Friday, December 21, 2012

നാവുപൂവിട്ടതിൽ പിന്നെ...

വേരുകൾക്ക് പകരം
ചിറകുകൾ ചോദിച്ചപ്പോൾ
ചില്ലകൾക്ക് പകരം
കൊക്ക് തന്ന വൈഭവമേ...

കൊക്ക് പിളർത്തുമ്പോഴെന്റെ
നാവുപൂവിട്ടതിൽ പിന്നെ
ഇതൾ ചിറകിലേറി
ഞാൻ വേരോടെ പറക്കുന്നു!
 
സീരീസ്: ഋതുദേഹം  

Monday, December 10, 2012

മഞ്ഞുകാലം

മുകളിൽ നിഴൽ വിരിച്ച്
മഞ്ഞിനെ വരയൻ കുതിരകളാക്കുന്ന
പൈൻ മരങ്ങൾ!

Thursday, December 06, 2012

ഇല്ല ഇല്ല എന്ന് ഇലകൾ

പകൽവേളകളിൽ
ശരത്കാലത്തെ റോഡുകൾ
നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തെ
ഓർമ്മിപ്പിക്കുന്നതു പോലെ
ഒരു മുഖം
എത്ര മുഖങ്ങളെയാണ്
ഓർമ്മിപ്പിക്കുന്നത്!

ഒരാൾ വരുമ്പോൾ
അവരെയെല്ലാവരെയും
മുന്നിലേക്ക് കൊണ്ടു വരുന്നു.

വന്നയാൾ മടങ്ങി പോകുമ്പോൾ
വരാത്തവരെ കൂടി
കൂടെ കൂട്ടിക്കൊണ്ടു പോകുന്നു,
വന്നു പോയ വഴിയിൽ
ഇല്ല ഇല്ല എന്ന് ഇലകൾ!

Tuesday, November 27, 2012

ഛേദിക്കപ്പെടുന്ന നിശ്ശബ്ദത - എസ്സ്.വി രാമനുണ്ണി, സുജനിക

‘ഐസ് ക്യൂബുകൾ‘ കവിതാസമാഹാരത്തിനു രാമനുണ്ണി മാഷിന്റെ വായന തർജ്ജനിയിൽ വന്നത്.

'ബ്രേക്ക്മൈസൈലന്‍സ് ' ഡോണ മയൂരയുടെ മെയില്‍ ഐ.ഡിക്ക് മുദ്രചേര്‍ക്കുന്നു. ഛേദിക്കപ്പെടുന്ന നിശ്ശബ്ദത സ്വാഭാവികമായും ആര്‍ത്തനാദമായാണ്` പ്രത്യക്ഷപ്പെടുക. പ്രത്യക്ഷപ്പെടുക എന്ന പദം കണ്ണുമായി [ അക്ഷി ] ബന്ധപ്പെട്ടതാണ്`. ഡോണയുടെ കവിതകളെ കുറിച്ചുള്ള ഈ കുറിപ്പില്‍' പ്രത്യക്ഷപ്പെടുക ' എന്നതൊഴിവാക്കി 'പ്രത്യശ്രവപ്പെടുക ' [ ശ്രവണം = ചെവി] എന്നു തന്നെ വേണം എഴുതാന്‍. കാരണം മയൂരയുടെ കവിതകള്‍ ഭാഷാപരമായി അത്രയധികം ശ്രദ്ധപുലര്‍ത്തുന്നവയാണ്` എന്നൊന്നു മാത്രമാണ്`.

ആദ്യം തൊട്ടു തുടങ്ങാം. ഛേദിക്കപ്പെടുന്ന നിശ്ശബ്ദത സ്വാഭാവികമായും ആര്‍ത്തനാദമായാണ്` പ്രത്യശ്രവപ്പെടുക. പക്ഷെ, [ എന്തൊക്കെ ന്യായം പറഞ്ഞാലും ] സ്വാഭാവികതയില്‍ ലാവണ്യാംശം കുറവാണ്`. കവിത ലാവണ്യാത്മകമാണ്`.സശബ്ദ ജീവിത നിമിഷങളൊക്കെയും ആഹ്ളാദങ്ങളില്‍ നിന്നാണ്`. നിശ്ശബ്ദത ദുരിത സന്ധികളാണ്`.ജീവിതത്തിന്റെ ആഹ്ളാദനിമിഷങ്ങളില്‍ നമുക്ക് എന്തും മാറ്റിവെക്കാന്‍ കഴിയും . ദുരിത നിമിഷങ്ങളില്‍ മയൂരക്ക് ഒന്നേ മാറ്റിവെക്കാനാവാത്തതുള്ളൂ : അതാണ്` കവിത. [ മയൂരമായുള്ള അഭിമുഖം ] ഛേദിക്കപ്പെടുന്ന നിശ്ശബ്ദതകളൊക്കെയും മയൂരക്ക് എഴുത്താണ്`. അതെല്ലാം കവിതയാണ്`. അതെല്ലാം അതുകൊണ്ടുതന്നെ ആദ്യമേ സുന്ദരങ്ങളും. ഈ വികാരതന്ത്രം കൊണ്ടാണ്` മയൂരയുടെ മുറിയുന്ന നിശ്ശബ്ദതകള്‍ ആര്‍ത്തനാദങ്ങളാവാതെ കവിതകളായി മാറുന്നത്. കവിതകളുടെ ആത്മശിലകള്‍ അത്രയധികം ഒരുക്കൂട്ടാനാഗ്രഹിക്കുന്നതുകൊണ്ടാണ്` മയൂര 'ബ്രേക്ക്മൈസൈലന്‍സ്' ഐ.ഡി യാക്കുന്നത്, സ്വത്വമുദ്രയാവുന്നത്.

