Tuesday, July 27, 2010

കൊളാഷ്

ഋജുരേഖകള്‍

നാമൊരൊറ്റ വരിയുടെ
അപ്പുറവുമിപ്പുറവുമായാലെന്ത്,
തുടക്കവുമൊടുക്കവുമായാലെന്ത്,
നോക്കി നോക്കി നില്‍ക്കേ
ആ വരിമുറിയുകിലെന്ത്,
മാഞ്ഞ് മറഞ്ഞു പോകുകിലെന്ത്,
നാമിരുവരും ഒരു പോലെ
അതുള്ളില്‍ തൊടുകില്‍.

സ്നേഹം

കൈക്കുടന്ന നിറയെ
കോരിയെടുത്തിരുന്ന വെള്ളമാണ്
സ്നേഹമെന്ന് കരുതി.

കാണെക്കാണെ
കൈമുട്ടിലൂടതൊലിച്ചിറങ്ങി
തീര്‍ന്നു പോയപ്പോള്‍ പിടഞ്ഞു.

പക്ഷേ
കൈയില്‍ അവശേഷിച്ചിരുന്ന
ആ നനവ്, അതായിരുന്നു സ്നേഹം!

Sunday, July 18, 2010

മുറികൂടാത്ത മുറിവുകൾ

1. ഇക്കൊല്ലത്തെ വിഷുവിന്റെ കുറച്ച് ദിവസം മുൻപായിരുന്നു സുഹൃത്തിന്റെ അച്ഛന്റെ മരണം. ‘ഇക്കൊല്ലം കണിക്കൊന്ന പൂത്തേയില്ല‘ എന്ന് വിഷുനാളിൽ അദ്ദേഹമെഴുതി.


രണ്ട് ദിവസം കഴിഞ്ഞപ്പോൾ വീണ്ടും സുഹൃത്തെഴുതുന്നു. “സുഗതകുമാരി ടീച്ചര്‍ സൂര്യ കൃഷ്ണമൂര്‍ത്തി സാറിന് കൊടുത്ത രണ്ടുപദേശങ്ങള്‍. ഒന്ന്- ചിതയ്ക്ക് തീ കൊളുത്തുമ്പോള്‍ കരയരുത്. ദഹിപ്പിക്കുന്നിടത്ത് തീയും ജലവും ഒരുമിച്ച് വരരുത്. രണ്ട് - ചിതാഭസ്മം ഒഴുക്കുമ്പോളും കരയരുത്. ദേഹി പരലോകത്തേക്ക് യാത്രയാകുന്നത് ഓളങ്ങളില്ലാത്ത പരപ്പിലൂടെയാണ്. ഒരു തുള്ളി കണ്ണുനീര്‍ മതിയാകും ഓളങ്ങളുണ്ടാക്കാന്‍. ഓളങ്ങള്‍ ദേഹിയുടെ ദിശ തെറ്റിക്കും. ‘മുറിവുകള്‍ ‘ വായിക്കുന്നതൊക്കെ കൊള്ളാം. പക്ഷെ അത് വായിച്ചുകിടന്ന് ഉറങ്ങിപ്പോകരുത്. ഉറക്കം തൂങ്ങുമ്പോള്‍ പുസ്തകം നെഞ്ചിലേക്ക് വീണാല്‍ അതിലെ പൊള്ളുന്ന അനുഭവങ്ങളുടെ/ മുറിവുകളുടെ ഭാരം ചിലപ്പോള്‍ നെഞ്ചകം താങ്ങിയെന്ന് വരില്ല.“


വായിച്ച് കഴിഞ്ഞപ്പോഴേക്കും ഉഷ്ണിക്കുന്നതു പോലെ തോന്നി, ഇവിടെ ഏപ്രിലിലെ മഞ്ഞുകാലത്തും. പറഞ്ഞറിയിക്കാൻ പറ്റാത്ത അവസ്ഥകളെ “എന്തോ പോലൊരു തോന്നൽ” എന്നാണ് ഞാൻ പറയുക. ഇതും അതുപോലൊന്നായിരുന്നു. സുഗതകുമാരി ടീച്ചറിന്റെ വാക്കുകൾ മനസ്സിൽ തിണർത്ത് തിണർത്ത് വരുന്നു. മായ്ക്കാൻ ശ്രമിക്കും തോറും തിണർപ്പുകളടർന്നുള്ള നീറ്റൽ. മുറിവുകൾ വായിക്കണമെന്ന് അപ്പോൾ തന്നെ തീരുമാനിച്ചുറച്ചു.




2. കുറച്ച് ദിവസങ്ങൾക്കു മുൻപാണ് സൂര്യ കൃഷ്ണമൂർത്തിയുടെ മുറിവുകൾ കൈയിൽ കിട്ടിയത്. ഒറ്റ ഇരുപ്പിലിരുന്ന് ഒന്നും വായിക്കുന്ന ശീലം പണ്ടേ ഇല്ല. പഠിക്കുവാനുള്ളതായാലും, കഥയായാലും, കവിതയായാലും നോവലായാലും എന്തും മെല്ലെ മെല്ലെ ഓരോ താളുകളായി വായിക്കലാണ് ശീലം. കണ്ണുണ്ടായാൽ പോര കാണണം, കണ്ടാൽ പോര കണ്ടതെന്തെന്ന് മനസ്സിലാക്കുവാൻ ഒരു വിഫലശ്രമമെങ്കിലും നടത്തണം എന്നൊരു കുഞ്ഞ് വാശി ഉള്ളിൽ ഉള്ളതിനാലാകണം. എന്നാലും മുറിവുകൾ ഒറ്റയിരുപ്പിൽ വായിച്ച് തീർക്കണമെന്നോർത്തു. പക്ഷേ കഴിഞ്ഞില്ല, ഒറ്റയിരുപ്പിലുള്ള വായനാശീലം ഇല്ലാത്തതിനാലായിരുന്നില്ല അത്...






