Monday, September 10, 2012

നിഴൽ, പക്ഷിയെപ്പോലെ...

//*സെപ്റ്റംബർ 2012,പച്ചക്കുതിരയിൽ വന്നത്*//

നിഴൽ, പക്ഷിയെപ്പോലെ...
-------------------------------------------

നിഴൽ നിന്നിൽ
ഏതു പക്ഷിയുടെതാണ്?

വെടിയേറ്റു തുളഞ്ഞെന്നതു പോലെ
നിഴലിൽ കണ്ണിന്റെ സ്ഥാനത്ത്
വെയിലിന്റെ വട്ടം.

രാത്രിയുടേയോ പകലിന്റെയോ
എന്നറിയാത്ത
പന്ത്രണ്ട് മണി കഴിയാൻ മറന്ന
ക്ലോക്ക് പോലെ
നീ അതിൽ കൂടി നോക്കുന്നു.

വയലിൻ, വീണ, ഗിറ്റാർ തുടങ്ങിയ
തന്ത്രിവാദ്യങ്ങളിൽ നിന്നെല്ലാം
മൗത്തോർഗനുമായി
ഒരു പക്ഷിയെ പോലെ
നിഴലുള്ളൊരുവളുടെ അടുത്തേക്ക്
പോകുന്ന പെണ്ണുങ്ങൾ.

നിനക്കൊഴികെ ഏതൊരാൾക്കും
മനസ്സിലാവുന്ന ഭാഷയിൽ
അവിടെ അവൾ പാടുന്നു,
അവളുടെ കൈകൾക്ക്
മാന്ത്രികവടിയുടെ വഴക്കം,
അവയുടെ ഇന്ദ്രജാലത്തിൽ മയങ്ങി
കൂടെ പാടിപ്പോകുന്ന പെണ്ണുങ്ങളും
അവളുടെ വാദ്യോപകരണവും!

പെട്ടെന്ന്
നിന്റെ നിഴൽ
ചിറകു  കുടയുന്നു,
കൊഴിയുന്ന
തൂവലുകൾക്കിടയിലേക്ക്
ചേക്കേറുന്ന ഭയം.

നീ ആവർത്തിച്ചാവർത്തിച്ച്
ചിറകു കുടയുന്നു,
ഇരട്ടിക്കുന്ന ഭയം
പതിന്മടങ്ങായി ഇരട്ടിക്കുന്ന ഭയം.

ആഭിചാരം നടത്തുന്നവളെന്ന്
ദുർമന്ത്രവാദത്താൽ
ക്ഷുദ്രപ്രയോഗത്താൽ പെണ്ണുങ്ങളെ
മയക്കിയെടുക്കുന്നവളെന്ന്
കൊക്ക് പോലെ ചുണ്ടുകൾ പിളർത്തി
അപശ്രുതി പാടി നീ
സൈലൻസർ ഘടിപ്പിച്ച
തോക്കിൽ നിന്നുതിർത്ത തിരപോലെ
ലെസ്ബിയൻ എന്ന് വിളിക്കുന്നു.

നിഴൽ നിന്നിൽ
ഏതു പക്ഷിയുടെതാണ്?

ആംഗ്യവിക്ഷേപത്താൽ
സംഗീതം സൃഷ്ട്ടിക്കുന്നവൾ,
ഒരു പക്ഷിയെ പോലെ
നിഴലുള്ളവൾ, അവൾ അവിടെ
തെരമിൻ* വായിച്ചുകൊണ്ടേയിരുന്നു!
------------------------------------------------------

*Theremin- സ്പർശിക്കാതെ വായിക്കുവാൻ കഴിയുന്നൊരു സംഗീതോപകരണം.

4 comments:

മയൂര said...

സെപ്റ്റംബർ 2012,പച്ചക്കുതിരയിൽ വന്നത്

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

മനോഹരമായി എഴുതി.

Vinodkumar Thallasseri said...

ആംഗ്യവിക്ഷേപത്താൽ
സംഗീതം സൃഷ്ട്ടിക്കുന്നവൾ,
ഒരു പക്ഷിയെ പോലെ
നിഴലുള്ളവൾ, അവൾ അവിടെ
തെരമിൻ* വായിച്ചുകൊണ്ടേയിരുന്നു!

സംഗീതം മനസ്സിലാക്കപ്പെടേണ്ടതല്ല; കവിതയും

മയൂര said...

നിധേഷ്, വിനോദ്,
വായനയ്ക്ക് നന്ദി