കവിതകളിലെ ഉക്തി മിക്കപ്പൊഴും വിരുദ്ധതകള്‍ ചിനപൊട്ടിക്കുന്നു. ' തലതെറിച്ചതാ... സ്വര്‍ഗത്തില്‍ പോകേണ്ടതല്ലയോ? എന്നെഴുതിക്കഴിയുന്നതോടെ കവിത എഴുത്തുകാരിയില്‍ നിന്ന് ഉറയൂരിപ്പോരികയും പുതുശരീരം അണിയുകയും ചെയ്യുന്നു. വിരുദ്ധോക്തി ഉല്പ്പാദിപ്പിക്കുന്നു. പരിഹാസത്തിന്റെ സ്പര്‍ശം സ്വയം വിമര്‍ശനം തൊട്ട് നിരവധി തലങ്ങളില്‍ ഭിന്നാര്‍ഥങ്ങള്‍, വിചാരങ്ങള്‍, വൈകാരികമൂലകങ്ങള്‍ സംഭവിപ്പിക്കുന്നു. അനസ്തറ്റിസ്റ്റിനെ പ്രണയിക്കണമെന്ന് വിചാരിക്കുമ്പോഴും / നിര്‍ദ്ദേശിക്കുമ്പോഴും ,

തമ്മില്‍ പിരിയുന്നത് എങ്ങിനെയായിരിക്കണം
എന്നതിനെപ്പറ്റിയായിരുന്നു
കണ്ടുമുട്ടിയപ്പോഴെ ഞാന്‍ ചിന്തിച്ചിരുന്നത്,
അത്രമേല്‍ നിന്നെ ഇഷ്ടമായത് കൊണ്ട്....

എന്നെഴുതുമ്പോഴും ഒക്കെ ഇതു സംഭവിക്കുന്നു. എത്ര സ്വാഭാവികമായ, പരിഗണനാര്‍ഹമായ കാര്യങ്ങള്‍ എഴുതുമ്പോഴും ഈ സ്വഭാവം നിലവില്‍ ശക്തിപ്പെടുകമാത്രമാണ്`.

പഴുത്തു പോയൊരു പച്ചേ,
നീരു വലിഞ്ഞുപോയൊരു മഞ്ഞേ,
അടര്‍ന്നു വീഴുമ്പോഴാണ്
നിനക്ക് ചിറക് മുളയ്ക്കുന്നതും
പറക്കമുറ്റുന്നതും,
പറക്കല്‍ കീഴെക്കാണെങ്കിലും!

കീഴേക്ക് പറക്കുന്നത് പ്രകൃതി വിരുദ്ധമൊന്നുമല്ലെങ്കിലും അങ്ങനെയൊരു ചിന്ത ഉല്‍പ്പാദിപ്പിക്കാനാണ്` മയൂരക്ക് ഇഷ്ടം. ഒരുപക്ഷെ, ആധുനികമനുഷ്യന്റെ ഒരു പൊതു ചിന്താരീതിയും എഴുത്തുരീതിയുമാകാമിത്. അവരുടെ ജീവിതം പഠിപ്പിച്ച അനുഭവപാഠങ്ങളുടെ പരീക്ഷകളും ആയതുകളുടെ ഉത്തരങ്ങളും. വൈലോപ്പിള്ളിയുടെ 'മാമ്പഴം ' പോലെയോ റഫീക്ക് അഹമ്മദിന്റെ ' തോരാമഴ' പോലെയോ ഒരുത്തരം പഠിച്ച ജിവിതപാഠങ്ങളുടെ പഠനപ്രക്രിയകളിലോ ആശയവിശകലനത്തിലോ ഒന്നും സാധിക്കാതെ പോകുന്നതുകൊണ്ടുമാവാം. എന്തായാലും അത്രമേല്‍ സങ്കീര്‍ണ്ണമാം നിത്യജീവിതമിന്നും ….

