ദീപികയുടെ യൂസ്നെറ്റ് 2.0 ഐ.ടി ഫീച്ചര്‍ പേജില്‍ ഫെബ്രുവരി 27 ബുധനാഴ്‌ച വി.ആര്‍.ഹരിപ്രസാദിന്റെ ലോഗിന്‍ന്റെയും വി.കെ.ആദര്‍ശിന്റെ ഇ-വായനയുടെയും ഒപ്പം വന്ന ഒരു കുറിപ്പ്.
Wednesday, February 27, 2008
സ്നിഫ്...സ്നിഫ്...ഹാാാാ...
Wednesday, February 20, 2008
ചുമരെഴുത്തുകള്‍
റോഡരികിലാണെങ്കിലും
വേലിക്കുള്ളില്‍ തന്നെയാണ്
വെള്ളപൂശിയങ്ങനെ, തെക്കേ ചുമര്.
എന്നിട്ടും,
കടന്നുപോകുന്ന വണ്ടികള്‍
ചെളിതെറിപ്പിക്കുന്നുണ്ട്,
വഴിനടപ്പുകാര്‍ കുശുകുശുത്ത്
തുറിച്ചുനോക്കുന്നുണ്ട്,
രാത്രിയില്‍ കള്ളുകുടിയന്മാര്‍
പുലഭ്യംപറഞ്ഞ് കല്ലെറിയുന്നുണ്ട്,
മൂന്നു പെണ്‍മക്കളുള്ള മീനാക്ഷിയമ്മ
ദിനവും മുറുക്കിത്തുപ്പുന്നുണ്ട്...
വേറെ ചിലരുമുണ്ട്-
ഒരു നേര്‍ത്ത വിടവുപോലുമില്ലെങ്കിലും
തുറിച്ച നോട്ടത്താല്‍ വിള്ളലുണ്ടാക്കി
അകത്തെന്തെന്നറിയാന്‍ വെമ്പുന്നവര്‍.
ഇത്രയൊക്കെയായിട്ടും
വേലിക്കെട്ടിനുള്ളില്‍
എല്ലാം സഹിച്ച് നില്‍ക്കുന്നതിനാലാണോ
ഒടുവിലത്തെ പഴി?
"നാണവും മാനവുമില്ലാതെ
നില്‍ക്കുന്നതു കണ്ടില്ലേ" യെന്ന്.
കാലം വരും, ഒരിക്കല്‍-
ഈ ചുമരെഴുത്തുകള്‍
വായിക്കപ്പെടുന്ന ഒരു കാലം.
ചുമരുകള്‍ സംസാരിക്കില്ലല്ലോ...
Wednesday, February 13, 2008
അകലം ശീലിക്കുന്നത്, അകലാനും
അകലങ്ങള്‍ ശീലിക്കുന്നത് മിക്കപ്പോഴും അനിവാര്യം- നിര്‍ബന്ധിതവും അല്ലാത്തതുമായവ...ഒരുപിടി മഞ്ചാടിമണികള്‍ മുകളിലേക്ക് വാരിയെറിഞ്ഞ് താഴെവീഴുംമുമ്പേ എണ്ണിത്തീര്‍ക്കാന്‍ ശീലിക്കുന്നതും, മോര്‍ച്ചറിയിലിരിക്കുന്ന ശരീരം അഴുകാതിരിക്കാന്‍ ശീലിക്കുന്നതും ചിലതുമാത്രം...മറ്റുചിലതു ശീലിക്കുമ്പോള്‍ അകലം കൂടുന്നവയാണ്- മുങ്ങാങ്കുഴിയിട്ട് നൂറുവരെ എണ്ണാന്‍ ശീലിക്കുമ്പോള്‍ പിഴയ്‌ക്കുന്നതുപോലെ...
Thursday, February 07, 2008
കാല്‍പ്പാടുകള്‍ അവസാനിച്ചയിടം...
കനത്തു പെയ്യുകയായിരുന്നു
തുലാവര്‍ഷം, അവളുടെ
ഓര്‍മ്മകളില്‍.
ഇരുളില്‍ ഇടവഴിയില്‍
നനഞ്ഞ കരിയിലകള്‍ക്കു
മുകളിലൂടെ പായുന്ന പാദങ്ങള്‍ക്ക്,
മിന്നല്‍പ്പിണരുകള്‍
ക്ഷണനേരത്തേക്ക്
ദാനം കൊടുക്കുന്ന ശരീരം.
കാല്‍പ്പാടുകളവസാനിക്കുന്നിടത്ത്,
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍
പടരുന്ന ചുമന്ന നിറം.
അതിനുമീതെ തട്ടിയടര്‍ന്നു
നഖമിളകിയൊരു പെരുവിരല്‍.
കണങ്കാലില്‍,
കറുത്ത വെള്ളി കൊലുസ്,
ഗന്ധം മാറിയ മണ്ണ്,
കാറ്റിന്റെ ദിശയ്ക്കനുസൃതം
ചാഞ്ഞു പെയ്യുന്ന മഴ.
ചെളിവെള്ളത്തിനടിയില്‍
ആണ്ടുപോയ കൈവിരലുകള്‍,
മണ്ണുമാന്തിയടര്‍ത്തി അതിനുള്ളിലേക്ക്
ശരീരമിറക്കി വയ്ക്കാന്‍വെമ്പുന്നു,
വീണ്ടുമൊരു വെള്ളിടി,
പിന്നെ, ഒരു നെടുവീര്‍പ്പ്.
കഴിഞ്ഞ ദിവസങ്ങളിലെങ്ങോ
പൂത്ത് ഇതളുകള്‍കുഴഞ്ഞ്
നിന്ന ചെമ്പരത്തിപ്പൂക്കള്‍
ചെളിവെള്ളത്തിനു മീതെ
അടര്‍ന്നു വീണു
തുഴയില്ലാതെ ഒഴുകാന്‍ തുടങ്ങി.