞാനോർക്കുകയായിരുന്നു.സിൽ‌വിയ പ്ലാത്തിന്റെ മകനും അമ്മയുടെ വഴിയേ ആത്മഹത്യ ചെയ്ത ഈ സമയത്ത്ഇതിലും മനോഹരമായി ആ മഹതിയെ എങ്ങനെ സ്മരിയ്ക്കും?

നിന്റെ കവിതതന്‍ വരികളെന്‍
ചുമലില്‍ കിളിര്‍പ്പിച്ച
ഭ്രാന്തന്‍സ്വപ്‌നത്തിന്റെ ചിറകിലേറി,
അഴലിന്റെയാഴങ്ങളിലുടനീളം
ഭ്രാന്തയാമങ്ങളില്‍ ഞാനുഴറിയലഞ്ഞീടിലും
കുഴയുന്നീല നീയെന്‍ ചുമലിലേറ്റിയ
മൃത്യുസ്വപ്‌നസഞ്ചാരച്ചിറകുകള്‍...

ഇതിലും ഭംഗിയായി എങ്ങനെ കവയിത്രി തന്റെ മനോവിചാരങ്ങളെ വ്യക്തമാക്കും?

രാജലക്ഷ്മിയെപ്പോലെ, നന്ദിതയെപ്പോലെ, സിൽ‌വിയയും സ്വയം ഇല്ലാതായി, ഒരു പിടി കവിതകൾ അവശേഷിപ്പിച്ചു കൊണ്ട്...


മയൂര ,വളരെ വളരെ മനോഹരമായിരിയ്ക്കുന്നു.നന്ദി!ആശംസകൾ!!

Sudha said...

``dying is an art
and like everything else,
I do it exceptionally well``
ennezhuthiya kavayithriye doore ninnu aaradhiachal mathi Dona,never go near...

Jeevitham ethra sundaramanu..enthinanavar aa thiri keduthikkalanjathu?

kavitha sundaram..nalla images aanu palathum..ishtamayi..

വാചാലം said...

മരണം മരണത്തെ വിളിച്ചു വരുത്തുന്നത്, എത്ര നനഞ്ഞ പുതപ്പിട്ടു മൂടിവെച്ചാലും..

അതല്ലേ ഈ വരികളും പറയുന്നത് ..”ഞാന്‍ നിന്നെ, നിന്റെ വരികളെ,
നിന്റെ വരികള്‍ക്കിടയില്‍ നിന്നു-
മുയിരാര്‍ക്കുന്ന മഹാനിദ്രയെ പ്രണയിക്കുന്നു... “

- ജ്വാല

അരുണ്‍  said...

nice one

G. Nisikanth (നിശി) said...

“പൊയ്‌ക്കൊള്ളട്ടെയിനി ഞാന്‍,
വസന്തമുള്ളിലുറങ്ങും മരങ്ങളെ
ഋതുപതിയുണര്‍ത്തീടും മുമ്പ്‌;
സഖേ, നിന്മുടിയിഴകളില്‍
മുഖമൊളിപ്പിക്കും രാപ്പൂവൊന്നതിന്‍
മിഴിവാര്‍ന്നെന്‍ എരിയുമടുപ്പിനുചുറ്റും
നിമീലനനൃത്തച്ചുവടുകള്‍ വയ്‌ക്കും
അഗ്നിശിഖരങ്ങളെ കെടുത്തിടും മുമ്പ്‌...”

കവിത തുളുമ്പുന്ന വരികൾ...
ആദ്യായാണ് വരുന്നത്, നന്നായിരിക്കുന്നു ഡോണാ..

ആശംസകൾ.
നിശി

Sudhi|I|സുധീ said...

മഹാനിദ്രയെ പ്രണയിക്കുന്ന ഒരുപാടു പേരെ ഞാന്‍ കണ്ടു..
എവിടെയും മരണ മണി (death bell) കേള്‍ക്കുന്ന ചിലര്‍..
ചേച്ചിയും ആ വഴി പിന്തുടരുകയാണോ?
സില്‍വിയയെ ഇഷ്ടപ്പെടുന്ന (not പ്രണയിക്കുന്ന) ഞാന്‍ പക്ഷെ
ആ വരികളിലെ മരണത്തെ വെറുക്കുന്നു...

C said...

പൊയ്‌ക്കൊള്ളട്ടെയിനി ഞാന്‍,
വസന്തമുള്ളിലുറങ്ങും മരങ്ങളെ
ഋതുപതിയുണര്‍ത്തീടും മുമ്പ്‌;

comment parayaanulla vivara enikkilla, u r something donaaaaaaaaaa!!!
godbless

ശിവപ്രസാദ് പാലോട് said...

പൊയ്‌ക്കൊള്ളട്ടെയിനി ഞാന്‍,
വസന്തമുള്ളിലുറങ്ങും മരങ്ങളെ
ഋതുപതിയുണര്‍ത്തീടും മുമ്പ്‌;
സഖേ, നിന്മുടിയിഴകളില്‍
മുഖമൊളിപ്പിക്കും രാപ്പൂവൊന്നതിന്‍
മിഴിവാര്‍ന്നെന്‍ എരിയുമടുപ്പിനുചുറ്റും
നിമീലനനൃത്തച്ചുവടുകള്‍ വയ്‌ക്കും
അഗ്നിശിഖരങ്ങളെ കെടുത്തിടും മുമ്പ്‌...”
ആര്‍ജവം ഉള്ള വരികള്‍ .വാക്കുകളെ എങ്ങിനെ ചേര്‍ക്കണം എന്നതിന്റെ ഉദാഹരണം
www.kavibhasha.blogspot.com