മറ്റൊന്ന് മാധ്യമത്തിന്റെ വ്യത്യസ്തതയാകാം. മലയാളം ബ്ളോഗെഴുത്തിന്ന് അപ്രഖ്യാപിത നിയന്ത്രണങ്ങളുണ്ട്. രചനയുടെ ദൈര്‍ഘ്യം സംബന്ധിച്ചാണ്` ഒന്ന്. ചെറുതായിരിക്കുന്നതാണ്` നല്ലത്. [ അല്ലെങ്കില്‍ വായനക്കാര്‍ കുറയും ] മറ്റൊന്ന് ഫീഡ്ബാക്ക് അത്യധികം ആഗ്രഹിക്കുന്നു. പൊതുവായനാ സമൂഹത്തെ മുന്നില്‍കണ്ട് ഫീഡ്ബാക്ക് ലഭ്യമാക്കാനുള്ള ഘടകങ്ങള്‍ എഴുത്തില്‍ അറിയാതെ ഉള്‍ച്ചേര്‍ന്നുപോകുന്നു. ഇനിയൊന്ന് നൈരന്തര്യമണ്`. ദിവസവും അല്ലെങ്കില്‍ രണ്ടുദിവസം കൂടുമ്പോള്‍ ആഴ്ച്ചയിലൊന്ന് മാസത്തിലൊന്ന് എന്നൊക്കെ ചില തീരുമാനങ്ങള്‍ സ്വയം ഉണ്ടാക്കപ്പെടും. ഇതൊക്കെയും ബാധിക്കുന്നത് എഴുത്തിനെയാണ്`.മലയാളം ബ്ളോഗ് രചനകള്‍ ബഹുഭൂരിപക്ഷവും പൊതു മട്ടുകള്‍ക്ക് ഒതുങ്ങും.

കൈക്കുടന്ന നിറയെ
കോരിയെടുത്തിരുന്ന വെള്ളമാണ്
സ്നേഹമെന്ന് കരുതി.
കാണെക്കാണെ
കൈമുട്ടിലൂടതൊലിച്ചിറങ്ങി
തീര്‍ന്നു പോയപ്പോള്‍ പിടഞ്ഞു.

പക്ഷേ
കൈയില്‍ അവശേഷിച്ചിരുന്ന
ആ നനവ്, അതായിരുന്നു സ്നേഹം!

ഏതു മണലാരണ്യത്തിലും കരിമ്പാറക്കെട്ടിലും നനവിന്റെ ഉറവകളുണ്ട്. ഇലക്കീറോ, കടലാസോ ഹൈപ്പര്‍ടെക്സ്റ്റോ ഒക്കെയായിരുന്നാലും ചില എഴുത്തുകള്‍ സ്വയമേ അനശ്വരങ്ങളാവുകതന്നെ ചെയ്യും.ഒരിക്കല്‍ ഫേസ്ബുക്കില്‍ മയൂര എഴുതിയ ഒരു പോസ്റ്റിന്ന് ലൈക്കടിച്ച് എനിക്കെഴുതാന്‍ തോന്നിയ ഒരു കമന്റ് അവരുടെ പദസ്വാധീനത്തെ / പദ ബോധത്തെ കുറിച്ചായിരുന്നു. വാക്കാണ്` കാവ്യമായി മാറുന്നത്. മയൂരയുടെ ചെറിയ കവിതകളില്പ്പോലും ഈ പദശ്രദ്ധ / പദസ്വാധീനം ശക്തമാവുന്നു. തെക്കന്‍ കേരളത്തിന്റെ നാട്ടുഭാഷമുതല്‍ ഇന്‍ടെര്‍നെറ്റിന്റെ ആഗോളഭാഷവരെ മയൂരക്ക് വഴങ്ങുന്നു. സൃഷ്ടിയുടെ ആരോഗ്യപൂര്‍ണ്ണമായ ദീര്‍ഘായുസ്സ് പ്രധാനമായും മൂന്നു ഘടകങ്ങളില്‍ നിന്നുകൊണ്ടാണ്`. ഒന്ന് ] കവിത ജനിക്കുന്ന കാലാവസ്ഥ. രണ്ട് ] ഉള്ളടക്കപരമായ സൗന്ദര്യം. മൂന്ന്] എഴുതിയേതീരൂ എന്ന് എഴുത്തുകാരനില്‍ രൂപപ്പെടുന്ന സമ്മര്‍ദ്ദം. ഉള്ളടക്കപരമായ സൗന്ദര്യത്തില്‍ പ്രധാനം അന്തലീനമായ ആശയലോകമെന്നതിനേക്കാള്‍ വാഗാര്‍ഥങ്ങള്‍ തന്നെ. ഇതൊക്കെയും ചേര്‍ന്ന് രൂപം കൊള്ളുന്ന 'സ്നേഹം ' പോലുള്ള കവിതകള്‍ ആയിരിക്കും ഇനിയുള്ള ദിവസങ്ങളില്‍ ഡോണമയൂരയുടെ എഴുത്തിനെ മൂല്യപ്പെടുത്തുന്നത്.

