Tuesday, December 09, 2008

കോർത്തെടുക്കാൻ വൈകിയവ



നിദ്രാവിഹീന രാവുകളിൽ
പാതിചാരിയ ജനല്‍പ്പാളികൾക്കപ്പുറം
പതിവച്ച മുല്ലത്തൈകൾ
തളിരിട്ടോ മൊട്ടിട്ടോ
എന്നൊക്കെയാകുലപ്പെട്ട്
മുല്ലത്തടത്തിലേയ്ക്ക്
രണ്ടാളും കണ്ണുകൾ പായിച്ചിരുന്നു.

അവരുടെ സ്വപ്നം പൂവണിയിക്കാനായി
മൊട്ടിട്ട സ്വപ്നങ്ങളിറുത്തെടുത്തപ്പോൾ
അവയെല്ലാമൊന്നിച്ച് കോർത്തെടുക്കാനായ്
അവൾ മഴനൂലു തേടി പോയി
അവൻ നിലാവിന്റെ വെള്ളിനൂലും.

Friday, December 05, 2008

ലോഗ്‌ ഇൻ ബ്ലോഗർ ഹരിപ്രസാദ് ലോഗ്ഡ് ഇൻ സയൻസ് ജേർണലിസം അവാർഡ്

നമ്മുടെ സഹബ്ലോഗറും ദീപിക ദിനപത്രത്തിലെ എഡിറ്റർ-ഇൻ-ചാർജുമായ ശ്രീ വി.ആർ ഹരിപ്രസാദ് ഈ വർഷത്തെ സയൻസ് ജേർണലിസം അവാർഡിന് അർഹനായി. അദ്ദേഹം ദീപിക ദിനപത്രത്തിൽ ലോഗ് ഇൻ എന്ന കോളത്തിൽ എഴുതിയിരുന്ന ഐ.ടി അധിഷ്ഠിത ലേഖനങ്ങൾക്കാണ് അവാർഡ്.

Sunday, November 30, 2008

ശ്രീ രാജേഷ് രാമന്റെ സ്വരത്തിൽ, നിൻ മിഴികളിലെന്തേ...എന്നു തുടങ്ങുന്ന വരികൾ

ശ്രീ രാജേഷ് രാമൻ സംഗീതം നൽകി പാടിയിരിക്കുന്ന നിൻ മിഴികളിൽ എന്തേ... എന്നു തുടങ്ങുന്ന വരികൾ.





നിൻ മിഴികളിൽ എന്തേ മായാതെയിന്നും
സിന്ദൂരസന്ധ്യതൻ കുങ്കുമ പൂവുകൾ

സന്ധ്യയിൽ പെയ്തൊരാ മഴയതും
നിന്മിഴി നീർമുത്തു പെയ്തൊഴിഞ്ഞ പോലെ

കിനാവും നിലാവിലെ നിറമില്ലാ ചിത്രവും
നിൻ പൂമുഖം വാടിയുലഞ്ഞ പോലെ

അകലെ നിന്നെത്തിടും കാറ്റും വിതുമ്പി
നിൻ പൂമനമുരുകുന്ന പാട്ടു പോലെ

പകർന്നിടും നിനക്കേതു സാന്ത്വനം
എന്നറിയാതെ മൗനമായിന്നു ഞാനും
അറിയാതെ മൗനമായിന്നു ഞാനും

Friday, November 14, 2008

ഫൈലാക്ക ദ്വീപ്

ഫൈലാക്ക ദ്വീപ്
Friday, November 14, 2008



Sunday, November 09, 2008

ശ്രീ കല്ലറ ഗോപൻ പാടിയ നീയുമേതോ മൗനമായ് എന്ന ഗാനം...

ശ്രീ കല്ലറ ഗോപൻ സാർ  ഈണമിട്ട് പാടിയ "നീയുമേതോ മൗനമായ്..." എന്ന ഗാനം നിങ്ങൾക്കായി ഇവിടെ സമർപ്പിക്കുന്നു. ഗോപൻ സാറിനോടുള്ള നിസീമമായ നന്ദി ഇതോടൊപ്പം അറിയിക്കുന്നു.






നീയുമേതോ മൗനമായ്...അകലുമീ വേളയില്‍
അണയുമീ സന്ധ്യയും...മീട്ടിയോ താന്തമായ്...
ഓര്‍മ്മകള്‍ ഉണര്‍ത്തുമീ...ശോകാര്‍ദ്രമാം ഗീതികള്‍..(നീയുമേതോ)


നിലാവിലും തിരഞ്ഞുവോ വിതുമ്പിയോ നിഴലിനായ്...
തെളിയുമീ പുലരിയും തരുന്നുവോ സം‌വേദനം...
ഏകാകിയായ് തിരയുന്നുവോ ശലഭമേ മധുകണം
വസന്തവും വെടിഞ്ഞൊരീ വിജനമാം വനികയില്‍


പൊഴിയുമീ മഴമേഘമേ...മറയ്ക്കുമോ മിഴിനീരിനേ...
അണയ്ക്കുമോ അകതാരിലേ...എരിയുമീ ഉമിതീയിനി
ഒഴിയുമീ കിളിക്കൂട്ടിലെ സ്മൃതിപഥം മരിക്കുമോ...
(നീയുമേതോ)

Wednesday, November 05, 2008

രണ്ടെണ്ണം...

കവിത
----------
കോമരമുറഞ്ഞു തുള്ളിയടങ്ങും-
മുമ്പേയുതിരും ചിലമ്പിന്‍ മണികള്‍.



പ്രണയം
-------------
വെയിലിൻ വിരല്‍പ്പാട്
തേടുന്ന വള്ളികൾ.

Thursday, October 30, 2008

ഉമ്മ

ഉമ്മയെന്ന വാക്ക്
മനമൊട് ചേർത്തു
വയ്ക്കുന്നൊരരിയ
സ്നേഹത്തയൂട്ടി-
യുറപ്പിക്കുമെന്നല്ലാ-
തൊരുന്മാദനടനവുമാടുകില്ല,
കാണാതൊരാഴവും
പരപ്പും തേടുകില്ല,
നമുക്കിടയിൽ.

കേട്ടുനില്‍പ്പവന്റെ
വെകിളിപ്പിടിച്ച
ജ്വരജല്പനങ്ങൾ
നമ്മുടെ സ്വാസ്ഥ്യം
കെടുത്തുവതെങ്ങിനെ?

Thursday, October 23, 2008

മത്സ്യകന്യക

1.
നിന്നോടു തുറന്നുപറയാന്‍
ഭയന്ന്‌, മനസ്സിനുള്ളില്‍
കുറിച്ചുവച്ചിരുന്നവയില്‍
മഴയേറ്റ്‌
മഷിപടര്‍ന്നു.
മിഴിധാരയില്‍ അക്ഷരങ്ങള്‍
പുണർന്നൊഴുകിപ്പോയി.

2.
നീലിച്ച പുഴയരികിൽ
നീ ഓർമ്മതൻ അലയിൽ
അനുബിംബമോളങ്ങളിൽ
ഉലയുന്നതു നോക്കിയിരിക്കുമ്പോൾ
തെളിയുന്ന അക്ഷരങ്ങൾക്ക്
മറുമൊഴിയേകരുത്.

3.
നീവരുവോളം
കാത്തിരിക്കുമെന്ന്‌
തിരയേറിവന്ന നീലിച്ച
അക്ഷരങ്ങള്‍ കുറിച്ചിട്ടത്‌,
കടല്‍ത്തീരത്ത്‌
കളിക്കുന്ന കുട്ടികള്‍
വാരിയെടുത്തൊരു
മത്സ്യകന്യകതീര്‍ത്തു.

Friday, October 10, 2008

സമയാസമയം

വിരസമായിക്കൊണ്ടിരിക്കുന്ന
വിരഹഗാനമൊന്ന്‌
വാതായനത്തിലൂടെ
ഇറങ്ങിപ്പോയിരുന്നെങ്കില്‍
എന്നാശിച്ചതിനു തൊട്ടുപിന്നാലെ

കണ്ണീരുകുടിച്ചുവറ്റിച്ച്‌
പുഴുക്കല്‍മണംപേറുന്ന തലയിണ
മാസം മാറ്റാത്ത കലണ്ടര്‍ ചൂണ്ടിക്കാട്ടി
വിയര്‍പ്പുമണംപേറുന്ന ചുളിഞ്ഞ
കിടയ്‌ക്കവിരിയ്‌ക്കടിയിലേക്ക്‌ ഊളിയിട്ടു,
ഇറങ്ങിപ്പോയിട്ട്‌ അരനാഴികയായില്ല!

മിഴിയിണയിലെ പേമാരിയെ
തുലാവര്‍ഷപ്പാട്ടിലാവാഹിച്ച്‌
പാലമരത്തിന്റെ ഉച്ചിയില്‍
പ്രതിഷ്‌ഠിച്ചിട്ട്‌ അരനാഴികയായില്ല!

കത്തിയെരിഞ്ഞടങ്ങുംമുന്‍പേ
അഗ്നിശുദ്ധിതെളിയിക്കുന്ന തെളിച്ചമേ
എരിഞ്ഞടങ്ങുമ്പോള്‍
ഒരുനുള്ളു ഭസ്‌മം കാറ്റെടുത്തെന്റെ
മൂര്‍ദ്ധാവിനെ മുകര്‍ന്നോട്ടെ!

Saturday, September 13, 2008

ചിങ്കാരീയെന്നു തുടങ്ങുന്ന ഗാനം ശ്രീ രാജേഷ് രാമന്റെ സ്വരത്തിൽ...

ശ്രീ രാജേഷ് രാമൻ സംഗീതവും ഓർക്കസ്ട്രേഷനും നൽകി ആലപിച്ച ചിങ്കാരീ എന്നു തുടങ്ങുന്ന ഗാനം, എല്ലാവർക്കും ഓണാശംസകളോടെ ഇവിടെ സമർപ്പിക്കുന്നു.


ചിങ്കാരീ ചിണുങ്ങുന്ന പൂങ്കുരുവീ
ചിങ്കാരീ കുണുങ്ങുന്ന പൂങ്കുരുവീ
ചിങ്കാരീ ചിങ്കാര പൂങ്കുരുവീ
ചിങ്കാരീ കിന്നാര പൂങ്കുരുവീ

ഏലേലം തോണിതന്നരയത്ത്
അരയന്ന തോണിതന്നമരത്ത്
തിരുവോണ പൂക്കളും പുടവയുമായ്
തുഴതുഴഞ്ഞണയണതാരാണ് (2) (ചിങ്കാരീ...)

നിന്മാരനാണെടീ ചിങ്കാരീ
പൂമാരനാണെടീ പൂങ്കുഴലീ
പൂഞ്ചേല ചുറ്റി നീ മാരനുമായ്
പൂക്കളമൊരുക്കെടീ പൂങ്കുരുവി (ചിങ്കാരീ...)





ഇവിടെ നിന്ന്‌ ഡൗണ്‍ലോഡ്‌ ചെയ്യാം.

Sunday, September 07, 2008

ചിന്തേരിട്ടത്‌

ചിന്തേരിട്ട് ചിന്തേരിട്ടെന്റെ
ചിത്തതിനുള്ളിലിരുത്തും
ചിന്ത കതിരുകളേ...

വിതച്ചാൽ നിങ്ങൾ
പതിരാകുമോ
അതോ കതിരാകുമോ?

Friday, September 05, 2008

കുമ്പസാരം

'തലതെറിച്ചതാ'
ഉടല്‍ ബാക്കിയുണ്ട്,
ഉടലോടെ സ്വര്‍ഗ്ഗത്തില്‍
പോകേണ്ടതല്ലയോ!

Wednesday, August 27, 2008

ശ്രീ പ്രദീപ് സോമസുന്ദരത്തിന്റെ സ്വരത്തിൽ ‘എത്ര നാൾ ഇങ്ങിനെ'യെന്ന ഗാനം...

ശ്രീ അനിൽ ബി. എസ് (1 , 2 ), ശ്രീ രാജേഷ് രാമൻ , എന്നിവർ ഒരുക്കിയ സംഗീതത്തിൽ ശ്രീ പ്രദീപ് സോമസുന്ദരൻ (1 , 2 ) ആലപിച്ച 'എത്ര നാൾ ഇങ്ങിനെ'യെന്ന ഗാനം നിങ്ങൾക്കായി ഇവിടെ സമർപ്പിക്കുന്നു.

ഈ ഗാനം റിയാ വിജയന്റെ സ്വരത്തിൽ നേരത്തെ ബ്ലോഗിൽ ഇട്ടിരുന്നു. ഈ അവസരത്തിൽ ഇതിനു പിന്നിൽ പ്രവർത്തിച്ച ഒരോരുത്തർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.



ഇവിടെ നിന്നും ഡൗൺലോഡ് ചെയ്യാം.

Monday, August 25, 2008

പനി

ശംഖനാദം
മൂന്നുവട്ടം.
കുരുക്ഷേത്ര ഭൂവിൽ രഥങ്ങളുരുളുന്നു.
മുരള്‍ച്ച, അട്ടഹാസം, ഞരക്കങ്ങള്‍...

കുന്തീ, കവചകുണ്ഡലങ്ങളറുത്തില്ല കര്‍ണന്‍.

വിവസ്‌ത്രയായ പാഞ്ചാലീ
നിനക്കെന്തു വസ്‌ത്രാക്ഷേപം?
അഴിച്ചിട്ട മുടിയാല്‍ മാറെങ്കിലും മറയ്‌ക്കൂ.

നഗ്നമായൊരു തുടയിലടിച്ചാരോ
ഗദയെ വെല്ലുവിളിക്കുന്നല്ലോ!

പതിനെട്ടിന്റെ വിശുദ്ധീ,
പത്തൊമ്പത്‌ പൂഴിക്കടകന്‍.