ഓർമ്മകൾ ചികഞ്ഞു നോക്കുമ്പോൾ സൂര്യ കൃഷ്ണമൂർത്തിയെ കുറിച്ച് ആദ്യമായി വായിക്കുന്നത് സൂര്യ ഫെസ്റ്റിവലിനെ കുറിച്ചുള്ള പത്രവാർത്തകളിലായിരുന്നു. ആദ്യമായി കേൾക്കുന്നത് ദൂരദർശനിലെ മലയാളം വാർത്തയിൽ സൂര്യ ഫെസ്റ്റിവെൽ കവർ ചെയ്യുന്നത് കേട്ടപ്പോഴും. അന്ന് എട്ടോ ഒൻപതോ വയസ്സുണ്ടായിരുന്നിരിക്കണം. ഇന്നുവരെ ഒരിക്കല്‍പ്പോലും സൂര്യ ഫെസ്റ്റിവൽ നേരിട്ട് കണ്ടിട്ടില്ല, സൂര്യ കൃഷ്ണമൂർത്തി എഴുതി സംവിധാനം ചെയ്ത ദൃശ്യകാവ്യങ്ങളും.


ബുക്കിന്റെ സമർപ്പണം ആദ്യം ശ്രദ്ധയാകർഷിച്ചു. ജീവിതത്തിന്റെ മുറിവുകൾ ഏറെ ഏറ്റുവാങ്ങിയിട്ടുള്ള ‘അഭയ’യിലെ അന്തേവാസികൾക്ക് ഈ ‘മുറിവുകളിൽ’ നിന്നുള്ള വരുമാനം ഞാൻ സമർപ്പിക്കുന്നു - സൂര്യ കൃഷ്ണമൂർത്തി."


മുപ്പത്തിയഞ്ച് വർഷം മുൻപ് തുടക്കമിട്ട കലാസാംസ്കാരിക സംഘടനയാണ് ‘സൂര്യ‘ (ഇതിനു ശേഷമാണ് നടരാ‍ജ കൃഷ്ണമൂർത്തിയെന്ന ഐ.എസ്സ്.ആർ.ഒ ശാസ്ത്രജ്ഞന്‍ നമ്മുക്ക് സൂര്യ കൃഷ്ണമൂർത്തി ആകുന്നത്), ഇരുപത്തിരണ്ട് രാജ്യങ്ങളിലായി ചാപ്റ്ററുകളുള്ള ‘സൂര്യ‘. ഇരുപത്തിരണ്ട് രാജ്യങ്ങളിൽ ഒന്നിൽ പോലും സ്വന്തമായി ഒരോഫീസോ സ്ഥിരം ശമ്പളം പറ്റുന്ന ജീവനക്കാരോ ഇല്ലാത്ത ‘സൂര്യ’. ഒരു കാശുപോലും പ്രതിഫലമിച്ഛിക്കാതെ സ്വമനസ്സാലെ സേവനമനുഷ്ഠിക്കുന്ന, ഒരു പറ്റം കലാസ്നേഹികളാണ് ‘സൂര്യ’യെന്ന സംഘടനയെ സാധ്യമാക്കുന്നത്. അതിന്റെ അമരക്കാരനിൽ നിന്നും ഇങ്ങനെ ഒരു വരി വായിക്കുന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ലെന്ന് മനസ്സ് പറഞ്ഞു.


3. നമ്മളൊരോരുത്തരും ജീവിതത്തിൽ ചെറുതും വലുതുമായ പലതരം മുറിവുകൾ ഏറ്റുവാങ്ങിയവരാവാം. അതിൽ മിക്കവയും നമുക്ക് താങ്ങനാവുന്നതിലും അപ്പുറമാണെന്ന് നാമാദ്യം നിനയ്ക്കും. പക്ഷേ തകർന്നു പോകുമെന്ന് തോന്നുന്ന നിമിഷങ്ങളിൽ പലതും കാലക്രമേണ നമ്മൾ തരണം ചെയ്യുന്നു. ഓരോ മുറിവുകളും പല കാലയളവുകളിലാവും ഉണ്ടാവുന്നത്, പലയാഴങ്ങളിൽ. ഒന്നുണങ്ങുമ്പോളാവും മറ്റൊന്ന്. എല്ലാ മുറിവുകളും കൂടി ഒന്നിച്ച് ഒരാൾക്ക് ഏൽക്കേണ്ടി വന്നാൽ തന്നെ എത്ര മുറിവുകളാവും ഒന്നിച്ച് ഉണ്ടാകുക. അതിന്റെ പ്രോബബിലിറ്റി എത്രയാവും?


സൂര്യ കൃഷ്ണമൂർത്തിയുടെ ‘മുറിവുകൾ’ എന്ന പുസ്തകം ഒന്നിച്ചൊരു 26 മുറിവുകളുടെ കുലം കുത്തി ഒഴുക്കിൽ നമ്മളെ നിലവെള്ളം ചവിട്ടാനനുവദിക്കാതെ മുക്കിക്കളയും. 26 അല്ല, 25 എന്ന് തിരുത്തി വായിക്കണം.