എസ്സ്.വി രാമനുണ്ണി, സുജനിക  @ തർജ്ജനി, ഒക്ടോബർ 2012
Copies are available form Indulekha.biz

Friday, November 02, 2012

നിനവ്

ഐ ഫോണിലെ
ചിത്രത്തിൽ നിന്നിറങ്ങി
ഓഫീസിലെത്തുമ്പോൾ
കമ്പ്യൂട്ടർ സ്ക്രീനിൽ
കാത്തിരിക്കുന്നു
മറ്റൊരു ചിത്രമായ്!
 
അവധിക്കപേക്ഷിച്ച്
സ്ക്രീനിൽ നിന്നും
കൈയ്യോടെ വലിച്ചിറക്കി
വീട്ടിലേക്കെത്തുമ്പോൾ
ചുവരിലെ ചിത്രത്തിന്റെ
ചില്ല് പൊട്ടിച്ചിറങ്ങിവന്ന്
വാക്കുകൾ കൊണ്ട്
കോരിയെടുത്ത് ഉമ്മ തരുന്നു!
 
വീട്ടിൽ നിന്നും
പുറത്തിറങ്ങാതെ
കാത്തിരിക്കയാണിപ്പോൾ,
ചിതലിനെ പോലെ
തിന്നുതീർത്ത ഓർമ്മകൾ
പ്രോട്ടോസോവകൾ ദഹിപ്പിച്ച്
വിസർജ്ജിക്കുന്നതും കാത്ത്!
 
~വാചികം മാസിക തുലാം ലക്കം

Tuesday, October 16, 2012

ഭൂപടത്തിനായി ദിക്കിലും ജലത്തിലും ഭ്രമിച്ച്

ഞാനെന്ന പുരാതനമായ
കപ്പൽച്ചേതത്തിന്റെ
രഹസ്യമൊഴിയേ



‘നിന്നെ ഞാൻ സങ്കടപ്പെടുത്തി’
എന്നെഴുതിയ ടീ-ഷർട്ടിട്ട കാറ്റിന്റെ തേരിൽ
അലകൾ പോലെ ഇതളനക്കമുള്ളൊരു
കടൽ‌പ്പൂവ് കൊടുത്തയക്കുന്നു.

എന്റെ തെറ്റുകൾ മാപ്പാക്കി
തിരിച്ച് കൊടുത്തു വിടണേ


ഏതോ കാർട്ടൂൺ കഥാപാത്രത്തിന്റെ
തലയ്ക്കു മുകളിൽ പ്രത്യക്ഷപ്പെടുന്ന
‘സ്പീച്ച് ബബിളി’നുള്ളിലെ
ബൾബ് കത്തുന്നതു പോലെ
കരയിലേക്കുള്ള ഭൂപടം
ഞാനതിൽ നിന്നും വീണ്ടെടുത്തുകൊള്ളാം!

Thursday, September 27, 2012

Ice Cubukal Poetry Collection

My poetry collection Ice Cubukal, 
A Collection 53 Malayalam Poems 
can be ordered  from online now @  http://bit.ly/T4v7Vn


Thursday, September 20, 2012

ജീവിതം മാറുന്നു, അകവുര


//*ആഗസ്റ്റ് മാസത്തിൽ പുറത്തിറങ്ങിയ മാസവിത ത്രൈമാസികയിൽ വന്നത്.*\\
For pdf click here

1.    പുതുകവിത തൊട്ടുമുൻപുള്ള ആധുനികതയുമായി എങ്ങനെ വേറിട്ടു നിൽക്കുന്നു?
രൂപപരമായും ആ‍ശയപരമായും  ഭാഷയിലും,സമീപനത്തിലും ലാളിത്യത്തിലും സങ്കൽ‌പ്പത്തിലുമെല്ലാം പുതുകവിത പ്രകടമായി വേറിട്ടു നിൽക്കുന്നു. 


2.    ആഴത്തിലുള്ള സാമൂഹിക വിമർശനത്തിലേയ്ക്ക് പുതിയ എഴുത്തുകൾ പ്രവേശിക്കാത്തത് എന്തുകൊണ്ടാവാം?

വലിപ്പ ചെറുപ്പമില്ലാതെ എല്ലാ പ്രശ്നങ്ങൾക്കും പ്രതികരിക്കുന്നവരാണ് പുതിയ എഴുത്തുകാർ എന്നാണ് എന്റെ വീക്ഷണം. ‘ഉടനെഴുത്തുകൾ’  പല പ്രശ്നങ്ങൾക്കും ഉണ്ടാകാറുമുണ്ട്. പക്ഷേ ‘തലമുതിർന്ന’ എഴുത്തുകാർ പ്രതികരിക്കുന്നതാണ് ശ്രദ്ധിക്കാൻ ഏറിയപങ്കും ആളുകൾക്ക് തല്പര്യം എന്നതിനാലാകണം ഇത്തരമൊരു ചോദ്യമെന്ന് കരുതുന്നു.