അഭിമന്യു ചക്രവ്യൂഹത്തിനു പുറത്ത്‌.

ശകുനി പിതാമഹനോടൊപ്പം
ഇപ്പോഴും ചിരഞ്‌ജീവി!

ഇരുട്ടു കനക്കുമ്പോഴെല്ലാമെനിക്ക്‌
രാപ്പനി കടുക്കും.

Wednesday, August 20, 2008

സമയമില്ല, യൊട്ടും...

മിനിറ്റുകള്‍ മണിക്കൂറുകളായി
പരിണമിക്കുമ്പോൾ,
കറയറ്റ് കടയറ്റ്‌ കാറ്റെടുത്ത്‌
കൊഴിയുന്ന പഴുത്തയിലപോലെ-
യക്കങ്ങള്‍ അടര്‍ന്നുവീഴും.

കൃത്യം പന്ത്രണ്ടില്‍ തുടങ്ങും
പതിനൊന്നിലോട്ടൊടുങ്ങും.
ശേഷം കാണുന്ന ശൂന്യതയിലേക്കു
നോക്കി മിനിറ്റ്‌ സൂചിയും
മണിക്കൂര്‍ സൂചിയും വിറയ്‌ക്കും.

ചുവട്ടില്‍ വീണടിഞ്ഞ
പന്ത്രണ്ടു മണിക്കൂറുകളിൽ
‍നാലൊന്നും രണ്ട് രണ്ടും കണ്ട്
‌പന്ത്രണ്ടുമണിക്കൂറുകള്‍ക്ക്‌
പതിനഞ്ചക്കങ്ങളെങ്ങിനെയെന്നു
പകച്ചുനില്‍ക്കാതെ കടന്നുവരൂ...

ക്ലോക്ക്‌... ക്ലോക്ക്‌... ക്ലോക്കേ....

പിന്നിട്ട സമയങ്ങളിലൂളിയിട്ടു
മടങ്ങാനാരേയുമനുവദിക്കാത്ത
ഒരേയൊരു ക്ലോക്ക്‌ വില്‍ക്കാനുണ്ട്‌.

Friday, August 15, 2008

ഒരു കൊഞ്ചല്‍,ഒരു വെമ്പൽ ‍എന്നിവ...

മുറ്റത്തെ പൂവെല്ലാമിറുത്ത്‌
മൂക്കോടടുപ്പിച്ച്‌
പൂമ്പൊടിപുരണ്ട മൂക്കും
മേല്‍ച്ചുണ്ടുമിളക്കിച്ചിരിച്ച്‌
പൂവിലുമിളം കുരുന്നു
കൈയിലെപ്പൂവുനീട്ടി
"മണമെല്ലാം മോളെടുത്തമ്മേ
പൂവമ്മയ്‌ക്ക്‌".

പാലില്‍ പഞ്ചാരയിടാൻ
‍പാത്രമെടുക്കുമ്പോളെവിടെ-
യാണെങ്കിലും ഓടിയെത്തും
ഒന്നല്ല, രണ്ടു സ്‌പൂണാണു കണക്ക്‌:
"പഞ്ചാരതിന്നാലല്ലേ
പഞ്ചാരയുമ്മ തരാനാവൂ അമ്മേ".
പാലുകുടിക്കുന്ന
ഗ്ലാസിൻ ‍ചുവട്ടിൽ
‍ഒന്നോ രണ്ടോ കവിൾ
‍ബാക്കിവച്ച്‌ നീട്ടും
"പാലുകുടിച്ചാലേ വലുതാവൂ അമ്മേ".

വീഴുവാനായുമ്പോൾ
‍എടുക്കണമുമ്മകൊണ്ട്‌
അപ്പോളുതിരുന്ന ചിന്തുകൾ
‍മൂളുമിളംകൊഞ്ചലോടെ,
"ഒരുമ്മയാദ്യമേയമ്മയ്‌ക്ക്‌
അമ്മ വീഴാതെയിരിക്കുവാന്‍".

രാത്രിയിലെയുമ്മയ്‌ക്ക്‌
ഉറക്കത്തിലുമൊളിപ്പിക്കാ-
നാകാത്തയാ കള്ളച്ചിരി
കാണുമ്പോള്‍, കെട്ടിപ്പിടിച്ച്‌
ഒരായിരമുമ്മയാല്‍മൂടി-
യൊരമ്മക്കോഴിപോല്‍ ചിറകിനടിയിൽ
‍ചെമ്പരുന്തുകള്‍ കൊത്താതെ-
യെന്നുമൊളിപ്പിക്കാന്‍ വെമ്പും.

Saturday, August 09, 2008

ഒറ്റ

ഒരൊറ്റ മൊഴി-
യൊരൊറ്റ വഴി-
യൊരൊറ്റ നിറം,
നമുക്കൊരൊറ്റയിടം.

Monday, August 04, 2008

ഒരിക്കല്‍ കൂടി നീ... എന്നു തുടങ്ങുന്ന വരികൾ ശ്രീ സുരേഷ് കാഞ്ഞിരക്കാടിന്റെ സ്വരത്തിൽ.

ഒരിക്കല്‍ കൂടി നീ... എന്നു തുടങ്ങുന്ന വരികൾ ശ്രീ സുരേഷ് കാഞ്ഞിരക്കാടിന്റെ സ്വരത്തിൽ.


ഒരിക്കല്‍ കൂടി നീ അറിയൂ കൃഷ്ണേ
വേനല്‍ ചൂടായ് നിനക്കായ് ഉരുകി
പിടയും കരളിന്‍ തേങ്ങല്‍ക്കയങ്ങള്‍.

ഒരിക്കല്‍ കൂടി നീ പറയൂ കൃഷ്ണേ
നെഞ്ചോടു ചേര്‍ന്നെന്‍ കാതില്‍ പറയൂ
സ്നേഹമെന്നൊരു വാക്കു വീണ്ടും മൊഴിയൂ.

ഒരിക്കല്‍ കൂടി നീ അണയൂ കൃഷ്ണേ
അകലെ നിന്നരികില്‍‍ നീ വന്നണയൂ
മനസില്‍ നിറയെ വസന്തം പൊഴിക്കൂ.

ഒരിക്കല്‍ കൂടി നീ തഴുകൂ കൃഷ്ണേ
പീലി കണ്ണാല്‍ മൃദുവായ് തഴുകൂ
പൊഴിയും ഹിമമായ് എന്നെ പൊതിയൂ.




ഈ ഗാനത്തിന്റെ mp3 ഇവിടെന്നു ഡൗൺലോഡ് ചെയ്യാം.

Monday, July 28, 2008

നിണമെഴുതിയത്‌- ഒരനുബന്ധം.

നിണമെഴുതിയത്‌ എന്നപേരില്‍ കഴിഞ്ഞ മാര്‍ച്ചില്‍ പോസ്‌റ്റ്‌ ചെയ്‌ത കവിത ശ്രീ. എസ്‌.വി. രാമനുണ്ണി മാഷ്‌ സ്വത്വനിര്‍മിതിയിലെ വൈചിത്ര്യങ്ങള്‍ എന്ന തലക്കെട്ടില്‍ ഇങ്ങനെ വായിക്കുന്നു.

ഇതേ കവിത കാണാമറയത്തിന്റെ ശബ്ദത്തില്‍ ഇവിടെ കേള്‍ക്കാം.

അല്ലെങ്കില്‍ താഴെ

Monday, July 07, 2008

ഒരിക്കല്‍, ഒന്നാമത്‌

അച്ഛനുമമ്മയ്‌ക്കുമിടയില്‍
മുത്തശ്ശിയുടെ കുഴമ്പു
മണക്കുന്ന മുറിയില്‍
കല്ലും മാലയും കളിയില്‍

സ്‌കൂളിലെ അസംബ്ലി നിരയില്‍
യുവജനോത്സവങ്ങളില്‍
കൊല്ലപ്പരീക്ഷകളില്‍
ടെസ്റ്റുകളില്‍
ഇന്റര്‍വ്യൂകളില്‍...

ഒടുവില്‍

രണ്ടാമൂഴക്കാരിയെന്ന
തോന്നലൊഴിവാകുന്നത്‌
രണ്ടാനമ്മയെന്നല്ലാതെ
അമ്മേയെന്നു മക്കള്‍
വിളിക്കുമ്പോഴാണെന്നവള്‍!

Monday, June 30, 2008

ചകിരികൊണ്ടു മൂടിവയ്‌ക്കാത്തത്‌

കാണാത്തയിടങ്ങള്‍
കാട്ടാന്‍ കൊണ്ടുപോകാമെന്നു
കേട്ടനാളുണ്ടായ കൗതുകം, ആകാംക്ഷ...
അവിടെ ചെന്നുമടങ്ങിയശേഷം
മരവിപ്പ്‌, വിറച്ച്‌ കണ്ണടച്ചിരുപ്പ്‌...

എന്നാലും,
കാണാത്തയിടങ്ങളിലെ
കുഞ്ഞു കാട്ടുപൂക്കള്‍ക്ക്‌
രസമുള്ള മണമുണ്ടെന്നും
വാടിയ തൊട്ടാവാടികള്‍
കണ്ണുതുറന്നുകാണില്ലെന്നുമവള്‍
ഇടയ്‌ക്കിടെ ഓര്‍ക്കുന്നുണ്ടാവും.

പൂമണവുമായെത്തുന്ന കാറ്റ്‌
"കാണാത്തയിടങ്ങള്‍, ആരും
കാണാത്തയിടങ്ങള്‍" എന്ന്‌
നൂറുനൂറുവട്ടം മന്ത്രിക്കുമ്പോള്‍,
അവിടെയെവിടെയോ തുമ്പകള്‍
ചുമന്ന വരകളോടെ പൂവിട്ടതും
അറിയാത്തയിടത്ത്‌ വേദനയുടെ
അലകളൊഴുകിയപ്പോള്‍
മരങ്ങള്‍ തലകുനിച്ച്‌
ഇലകൊഴിച്ചതും
അയാള്‍ ചിറികോട്ടിയതും
എന്തിനാണെന്നറിയാന്‍
അവള്‍ക്ക്‌ കൗതുകം കാണും..

*** *** ***
"കാണാത്തയിടങ്ങളിലേക്ക്‌
കൊണ്ടുപോകാം, പോരുന്നോ?"
എന്നൊരു ചോദ്യം
സ്വകാര്യം ചോദിക്കുന്നോ?
കേട്ടാല്‍ ‍കേട്ടെന്നു നടിക്കരുത്‌,
കൂടെ പോകരുത്‌,
പോകാന്‍ തുനിയരുത്‌...

എനിക്ക്‌ കാണാത്തയിടങ്ങളിലെ
അലകള്‍ കേള്‍ക്കാതെ കേള്‍ക്കാനുണ്ട്‌..,
ഞാന്‍ അവളെ കാണാതെ കാണുന്നുണ്ട്‌.
അവളിപ്പോഴും കണ്ണുതുറന്നിട്ടില്ല.

Friday, June 27, 2008

കിന്‍ഡ്‌റെഡ്‌, ഒക്ടാവിയ ഇ. ബട്‌ലര്‍

1979- സയന്‍സ്‌ ഫിക്‌ഷന്‍ രംഗത്ത്‌ വെള്ളക്കാരായ പുരുഷ എഴുത്തുകാര്‍
അരങ്ങുതകര്‍ത്ത്‌ വാഴുന്ന കാലം. ആഫ്രിക്കന്‍ അമേരിക്കന്‍ വംശജയായ ഒക്ടാവിയ ഇ. ബട്‌ലര്‍(June 22, 1947 – February 24, 2006) തന്റെ കിന്‍ഡ്‌റെഡ്‌/Kindred എന്ന സയന്‍സ്‌ ഫിക്‌ഷന്‍ നോവല്‍ എഴുതിത്തീര്‍ത്ത്‌ പ്രസാധകരുടെ വാതിലുകള്‍ മുട്ടുന്നതും അതേ കാലത്താണ്‌. സ്‌ത്രീ, ആഫ്രിക്കനമേരിക്കക്കാരി , സയന്‍സ്‌ ഫിക്‌ഷന്‍, ഒന്നും പോരാഞ്ഞ്‌ സിവില്‍ വാറിനു മുമ്പുള്ള കാലഘട്ടത്തിലെ തോട്ടത്തിന്റെ പശ്ചാത്തലം- ഒക്ടാവിയയ്‌ക്കുമുന്നില്‍ നിരവധി പുരികക്കൊടികളുയര്‍ന്നു. ഒരു തോട്ടത്തിന്റെ പശ്ചാത്തലമെങ്ങനെ സയന്‍സ്‌ ഫിക്ഷന്‍ നോവലിന്‌ യോജിക്കുമെന്ന്‌ പ്രസാധകരുടെ വലിയ സന്ദേഹമായിരുന്നു. ഒക്ടാവിയയ്‌ക്കു മുന്നില്‍ വാതിലുകളൊന്നും തുറന്നില്ല. ആത്മവീര്യം നഷ്ടപ്പെടുത്താതെ അവര്‍ വീണ്ടും വാതിലുകള്‍ തേടിയലഞ്ഞു. ഒടുവില്‍ കിന്‍ഡ്‌റെഡ്‌ എന്ന ഒക്ടാവിയയുടെ മാസ്റ്റര്‍ പീസ്‌ സയന്‍സ്‌ ഫിക്‌ഷന്‍ അച്ചടിമഷിയില്‍ തെളിഞ്ഞു.