വീട്ടിൽ എനിക്ക് കിട്ടിയിരിക്കുന്ന വിശേഷണം ‘മുതലക്കണ്ണീർ പോലുമില്ലാത്ത ഭീകരി’യെന്നാണ്. കാരണം എന്ത് വന്നാലും കരയാറില്ല എന്നതു തന്നെ. പത്തുകൊല്ലം മുൻപ്, കല്യാണം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലേക്ക് പോയപ്പോൾ കരഞ്ഞില്ല. “അവൾ ഭയങ്കരിയാണ്, ഇത്രയും നാൾ വളർത്തി വലുതാക്കിയവരെ വിട്ടു പോന്നിട്ടുമൊന്ന് കരഞ്ഞില്ലല്ലോ എന്ന് ഞാൻ കേട്ടിട്ടുണ്ട് ബന്ധുമിത്രാദികളയെല്ലാം വിട്ട് പ്രവാസത്തിലേക്ക് വന്നപ്പോഴും കരഞ്ഞില്ല. പിന്നെയും പലസന്ദർഭങ്ങൾ, രണ്ട് പ്രസവമുൾപ്പെടെ...ഒന്നിന്നും കരഞ്ഞില്ല. ശാരീരികവും മാനസികവുമായ വേദനകൾ ഉള്ളിൽ തന്നെ ഒതുക്കാൻ എന്തുകൊണ്ടോ കഴിഞ്ഞിരുന്നു. അങ്ങനെയുള്ള സന്ദർഭങ്ങളിൽ തല പൊട്ടുന്ന വേദനയായിരിക്കും ചിലപ്പോൾ തോന്നുക, നെഞ്ചിൻ കൂട് ആരോ വെട്ടി പൊളിക്കുന്നവേദനയായിരിക്കും മറ്റു ചിലപ്പോൾ...കഴുത്തുഞെരിച്ച് ശ്വാസം മുട്ടിക്കുന്ന പോലെ പിടഞ്ഞു പോകും മറ്റു ചിലയവസരങ്ങളിൽ എന്നിട്ടുമൊന്നും കരഞ്ഞിട്ടില്ല. എല്ലാം ഉള്ളിൽ ഒതുക്കി ആരോടും മിണ്ടാതെ ഇരിക്കുകയാണു അപ്പോഴെല്ലാം ചെയ്യുക. അടുത്തിടെ ഭർത്താവ് പറയുകയും ചെയ്തു. നീ കരയണം, ഒരിക്കലെങ്കിലും...ഞാൻ മരിക്കുമ്പോഴെങ്കിലും. നിന്റെയുള്ളിൽ അമർത്തി വച്ചിരിക്കുന്ന വേദനയെന്തെന്ന് മറ്റുള്ളവർക്ക് അറിയണമെങ്കിൽ നീ കരയണം... ഇല്ലെങ്കിൽ ഭർത്താവ് മരിച്ചിട്ട് പോലും കരഞ്ഞില്ലെന്ന പേരു ദോഷമുണ്ടാകുമെന്ന്.


“നമ്മൾ കരയുന്നതെന്തിനാണ്? മറ്റുള്ളവരെ കാണിക്കുവാനോ“ എന്ന് ഞാൻ ചോദിച്ചു. നമ്മൂടെ സമൂഹത്തെ ചിലതെല്ലാം ബോധ്യപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം! മുറിവുകൾ വായിച്ചപ്പോൾ എനിക്ക് മനസിലായി, നമ്മുടെ സമൂഹമെന്നത് എന്താണെന്ന്, എങ്ങിനെയുള്ളവരാണെന്ന്.


‘ശത്രു’വെന്ന മുറിവിൽ കൃഷ്ണമൂർത്തിയുടെ അച്ഛന്റെ മരണമേല്‍പ്പിച്ച ആഘാതത്തിൽ മരവിച്ചിരിക്കുന്ന അമ്മയെ ആശ്വസിപ്പിക്കാൻ വിളിപ്പിച്ച സ്ത്രീ, അമ്മയെ ആശ്വസിപ്പിക്കുന്നതിനു പകരം അമ്മയുടെ നെറ്റിയിലെ പൊട്ടും സിന്ദൂരവും മായ്ച്ചുകളയുകയാണു ചെയ്യുന്നത്. ഭർത്താവ് മരിച്ചൊരു സ്ത്രീയെ ആശ്വസിപ്പിക്കുന്നതിനു പകരം, വിധവയെന്ന മുദ്ര കുത്താനായിരുന്നു അവർക്ക് ധൃതി. ഇതാണ് നമ്മുടെ സമൂഹം!


‘തിരിച്ചറിവ്’ എന്നതിൽ പ്രശസ്തനായ ഒരു സാഹിത്യകാരൻ അന്തരിച്ചതറിഞ്ഞ് അവിടേക്കുള്ള യാത്രയിലായിരിക്കുമ്പോൾ മറ്റൊരു സാഹിത്യകാരൻ ഫോൺ ചെയ്ത് തനിക്ക് വേണ്ടി ഒരു റീത്ത് വാങ്ങി വണ്ടിയിൽ വയ്ക്കുവാൻ ആവശ്യപ്പെടുന്നു. കൊല്ലത്തുനിന്നും അദ്ദേഹം യാത്ര പുറപ്പെട്ടിട്ടുണ്ട്, എത്താൻ വൈകുമെന്ന കാരണത്താൽ. ആർക്കും റീത്ത് വച്ച് ശീലമില്ലാത്ത കൃഷ്ണമൂർത്തി, പാളയത്തുള്ള ഒരു കടയിലാണു ചെല്ലുന്നത്. റീത്ത് ചോദിച്ചപ്പോൾ കടക്കാരന്റെ മറുപടി “റീത്ത് വേണമെങ്കിൽ ഒരു ദിവസം മുൻപെങ്കിലും ഓർഡർ ചെയ്യണം“ എന്നതായിരുന്നു! ആരൊക്കെ മരിക്കുമെന്ന് മുൻ കൂട്ടി കണക്ക് കൂട്ടി റീത്ത് ഓർഡർചെയ്യുന്നവരാണ് നമ്മുടെ സമൂഹം?!