3.    ചെറിയ ഒച്ചകൾ മാത്രം കേൾക്കുന്നവരായി പുതുകവികൾ മാറിയോ?

ചെറിയ ഒച്ചകൾ പോലും കേൾക്കുന്നവരാണ് പുതുകവികൾ എന്ന് പറയുവാനാണ് ആഗ്രഹിക്കുന്നത്.  പ്രത്യേകിച്ചും കവിത കണ്ടെത്തലാവുമ്പോൾ.

4.    ഇങ്ങനെ കവിത മാറിയതിന്റെ സാമൂഹിക സാഹചര്യങ്ങൾ എന്തൊക്കെയാവാം?

ജീവിതതിലും ജീവിതസാഹചര്യത്തിനും മാറ്റങ്ങൾ അനിവാര്യമാണ്, അതു പോലെയാണ് കവിതയിലും. സങ്കേതികപരമായും നമ്മളേറെ മുന്നിട്ടിരിക്കുന്നു.  ചുരുക്കത്തിൽ ആഗോളവൽക്കരിക്കപ്പെടാത്തതായി എന്തുണ്ട് നമ്മുടെയിടയിൽ?പക്ഷേ കവിത മാത്രം ഇ(എ)പ്പോഴും വൃത്തത്തിന്റെ മുള്ള് വച്ച് അള്ളാക്കി എറിഞ്ഞുകൊണ്ടിരുന്നാൽ മതിയോ?


5.    ദേശമെഴുത്ത് സജീവമായ ഈ കാലത്ത് മയൂരയുടെ എഴുത്തിൽ ദേശം തെളിയുന്നില്ല. ദേശങ്ങളുടെ കലർപ്പാണ്. എന്തുകൊണ്ടാണ്?

അത് വായനക്കാരോ നീരൂപകരോ പറയേണ്ടതാണെന്ന് തോന്നുന്നു.  ഞാൻ എഴുത്ത് എന്ന കർമ്മത്തിൽ മാത്രമൊതുങ്ങി നിൽക്കുന്നു.

6.   പ്രണയാനുഭവങ്ങളെ വൈവിധ്യമാർന്ന വിധം മയൂര ആവിഷ്ക്കരിക്കുന്നത് എന്തുകൊണ്ടാവാം?

ചോദ്യം വായിച്ചപ്പോൾ കേട്ടുകൊണ്ടിരുന്ന ഗാനം  Bon Joviയുടെ Love is War.
നമ്മെയെല്ലാം ഒരേ സമയം ഒരേസമയം വിഡ്ഡിയും വിദുഷിയുമാക്കാൻ മറ്റെന്തിനാണ് കഴിയുക! പ്രണയം ഇന്നൊരു ക്ലീഷെ ഫ്രയിം അല്ല, ചിലർക്കെങ്കിലും ലിംഗബോധമില്ലാത്തൊരു പോരാളിയായി മാറിയിരിക്കുന്നു.


7.    സ്ത്രീകൾ ഉടലുകൊണ്ടെഴുതുന്നു എന്നു പറയാറുണ്ട്? എന്നാൽ മയൂരയുടെ എഴുത്ത് ഉടലെഴുത്തല്ല എന്ന് പറഞ്ഞാൽ?


പെണ്ണെഴുത്തിന്റെ പുതുഭാഷ്യമാണോ ഉടലെഴുത്തെന്നത്?  സത്രീകൾ ഉടലുകൊണ്ടെഴുത്തുന്നു എന്ന് ചോദ്യത്തിൽ വായിച്ചപ്പോൾ പെട്ടെന്ന് ഓർമ്മ വന്നത് മഹാഭാരതത്തിൽ കർണ്ണനോട് അച്ഛനാരാണ് എന്ന് ചോദിക്കുന്ന സദർഭമാണ്.(കർണ്ണനോട് അച്ഛനാരെന്ന് ചോദിക്കുന്നത് ഉത്തരം അറിയാനല്ല, ആ ചോദ്യത്തിലൂടെ കർണ്ണനെ വീഴ്തുകയെന്ന അടവാണ്*).

ഇന്നത്തെ ചില കവിതകൾ ശരീരാവയവത്തെ പോലെ പെരുമാറുന്നുണ്ടാവാം.  അത് ലിംഗാധിഷ്ഠിതമല്ലെന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു. വ്യക്തിപരമായി ഉടലെഴുത്തുകൾ കർമ്മത്തിനു മുന്നേ കളം മായ്ച്ചുകളയുന്ന പ്രക്രീയയെ പ്രതിനിധാനം ചെയ്യുന്നു  എന്നല്ലതെ മറ്റൊരു കാഴ്ച്ചപ്പാടിൽ കാണാൻ കഴിഞ്ഞിട്ടില്ല. 