ഡാന- കറുത്തവര്‍ഗ്ഗക്കാരിയായ യുവതി, പ്രതിഭാസമ്പന്ന. ഭര്‍ത്താവ്‌ കെവിന്‍,
വെള്ളക്കാരന്‍. ഇരുവരും കാലിഫോര്‍ണിയയിലെ പുതിയ വീട്ടിലേക്ക്‌ താമസംമാറ്റിയിട്ട്‌ അധികനാളായില്ല. എഴുത്തിന്റെ മേഖലയില്‍ രണ്ടാളും ശ്രദ്ധിക്കപ്പെടുവരുന്നവര്‍. ജീവിതം മെച്ചപ്പെട്ടുവരുന്ന സമയം. പെട്ടെന്നാണ്‌ ഡാനയുടെ ശാന്തവും സുന്ദരവുമായ ജീവിതം തകിടംമറിയുന്നത്‌.

ഇരുപതാം നൂറ്റാണ്ടിലെ ജീവിതത്തില്‍നിന്ന്‌ ഡാനയെ പിന്നെ കാണുന്നത്‌ തെക്ക്‌ സിവില്‍ വാറിനു മുമ്പുള്ള, അടിമത്തം മുറ്റിനില്‍ക്കുന്ന കാലഘട്ടത്തിലെ മെറിലാന്‍ഡ്‌ തോട്ടത്തിലാണ്‌. അവിടെയവള്‍ തോട്ടമുടമയുടെ ഇളയമകന്‍ റൂഫസിന്റെ പരിരക്ഷിയും വീട്ടുജോലിക്കാരിയുമാവാന്‍ നിര്‍ബന്ധിതയാവുന്നു. വൈകാതെ അവളൊരു യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നു- ഒരടിമയുടെ കുഞ്ഞിന്‌ പിതൃത്വം സമ്മാനിച്ചതിന്റെ ഫലമായി റൂഫസ്‌ തന്റെ മുതുമുച്ഛനാണെന്ന യാഥാര്‍ത്ഥ്യം! ശേഷം ആകസ്‌മികമായ സംഭവങ്ങളുടെ കുത്തൊഴുക്കാണ്‌. അടിമത്തവും അതിന്റെ ഭാഗമായുണ്ടാവുന്ന സംഭവങ്ങളും വളരെയാഴത്തില്‍ വ്യക്തിപരമായ രീതിയില്‍ ഡാന മുഖത്തോടുമുഖം കാണുകയാണ്‌...


ഡാനയെന്ന സ്‌ത്രീയെങ്ങനെ കാലഘട്ടങ്ങള്‍ക്ക്‌ അതീതയായി രണ്ടു കാലങ്ങളിലൂടെ സഞ്ചരിക്കുന്നുവെന്ന്‌ കിന്‍ഡ്‌റെഡ്‌ എന്ന സയന്‍സ്‌ ഫിക്‌ഷനില്‍ ഒക്ടാവിയ ഇ. ബട്‌ലര്‍ യുക്തിക്ക്‌ നിരക്കുന്ന വിധത്തില്‍ പറഞ്ഞുവയ്‌ക്കുന്നില്ല. ഒടുവില്‍ ഇരുപതാം നൂറ്റാണ്ടിലേക്ക്‌ മടങ്ങിയെത്തുമ്പോള്‍ എങ്ങനെയോ അതിനിഗൂഢമായി അവള്‍ക്ക്‌ സ്വന്തം ഇടതുകൈ നഷ്ടമാകുന്നുമുണ്ട്‌. ഒരുപക്ഷേ എഴുത്തുകാരിയുടെ ബിംബകല്‌പനയാവാം- പത്തൊമ്പതാം നൂറ്റാണ്ടിലെ കറുത്തവര്‍ഗ്ഗക്കാരായ അടിമകളെ അവരുടെ യജമാനന്മാര്‍ മുക്കാല്‍ മനുഷ്യരായേ കണ്ടിരുന്നുള്ളൂവെന്ന്‌... ഡാന ഇരുപതാം നൂറ്റാണ്ടില്‍ തിരികെയെത്തുമ്പോഴും, ഇന്ന്‌ അടിമകളല്ലെങ്കിലും കറുത്തവര്‍ഗ്ഗക്കാരെ പൂര്‍ണരായി കാണാത്ത കണ്ണുകളുണ്ട്‌ എന്നും...


അതിമനോഹരമായ ശൈലീവിലാസത്താല്‍ മനസ്സിനെ വികാരഭരിതമാക്കുന്ന
സമ്പുഷ്ടമായൊരു നോവലാണ്‌ കിന്‍ഡ്‌റെഡ്‌. ചരിത്രപ്രധാനമായ പരാമര്‍ശങ്ങളില്‍ വസ്‌തുതകള്‍ തെല്ലും ചോര്‍ന്നുപോകാതിരിക്കാന്‍ ഒക്ടാവിക നന്നായി ഗൃഹപാഠം ചെയ്‌തിരിക്കുന്നെന്നും നോവല്‍ വിളിച്ചുപറയുന്നു.


ചുറ്റിലുമുള്ള അനീതികള്‍ തിരിച്ചറിഞ്ഞ്‌ തന്റെ മനസ്സിന്റെ ശബ്ദങ്ങളെ
അക്ഷരങ്ങളില്‍ കുത്തിയൊഴുകാന്‍ വിടുന്ന എഴുത്തുകാരിയാണ് ഒക്ടാവിയ. മനുഷ്യനെ വര്‍ണ്ണ വിവേചനവും ലിഗംഭേദവും പ്രബലതയുമെല്ലാം എങ്ങിനെ മാറ്റിമറിക്കുകയും സ്വാധീനിക്കയും ചെയുന്നു എന്നു ഒക്ടാവിയ അവരുടെ നോവലുകളിലൂടെ വരച്ച് കാട്ടുന്നു. ഒക്ടാവിയയുടെ ഒട്ടുമിക്ക നോവലുകള്‍ ശ്രദ്ധിച്ചല്‍ തന്നെ മനസിലാകും ശക്തമായ പ്രകൃതമുള്ള കറുത്തവര്‍ഗ്ഗകാരികളായ സ്ത്രീകളാണ് മിക്കവാറുമുള്ള മുഖ്യകഥാപാത്രങ്ങളെന്ന്.

1995ല്‍ അവര്‍ക്ക്‌ മക്‌ആര്‍തര്‍ ഫെലോഷിപ്‌ ലഭിച്ചു. സയന്‍സ്‌ ഫിക്‌ഷന്‍ എഴുത്തുകാരില്‍ ലോകത്താദ്യമായി ഈ ബഹുമതി ലഭിച്ചത്‌ ഒക്ടാവിയയ്‌ക്കാണ്‌. വേള്‍ഡ്‌ സയന്‍സ്‌ ഫിക്‌ഷന്‍ സൊസൈറ്റിയില്‍നിന്ന്‌ രണ്ട്‌ ഹ്യൂഗോ അവാര്‍ഡ്‌, ദ സയന്‍സ്‌ ഫിക്‌ഷന്‍ റൈറ്റേഴ്‌സ്‌ ഓഫ്‌ അമേരിക്കയുടെ രണ്ട്‌ നെബുല അവാര്‍ഡ്‌ എന്നിവയും ഒക്ടാവിയ ഇ. ബട്‌ലറെ തേടിയെത്തിയിട്ടുണ്ട്‌.

Wednesday, June 25, 2008

അലഞ്ഞലഞ്ഞ് എന്ന ഗാനം റിയയുടെ ശബ്ദത്തില്‍...

അലഞ്ഞലഞ്ഞ്... എന്ന പേരില്‍ ബ്ലോഗില്‍ ജൂണ്‍ ൬ രണ്ടായിരത്തിയെട്ടില്‍ പോസ്റ്റ് ചെയ്തിരുന്ന ചില വരികള്‍ റിയ വിജയന്റെ ശബ്ദത്തില്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നു...

റിയ വിജയന്‍, എറണാകുളം ജില്ലയിലെ പറവൂര്‍ സ്വദേശി... ഇപ്പോള്‍ പി. ജി. കഴിഞ്ഞ് ഒരു പ്രൈവറ്റ് കമ്പനിയില്‍ ജോലി ചെയ്യുന്നു.. അഞ്ച് വര്‍ഷമായി സംഗീതം പഠിക്കുന്നുണ്ട്.. ഏഴോളം മൂസിക് ആല്‍‌ബങ്ങളില്‍ പാടിയിട്ടുണ്ട്.. ജാസി ഗിഫ്റ്റിനോടൊപ്പം ചെയ്‌ത "നില്ലെടി നില്ലെടി കുയിലേ" എന്ന ആല്‍ബവും"അത്തം പത്ത്"എന്ന ഓണപ്പാട്ടുകളിലെ "മലയാളക്കരയാകെ" എന്നുള്ള ഗാനവും ശ്രദ്ധിക്കപ്പെട്ടിരുന്നു...

ഈണമോ താളമോ എന്തെന്നു അറിയതെയെഴുതിയ ഈ വരികള്‍ പാടിയ റിയയ്ക്കും, റിയയെ പരിചയപ്പെടുത്തിയ അജീഷിനും നന്ദി.





ഇവിടെ നിന്നും ഡൗൺലോഡ് ചെയ്യാം.

Tuesday, June 17, 2008

കാലം തെറ്റിയത്...

തൊടിയിലെ

ചെടികളീറനണിഞ്ഞ്
കുളിരണിഞ്ഞ്
ഇലയോടില ചേര്‍ന്ന്
നനഞ്ഞൊട്ടി, തലയാട്ടി.

മഴകുമ്പിള്‍ മരകൊമ്പില്‍,
കുതിര്‍ന്ന തൂവലിനുള്ളില്‍
കൂടണയുവാനാവാത്ത
നേര്‍ത്ത കുറുകലുകള്‍.

ഇലയൊരുകുട
കുടയ്ക്കൊരുകുടം
ഇളവെയിലത്ത്
പെയ്തൊഴിയാതെ
ചാഞ്ഞും ചരിഞ്ഞും
കാറ്റിന്റെ ഗതിയ്ക്കൊപ്പം
കാലം തെറ്റി
പെയ്തിറങ്ങുന്നൊരു മഴ.

വെയിലേല്‍ക്കാതെ
പിടിച്ചിരുന്ന കുട മടക്കി
തൊടിയിലൂടെ
മരം കുടപിടിയ്ക്കാത്തൊരിടം
തേടി നീയും നടന്നുവോ?




Thursday, June 12, 2008

ഒരു വിളക്കുതെളിയുമ്പോള്‍...



അളവുകോലുകൊണ്ട്‌ ആഴിയുടെ
ആഴവും പരപ്പും അളക്കുന്നതുപോലെ,
അളക്കുകയായിരുന്നു ഇത്രനാളുമേറ്റ
മുറിവുകളുടെ ആഴവും പരപ്പും.

നീതന്ന മുറിവുകള്‍
‍എന്നെങ്കിലുമുണങ്ങുമോ ഇല്ലേയെന്ന്‌
ഇന്നെനിക്ക്‌ വേവലാതിയില്ല.
അവ പുഴുവിഴയാതെ കാക്കാന്‍
ഞാന്‍ ശീലിച്ചിരിക്കുന്നു, ശരിക്കും.

എനിക്കുവേണ്ടി പ്രാര്‍ഥിച്ച്‌
നിന്റെ ഈശ്വരന്മാരെ ശല്യപ്പെടുത്തി
എന്റെ മുറിവുകള്‍ക്കുമേലെ നീ
വീണ്ടും എരിവുപൊടി വിതറാതിരിക്കുക.

ശപിക്കാനായി കുന്നുകൂടിയ
കാരണങ്ങളും ശാപവാക്കുകളും
ഇന്നെനിക്കന്യമല്ല, നിനക്കാ-
യെന്നാല്‍ ശാപവും കോപവും
എന്തിനൊരോര്‍മതന്‍ ചിന്തുപോലും
നിന്നെ ത്യജിക്കും, ഉറപ്പായും.

എന്നേ നിന്റെയുമെന്റെയും
കണ്ണുതുറപ്പിച്ച ദൈവമെന്നെ
കണ്ണടയ്‌ക്കാനനുവദിക്കാതെ
വിശ്വാസിയോ അവിശ്വാസിയോ
അല്ലാതാക്കിത്തീര്‍ത്തിരിക്കുന്നു.

അതിനാല്‍ നിനക്കായിനി
കാത്തിരിപ്പില്ല, പ്രാര്‍ഥനകളുമില്ല

Sunday, June 08, 2008

Black week, to protest against the black world

Joining hands with Inji Pennu against the black world of kerals dot com.

Friday, June 06, 2008

അലഞ്ഞലഞ്ഞ്...

എത്രനാള്‍ ഇങ്ങനെ
എത്ര രാവിങ്ങനെ
അടരുവാന്‍ മടിയാര്‍ന്നി-
തെത്ര നാളിങ്ങനെ

കരളിലെ കനവും
നിനവിലെ നിലാവും
കനലായെരിഞ്ഞും
വിമൂകം കരഞ്ഞും
അറിയാതലഞ്ഞും
(എത്ര നാളിങ്ങനെ)

ഉള്ളിലെ തേങ്ങലും
വിരഹവുമൊടുങ്ങുവാന്‍
‍ഒരുമാത്ര കാണുവാന്‍
ഒരു വാക്കു മിണ്ടുവാന്‍
(എത്ര നാളിങ്ങനെ)

വിറയാര്‍ന്ന ചുണ്ടില്‍
‍നിന്നടരുന്ന തേന്‍കണം
ചുംബിച്ചെടുക്കുവാ‍ന്‍
‍നെഞ്ചോടണയ്‌ക്കുവാന്‍

എത്രനാള്‍ ഇങ്ങനെ
എത്ര രാവിങ്ങനെ
അടരുവാന്‍ മടിയാര്‍ന്നി-
തെത്ര നാളിങ്ങനെ.

Tuesday, June 03, 2008

Blogger being stalked and harassed by kerals.com

Cyber harassment and Cyber stalking are analogous and most of the time we use them interchangeably. Even so there is a self-possessed dissimilarity, characteristically linking to the perpetrator’s goal and the unusual inspiration for their conduct.