"culture is the concern for others" എന്ന് ‘തുടക്ക’ത്തിൽ കൃഷ്ണമൂർത്തി എഴുതിയിട്ടുണ്ട്. അതില്ലാത്ത സമൂഹത്തെ ബോധിപ്പിക്കാൻ കരയണോ? ഞാൻ കരയുകയില്ല. എന്നാൽ ആ സമൂഹം വേദനിപ്പിച്ചവരുടെ മുറുവുകളെ പറ്റി വായിച്ചപ്പോൾ കണ്ണുനിറഞ്ഞു.


4. ‘ഒരു കലാകാരൻ’ വാർദ്ധക്യവും ദാരിദ്ര്യവും കാരണം 2001 ജനുവരിയിൽ മരിച്ച അർജുനനൃത്ത കലാകാരൻ കുറിച്ചി പി.സ്. കുമാരന്റെ മരണത്തെ പറ്റിയാണ്. മരണാന്തര കർമ്മങ്ങൾക്ക് പണമുണ്ടാവില്ലെന്നും, അതിനൊന്നും ഒരു കുറവും വരുതെന്നും ആഗ്രഹിച്ച് ടൈഫോയ്ഡ് പിടിപെട്ട് ആശുപ്രതിയിലായിരുന്നെങ്കിലും കൃഷ്ണമൂർത്തി പോകുന്നു. ഡോക്ടറിന്റെ നിർദ്ദേശപ്രകാരം കാറിന്റെ പിൻസീറ്റിൽ കിടന്നാണ് യാത്ര.


‘സൂര്യ’യുടെ ഗുരുപൂജ വഴി, ഗുരുദക്ഷിണയായി ഒരു ലക്ഷം രൂപയോളം സമാഹരിച്ച് ഒരിക്കൽ ഈ കലാകാരനു നൽകിയത് കൃഷ്ണമൂർത്തി ഓർമ്മിക്കുന്നു. ഇനിയുള്ള ജീവിതത്തിൽ ഭക്ഷണത്തിനും മരുന്നിനുമായി അദ്ദേഹത്തിനു വേണ്ടി അത്രയും തുക സ്വരൂപിച്ചതിൽ സന്തോഷവും ചാരിതാർത്ഥ്യവുമായിരുന്നെന്നും. കുറച്ചുമാസങ്ങൾക്കു ശേഷം ആ കലാകാരന്റെ ഗ്രാമത്തിൽ കൂടെയുള്ള യാത്രാമധ്യേ അദ്ദേഹത്തെ കണ്ട് വണങ്ങാൻ കൃഷ്ണമൂർത്തി ചെല്ലുന്നു. അവിടെ ചെന്നപ്പോഴാണറിയുന്നത്, തനിക്ക് കിട്ടിയ തുക ബാങ്കിൽ നിഷേപിക്കാതെ, ആ തുക കൊണ്ട് വീടിനോട് ചേർന്ന് ഗുരുകുലമുണ്ടാക്കി, അർജുനനൃത്തമെന്ന കല തന്റെ കാലശേഷം നിന്നു പോകാതെയിരിക്കാൻ പത്തു പേരെ പരിശീലിപ്പിക്കുകയായിരുന്നു അദ്ദേഹമെന്ന്!


മരണാന്തര ക്രിയകൾക്കുള്ള പണം ആ കലാകാരന്റെ മകനെ ഏല്‍പ്പിച്ച് മടങ്ങും വഴി കൃഷ്ണമൂർത്തി എല്ലാ പത്രമോഫീസുകളിലും കയറി കലാകാരന്റെ ഫോട്ടോയും, ചരിത്രവും, വിലപ്പെട്ട സംഭാവനകളുമൊക്കെ എഴുതി കൊടുത്തു. പിറ്റേന്ന് ഒറ്റ പത്രത്തിൽ പോലും വാർത്തയില്ല! ഒന്ന് രണ്ട് പത്രങ്ങൾ ചരമങ്ങളുടെ കൂട്ടത്തിൽ പേരു വച്ചു. അതേ സമയം ഈയിടെ മലയാളത്തിന്റെ പ്രമുഖപത്രത്തിൽ ക്രിക്കറ്റർ ധോണി തന്റെ മുടി ഒരിഞ്ച് നീളം കുറച്ചതിന്റെ പടവും വാർത്തയും ബോക്സിൽ! ആര് ആരോടാണ് മാപ്പു പറയുകയെന്ന് കൃഷ്ണമൂർത്തി ചോദിക്കുന്നു.


ഇതാണ് നമ്മുടെ സമൂഹം! കുറച്ച് കാലം കൂടെ കഴിയുമ്പോൾ അന്യം നിന്നു പോയ കലാരൂപങ്ങളെ കുറച്ച് കലാസംസ്കാരിക രംഗത്തുള്ളവർ മുറവിളികൂട്ടും. മരിച്ചു പോയ കലാകാരന്മാരുടെ ചിത്രങ്ങൾ തേടിപ്പിടിച്ച് മാലയിടും, മരണാനന്തര ബഹുമതികൾ കൊടുക്കും, സ്മാരകങ്ങൾ പണിയും, മാധ്യമങ്ങളന്നേരം അതിനെല്ലാം നല്ല കവറേജ് കൊടുക്കും. എന്തിന്?