8.    ബ്ലോഗ് എഴുത്ത് എഴുത്തുകാർക്ക് കൂടുതൽ സ്വാതന്ത്രം നൽകുന്നുണ്ടോ?

ഇപ്പോൾ ബ്ലോഗിൽ മാത്രമായി എഴുത്തുകാർ ഒതുങ്ങുന്നില്ല, സോഷ്യൻ നെറ്റ് വർക്കിങ്ങി മീഡിയയും പ്രയോജനപ്പെടുത്തുന്നുണ്ട്. രണ്ടിടത്തും എന്തെഴുതണം എങ്ങിനെ എഴുതണമെന്നെല്ലാമുള്ള സ്വാതന്ത്രം എഴുത്തുക്കാർക്കുണ്ട്.  എഴുതിയത്എഡിറ്റ് ചെയ്യാനൊ മടക്കി അയക്കാനോ എഡിറ്റർ ഇല്ല. അച്ചടി മാധ്യമത്തിൽ എഴുതിയിരുന്നവർ പോലും 2009തോടെ ബ്ലോഗിലേക്ക് മറ്റും വന്നതിനു പിന്നിൽ ഇങ്ങിനെയുള്ള സ്വാതന്ത്രമല്ലാതെ മറ്റെന്താണുള്ളത്.

*വിജയൻ മാഷ്

Monday, September 10, 2012

നിഴൽ, പക്ഷിയെപ്പോലെ...

//*സെപ്റ്റംബർ 2012,പച്ചക്കുതിരയിൽ വന്നത്*//

നിഴൽ, പക്ഷിയെപ്പോലെ...
-------------------------------------------

നിഴൽ നിന്നിൽ
ഏതു പക്ഷിയുടെതാണ്?

വെടിയേറ്റു തുളഞ്ഞെന്നതു പോലെ
നിഴലിൽ കണ്ണിന്റെ സ്ഥാനത്ത്
വെയിലിന്റെ വട്ടം.

രാത്രിയുടേയോ പകലിന്റെയോ
എന്നറിയാത്ത
പന്ത്രണ്ട് മണി കഴിയാൻ മറന്ന
ക്ലോക്ക് പോലെ
നീ അതിൽ കൂടി നോക്കുന്നു.

വയലിൻ, വീണ, ഗിറ്റാർ തുടങ്ങിയ
തന്ത്രിവാദ്യങ്ങളിൽ നിന്നെല്ലാം
മൗത്തോർഗനുമായി
ഒരു പക്ഷിയെ പോലെ
നിഴലുള്ളൊരുവളുടെ അടുത്തേക്ക്
പോകുന്ന പെണ്ണുങ്ങൾ.

നിനക്കൊഴികെ ഏതൊരാൾക്കും
മനസ്സിലാവുന്ന ഭാഷയിൽ
അവിടെ അവൾ പാടുന്നു,
അവളുടെ കൈകൾക്ക്
മാന്ത്രികവടിയുടെ വഴക്കം,
അവയുടെ ഇന്ദ്രജാലത്തിൽ മയങ്ങി
കൂടെ പാടിപ്പോകുന്ന പെണ്ണുങ്ങളും
അവളുടെ വാദ്യോപകരണവും!

പെട്ടെന്ന്
നിന്റെ നിഴൽ
ചിറകു  കുടയുന്നു,
കൊഴിയുന്ന
തൂവലുകൾക്കിടയിലേക്ക്
ചേക്കേറുന്ന ഭയം.

നീ ആവർത്തിച്ചാവർത്തിച്ച്
ചിറകു കുടയുന്നു,
ഇരട്ടിക്കുന്ന ഭയം
പതിന്മടങ്ങായി ഇരട്ടിക്കുന്ന ഭയം.

ആഭിചാരം നടത്തുന്നവളെന്ന്
ദുർമന്ത്രവാദത്താൽ
ക്ഷുദ്രപ്രയോഗത്താൽ പെണ്ണുങ്ങളെ
മയക്കിയെടുക്കുന്നവളെന്ന്
കൊക്ക് പോലെ ചുണ്ടുകൾ പിളർത്തി
അപശ്രുതി പാടി നീ
സൈലൻസർ ഘടിപ്പിച്ച
തോക്കിൽ നിന്നുതിർത്ത തിരപോലെ
ലെസ്ബിയൻ എന്ന് വിളിക്കുന്നു.

നിഴൽ നിന്നിൽ
ഏതു പക്ഷിയുടെതാണ്?