Cyber harassment and Cyber stalking situations habitually engage in many of the same online approach, cyber stalking is almost always characterized by follower “the stalker” relentlessly pursuing his\her victim online and is much more likely to include some form of offline attack, as well. This offline aspect makes it a more serious situation as it can easily lead to dangerous physical contact, if the victim’s location is known.


Cyber stalkers are habitually obsessed by vengeance, hatred, anger, irritation, envy, mania and mental illness. While a cyber harasser may be aggravated by some of this same mind-set, often the stalking is driven by the yearning to fight/scare/humiliate/put down the stalking victim. Most of the times the stalkers intention is to teach the victim a lession.

Most recent incident know to me about Cyber harassment and Cyber stalking are done by kerals.com, towards a fellow blogger Inji Pennu (1 , 2 ), for informing kerals.com that they have stolen a vast majority of posts from Malayalam blogs/bloggers. I found it outrageous when I read that that they have created a falsified account on her behalf under an X-rated site of their own. This kind of acts falls under most deceitful type of cases in cyber stalking. I also noted that they have send an email to Inji stating that they have found where she lives. I strongly believe that, law enforcement must be contacted “RIGHT AWAY” to begin an active investigation into the circumstances of the situation.

Today kerals.com is stalking Inji. You or I may be targeted tomorrow for our freedom of speech. So have a voice now


Helpful links.
i. Stalking self-help.
ii. Cyber stalking and Internet Safety FAQ by Rachel R. Hartman

ഓഫ്:
പ്രതികരിക്കാതെ ഇരുന്നിരുന്നു റൂട്ടിറങി ട്രീയാകുന്നതാണ് ഇതരക്കാര്‍ക്ക് വളമേകുന്നത്.

Thursday, May 29, 2008

ഇനി ഓടിക്കളിക്കാം


An apology from kerals dot com

After sending complaint mails to kerals dot com, abuse at theplanet dot com, copyright at theplanet dot com, Adscense etc... on 27th may 2008, and getting banned form kerals dot com, I received a mail from support at kerals dot com saying that all of my copied blog posts are removed form their site.






മറ്റു പല ബ്ലോഗര്‍ സുഹൃത്തുകളുടെയും ബ്ലോഗ് പോസ്റ്റുകള്‍ ഇപ്പോഴും അവിടെ ഉള്ളതിനാലും, ഇപ്പോഴും ചില ബ്ലോഗര്‍ സുഹൃത്തുകള്‍ക്ക് ഭീഷണി ഇ-മെയില്‍ അയക്കുന്നത് കേരള്‍സ് ഡോട്ട് കോം തുടരുന്നതിനാലും ഈ പ്രശ്നത്തില്‍ മലയാളം ബ്ലോഗ് സമൂഹം കൈക്കൊള്ളുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ പിന്തുണയും എന്റെ ഭാഗത്തു നിന്ന് തുടര്‍ന്നും ഉണ്ടാവുന്നതാണ്‌.

Wednesday, May 28, 2008

Bootlegging bloggers posts, Shame on you Kerals dot com

On Monday May 26 around 11:30 AM I was glancing through my personal mail and found an email with link to this Malayalam blog post, reporting content theft by Kerals.com (you can read the respected post in English here). After reading the post, I went through http://www.kerals.com/ and found out that, this is not an isolated incident, because materials from so many bloggers are appearing under the Malayalam poems, novels and recipes headings of their Malayalam section.

To my surprise I stumbled up on my on blog posts under second page of Malayalam poems section, that too ten of them. Obviously I didn’t give permission to kerals.com to copy my blog content and place it on their website, and my blog is licenced under Creative Common license.


Here are detailed list of contents stolen by them one by one.




















I did send an e-mail to kerals.com on May 27, 2008 stating that they have unauthorized copywrited material from my blog listed on their website and I will be forced to take legal action against them, if they dont remove the copywrited contents form their site ASAP. Instead of replying to my e-mail, my IP was blocked from accessing Kerals.com. Here is the screen I got while I was trying to access their site.



Here are links to post of some of the fellow bloggers who are facing the same situation.

കണ്ണൂസ്‌ :- Are you a thief Mr. www.kerals.com

Tuesday, May 27, 2008

പോസ്റ്റും കട്ടു ബാനും ചെയ്തു!!!

ഇന്നലെ കിട്ടിയ മെയിലിലെ ലിങ്കില്‍ നിന്നും സജിയുടെ പോസ്റ്റിലും അവിടെ നിന്നും kerals ഡോട്ട് കോമും കാണാന്‍ ഇടയായപ്പോള്‍ ഒരു വല്യ ഞെട്ടലിനു നാന്ദികുറിക്കുന്നയൊന്നാണവിടെ കാണാന്‍ ഇടയാകുന്നതെന്നു കരുതിയിരുന്നില്ല.

അവരുടെ മെയിന്‍ പേജില്‍ നിന്നും “മലയാളം” ക്ലിക്ക് ചെയ്താല്‍ Malayalam poems എന്ന ലിങ്കില്‍ അനേകം ബ്ലോഗേഴ്സിന്റെ കവിതകള്‍ സ്വരൂപിച്ച് വയ്ച്ചിരിക്കുന്നതായി കാണാം. ആദ്യത്തെ പേജില്‍ തന്ന എനിയ്ക്ക അറിയാവുന്ന ചില ബ്ലോഗേഴ്സിന്റെ സൃഷ്ടികള്‍ കാണുവാനും കഴിഞ്ഞു.


രണ്ടാമത്തെ പേജില്‍ ഞാന്‍ മുന്‍‌കാലങ്ങളില്‍ ബ്ലോഗില്‍ കവിത എന്ന ലേബലില്‍ പോസ്റ്റ് ചെയ്തിരുന്ന 10 പോസ്റ്റുകള്‍ കാണാന്‍ കഴിഞ്ഞു.



ബ്ലോഗില്‍ ഇട്ടിരുന്നത് എന്റെ അറിവോ സമ്മതമോയില്ലാതെയാണ് kerals ഡോട്ട് കോമില്‍ ഇട്ടിരിയ്ക്കുന്നതെന്നു എടുത്ത് പറയേണ്ടതില്ലലൊ. ഇതു ശ്രദ്ധയില്‍ പെട്ടതിനു ശേഷം ഇന്നു രാവിലെ ഞാന്‍ അവര്‍ക്ക് ബ്ലോഗിലെ പോസ്റ്റുകളുടെ ലിങ്കും ആരുടെ സൈറ്റിലെ ലിങ്കും താരതമ്യപ്പെടുതി ഒരു ഇ-മെയില്‍ അയക്കുകയുണ്ടായി.

It came to my attention that, You have copied contents from malayalam blogs and placed it on your website, kerals.com.
http://www.kerals.com/malayalam/kerala/malayalam.php?f=8http://kerals.com/malayalam/kerala/malayalam.php?f=15
There I found 10 of my blog(http://www.rithubhedangal.blogspot.com/) contents under the section Malayalam Poems( http://www.kerals.com/malayalam/kerala/malayalam.php?f=8&topicdays=0&start=25&sid=a697c3688ddf7b205a5c895a5c2c487b) . I have protected my blog under Creative Commen license. And you have no right to copy the contents form my blog and place it on your site.
Here are those links from my blog and your website.
1. http://rithubhedangal.blogspot.com/2007/12/blog-post_27.html

http://www.kerals.com/malayalam/kerala/kerala.php?t=6020&sid=a697c3688ddf7b205a5c895a5c2c487b

2. http://rithubhedangal.blogspot.com/2008/01/blog-post.html

http://www.kerals.com/malayalam/kerala/kerala.php?t=6019&sid=a697c3688ddf7b205a5c895a5c2c487b

3. http://rithubhedangal.blogspot.com/2008/01/blog-post_17.html


http://www.kerals.com/malayalam/kerala/kerala.php?t=6018&sid=a697c3688ddf7b205a5c895a5c2c487b

4. http://rithubhedangal.blogspot.com/2008/02/blog-post.html

http://www.kerals.com/malayalam/kerala/kerala.php?t=6017&sid=a697c3688ddf7b205a5c895a5c2c487b


5. http://rithubhedangal.blogspot.com/2008/02/blog-post_20.html

http://www.kerals.com/malayalam/kerala/kerala.php?t=6016&sid=a697c3688ddf7b205a5c895a5c2c487b

6. http://rithubhedangal.blogspot.com/2008/03/blog-post_19.html

http://www.kerals.com/malayalam/kerala/kerala.php?t=6015&sid=a697c3688ddf7b205a5c895a5c2c487b

7. http://rithubhedangal.blogspot.com/2008/03/blog-post_24.html

http://www.kerals.com/malayalam/kerala/kerala.php?t=6014&sid=a697c3688ddf7b205a5c895a5c2c487b

8. http://rithubhedangal.blogspot.com/2008/04/blog-post_9346.html

http://www.kerals.com/malayalam/kerala/kerala.php?t=6013&sid=a697c3688ddf7b205a5c895a5c2c487b

9. http://rithubhedangal.blogspot.com/2008/04/blog-post_18.html

http://www.kerals.com/malayalam/kerala/kerala.php?t=6012&sid=a697c3688ddf7b205a5c895a5c2c487b

10. http://rithubhedangal.blogspot.com/2008/04/blog-post_28.html

http://kerals.com/malayalam/kerala/kerala.php?t=6010&sid=8f23d0ed2918f8bae31cde100c10f8ca

Please do remove the contents ASAP, otherwise i will be forced to take legal actions against your website. I have also noted that you have ads all over your website. You cannot put ads on copied content. This issue will be reported to your hosting service and to google.


ഇത്രയുമായിരുന്നു ഇ-മെയില്‍ അയച്ചത്. കട്ട മുതലിന്റെ തൊണ്ടി ഒളിപ്പിയ്ക്കാന്‍ അവര്‍ക്ക് വേറെ വഴിയില്ലാത്തതിനാലാകണം, ഇതിനു മറുപടി തരുന്നതിനു പകരം അവര്‍ എന്റെ ഐ.പി അഡ്രസ് ബ്ലോക്ക് ചെയ്യുകയാണുണ്ടായത്.

ഇഞ്ചിയുടെ മോഷണം മോഷണം തന്നെ പാരില്‍ എന്ന പോസ്റ്റില്‍ പോസ്റ്റുകള്‍ മോഷ്ടിക്കപ്പെട്ടവര്‍ക്ക് വേണ്ടി ഉപകാരപ്രദമായ ചില വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ചോദ്യം, ഉത്തരം

പഴകിപ്പോയ പിണക്കങ്ങള്‍
തുടക്കവുമൊടുക്കവുമില്ലാത്ത
അഭിപ്രായഭിന്നതകള്‍.
ഒരൊറ്റ നനുത്തയുമ്മയാല്‍
ഉറക്കിയ രാവുകള്‍,
ഉണര്‍ത്തിയ പുലരികള്‍.

പരസ്പരം കണ്ണുകളിലെ
കൃഷ്ണമണിയില്‍
തെളിയുന്ന രൂപങ്ങള്‍
മുത്തമിടാനായുമ്പോള്‍‍
കാണാതെ കാണുവതും
പറയാതെ പറയുവതും
അറിയാതെ അറിയുവതും
ഒടുവിലലിയാതെയലിഞ്ഞു
പോവതും നാം മാത്രം.

ഇതിത്തിരി
സ്നേഹമെങ്കിലൊത്തിരി
സ്നേഹമെത്രമാ‍ത്രമായിരിക്കു-
മെന്ന ചോദ്യത്തിനു
കിട്ടിയയുത്തരം,
കടലോളമല്ല
കടുകുമണിയോളവുമല്ല-
യൊരുമ്മയോളമെന്നത്രേ.

Friday, May 16, 2008

പ്രയാണം, പാദമുദ്രകളില്ലാതെ

ജനാലയിലൂടെ പോക്കുവെയില്‍ അരിച്ചെത്തുന്നുണ്ടായിരുന്നു. നിന്റെ മുറിയുന്ന വാക്കുകള്‍ക്ക്‌ കാതോര്‍ക്കുകയായിരുന്നു ഞാന്‍, തിരിച്ചൊന്നും മിണ്ടാതെ. നിന്റെ കരിവാളിച്ച കണ്‍തടത്തിലൂടെ ചാലുകീറിയൊഴുകുന്ന കണ്ണീര്‍, അതില്‍ കുതിര്‍ന്നൊട്ടിപ്പോയ കണ്‍പീലികള്‍, അഴിഞ്ഞുലഞ്ഞ വെള്ളികെട്ടിത്തുടങ്ങിയ ചുരുണ്ട മുടി, വിയര്‍പ്പില്‍ ഒഴുകിയിറങ്ങി മൂക്കിന്‍തുമ്പില്‍ വെയിലിന്റെ വിരലുകള്‍ ചുമന്ന വൈഡൂര്യമായി തിളക്കിനിര്‍ത്തിയ സിന്ദൂരം, എല്ലുകളുന്തിനില്‍ക്കുന്ന കുഴിഞ്ഞ കവിള്‍ത്തടങ്ങള്‍. തൊണ്ടയില്‍‍ കുരുങ്ങുന്ന വാക്കുകളുടെ വീര്‍പ്പുമുട്ടലില്‍ ശ്വാസമെടുക്കാന്‍ പാടുപെട്ട്‌ വിതുമ്പുന്ന വരണ്ടുകീറിയ ചുണ്ടുകളും ഉയര്‍ന്നുതാഴുന്ന മാറിടവും. കഴുത്തിലെ കുരുക്കിറുക്കിയ നീലച്ച മുറിപ്പാട്‌... ഇവയൊക്കെ ഒന്നു പോലും വിടാതെ വീഡിയോ ക്യാമറയെപ്പോലെ ഓര്‍മയുടെ ഓരോ ഏടിലേക്കും ഒപ്പിയെടുക്കുകയായിരുന്നു എന്റെ കണ്ണുകള്‍ എന്ന്‌ ഓര്‍ത്തിരുന്നില്ല; നിന്റെ വാക്കുകളും തേങ്ങലും, ഇടയ്‌ക്ക്‌ ഉച്ചത്തിലാകുന്ന നിലവിളിയും അവയ്‌ക്ക്‌ പശ്ചാത്തല സംഗീതമൊരുക്കിയെന്നും...