4.1 ‘ഒരു മഹാസ്വപ്ന’ത്തിൽ മലയാള സിനിമയുടെ ജൂബിലി വർഷം ആദ്യകാല ചലച്ചിത്രപ്രവർത്തകരെ വായനക്കാർക്ക് പരിചയപ്പെടുത്താൻ ഒരു പ്രമുഖപത്രം തിരുമാനിക്കുന്നു. മലയാളത്തിലെ ആദ്യ ശബ്ദചിത്രം ബാലനിലെ നായികമാരിൽ ഒരാളുടെ വീട്ടിലേക്കാണ് കൃഷ്ണമൂർത്തിയുടെ ആദ്യയാത്ര. താമസിക്കുന്ന സ്ഥലത്തെ കുറിച്ച് ഏകദേശ രൂപമുണ്ടെങ്കിലും വിലാസമൊന്നും അറിയാതുള്ള തിരച്ചിൽ. ആർക്കും അറിയില്ല ‘ആദ്യത്തെ മലയാള സിനിമയിലെ നായികയെ’. അങ്ങിനെയൊരാൾ ഈ നാട്ടിലുണ്ടെങ്കിൽ നമ്മൾ അറിയേണ്ടതല്ലേ എന്ന് ആളുകൾ ചോദിക്കുന്നുണ്ട്. പോസ്റ്റുമാനു പോലും അങ്ങിനെ ഒരാളെ, അവരുടെ അഡ്രസ്സ് അറിയില്ല. ഒടുവിൽ ഒരു കൊച്ചുകുട്ടിയാണ് വീ‍ട് കാണിച്ച് കൊടുക്കുന്നത്.


പറമ്പിൽ ചുള്ളിക്കമ്പുകൾ പറുക്കികൊണ്ടിരിക്കുന്ന, എഴുപതിലേറെ പ്രായമുള്ള മലയാള സിനിമയിലെ ആദ്യനായിക. ഒരു നേരത്തെ ഭക്ഷണത്തിനു വഹയില്ലാതെ ദാരിദ്ര്യം കാർന്നു തിന്നു കൊണ്ടിരിക്കുന്ന മലയാള സിനിമയിലെ ആദ്യത്തെ നായിക. വർഷങ്ങളായി ഓലമേയാത്ത, ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ അവരുടെ കുടിലിൽ കൂടെ വന്ന കുട്ടി എവിടെന്നോ കൊണ്ട് വന്നൊരു സ്റ്റൂളിൽ അവർ കൃഷ്ണമൂർത്തിയെ ഇരുത്തി. അടുത്ത വീട്ടിൽ നിന്നും ഓലമതിലിന്റെ മുകളിലൂടെ കടം വാങ്ങിയ ഒരു സ്പൂൺ പഞ്ചസാരകൊണ്ട് എവിടെന്നോ കിട്ടിയ നാരങ്ങയാൽ നാരങ്ങാവെള്ളം ഉണ്ടാക്കി കൊടുത്തു. അവരുടെ വിസ്മൃതിയിലാണ്ടു പോയ കാര്യങ്ങൾ ചികഞ്ഞെടുത്തവർ കൃഷ്ണമൂർത്തിയോട് പങ്കു വച്ചു.


ദാരിദ്ര്യവും മഹാരോഗവും വേട്ടയാടുന്ന അവരോട് “നിങ്ങൾക്ക് സ്വപ്നം എന്നൊന്നുണ്ടോ... മഹാസ്വപ്നം എന്നൊന്നുണ്ടോ?” എന്ന് കൃഷണമൂർത്തി ചോദിക്കുന്നു. ചോദിക്കേണ്ടിയിരുന്നില്ലെന്ന് പിന്നീട്ട് കൃഷ്ണമൂർത്തി വിലപിക്കുന്നുണ്ടെങ്കിലും. ഉടനെ ഉത്തരം വന്നു “ മലയാളത്തിലെ ആദ്യ സിനിമയിൽ അഭിനയിക്കുമ്പോൾ എനിക്ക് നൂറുരൂപയായിരുന്നു ശമ്പളം. പിന്നെ മൂന്നുനേരം ഭക്ഷണം. ഇന്ന് എന്റെ മഹാസ്വപ്നം എന്നത്, മരണം വരെ മൂന്നുനേരം ഭക്ഷണം കഴിക്കുക എന്നതാണു”!!


ഇന്ന് മുക്കിന് മൂലയ്ക്ക് സംഘടനകളാണ്, എന്തിന്? തമ്മിൽ തൊഴിക്കാനും പാരവയ്ക്കാനും!


4.2  ‘മറവിക്കപ്പുറം, ചില അപരാധങ്ങ’ളിൽ ശബ്ദ ലേഖനത്തിനുള്ള ഓസ്കാർ തേടിയെത്തിയ മലയാളിയായ റസ്സുൽ പൂക്കുട്ടിയെ നമ്മൾ ആഘോഷിക്കുന്നതിനോടൊപ്പം മലയാളത്തിലുണ്ടായ ആദ്യകാല സിനിമകൾക്ക് ശബ്ദലേഖനം ചെയ്ത ആളെ നമ്മളെല്ലാം മറന്നു പോയതിനെ കുറിച്ച് കൃഷ്ണമൂർത്തി എഴുതുന്നു. മലയാള സിനിമ ഡിജിറ്റലിലും ഹൈ ഡെഫനിഷനിലും വന്നു നിൽക്കുമ്പോൾ, ഏറ്റവും ആധുനികമായ യന്ത്രോപകരണങ്ങൾ ഉപയോഗിച്ച് മലയാള സിനിമയുടെ ശബ്ദലേഖനം മുന്നേറുമ്പോൾ, ഓസ്കാർ അവാർഡ് ഒരു മലയാളിക്ക് ലഭിക്കുമ്പോൾ, ഒരു മുളയുടെ അറ്റത്ത് മൈക്ക് കെട്ടിത്തൂക്കി അതിലൂടെ നമുക്ക് നന്മയുടെ ശബ്ദ്ധം കേൾപ്പിച്ചു തന്ന 'കൃഷ്ണ ഇളമൺ'എന്ന വലിയ കലാകാരനെ നാം മറന്നു എന്ന് കൃഷ്ണമൂർത്തി എഴുതുന്നു.