ആംഗ്യവിക്ഷേപത്താൽ
സംഗീതം സൃഷ്ട്ടിക്കുന്നവൾ,
ഒരു പക്ഷിയെ പോലെ
നിഴലുള്ളവൾ, അവൾ അവിടെ
തെരമിൻ* വായിച്ചുകൊണ്ടേയിരുന്നു!
------------------------------------------------------

*Theremin- സ്പർശിക്കാതെ വായിക്കുവാൻ കഴിയുന്നൊരു സംഗീതോപകരണം.

Tuesday, August 28, 2012

UTC−05 To UTC+05:30 അഥവാ ഐക്യനാട്ടിൽ നിന്നൊരമ്മാനം അഥവാ ഇടം കൈയിലുത്രാടവും വലം കൈയിൽ തിരുവോണവും~


ഉത്രാടരാവിൻ നിലാവു പോലുള്ളൊരു
ഫ്ല്യൂറസറ്റ് ലാംബിന്റെ കീഴിൽ നിന്നും
സമയമേഖലക്കിപ്പുറം നിന്നു-
കൊണ്ടപ്പുറത്തേക്കൊന്ന് കൈനീട്ടി,
കെട്ടിപ്പിടിക്കുന്നു പൊട്ടിച്ചിരിക്കുന്നു
തിരുവോണപുലരിതൻ ചെമ്മാനം.                   ***

~ 2012 ആഗസ്റ്റ് 28നു നട്ടപ്പാതിരായ്ക്ക് പോസ്റ്റാനുള്ളത്. ;)

Saturday, July 28, 2012

ഹിമമൂങ്ങയെ പോലെ

രാവും പകലും വേട്ടയാടുന്ന
ഏകാന്തത;
ഹിമമൂങ്ങയെ പോലെ!

ആരുടെ
പരീക്ഷണശാലയിലാണ്
ഏകാന്തതയെ
ഒറ്റ കൊത്തിൽ
കൊക്കിലൊതുക്കി
പറന്നു പോകുന്നൊരു പക്ഷിയെന്ന്
ഓർത്തതേയുള്ളൂ....

കേൾക്കുന്നില്ലേ?

വീശിയടുക്കുന്നു;
ആർക്കിയോപ്റ്റെറിക്സിന്റെയെന്ന പോലെ!

പേടിയാക്കുന്നുണ്ട്;
ഏകാന്തതമതിയെന്നൊരുള്ളനക്കം!




-തോർച്ച, ജൂൺ/ജൂലൈ2012

Thursday, June 21, 2012

പ്രവാസം

പളനിക്ക്
കടലമ്മ കൊടുത്ത
കൊമ്പൻസ്രാവ് പോലെയാണ്
പ്രവാസം!

Sunday, June 03, 2012

നീല മൂങ്ങ


(1)പേച്ച്

എന്തു ചെയ്തു
ഞാനിന്നലെത്തന്ന ചെമ്പരത്തി?

അതോ
അതിന്നൊരു കുട പോലെ
മടങ്ങിയിരിക്കുന്നു.

എന്നാലതിനെയിനി
ദൂരേയ്ക്ക് വലിച്ചെറിഞ്ഞേക്കൂ...

ഇല്ല
മഴക്കാലമല്ലേ
പുറത്തേക്കിറങ്ങുമ്പോൾ
കൂടെ കൊണ്ടുപോകും,
മഴയത്ത് കുടപോലെ
നിവർത്തിപ്പിടിക്കും!

(2) പൊടുന്നനെ പെയ്യുന്ന മഴ

(2.1)
മഴയത്ത്,
തിളയ്ക്കുന്ന എണ്ണയിൽ
പൊട്ടാൻ മടിച്ചുകിടക്കുന്ന
കള്ള കടുകുമണികൾപോലെ നമ്മൾ!


(2.2)
മഴയത്ത്,
തിളയ്ക്കുന്ന എണ്ണയിലേക്ക്
ചീന്തിയിട്ട കാന്താരിമുളകിന്റെ
അരികൾപോലെ നമ്മൾ!


3. രാത്രി

പുരാതനമായ
എതോ കരയിൽ നിന്നും,
പെരുങ്കാറ്റും താണ്ടി,
നിലാവ് നീലിപ്പിച്ച
വെള്ളിത്തൂവലുകളും
വീശി വന്ന
നീല മൂങ്ങയെപോലെ നമ്മൾ!
 