എന്തൊക്കെയോ പറഞ്ഞുപറഞ്ഞ്‌ നിന്നെ ആശ്വസിപ്പിക്കാന്‍ നോക്കുമ്പോഴും അറിയാമായിരുന്നു വാക്കുകള്‍ക്ക്‌ ഉണക്കാനാവാത്ത ആഴമുള്ള മുറിവുകളാണ്‌ നിന്റെയുള്ളില്‍ പലരുമുണ്ടാക്കിയതെന്ന്‌. നീ പറഞ്ഞുതന്ന രേഖാചിത്രങ്ങള്‍ മനസ്സില്‍ ഒരു വെളിച്ചപ്പാടിനെപ്പോലെ തുള്ളിയുറയുന്നുണ്ടായിരുന്നു. അവര്‍ നിന്നോടുചെയ്‌തതിന്‌ ശിക്ഷവാങ്ങിക്കൊടുക്കുമെന്നുറപ്പിച്ചാണ്‌ അവിടെനിന്നു മടങ്ങിയതും.
തുടര്‍ന്നുള്ള നാളുകളിലെ എന്റെ ഫോണ്‍വിളികള്‍ നിന്നെ അലോസരപ്പെടുത്തിയിരിക്കാം. ആര്‍ക്കുവേണമല്ലേ കൊള്ളിയാനെപ്പോലെ മിന്നിവീഴുന്ന ചോദ്യങ്ങളും സഹതാപവുമെല്ലാം? അന്നെനിക്ക്‌ അതിനേ കഴിയുമായിരുന്നുള്ളൂ. പറഞ്ഞുകേട്ടവയുടെ കണ്ണികള്‍ എവിടെയൊക്കെയോ അറ്റുപോയിട്ടുണ്ടെന്നായിരുന്നു എന്റെ മനസ്സില്‍. കേട്ടറിവിന്‌ അനുഭവത്തിന്റെ ആഴമില്ലല്ലോ. വൈകാതെ ഞാന്‍ തിരക്കുകളിലേക്കുവഴുതിവീണു.., അവയ്‌ക്കിടയിലെങ്ങോ നിന്നെയും മറന്നു, മനഃപൂര്‍വമല്ലെങ്കിലും. നിയമത്തിന്റെ വെള്ളാനകള്‍വിഴുങ്ങി നിനക്ക്‌ നീതിനിഷേധിക്കപ്പെട്ടത്‌ വൈകിയാണറിഞ്ഞതും. കുറ്റവാളികള്‍ക്ക്‌ രക്ഷപ്പെടാനുള്ള വഴികള്‍ എനിക്ക്‌ അടയ്‌ക്കാമായിരുന്നു..., ചെയ്‌തില്ല. തെറ്റായി... എല്ലാം തെറ്റായിപ്പോയി...

ഒടുവില്‍, തിരുത്താനായെങ്കില്‍ എല്ലാം എന്നാശിച്ച്‌ മുന്നില്‍ ഓടിയെത്തിയപ്പോഴേക്കും എല്ലാ വാതിലുകളും എല്ലാവര്‍ക്കുംനേരെ കൊട്ടിയടച്ച്‌.., ആര്‍ക്കും പിടികൊടുക്കാതെ, ആര്‍ക്കും എത്തിപ്പെടാനാവാത്ത അകലത്തേക്ക്‌... നീ....

ഇപ്പോള്‍ നീ അന്നുപറഞ്ഞതൊക്കെയും ദുഃഖപര്യവസായിയായിമാത്രം തീരുന്നൊരു മുഴുനീള ചലച്ചത്രമായി മനസ്സില്‍ പ്രദര്‍ശനത്തിനെത്തുന്നു- ഇടവേളകളില്ലാതെ.. ആവര്‍ത്തിച്ച്‌... അവയ്‌ക്കിടയിലെപ്പോഴോ ഞാന്‍ നീയായി താദാത്മ്യം പ്രാപിക്കുന്നു. സഹിക്കാനാവുന്നില്ലെനിക്ക്‌, ഉള്ളില്‍ കരിങ്കല്ലുകളുടുക്കുമ്പോലുള്ള ഭാരം തോന്നുന്നെന്ന്‌ നീ പറഞ്ഞത്‌ എനിക്കിപ്പോള്‍ അതേപടി അനുഭവിക്കാനാവുന്നുണ്ട്‌. ഇടയ്‌ക്ക്‌ എന്റെ കഴുത്തില്‍ ആരോ കയറിട്ടുമുറുക്കുന്നു. ശ്വാസംകിട്ടാതെ പിടഞ്ഞെണീറ്റ്‌ ഓടാന്‍ ശ്രമിച്ച്‌ ഭ്രാന്തമായ ആവേശത്തോടെ കഴുത്തില്‍ പാടുകളുണ്ടോയെന്ന്‌ തടവിനോക്കുന്നു. ബോധമനസ്സിലെവിടെയോ അറിയാം ഞാന്‍ നീയല്ലെന്നും ഇതൊക്കെയെന്റെ തോന്നലാണെന്നും. പക്ഷേ വയ്യ.. നിന്റെ വേദനയെന്റെ മനസ്സിന്റെ താളുകള്‍ക്കിടയില്‍ നിമിഷംപ്രതി പെറ്റുപെരുകുന്നു. ഒരു വലിയ മുട്ടപൊട്ടിച്ച്‌ അരിച്ചിറങ്ങുന്ന ചിലന്തിക്കുഞ്ഞുങ്ങള്‍ ശരീരത്തിലാകമാനം പരതുന്നപോലെ. ഞാന്‍പോലുമറിയാതെ നീയാവുകയാണ്‌ ഞാന്‍. നീ പറഞ്ഞ ഒറ്റപ്പെടലിന്റെ വേദന, അവഗണനയുടെ ഒളിയമ്പുകള്‍, പിന്നില്‍നിന്നുള്ള പിറുപിറുക്കലുകള്‍- എല്ലാമെനിക്ക്‌ അനുഭവിക്കാനാവുന്നുണ്ട്‌. നിന്റെ ശരീരത്തില്‍ അന്നുണ്ടായിരുന്ന സിഗരറ്റുകൊണ്ട്‌ കുത്തിപ്പൊള്ളിച്ച പാടുകള്‍ ഉറ്റവരുടെ കൂര്‍ത്ത നോട്ടത്തിന്റെ തീക്ഷ്‌ണതകൊണ്ട്‌ രൂപപ്പെട്ടതായിരുന്നോ? അവയെന്റെ ദേഹത്തും പ്രത്യക്ഷമാകുന്നെന്ന്‌ ഭയന്ന്‌ വിഹ്വലതയോടെ ഞാന്‍ എന്നെ നോക്കുമ്പോള്‍ സ്വന്തം ദൃഷ്ടിയാല്‍ എന്റെ ശരീരം പൊള്ളിയടരുന്നുവോ!..

ഒക്കെയൊരു സ്വപ്‌നമായിരുന്നെങ്കില്‍, അതില്‍നിന്നൊന്ന്‌ ഉണരാനായെങ്കില്‍ എന്നാശിക്കുന്നുണ്ട്‌ ഞാന്‍. പക്ഷേ ബോധം വീണ്ടുകിട്ടുന്ന നിമിഷങ്ങളിലും തിരിച്ചറിയാനാകുന്നുണ്ട്‌ ഒന്നും സ്വപ്‌നമല്ലെന്ന്‌. ദിനരാത്രങ്ങളായി ചിന്തകളാല്‍ വേട്ടയാടപ്പെടുന്നതു സഹിക്കാനാവാതെ ഓടിയൊളിക്കപ്പെട്ട ഉറക്കം ഇനിയും എന്നെത്തേടി മടങ്ങിവന്നിട്ടില്ല. മണിക്കൂറുകള്‍ നീളുന്ന സ്‌നാനങ്ങള്‍ ഒന്നും കഴുകിക്കളയുന്നില്ല. ചിന്തകള്‍ക്ക്‌ സ്‌ഫടികത്തിന്റെ തിളക്കമേറ്റി വയ്ക്കുന്നു. ഞാന്‍ ആരെന്ന്‌ സ്വയം മറക്കുന്ന നിമിഷങ്ങളും, നീയാരെന്ന്‌ ഞാന്‍ സ്വയമറിയുന്ന നിമിഷങ്ങളും ഏറിവരുന്നു. ഞാന്‍ നിന്റെ കാല‌ടികള്‍‍ പിന്തുടരുകയല്ല, നിന്റെ പാദങ്ങളാവുകയാണ്‌. നീ നടന്ന വഴികളിലൂടെയാണിപ്പോള്‍ എന്റെ സഞ്ചാരം. കാണാനില്ല നിന്നെ, പക്ഷേ കൂടെയുണ്ട്‌ നീ... എന്റെ കൂടെ... നിഴലായല്ല, ഞാനായിട്ട്‌. എനിക്ക്‌ മുഖത്തോടുമുഖം കാണണമെന്നുണ്ട്‌ നിന്നെ. എന്തുപറഞ്ഞാശ്വസിപ്പിക്കണം നിന്നെയെന്ന്‌ എനിക്ക്‌ വെളിപാടുണ്ടായിരിക്കുന്നു. ഞാനിപ്പോള്‍ നീതന്നെയാണല്ലോ... അതോ നീ ഞാനോ?...നിന്റെ മനസ്സാണ്‌ ഇപ്പോഴെനിക്കും... ഉറപ്പ്‌....

ഒരേയൊരു പടവ്‌.. അതുമാത്രമേ ബാക്കിയുള്ളൂ എനിക്ക്‌ പൂര്‍ണമായും നീയായിമാറാന്‍. ഞാനത്‌ നടന്നുകയറുകയാണ്‌., അതോ പറന്നോ! എന്റെ വരവ്‌ നീ പ്രതീക്ഷിക്കുന്നുണ്ടാവില്ല. എങ്കിലും ഞാന്‍നിനക്കൊരു അധികപ്പറ്റാവുമെന്ന വേവലാതിയില്ല. ഇനിയൊരു യാത്രയോ മടക്കയാത്രയോ ഇല്ലല്ലോ...

ഞാനൊരു ചെറിയ പട്ടമായി പറന്നുപറന്ന്‌ നിന്റെയരികിലെത്തും. അതില്‍ കോര്‍ക്കാന്‍ ബലമുള്ളൊരു ചരട്‌ ഞാന്‍ കണ്ടുവച്ചിട്ടുണ്ട്‌. മഴവില്ലിന്റെ നിറങ്ങളത്രയും ഉള്ളിലാവാഹിച്ച ഒരു തൂവെള്ളപ്പട്ടം. ഒരു മരക്കൊമ്പില്‍ കുരുങ്ങിക്കിടക്കുന്ന പട്ടം. തെല്ലിട അത്‌ കാറ്റിന്റെ വഴിയില്‍ പാറിക്കളിക്കും.... കാറ്റുനിലയ്‌ക്കുംമുമ്പേ നിശ്ചലമാവും. അപ്പോളെനിക്ക്‌ നിന്നെയും നിനക്കെന്നെയും കാണാനാകും. കുറേപ്പേര്‍ അപ്പോള്‍ കാറ്റത്തും പറക്കാന്‍മറന്ന്‌ മരത്തില്‍ കുരുങ്ങിയ പട്ടംകണ്ട്‌ മുഖമുയര്‍ത്തും... പിന്നെ നെറ്റിചുളിച്ച്‌ മുഖംകുനിക്കും... എന്നിട്ടും കുറേപ്പേര്‍ കണ്ടില്ലെന്നുനടിക്കും.., തിടുക്കത്തില്‍ നടന്നകന്നു പോകും.

Friday, May 09, 2008

മിറാഷ്

പെയ്യാതെപോയ കാര്‍മേഘത്തെനോക്കി സൂര്യന്‍ പറഞ്ഞു:
"ഹേ, കാര്‍മേഘമേ.., നീ ഭൂമിയിലേക്ക്‌ മഴനൂലുകളെറിഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷേ മാരിവില്ലിന്റെ ഏഴുവര്‍ണ്ണങ്ങളും അതില്‍ തൂങ്ങി പിടയുമായിരുന്നു. പെയ്‌തൊഴിയുന്നതിലുമെത്രയോയേറെ ഭംഗിയായി, നീ പെയ്യാതെ ഒഴിഞ്ഞത്‌".

ഇതുകേട്ട്‌, മരണത്തോടു മല്ലിട്ടുകൊണ്ടിരുന്ന മുഴുപ്പട്ടിണിക്കാരായ പുല്ലുകള്‍ അവസാനയിറ്റു വെള്ളംകുടിച്ച്‌ മരിക്കാമെന്ന മോഹംവെടിഞ്ഞ്‌മണ്ണോടു മുഖംചേര്‍ത്തു.

"എന്നിലേക്ക്‌ അലിഞ്ഞുചേരാന്‍പോലും ആവാത്തത്ര നിങ്ങള്‍ഉണങ്ങിവരണ്ടുപോയിരിക്കുന്നു"-
ഭൂമി പുല്‍ത്തുമ്പുകളുടെ കാതില്‍ മന്ത്രിച്ച്‌ ആകാശത്തേക്ക്‌ ഉറ്റുനോക്കി.