ഓസ്കാർ കിട്ടുന്നതിനു മുന്നേ റസൂൽ പൂക്കുട്ടിയെ നമ്മളിൽ എത്രപേർക്ക് അറിയാമായിരുന്നു? നമ്മൂടെ കലാകാരന്മാരെ വിദേശികളുടെ സർട്ടിഫിക്കറ്റുണ്ടെങ്കിലെ നമ്മൾ തിരിച്ചറിയുകയും, ആദരിക്കുകയും, ആഘോഷിക്കുകയുമുള്ളൂ എന്നോ?! കുറഞ്ഞത് ഒരു ലോക്കൽ സംഘടനയുടെ അവാർഡെങ്കിലും വേണമെന്ന് വന്നിരിക്കുന്നു.!


4.3 “തുടക്ക‘ത്തിൽ ഗുരുവായൂരമ്പലത്തിൽ രാവുപുലരുവോളം ആട്ടവിളക്കിനു മുന്നിൽ കൃഷ്ണനാട്ടം നടക്കുന്നു. കാണികളായി ആരും ഇല്ല. അരങ്ങിലാടുന്ന എട്ടുപത്തു കലാകാരന്മാരെ അത് ബാധിക്കുന്നതേയില്ല. അവർ ആടിയും പാടിയും തിമിർക്കുന്നു. നിർമ്മാല്യത്തിനായി മേൽശാന്തിയെത്തിയതോടെ കൃഷ്ണനാട്ടം കളി തീരുന്നു. മടിച്ചാണെങ്കിലും കളികഴിഞ്ഞ് അണിയറയിലേക്ക് പോകുന്നൊരു കലാകാരനോട് കൃഷ്ണമൂർത്തി ചോദിക്കുന്നു “നിങ്ങളാടുമ്പോൾ, നിങ്ങളുടെ മുന്നിൽ ഒരാൾ പോലും ഇല്ല എന്നത് കാണുമ്പോൾ വിഷമം തോന്നാറില്ലേ?” “ഞങ്ങൾ കല അഭ്യസിക്കുന്നത് മുന്നിലിരിക്കുന്ന കുറെ പേർക്ക് വേണ്ടിയല്ല. മറിച്ച് ഈ തെളിച്ചിരിക്കുന്ന ദീപത്തിനു വേണ്ടിയാണ്. ഈ ദീപം ബ്രഹ്മമാണ്, ഈ ദീപം ഈശ്വരനാണ്, ഈശ്വരനു വേണ്ടിയാണ് ഞങ്ങൾ കല അഭ്യസിക്കുന്നത്. ഒരു യഥാർത്ഥ കലാകാരൻ ഈശ്വരനു വേണ്ടിയാണ് കല അഭ്യസിക്കുന്നത്” എന്ന് ആ കലാകാരൻ ഒരു ചെറുപുഞ്ചിരിയോടെ മറുപടി നൽക്കി. “കല എന്നത് ഈശ്വരൻ തരുന്ന വരദാനമാണ്, അത് വിൽക്കാനുള്ളതല്ല.” എന്ന് ആ കലാകാരൻ കൂട്ടിച്ചേർത്തു.


ഈ വാക്കുകളിൽ നിന്നുള്ള കിട്ടുന്ന തിരിച്ചറിവ്, എത്ര അനുഭവങ്ങളിൽ കൂടെ കടന്നു പോയാലും ചിലപ്പോൾ കിട്ടിയെന്ന് വരില്ല.


5. മുറികൂടാത്ത മുറിവുകൾ.


പ്രശസ്തമായൊരു പുരസ്കാരത്തിന് അർഹനായെന്ന് ഡൽഹിയിൽ നിന്നുള്ള അറിയിപ്പിൽ സന്തോഷിക്കുകയും, പിറ്റേന്ന് പത്രങ്ങളിൽ മറ്റൊരാളുടെ പേർ കണ്ട് സങ്കടപ്പെടുകയും ചെയ്ത കൃഷ്ണമൂർത്തിക്ക് കൂട്ടുകാരി നൽകിയ തിരിച്ചറിവായിരുന്നു മദർ തെരേസ കോൺവെന്റിലെ സ്റ്റെഫിയെന്ന കൈക്കാലുകളില്ലാത്ത കുട്ടി. ഒരു പുരസ്ക്കാരം കിട്ടാതെ വന്നപ്പോൾ ജീവിതം വ്യർത്ഥമെന്ന് കരുതിയ താൻ ആ മുറിയിലിരുന്നോരുപ്പാട് കരഞ്ഞെന്ന് കൃഷ്ണമൂർത്തി എഴുതുന്നു.