സീരീസ്: ഋതുദേഹം 

Tuesday, March 27, 2012

~~~~”

ശലഭമാവാത്ത പുഴുക്കളുടെ
സമാധിപ്പറമ്പ്,
ഉന്മാദിയുടെ സ്വപ്നഗേഹം;
ഒളിവേഗം ഈറ്റില്ലം!

ആരുടെയഴിഞ്ഞ
മുലക്കച്ചയാണ് ശവക്കച്ചയാക്കി
ചോരച്ചിറകുകൾ പുറത്തേക്ക്?

Monday, March 26, 2012

ചോന്ന്...ചോന്ന്

മൊഴി കറുത്താൽ മിഴി ചുവക്കും..
മിഴി ചുവന്നാൽ മഴ പൊഴിക്കും.

ചുവന്ന പെണ്ണേ ചുകചുവപ്പേ…
നിൻ മഴ നനഞ്ഞ്…നട നടന്നേ.

നട നടന്ന്…കുഴ കുഴഞ്ഞ്...
കുഴ കുഴഞ്ഞേ കടത്തടുത്തേ.

കരകവിയും കടത്തെടുത്ത്…
ചോന്ന് ചോന്ന്... ചെന്ന് ചെന്നേ.

ചെന്ന് ചെന്ന്...ചെന്നു ചേർന്നൂ…
ചെന്ന് ചേർന്നേ കടലിനോട്.

Sunday, March 25, 2012

നീയോ?

ഞാൻ അടരും മണ്ണിൻ
ഉയിരെടുക്കും
വിഷം കായ്ക്കും ചില്ലതൻ
വേരിൻ വിശപ്പ്.

നീയോ?

Thursday, March 15, 2012

നാദമെന്ന സ്വതന്ത്രസംഗീത സംരംഭത്തിൽ ഒരു പിറന്നാൾ ഗാനം


സംഗീതം - ജി നിശീകാന്ത്
ആലാപനം - നവീൻ എസ്
രചന : ഡോണ മയൂര

ഗാനത്തിന്റെ വരികൾ
-------------------------------------
വൃശ്ചിക പൂങ്കാറ്റു തലോടും
മുടിയിഴയുമ്മ വച്ചൊരാൾ
കാതിൽ മെല്ലെ മൂളും
സ്നേഹം തുളുമ്പും
പിറന്നാളാശംസകൾ (വൃശ്ചിക)

പൊന്മണീ നിൻ കാലിൽ
ചിലമ്പൊലി ഉണരും പോലെ...
കണ്മണീ നിൻ കാതിൽ
കതിർമണി ഉലയും പോലെ…(പൊന്മണീ)
ആഘോഷമായ് നേരാം..
ആമോദമായ് പാടാം…
ആയിരമാശംസകൾ
പിറന്നാളാശംസകൾ (2)
വൃശ്ചിക പൂങ്കാറ്റു തലോടും…

കാറ്റായ് നിൻ കൈയിൽ
തരിവളയിളകി മെല്ലെ…
മേഘങ്ങൾ വന്നണഞ്ഞുവെൺ
കുടയായ് നിൻ മേലെ…(കാറ്റായ്)
നിൻ ജന്മനാൾ നേരാം…
സ്നേഹാർദ്രമായ് പാടാം…
ആയിരമാശംസകൾ
പിറന്നാളാശംസകൾ(2) (വൃശ്ചിക…)

ഗാനം ഇവിടെ കേൾക്കാം...വൃശ്ചിക പൂങ്കാറ്റു തലോടും

Saturday, March 10, 2012

ഐസ് ക്യൂബുകൾ, പഠനം, അഭിമുഖം

മലയാളനാട് വെബ് കമ്മ്യൂണിറ്റിയിൽ ഐസ് ക്യൂബുകൾക്ക് മനോജ് കുറൂർ എഴുതിയ പഠനവും, ഐസ് ക്യൂബുകളെ ആസ്പദമാക്കി അമ്മു നടത്തിയ അഭിമുഖവും.

1. പഠനം -ഒളിഞ്ഞിരിക്കുന്ന ഒരു പെൺകുട്ടി.

2. അഭിമുഖം - ഉള്ളിലുള്ള ഒരു പാപ്പിയോൺ.


ഐസ് ക്യൂബുകളുടെ കോപ്പി ഇവിടെ നിന്നും ഓർഡർ ചെയ്യാം  http://bit.ly/RIgvgL 

Friday, February 10, 2012

കന്നിക്കൊയ്ത്, കവിതാസമാഹാരം, ഐസ് ക്യൂബുകൾ



‘ഐസ് ക്യൂബുകൾ’ എന്ന പേരിൽ എന്റെ കവിതാസമാഹാരം പ്രകാശിതമാകുന്നു.
ഈ സമാഹാരം സാധ്യമാക്കിയ ഇൻസൈറ്റ് പബ്ലിക്കയോടും, കവിതകൾക്ക് പഠനമെഴുതിയ ഡോ.മനോജ് കുരൂറിനോടും വാക്കുകൾകതീതമായുള്ള കടപ്പാടും,
അക്ഷരങ്ങളിലൂടെയെന്നെത്തൊട്ട,ഞാൻ തൊട്ട, നിങ്ങളൊരോരുത്തരൊടുമുള്ള നന്ദി പറഞ്ഞൊഴിയാനാവാത്തൊരാത്മബന്ധവും ഇവിടെഅടയാളപ്പെടുത്തുന്നു.

Copies can be ordered form here -->  http://bit.ly/T4v7Vn