തനിക്ക്‌ ഇതൊന്നും കണ്ടുനില്‍ക്കാനാവില്ലെന്ന ഭാവത്തില്‍ സൂര്യന്‍പടിഞ്ഞാറോട്ട്‌ പ്രയാണം തുടര്‍ന്നു...

Tuesday, May 06, 2008

വലുതാവുമ്പോള്‍ ആരാവണം?

കഞ്ഞിയും കറിയും,
അച്ഛനുമമ്മയും,
അമ്മയും കുഞ്ഞും,
കളിവീടുകെട്ടല്‍,
കളിയോടമുണ്ടാക്കല്‍,
കളിയൂഞ്ഞാലാടല്‍,
മണ്ണപ്പംചുടല്‍...
എല്ലാം പഴയ കളികള്‍.

കല്ലുസ്ലേറ്റും പെന്‍സിലും
പുതിയ 'കളി'.

ആദ്യം,കല്ലുപെന്‍സില്‍
‍വിരലിനിടയില്‍പ്പിടിച്ച്‌
ഞെരിക്കണം,
എഴുതിത്തേയുന്നതിലും
വേഗമെഴുതണം,
എഴുതുന്നതിലുംവേഗം
മുനയൊടിക്കണം.
(അല്ലെങ്കിലും എഴുതി
തേഞ്ഞുതീരാന്‍
വിധിക്കപ്പെട്ടതാണല്ലോ
അതിന്റെ ജന്മം).

കല്ലുസ്ലേറ്റില്‍ നീ
കുത്തിവരച്ച്‌
എഴുതിപ്പഠിക്കണം,
തളിര്‍ക്കണം,
തെളിയണം.
തെളിയുമ്പോള്‍ മറയണം,
മറന്നെന്നു നടിക്കണം,
വീണ്ടും എഴുതണം.

എഴുതാനാവാത്തതിനും
എഴുതിത്തെളിയാത്തതിനും
എഴുതിമായ്‌ച്ചതിനും
എഴുതിമായ്‌ക്കാനാവാത്തതിനും
അക്ഷരങ്ങള്‍ പിഴച്ചതിനും
അക്ഷരങ്ങളാല്‍ പിഴപ്പിച്ചതിനും
പഴിക്കുക, കല്ലുസ്ലേറ്റിനെ.

എറിഞ്ഞുടച്ചുടനതിനുപകര-
മെടുക്കുക, വേറൊരു കല്ലുസ്ലേറ്റ്‌.
പുതിയ പാഠങ്ങളെഴുതുക,
പഠിക്കുന്നെന്നു നടിക്കുക,
പഠിക്കാതെ പഠിപ്പിക്കുക.

ഇനി പറയൂ,
നിനക്ക്‌ ആരാവണം,
കല്ലുസ്ലേറ്റ്‌?
കല്ലുപെന്‍സില്‍?

Friday, May 02, 2008

വിലക്കപ്പെട്ട കനി

വൈന്‍ ഗ്ലാസിലേയ്ക്ക് നീട്ടിയ കൈകളില്‍ പരസ്പരം വിരല്‍തുമ്പുകള്‍ മുട്ടിയപ്പോള്‍, അത്താഴത്തിനിടയിലെ സംഭാഷണം പെട്ടെന്നു മുറിഞ്ഞു. രണ്ടാളും ഒന്നിച്ച് തലയുയര്‍ത്തി നോക്കി. അവരുടെ കണ്ണുകള്‍ പരസ്പരം ഉടക്കി. അവള്‍ പെട്ടെന്ന് തലകുമ്പിട്ട് വൈന്‍ ഗ്ലാസുമെടുത്ത് ജാലത്തിന്റെയരികിലേയ്ക്ക് നടന്നു.

"എനിയ്ക്ക് നിന്നെ ഏറെനാളായി ഇഷ്ടമാണ്, ഇപ്പോള്‍ നിന്നെ കാണുമ്പോള്‍ എനിയ്ക്ക് നിന്നില്‍ ഇച്ഛയേറിവരുന്നൂ..." പിന്നില്‍ നിന്നും സ്വരം അവളെ തേടിയെത്തി.

"അരുത്, ഞാന്‍ നിനക്ക് വിലക്കപ്പെട്ട കനിയാണ്..."

"ഹ..ഹാ...ആപ്പിള്‍...ആപ്പിള്‍, അതിനു ഞാന്‍ ആദവും നീ ഹവ്വയുമല്ലല്ലോ. ഹവ്വയും ഹവ്വയും വിലക്കപ്പെട്ട കനി പകുതിട്ടേയില്ല...“ എന്നു കേട്ട സ്വരം ഉയര്‍ന്ന മുഖത്തേക്ക് അവജ്ഞയോടെ അവള്‍ നോക്കി. ആ കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു.

തലയുയര്‍ത്തിപ്പിടിച്ച് "നിന്റെ കണ്ണുകളിലെയും മനസ്സിലെയും കളങ്കത്തിന്റെ തിളക്കം കഴുകി കളയാന്‍ ഇതിനെയാകൂ..." എന്നലറി കൈയിലിരുന്ന വൈന്‍ ഗ്ലാസ് ആ മുഖത്തെയ്ക്ക് വീശിയെറിഞ്ഞു കൊടുത്തിട്ട് അവള്‍ പുറത്തേയ്ക്ക് നടന്നു.

Thursday, May 01, 2008

വരുന്നൂ.., റെയ്‌സ് ട്രാക്ക് മെമ്മറി


Tuesday, April 29, 2008

കം‌പ്യൂട്ടറിന് ഇനി പ്രകാശവേഗം


സ്നിഫ്...സ്നിഫ്..ഹാ‍ാ‍ാ‍...


Monday, April 28, 2008

നിരപരാധി

കൊല്ലുവാനായിരുന്നില്ല...
കൊല്ലുവാനായിരുന്നില്ല...
എന്‍ കൈത്തലം മൃദുവായ്‌
നിന്‍ കഴുത്തില്‍ മേയുമ്പോള്‍,
അറിയാതെ, അറിയാതെ
നഖംകൊണ്ടു ഞരമ്പുകളറ്റതല്ലേ.

മുറിക്കുവാനായിരുന്നില്ല,
ഞാന്‍നിന്‍ മിഴിക്കോണില്‍ തുളുമ്പിയ
നീര്‍മുത്തുകളൊപ്പുവാനാഞ്ഞപ്പോള്‍
‍അറിയാതെ, അറിയാതെ
വിരല്‍തുമ്പു‍കൊണ്ടറിയാതെ
കണ്‍മുന മുറിഞ്ഞതല്ലേ.

മനഃപൂര്‍വമായിരുന്നില്ല,
ഞാന്‍പകര്‍ത്തുമ്പോളറിഞ്ഞില്ല
ചഷകത്തില്‍ മധുവെന്നു
നിനച്ചത്‌ വിഷമായിരുന്നെന്നും.
കുത്തുവാനായിരുന്നില്ല, ഞാന്‍
‍കൈയിലെ കത്തിയെയോര്‍ക്കാതെ
നിന്നെ ചേര്‍ത്തുപിടിച്ചപ്പോള്‍
‍അറിഞ്ഞില്ല, അറിഞ്ഞില്ലതുനിന്റെ
പിന്നില്‍ തുളഞ്ഞുകയറുമെന്നും.

എന്നിട്ടും അറിഞ്ഞില്ല, ഞാന്‍
‍ഒട്ടുമേ, ഒന്നുമേ, അറിയില്ലയിനിയും,
ഞാനപരാധിയല്ല, ഞാനപരാധിയല്ല.

Friday, April 18, 2008

ഊട്ടുപുര

സ്വന്തമെന്നും
ബന്ധുവെന്നുമില്ലാതെ,
പ്രായഭേദമില്ലാതെ,
ഒന്നിച്ചെറിഞ്ഞതും അല്ലാത്തതുമായ

''കറിവേപ്പിലകള്‍, കറിവേപ്പിലകള്‍''

കൈകാലുകളേന്തിയേന്തി നടക്കുന്നു,
കുപ്പത്തൊട്ടിയില്‍നിന്നുമകലേക്ക്‌...
പല്ലുകള്‍ക്കിടയില്‍ ഞെരുങ്ങിഞെരുങ്ങി
ഞരമ്പുകള്‍ തെളിഞ്ഞ,

''പച്ച'' മനുഷ്യക്കറിവേപ്പിലകള്‍.
ഇനി ഉണ്ണാത്തവര്‍ക്കിരിക്കാം.

Friday, April 11, 2008

പരസ്‌പരം കാണാത്തത്‌..

നമുക്കിടയില്‍
ഋതുക്കളില്ല കരയില്ല
കടലില്ല ആകാശമില്ല
ഉയരുന്ന ശബ്ദമില്ല
തെളിയുന്ന വെളിച്ചമില്ല
മായുന്ന ഇരുളുമില്ല.

നമുക്കിടയില്‍
‍ആഴമില്ല ഉയരമില്ല
തുടക്കമില്ല ഒടുക്കമില്ല
ഒടുങ്ങാത്ത പകയില്ല
അടങ്ങാത്ത അഗ്നിയില്ല
മായയില്ല മന്ത്രവുമില്ല.

നമുക്കിടയില്‍
മഴയില്ല വെയിലില്ല
സൂര്യനില്ല താരമില്ല
തിങ്കളില്ല ചൊവ്വയില്ല
നിലാവില്ല നിഴലില്ല
കൊഴിയുന്ന യാമവുമില്ല.

നമുക്കിടയില്‍
തുളുമ്പുന്ന മിഴിയില്ല
വിതുമ്പുന്ന ചുണ്ടുകളില്ല
കുരുങ്ങുന്ന വാക്കില്ല
നീറുന്ന ആത്മാവില്ല
നിഗൂഢ മൗനമില്ല
നേരില്ല നെറിയുമില്ല.

നമുക്കിടയില്‍
‍ഞാനുമില്ല നീയുമില്ല
നമുക്കിടയിലൊന്നുമില്ല.

പിന്നെ എന്താണ്‌?
നമ്മള്‍ ആരാണ്‌?
ഒന്നുമല്ലാതെ,
ഒന്നിനുമല്ലാതെ,
വെറുതേ...

സ്നേഹം

കൊടിയ വിഷം പുരട്ടി
രാകിയ ചാട്ടുളിയാണ്, സ്നേഹം.
തകര്‍ത്ത് കയറുമത് നെഞ്ചിന്‍കൂട്,
ചീകിയില്ലാതെയാക്കുമകക്കാമ്പ്,
ധമനികളില്‍ വിഷംകലര്‍ത്തും
പിന്നെ ‘സമയമാകുന്നു പോലും‘....

Friday, April 04, 2008

ചിതലെടുക്കാത്ത ഡയറിക്കുറിപ്പുകള്‍, അമ്മയറിയാതിരിയ്ക്കാന്‍‍...

പേടിയാണ്‌ എനിക്കെന്റെ ശബ്ദത്തെ. വില്ലുകുലച്ച്‌ ലക്ഷ്യസ്ഥാനത്ത്‌എത്തിക്കുന്നതുപോലെ അതെന്റെ വികാരങ്ങളെയും വിചാരങ്ങളെയുംപൂര്‍ണനഗ്നരാക്കി എത്തിക്കും, ആ മുന്നില്‍. ഇനിയെന്റെ ശബ്ദംഅവിടേക്കെത്തരുത്‌ ഏതുമാര്‍ഗേനയുമെന്ന്‌ ഞാന്‍ അതിയായിആഗ്രഹിച്ചുപോകുന്നു. ഇനിമുതല്‍ നമുക്കിടയില്‍ ശബ്ദമുയര്‍ത്താതെ അക്ഷരങ്ങളാകുന്ന വാക്കുകള്‍ മാത്രമാകും വിശേഷങ്ങള്‍ കൈമാറുകയെന്ന്‌ ഞാന്‍ഉറപ്പിച്ചിരിക്കുന്നു.

എന്റെ കരഞ്ഞു നീരുവച്ച കണ്ണുകളില്‍ വീണ്ടും ഉരുള്‍പൊട്ടുമ്പോള്‍ഞാനെഴുതും- ''എനിക്കിവിടെ പരമാനന്ദമാണമ്മേ...''യെന്ന്‌. നാട്ടുകാരെയുംകൂട്ടുകാരെയും മുഖംകാണിക്കാന്‍മടിച്ച്‌, നാലു ചുവരുകള്‍ക്കുള്ളില്‍വിഷാദത്തിന്റെ കയങ്ങളില്‍ ഒളിച്ചിരിക്കുമ്പോള്‍ ഞാനെഴുതാം-''ജീവിതസൗഭാഗ്യങ്ങള്‍ക്കിടയിലും ഞാന്‍ തിരക്കുകളില്‍പെട്ടുപോയിരിക്കുന്നമ്മേ..''യെന്ന്‌.

സ്വരം കേള്‍ക്കണമെന്ന്‌ ഇന്നലെ വാശിപിടിച്ചപ്പോള്‍ ഭാഷ അറിയുകയുംപറയുകയും ചെയ്യുന്ന ഒരുവളെ പ്രതിഫലംകൊടുത്ത്‌ വിളിച്ചുവരുത്തി,ഞാനെന്നപോലെ സംസാരിപ്പിക്കാന്‍ തുനിഞ്ഞത്‌, എന്റെ ശബ്ദം അമ്മയുടെമനസ്സിനെ മുറിപ്പെടുത്താതിരിക്കാന്‍വേണ്ടി മാത്രമായിരുന്നു. പത്തുമാസംചുമന്നുപെറ്റ്‌ പൊക്കിള്‍ക്കൊടി അറുത്തുമാറ്റിയിട്ടും ദിനംപ്രതിദൃഢതയേറിവന്നിരുന്ന ബന്ധത്തിന്റെ മുന്നിലേക്കാണ്‌ ഒരു അപരിചിതസ്വരത്തെഞാന്‍ എന്റേതാക്കി വാടകയ്‌ക്കെടുത്തു വിട്ടത്‌.