5.1 തന്നെ പഠിപ്പിച്ച കുറെ അദ്ധ്യാപകർ പെൻഷൻ പറ്റിയതിനു ശേഷം, പാവപ്പെട്ട കുട്ടികൾക്ക് വേണ്ടി നഗരത്തിലെ കുട്ടികൾക്കുള്ള സൗകര്യത്തോടെ ഗ്രാമത്തിൽ തുടങ്ങിയ സ്കൂളിന്റെ ഒന്നാം വാർഷികത്തിൽ വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യാൻ ക്ഷണിക്കപ്പെട്ടപ്പോഴുണ്ടായ അനുഭവം ‘ഒരു തേങ്ങലിൽ’ കൃഷ്ണമൂർത്തി പങ്കു വയ്ക്കുന്നു. എല്ലാകുട്ടികളും സമ്മാനം വാങ്ങി ഫോട്ടോഗ്രാഫറെ നോക്കി ചിരിക്കും. രക്ഷിതാക്കൾ മുങ്കൂർ പണമടച്ചിട്ടുണ്ട് അവർക്കെല്ലാം. അവരുടെയെല്ലാം നേർക്ക് ക്യാമറയുടെ ഫ്ലാഷടിക്കുന്നു. സമ്മാനം വാങ്ങിയ ഒരു ആൺകുട്ടി ഫോട്ടോഗ്രാഫറെ നോക്കി സമ്മാനം വാങ്ങുന്നതു പോലെ ഒരേ നില്‍പ്പാണ്, ക്യാമറയുടെ ഫ്ലാഷിനായി. ഫ്ലാഷ് വന്നില്ല. അവന്റെ രക്ഷിതാക്കൾക്ക് പതിനഞ്ചുരൂപ അടയ്ക്കുവാനുള്ള കഴിവില്ലായിരുന്നു. കൃഷ്ണമൂർത്തി കാശ്കൊടുക്കാമെന്ന് ഫോട്ടോഗ്രാഫറോട് പറയുമ്പോൾ, തന്റെ കൈയിൽ ഇനി ഫിലിമില്ലെന്ന നിസ്സഹായത ഫോട്ടോഗ്രാഫർ അറിയിക്കുന്നു. ആ കുട്ടി കൃഷ്ണമൂർത്തിയെ ദഹിപ്പിക്കുന്നൊരു നോട്ടം നോക്കി കൈകൾ വലിച്ച് തലതാഴ്ത്തി നടന്നു പോയി.


അവന്റെ ഉള്ളിലെ മുറിവിന്റെ ആഴം ആർക്കാവും അളക്കുവാൻ കഴിയുക. ആ മുറികൂടുന്നതെന്നാവും?


5.2 ‘സാക്ഷി‘ യിൽ വീട്ടിലെ പുറംജോലിക്കാരി തങ്കമ്മയെന്ന പണിക്കാരിയുടെ ദുഖത്തെ പറ്റി കൃഷ്ണമൂർത്തി എഴുതുന്നു. അതിന്റെ സാക്ഷിയാവേണ്ടിവന്നതിന്റെ മുറിവാണ് നമ്മോട് അദ്ദേഹം പങ്കു വയ്ക്കുന്നത്. നാലഞ്ച് വീടുകളിൽ ജോലിചെയ്യുന്ന തങ്കമ്മ. മുട്ടിലിഴയുന്ന കണ്ണനെന്ന തന്റെ കുട്ടി കുന്നിക്കുരു വിഴുങ്ങി മരിച്ചു പോകുന്നതും, വീണ്ടും ഗർഭിണിയാവുകവും, ഭർത്താവ് മരിക്കുകയും, ഒരു പെൺകുഞ്ഞിനു ജന്മം നൽകുകയും ചെയ്യേണ്ടി വന്ന തങ്കമ്മ.


കുഞ്ഞിനെ വളർത്താൻ നാലഞ്ച് വീടുകളിലെന്നതിൽ നിന്നും, ആറേഴു വീടുകളിലായ് പണിയെടുക്കുന്ന തങ്കമ്മ. കുഞ്ഞു വളർന്നു കല്യാണപ്രായമായി. കല്യാണം ആലോചിച്ച് വരുന്നവർക്ക് ‘എത്ര തരും?‘ എന്നതായിരുന്നു ചോദ്യം. മകളുടെ വയസ്സ് കൂടും തോടും ചോദിക്കുന്ന തുകയുടെ വലിപ്പവും കൂടുന്നു. നിവൃത്തികേടിന്റെ കട്ടിപിടിച്ച നിശ്ശബ്ദതയിൽ മകളുടെ മുഖത്ത് നോക്കാത്ത അമ്മ ചോദിച്ചു. “ ആ കുന്നിക്കുരു നീ വായിലിട്ടാൻ മതിയായിരുന്നല്ലോ മോളേ...” മകൻ മരിച്ചതിലുള്ള ദുഖം, ഇപ്പോൾ മകൾ മരിക്കാത്തതിലുള്ള ദുഖം, രണ്ട് ദുര്യോഗങ്ങൾക്കും സാക്ഷിയായി കൃഷ്ണമൂർത്തി.


6. എം.ടിയുടെ ഓട്ടം.