കളിപിഴച്ചെന്ന്‌തുടക്കത്തിലേ നമ്മള്‍ മൂന്നുപേര്‍ക്കും മനസ്സിലായിട്ടും എന്തിനാണ്‌സംഭാഷണം തുടര്‍ന്നത്‌, എന്നെ ഇനിയും വേദനിപ്പിക്കാതിരിക്കാനോ? ആനിമിഷങ്ങളില്‍ ഞാന്‍ എന്നിലേക്കു ചുരുങ്ങിച്ചുരുങ്ങി ഇല്ലാതായെങ്കില്‍എന്നാശിച്ചു. ഈശ്വരാ എന്നു ഒരിക്കല്‍പ്പോലും വിളിക്കാത്ത എന്റെനാവിനെക്കൊണ്ട്‌ ഒടുവില്‍ ഞാന്‍ അതുപോലും വിളിപ്പിച്ചു.

ആ മുന്നില്‍ വന്നുനിന്നാലും തിരിച്ചറിയാനാവാത്തവിധം എന്റെ രൂപവും ഭാവവുംചിന്തയും മാറിയിരിക്കുന്നുവെന്ന്‌ മനസ്സ്‌ തറപ്പിച്ചുപറയുമ്പോഴും ആഅമ്മമനസ്സെന്നെ തിരിച്ചറിയുമെന്ന സത്യത്തെയും എനിക്ക്‌ പേടിയാണ്‌. ആ മനസ്സ്‌ എത്ര ഓടിവരാന്‍ ആഗ്രഹിച്ചാലും എത്തിപ്പെടാനാവാത്തയത്ര അകലത്തില്‍ഇപ്പോള്‍ ഞാനായത്‌ അത്രയുംനന്ന്‌.

എന്റെ ശബ്ദമോ ഞാനോ ആ മുന്നില്‍എത്താത്തിടത്തോളംകാലം അക്ഷരങ്ങളുടെ ചിറകേറിയെത്തുന്ന വാക്കുകള്‍ അമ്മയെസമാധാനിപ്പിക്കും, സന്തോഷിപ്പിക്കും. അതാണ്‌ വിശ്വാസം..., ആശ്വാസവും. അതോ ഒരു നിമിത്തംപോലെ അമ്മയ്‌ക്ക്‌ തോന്നുമോ ഞാന്‍ ഏതവസ്ഥയിലാണെന്ന്‌?!... ആ കണ്ണുകള്‍ ചുമന്നുകലങ്ങിനിന്ന്‌ തൃസന്ധ്യയിലെ മഴയാവുന്നത്‌സങ്കല്‌പിക്കുമ്പോള്‍ തളര്‍ച്ചയുടെ ഒരു പടിയില്‍നിന്ന്‌ മറ്റൊന്നിലേക്ക്‌ഇടറിവീഴുന്ന എനിക്ക്‌ വേറെന്തുചെയ്യാനാവും...

തുമ്പിയെ പിടിക്കാനോടിയപ്പോള്‍ കാല്‍തട്ടിവീണ്‌ മുട്ടുകള്‍ ഉരഞ്ഞുപൊട്ടിയവേദനയില്‍ ആ മടിയില്‍ കിടന്നുകരഞ്ഞ മൂന്നുവയസുകാരിയുടെ നിസഹായതാണ്‌ഇപ്പോഴുമെന്റേത്‌. എല്ലാമറിഞ്ഞ്‌ മാപ്പുതരണം.. ഇനിയും എത്ര ജന്മംവേണം അമ്മയെപ്പോലെ ഒരുവളാകാന്‍ എനിക്ക്‌... ഒരുപക്ഷേ എനിക്കൊരിക്കലും...

Monday, March 24, 2008

കാഴ്‌ച, പാളംതെറ്റാതെ..

പാളംതെറ്റുമെന്ന്‌ മനസ്സ്‌
ഉറപ്പിച്ചുപറഞ്ഞ തീവണ്ടിയില്‍
ഭയന്നുതന്നെയാണ്‌ കയറിയത്‌.

മൂന്നാം ക്ലാസ്സിലെ തിരക്കിനിടയിലും
മറന്നില്ല, അപായച്ചങ്ങലയില്‍
കണ്ണുകളുടക്കിവയ്‌ക്കാന്‍..

ഒരാവശ്യമെപ്പോളെന്നറിയില്ലല്ലോ.

മനസ്സിലെ വ്യാകുലതകള്‍
തീവണ്ടിയിലെ കുലുക്കം
വിഴുങ്ങിയെന്നോര്‍ത്തതു മണ്ടത്തരം.

പാളംതെറ്റുമ്പോഴും
അപായച്ചങ്ങലയില്‍ കണ്ണുറപ്പിച്ച്‌
പ്രതിമകണക്കെ നിന്നത്‌
അതിലേറെ മണ്ടത്തരം.

സഹയാത്രികര്‍ രക്ഷപ്പെടുന്നതു
കണ്ടിട്ടെങ്കിലും വിവേകമുദിക്കാത്തത്‌,
ചുറ്റുമുള്ള സൂചനകള്‍ തിരിച്ചറിയാഞ്ഞത്‌..
ഒക്കെയും അതിലുമേറെ മണ്ടത്തരം.

ശ്രദ്ധമുഴുവന്‍ അപായച്ചങ്ങലയില്‍
ആയിരുന്നിട്ടും എന്തേ അതൊന്നു
വലിച്ചില്ല..!, വലിക്കാന്‍ തോന്നിയില്ല!

എന്തിനു വെറുതേയതില്‍
കണ്ണുംനട്ടുനിന്നു?

Wednesday, March 19, 2008

...വെളിച്ചംവരെ


ഫോട്ടൊ വി.ആര്‍. ഹരിപ്രസാദ്
ചുറ്റും ഇരുട്ടെന്നു
പറഞ്ഞപ്പോള്‍
‍അന്ധന്‍ വഴിവിളക്കു
കാണിച്ചുതന്നു,
മിന്നാമിന്നികള്‍
‍ഉണ്ടെന്നു പറഞ്ഞുതന്നു.

കൊള്ളിയാന്‍ ആകാശം
വെള്ളിനൂലിട്ടുതരുന്നതാണെന്നും,
അതില്‍പ്പിടിച്ച്‌
മേഘപാളികളിലേക്ക്‌
പോകാമെന്നും പറഞ്ഞത്‌
ഞാന്‍ കേട്ടിരുന്നു.

ഒടുവില്‍ നിന്റെ സ്വരം
നേര്‍ത്തുനേര്‍ത്ത്‌
ഇരുട്ടിലലിഞ്ഞുപോയി,
ചുറ്റും മിന്നാമിനുങ്ങുകള്‍
‍പ്രകാശവലയം തീര്‍ത്തു.

Tuesday, March 11, 2008

നിണമെഴുതിയത്‌










ഫോട്ടൊ കടപ്പാട് കെ.ആര്‍. രഞ്ജിത്ത്

ഓരോ രാത്രിയുമിതള്‍കൊഴിയുമ്പോള്‍
നിന്റെ കള്ളങ്ങളെന്നെ ജയിക്കും.

താഴ്‌വാരത്തിലേക്കെന്നു പറഞ്ഞാ-
നയിച്ചതെന്നെ കുന്നിന്‍മുകളിലെ
കുരുതിക്കല്ലിലേക്കെന്നറിഞ്ഞിട്ടും,
കൂടെവന്നത്‌ നിന്റെ വാള്‍ത്തലപ്പിന്റെ
പളപളപ്പെന്റെകണ്ണില്‍
ഇരുട്ടുപടര്‍ത്തിയതിനാലല്ല.

എന്റെ കുരുതിക്കുശേഷവും
കള്ളംകൊണ്ടുനീ
ചുമന്ന കളമെഴുതണം.
പിന്നെ നിന്റെയാ കണ്ണില്‍ത്തെറിച്ച
ചോരയെന്റെ കണ്ണുനീരാല്‍ കഴുകണം.

ഇല്ലെങ്കില്‍, കളത്തിനുപിന്നില്‍
പിടയുന്ന ഉടല്‍, അറുത്തുമാറ്റപ്പെട്ട
ശിരസ്സിനോട്‌ പിടഞ്ഞുചേരുന്നത്‌
നിനക്കു കാണുവാനായെന്നുവരില്ല.

ഈ ജന്മത്തിലെ മുറിവുകള്‍ക്ക്‌
ക്ഷമിക്കാനും പൊറുക്കാനുംകഴിഞ്ഞത്‌
ഇനി അടുത്ത ജന്മത്തിലായെന്നും വരില്ല.


ഈ കവിതയെ കുറിച്ചുള്ള പഠനവും, കവിത ചൊല്ലിയതും --->ഇവിടെ <---

Friday, March 07, 2008

ന്യൂസ്‌ അവര്‍

നഗരത്തില്‍ ഇന്ന് അരങ്ങേറിയ
മനുഷ്യച്ചങ്ങലയില്‍
മഴവില്ലു തെളിഞ്ഞു.

പ്രതിനിധീ, എന്താണ്‌ വിശദാംശങ്ങള്‍?

മഴവില്ലു കണ്ടുവെന്നത്‌ ശരിയാണ്‌.
നാനാജാതി മതസ്ഥരായ
സ്‌ത്രീകളും പുരുഷന്മാരും
കുട്ടികളും ഒത്തുകൂടിയപ്പോള്‍
‍വിരിഞ്ഞ മഴവില്ലോ!

അവര്‍ കൈകോര്‍ത്തുപിടിച്ചപ്പോള്‍
‍ഓരോരുത്തരുടെയും
തൊലിയുടെ നിറം തീര്‍ത്ത മഴവില്ലോ!


കാടുകയറിയ ചിന്തകള്‍,
മഞ്ഞപ്പിത്തംപിടിച്ച കണ്ണുകള്‍,
കുടിലതയുടെ വേരുകളാഴ്‌ന്ന മുറിപ്പാടുകള്‍..
ഇവയുടെ നിറങ്ങള്‍ മേളിച്ച മഴവില്ലോ!

എന്താണെന്നറിയില്ല,
നഗരത്തില്‍ അരങ്ങേറിയ
മനുഷ്യച്ചങ്ങലയില്‍
‍മഴവില്ലു കണ്ടുവെന്ന്
സ്ഥിരീകരിച്ചിട്ടുണ്ട്‌.

നന്ദി, കൂടുതല്‍ വിവരങ്ങള്‍ക്കു
വീണ്ടും വിളിക്കാം.
ഇടവേളയ്ക്ക് ശേഷം
വാര്‍ത്തകള്‍ തുടരും...

Thursday, March 06, 2008

‘അടി‘ക്കുറിപ്പുകള്‍ ക്ഷണിക്കുന്നു...


Sunday, March 02, 2008

സ്വപ്നശലഭത്തിനു അച്ചടിമഷി പുരണ്ടപ്പോള്‍...


മാര്‍ച്ച് ലക്കം കലാകൌമുദി കഥ മാഗസിനില്‍ അച്ചടിച്ച് വന്ന, സ്വപ്നശലഭം എന്ന പേരില്‍ ബ്ലോഗില്‍ ഇട്ടിരുന്ന ചെറുകഥ, നിങ്ങളേവരുമായി പങ്കുവയ്ക്കുന്നു.

Wednesday, February 27, 2008

സ്നിഫ്...സ്നിഫ്...ഹാ‍ാ‍ാ‍ാ‍...



ദീപികയുടെ യൂസ്നെറ്റ് 2.0 ഐ.ടി ഫീച്ചര്‍ പേജില്‍ ഫെബ്രുവരി 27 ബുധനാഴ്‌ച വി.ആര്‍.ഹരിപ്രസാദിന്റെ ലോഗിന്‍ന്റെയും വി.കെ.ആ‍ദര്‍ശിന്റെ ഇ-വായനയുടെയും ഒപ്പം വന്ന ഒരു കുറിപ്പ്.

Wednesday, February 20, 2008

ചുമരെഴുത്തുകള്‍

റോഡരികിലാണെങ്കിലും
വേലിക്കുള്ളില്‍ തന്നെയാണ്‌
വെള്ളപൂശിയങ്ങനെ, തെക്കേ ചുമര്‌.

എന്നിട്ടും,
കടന്നുപോകുന്ന വണ്ടികള്‍
ചെളിതെറിപ്പിക്കുന്നുണ്ട്‌,
വഴിനടപ്പുകാര്‍ കുശുകുശുത്ത്‌
തുറിച്ചുനോക്കുന്നുണ്ട്‌,
രാത്രിയില്‍ കള്ളുകുടിയന്മാര്‍
പുലഭ്യംപറഞ്ഞ്‌ കല്ലെറിയുന്നുണ്ട്‌,
മൂന്നു പെണ്‍മക്കളുള്ള മീനാക്ഷിയമ്മ
ദിനവും മുറുക്കിത്തുപ്പുന്നുണ്ട്‌...

വേറെ ചിലരുമുണ്ട്‌-
ഒരു നേര്‍ത്ത വിടവുപോലുമില്ലെങ്കിലും
തുറിച്ച നോട്ടത്താല്‍ വിള്ളലുണ്ടാക്കി
അകത്തെന്തെന്നറിയാന്‍ വെമ്പുന്നവര്‍.

ഇത്രയൊക്കെയായിട്ടും
വേലിക്കെട്ടിനുള്ളില്‍
എല്ലാം സഹിച്ച്‌ നില്‍ക്കുന്നതിനാലാണോ
ഒടുവിലത്തെ പഴി?
"നാണവും മാനവുമില്ലാതെ
നില്‍ക്കുന്നതു കണ്ടില്ലേ" യെന്ന്‌.

കാലം വരും, ഒരിക്കല്‍-
ഈ ചുമരെഴുത്തുകള്‍
വായിക്കപ്പെടുന്ന ഒരു കാലം.
ചുമരുകള്‍ സംസാരിക്കില്ലല്ലോ...

Wednesday, February 13, 2008

അകലം ശീലിക്കുന്നത്, അകലാനും

അകലങ്ങള്‍ ശീലിക്കുന്നത്‌ മിക്കപ്പോഴും അനിവാര്യം- നിര്‍ബന്ധിതവും അല്ലാത്തതുമായവ...ഒരുപിടി മഞ്ചാടിമണികള്‍ മുകളിലേക്ക്‌ വാരിയെറിഞ്ഞ്‌ താഴെവീഴുംമുമ്പേ എണ്ണിത്തീര്‍ക്കാന്‍ ശീലിക്കുന്നതും, മോര്‍ച്ചറിയിലിരിക്കുന്ന ശരീരം അഴുകാതിരിക്കാന്‍ ശീലിക്കുന്നതും ചിലതുമാത്രം...മറ്റുചിലതു ശീലിക്കുമ്പോള്‍ അകലം കൂടുന്നവയാണ്‌- മുങ്ങാങ്കുഴിയിട്ട്‌ നൂറുവരെ എണ്ണാന്‍ ശീലിക്കുമ്പോള്‍ പിഴയ്‌ക്കുന്നതുപോലെ...

Thursday, February 07, 2008

കാല്‍പ്പാടുകള്‍ അവസാനിച്ചയിടം...

കനത്തു പെയ്യുകയായിരുന്നു
തുലാവര്‍ഷം, അവളുടെ
ഓര്‍മ്മകളില്‍.

ഇരുളില്‍ ഇടവഴിയില്‍
‍നനഞ്ഞ കരിയിലകള്‍ക്കു
മുകളിലൂടെ പായുന്ന പാദങ്ങള്‍ക്ക്,
മിന്നല്‍പ്പിണരുകള്‍
‍ക്ഷണനേരത്തേക്ക്
ദാനം കൊടുക്കുന്ന ശരീരം.

കാല്‍പ്പാടുകളവസാനിക്കുന്നിടത്ത്,
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍
പടരുന്ന ചുമന്ന നിറം.
അതിനുമീ‍തെ തട്ടിയടര്‍ന്നു
നഖമിളകിയൊരു പെരുവിരല്‍.
കണങ്കാലില്‍,
കറുത്ത വെള്ളി കൊലുസ്,
ഗന്ധം മാറിയ മണ്ണ്,
കാറ്റിന്റെ ദിശയ്ക്കനുസൃതം
ചാഞ്ഞു പെയ്യുന്ന മഴ.
ചെളിവെള്ളത്തിനടിയില്‍
‍ആണ്ടുപോയ കൈവിരലുകള്‍,
മണ്ണുമാന്തിയടര്‍ത്തി അതിനുള്ളിലേക്ക്
ശരീരമിറക്കി വയ്ക്കാന്‍വെമ്പുന്നു,
വീണ്ടുമൊരു വെള്ളിടി,
പിന്നെ, ഒരു നെടുവീര്‍പ്പ്.

കഴിഞ്ഞ ദിവസങ്ങളിലെങ്ങോ
പൂത്ത് ഇതളുകള്‍കുഴഞ്ഞ്
നിന്ന ചെമ്പരത്തിപ്പൂക്കള്‍
‍ചെളിവെള്ളത്തിനു മീതെ
അടര്‍ന്നു വീണു
തുഴയില്ലാതെ ഒഴുകാന്‍ തുടങ്ങി.

Wednesday, January 30, 2008

സത്യം

വിളറിവെളുത്തൊരു
വലിയ നുണ സദസ്സിനു മുന്നില്‍
എഴുന്നേറ്റുനിന്ന്‌ സദസ്യര്‍
‍ഓരോരുത്തര്‍ക്കും
നേരെ വിരല്‍ചൂണ്ടി.

അവിടെ കൂടിയിരുന്ന
ചില ചെറുനുണകള്‍
‍അതുകണ്ട്‌ കൈയടിച്ച്‌,
ആര്‍പ്പുവിളിച്ചു.
ചൂണ്ടിയ വിരല്‍ തങ്ങള്‍ക്കു
നേരെ തിരിയുന്നതുവരെ.

അനന്തരം ചെറുനുണകളെല്ലാം
ഒന്നിച്ചുകൂടി ഒരു
ചീങ്കണ്ണിയുടെ ആകൃതിപ്രാപിച്ച്‌,
സദസ്സിനുമുന്നില്‍ നിന്നിരുന്ന
വലിയ നുണയെ
അവരുടെ മുന്നില്‍വച്ച്‌
അപ്പാടെ വിഴുങ്ങിക്കളഞ്ഞു.

എന്നിട്ട്‌, വലിയ നുണയെ
കാണ്മാനില്ലെന്നൊരു
വലിയ നുണ, അവര്‍
‍സദസ്സ്യര്‍ക്കുനേരെ
അലറിവിളിച്ചു
പറഞ്ഞുകൊണ്ടേയിരുന്നു.

Saturday, January 26, 2008

മൗനം

അമ്പലവഴിയിലെ ആല്‍മരവുമതിന്‍
ശിഖരങ്ങളില്‍ തലകീഴായ്
തൂങ്ങിയുറങ്ങുന്ന വവ്വാലുകളുമെന്നെ
മനസും മൗനവുമാണോര്‍മ്മിപ്പിക്കുന്നത്.

ആല്‍മരമെത്ര കിണഞ്ഞു ശ്രമിച്ചാലും,
കാറ്റിന്റെ തുണയുണ്ടെങ്കിലും
ഒന്നനക്കുവാനാവില്ല, അകറ്റുവാനാവില്ല
ചില്ലകളില്‍ ചേക്കേറിയ മൗനത്തെ.

ഒടുവിലിരുള്‍ വീഴുമ്പോള്‍
മൗനമൊന്നിച്ചൊരു കാര്‍മേഘമായ്
ചിറകടിച്ചകലുന്നതും നോക്കി ആല്‍മരം
ചില്ലകളിളക്കി നെടുവീര്‍പ്പിടും.

പിന്നെ ഇരുളില്‍ മൂകമായ്
അനിവാര്യമായൊരു കാത്തിരിപ്പു തുടങ്ങും,
പുലരിയില്‍ മൗനം കൂടണയാന്‍
മടങ്ങി വരുന്നതും പ്രതീക്ഷിച്ച്.

Tuesday, January 22, 2008

മാനം




മാനം കാണാതെ പുസ്തകത്താളിനുള്ളില്‍
ഒളിപ്പിയ്ച്ച് വയ്ച്ചു നിന്നെയെങ്കിലും,
അതിനുള്ളിലിരുന്നു പെറ്റു പെരുകി
നീയെന്റെ മാനം കളഞ്ഞല്ലോ.




Monday, January 21, 2008

പ്രതീക്ഷ.

പൂന്തോട്ടത്തില്‍,
പറന്നു തളര്‍ന്നൊരു
കിളിയും പൂമ്പാറ്റയും.

കിളിക്കണ്ണുകള്‍ പൂമ്പാറ്റ-
യിലുടക്കി നില്‍പുണ്ട്,
പൂമ്പാറ്റക്കണ്ണുകളൊരു പൂ‍വിലും.

ഒരു വട്ടം കൂടി പറന്നാല്‍,
പൂമ്പാറ്റയ്ക്ക് പൂന്തേന്‍നുകരാം,
കിളിയ്ക്ക പൂമ്പാറ്റയെ തിന്നാം.

ആരാവും ആദ്യം പറക്കുക,
പൂമ്പാറ്റയോ കിളിയോ?

പൂമ്പാറ്റ പറന്നാലൊരു പൂവോളം,
പിന്നെയും പറന്നാല്‍
മറ്റൊരു പൂവോളം,
പിന്നെയും പറക്കാം...
തളര്‍ന്നിരിയ്ക്കുന്ന കിളിയൊന്നു
പറക്കാന്‍ തുടങ്ങും വരെ,
പൂന്തോട്ടക്കാരന്‍ ഓര്‍ത്തു.

പക്ഷേ,
പൂമ്പാറ്റ പറന്നില്ല, കിളിയും.

Thursday, January 17, 2008

മടുപ്പ്

താഴേയ്ക്ക് ഒഴുകിയൊഴുകി
പുഴയ്ക്കും,

തീരത്തെ പുല്‍കിപ്പുല്‍കി
തിരയ്ക്കും,

പിന്നിലേയ്ക്ക് നടന്നുനടന്നു
ഞണ്ടിനും,

ആകാശത്ത് പറന്ന്പറന്ന്
പറവകള്‍ക്കും,

രാത്രിയില്‍ വിടര്‍ന്നുവിടര്‍ന്നു
നിശാഗന്ധിക്കും,

സൂര്യനെ നോക്കിനോക്കി
സൂര്യകാന്തിക്കും,

മണ്ണിലാഴ്ന്നിറങ്ങിയ വേരിനെ
മരത്തിനും,

മഴ കാത്തു കാത്തിരുന്നു
വേഴാമ്പലിനും,

ദിനവുമിതെല്ലാം കണ്ട്
നമുക്കും മടുപ്പുണ്ടാകുന്നെങ്കില്‍,

പുഴ മുകളിലേക്ക്
ഒഴുകാന്‍ ശ്രമിക്കുന്നതും,

തീരത്തെ വെടിഞ്ഞ്
തിരയിറങ്ങുന്നതും,

ഞണ്ട് മുന്നിലേക്ക്
നടക്കാന്‍ പഠിക്കുന്നതും,

ആകാശം പറവകള്‍ക്ക്
കീഴെയാകുന്നതും,

നിശാഗന്ധി നട്ടുച്ചയ്ക്ക്‍
വിരിയുന്നതും,

സൂര്യകാന്തി ചന്ദ്രനെ
നോക്കാന്‍ മിഴിതുറക്കുന്നതും,

മണ്ണില്‍ നിന്നും വേരുകള്‍
കുടഞ്ഞെടുത്ത്
ഒരു ‍യാത്രതുടങ്ങുന്നതും,

വേഴാമ്പല്‍
മഴയെപുച്ഛിച്ച്തള്ളുന്നതുമെല്ലാം,

മനോരാജ്യം കണ്ടു
നമുക്കാ മടുപ്പകറ്റാം.

Monday, January 14, 2008

തയ്യല്‍ക്കാരി

നിസ്സഹായതയുടെ താഴ്വരയില്‍,
മരണത്തിന്റെ വാതില്‍പ്പടിയില്‍,
ശരീരത്തെ വിട്ടു പോകാന്‍ ജീവനും,
വിടില്ലെന്ന വാശിയില്‍ ശരീരവും
തമ്മില്‍ മല്ലടിയ്ക്കുമ്പോള്‍,
ഒരു കൈയില്‍ സ്നേഹത്തിന്റെ സൂചിയും
മറുകൈയില്‍ പല നിറങ്ങളിലുള്ള
നൂല്‍ക്കട്ടകളുമായി പുഞ്ചിരിതൂകി
ഒരു തയ്യല്‍ക്കാരി നടന്നടുക്കും.

വലതു വശം ചേര്‍ന്നിരുന്നു,
മല്ലടിച്ച് വിജയിച്ച്,
ശരീരത്തില്‍ നിന്നു
വേര്‍പെട്ടു പോകുന്ന ജീവനെ,
സ്നേഹത്തിന്റെ സൂചിയില്‍
വെളുത്ത നൂലുകോര്‍ത്ത്,
തിരികെ മെല്ലെ ശരീരത്തോടു
തുന്നിച്ചേര്‍ക്കും, തയ്യല്‍ക്കാരി.

എന്നിട്ടും ഭാവഭേദമില്ലാതെ
തുറിച്ചു നോക്കിക്കിടക്കുന്നവരിലേക്ക്
ഒരോ ഭാവമുണ്ടാക്കാനും
ഓരോതരം വര്‍ണ്ണനൂലുകള്‍
സ്നേഹത്തിന്റെ സൂചിയില്‍ കോര്‍ത്ത്
തുന്നിച്ചേര്‍ക്കാന്‍ തുടങ്ങും തയ്യല്‍ക്കാരി.

ചിലര്‍ പിന്നെയും
തിളക്കംനഷ്ടപ്പെട്ട കണ്ണുകളുമായി
നിശ്ചലരായി നോക്കിക്കിടക്കും.
അവരുടെ കൈപ്പത്തിയില്‍
മെല്ലെ തലോടി
തയ്യല്‍ക്കാരിയവളുടെകൈയിലെ
സൂചിയും നൂലുകളുമവരുടെ
വിടര്‍ന്ന കൈപ്പത്തിയിലേക്കു
വയ്ചു കൊടുക്കും,
പിന്നെനിസ്സഹായത
തളംകെട്ടിനില്‍ക്കുന്ന-
മിഴികളില്‍ നോക്കി
ഇനിയെന്തിന്റെയഭാവമാണുള്ളതെന്നു
സ്വയം കണ്ടെത്തിയതു
തുന്നിച്ചേര്‍ക്കാന്‍ അവരോടാവശ്യപ്പെടും.

സൂചിയിലേത് വര്‍ണ്ണനൂലത്
കോര്‍ക്കണമെന്നുമതെങ്ങിനെ
കോര്‍ക്കണമെന്നുമറിയാതെ,
സ്നേഹത്തിന്‍റെ സൂചി കൊണ്ട്
ശരീരത്തില്‍ മെല്ലെ കുത്തിയവര്‍
എന്തോ തുന്നി ചേര്‍ക്കാന്‍
വൃഥായൊരു ശ്രമം നടത്തുമ്പോള്‍,
നൂലുകളുടെ നിറഭേദങ്ങള്‍ക്കിടയില്‍
തയ്യല്‍ക്കാരി അപ്രത്യക്ഷയാകും.