വായനയിലുടനീളം മുറിവുകളിൽ നിന്നും മുറിവുകളിലേക്ക് ഇടറിവീണപ്പോൾ ഒരിക്കൽ മാത്രം ചിരിച്ചു. നഗ്നസന്യാസിയെ കാണുവാനായിട്ട് എം.ടിയും കൃഷ്ണമൂർത്തിയും പോയ സന്ദർഭം. എം.ടിക്ക് നഗ്നസന്യാസിയുടെ ഫോട്ടോ എടുക്കണം. പക്ഷേ ചോദിക്കാൻ പേടി. കൃഷ്ണമൂർത്തി സന്യാസിയോട് സമ്മതം ചോദിച്ചു. സന്യാസി ചിരിച്ചു. മൗനാനുവാദം തന്നതു പോലെയായിരുന്നു ആ ചിരിയെന്ന് കൃഷണമൂർത്തി എഴുതുന്നു. എം.ടി ഇതു കണ്ടപ്പാടെ തലങ്ങും വിലങ്ങും ഫോട്ടോ എടുക്കുന്നു. ഒടുവിൽ ഗുരുദക്ഷിണ കൊടുക്കണ്ടേ എന്ന് എം.ടിക്ക് സംശയം. പോക്കറ്റിൽ കൈയിട്ട് ഇരുപത്തിയഞ്ച് രൂപയെടുത്തു. നഗ്നസന്യാസിമാർ എല്ലാം ഉപേക്ഷിച്ചവരാണ്. അങ്ങിനെ ഒരാൾക്ക് ദക്ഷിണകൊടുത്താൽ ദേഷ്യപ്പെടുമോ എന്ന് എം.ടി സംശയിക്കുന്നു. മടിച്ച് മടിച്ച് ഇരുപത്തിയഞ്ചു രൂപ കാൽക്കൽ വച്ച് നമസ്കരിച്ചു. പെട്ടന്നയാൾ എം.ടിയുടെ കൈയിൽ ദേഷ്യത്തോടെ കടന്നു പിടിച്ചു. നഗ്നസന്യാസി ദേഷ്യം കൊണ്ട് വിറയ്ക്കുകയാണ്. എന്നിട്ട് കോപത്തോടെ അലറി. ‘പച്ചാസ് റുപയ ദോ’ എന്ന്. എം.ടി ഓടുന്നത് അന്നാദ്യമായി കണ്ടെന്നും കൃഷ്ണമൂർത്തി പുറകെ ഓടിയെന്നും വായിച്ചപ്പോൾ ചിരിച്ചു പോയി. ആ ഓട്ടം സങ്കല്‍പ്പിച്ചിട്ട്. അതാണ് ആദ്യം 26 മുറിവുകൾ എന്നത് 25 എന്ന് തിരുത്തി വായിക്കണമെന്ന് എഴുതിയത്.


തിരിച്ചറിവ്


തന്റെ ജീവിതത്തിലെ ഓരോ മുറിവുകളും കൃഷ്ണമൂർത്തി എഴുതിയത് വായിച്ച് കഴിഞ്ഞപ്പോഴാണ് തിരിച്ചറിവുണ്ടായത്. ഇത്രയൊന്നും വേദനിപ്പിക്കുന്ന മുറിവുകൾ എന്റെ ജീവിതത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല. വേദനിക്കുന്നുവെന്ന് തോന്നുമ്പോൾ ഓടി പോയി കള്ളിമുൾച്ചെടികൾക്കിടയിൽ ഒളിഞ്ഞിരിക്കുമ്പോഴുണ്ടാകുന്ന വെറും പോറലുകൾ മാത്രമായിരുന്നു അവയൊക്കെ എന്ന്.


‘മുറിവുകൾ’ ഓരോന്നും വായിച്ച് കണ്ണുകൾ പുകഞ്ഞു ഇടയ്ക്ക് നനഞ്ഞു. കഴുത്തിനു മുകളിൽ തലയ്ക്കു പകരം ഭാരമേറിയൊരു കരിങ്കല്ലാണെന്ന് തോന്നിപ്പിച്ചു വായനക്കിടയിൽ ഇടയ്ക്ക്. ഇടയ്ക്കെപ്പോഴോ അത് തൊണ്ടയിലേക്കിറങ്ങി ശ്വാസം മുട്ടിച്ചു. പിന്നെയും കുറെ കൂടെ താഴേയ്ക്കിറങ്ങി ചങ്കു ചതയ്ക്കാൻ തുടങ്ങിയപ്പോൾ എന്തെങ്കിലുമൊന്ന് എഴുതണമെന്ന് തോന്നി. അതുകൊണ്ട് മാത്രം ഇതെഴുതുന്നു.


സൂര്യ കൃഷണമൂർത്തീ സാർ, നന്ദി. വായനയിലൂടെ ഹൃദയം മുറിപ്പെടുത്തുക വഴി, താങ്കൾ അടഞ്ഞിരുൾ പടർന്നു പന്തലിച്ചൊരു ഹൃദയത്തിലെക്ക്, ആ മുറിവുകളിലൂടെ പുതിയ പ്രകാശം കടത്തിവിടുകയായിരുനെന്ന പരമാർത്ഥം മനസിലാക്കുന്നുണ്ട്, ആ തിരിച്ചറിവിന്റെ വെളിച്ചം പകർന്നു തന്നതിനു നന്ദി.




-ഡോണ മയൂര
6 July 2010.

Tuesday, July 13, 2010

കെട്ടിയുമ്മ

പേര്‍ത്തു പേര്‍ത്തൊന്ന്
കെട്ടിയുമ്മ തന്നതിനല്ലേ
എന്നെ കൊന്നത്?


ഞാനിപ്പോഴും
മരിച്ചിരിക്കുകയാണ്‌,
ആ ചുണ്ടത്ത്!


സുഖത്തിലും ദു:ഖത്തിലും
മനസ്സില്‍ ഓടിയെത്തുന്ന
ആദ്യത്തെ മുഖമേ*...


മരിച്ചു പോയതല്ലേ,
രക്ഷപ്പെടുവാനായിട്ട്
നിന്റെ പൊക്കിള്‍ ചുഴിയിലായ്
ഒന്നൊളിഞ്ഞിരിക്കുവാന്‍ പോലും
ഞാന്‍ ശ്രമിച്ചതില്ലല്ലോ.


ഇനിയെങ്കിലുമെന്നെ
അടര്‍ത്തി മാറ്റരുതേ.