Thursday, December 27, 2007

തോന്നലുകള്‍


ചിത്രത്തിനു കടപ്പാട് അജീഷ്

നെഞ്ചിന്‍കൂടു വലിച്ചു തുറന്നു
ഹൃദയത്തിന്റെ നാലറകളിലേതി-
ലെങ്കിലുമൊന്നില്‍, ഉത്തരം തേടി
മടുത്ത ചില സമസ്യകള്‍ക്ക്
ഉത്തരമുണ്ടോയെന്നു തിരയുവാനും,

തലവെട്ടിപൊളിച്ച് അതിനുള്ളില്‍
ചുരുണ്ടു കൂടിയിരിക്കുന്ന മസ്തിഷ്കത്തിന്റെ
രഹസ്യങ്ങളെന്തൊക്കെയെന്നു
ചുരുള്‍ വിടര്‍ത്തി നോക്കുവാനും,

ഇരു കണ്ണുകളിലൊന്നു മുളങ്കമ്പാല്‍
കുത്തിയെടുത്ത്, കാണുന്നതെല്ലാം
ചാരവര്‍ണ്ണമായതെങ്ങിനെയെന്നു
മറുകണ്ണു കൊണ്ടു തിരയുവാനും,

ഇരു ചെവിയിലുമീയമിരുക്കിയൊഴിച്ചു
പിന്നെയത് ഇളക്കി മാറ്റി, കേള്‍വിയുടെ
ഏറ്റക്കുറച്ചിലുകളൊന്നുകൂടെ
പരിശോധിച്ച് നോക്കുവാനും,

അറുത്തെടുത്ത നാവിന്‍ തുമ്പില്‍
അക്ഷരങ്ങളോരോന്നായ് നാരായത്താ-
ലെഴുതിച്ചേര്‍ത്ത് വീണ്ടുമതിനെ
സംസാരിപ്പിക്കണമെന്നു തോന്നുന്നതും,

ചില നേരങ്ങളില്‍ കടന്നു വരുന്ന
ചില തോന്നലുകളില്‍, ചിലത് മാത്രമാണ്.

Friday, December 14, 2007

അക്വേറിയം

വിശക്കുന്നുണ്ട്,
ചില്ലുകൂട്ടിലെയരഭാഗം
നിറഞ്ഞ വെള്ളത്തില്‍
നീന്തി തുടിയ്ക്കുന്ന
സ്വര്‍ണ്ണ മീന്‍‌കുഞ്ഞുങ്ങള്‍ക്ക്.

ചോദിക്കുന്നുണ്ട്,
ചെകിളകളുയര്‍‍ത്തി
ചില്ലില്‍ ചുണ്ടുകൊണ്ടിടിച്ച്
സ്വര്‍ണ്ണ ചിറകുകള്‍ വീശി
കഴിക്കാനെന്തെങ്കിലുമെന്ന്.

അലറുന്നുണ്ട്,
കൊത്തി നുറുക്കികൊടുക്കുവാന്‍
ഏറെയില്ലെയിനിയും നിന്റെ
സ്വപ്നങ്ങളെന്ന് ഉച്ചത്തില്‍
ആരോ ഉള്ളില്‍.

പിടയുന്നുണ്ട്,
നുറുക്കുമ്പോള്‍ തെറിച്ച
സ്വപ്നശകലങ്ങളും, കവിള്‍
ചുട്ടു പൊള്ളിച്ച് ചാലുകീറിയ
ഉപ്പുനീരും വീണെവിടൊക്കയോ.

ചിരിയ്ക്കുന്നുണ്ട്,
കൊത്തി വിഴുങ്ങിയെല്ലാ-
മുള്ളിലാക്കി, നീന്തി തുടിച്ച്
ഇനി നിന്നെയിട്ടു തരൂയെന്ന
ഭാവത്തിലവരുടെ കണ്ണുകള്‍.

നുറുക്കുവാനുണ്ട്,
വിശിഷ്ടഭോജ്യമായ്
കൊടുത്തിടാനെന്നെ
തന്നെയിനിയെന്റെ
സ്വര്‍ണ്ണ മീന്‍‌കുഞ്ഞുങ്ങള്‍ക്ക്.

Wednesday, December 12, 2007

മൗനം

ചിറകടിച്ചകലുന്ന
നേരവും നോക്കിയെന്‍
‍ചിന്തകളടയിരുന്നു
ചൂടേകിവിരിയിച്ച
പ്രിയ മൗനമേ...

പറക്കമുറ്റിയിട്ടും
പറന്നകലുവാനാവാതെ,
ചിറകടിച്ചു തളരുന്നു
നീയെന്റെ മനസിന്റെ
കൂ‍രിരുള്‍ കൂട്ടിനുള്ളില്‍.

Thursday, December 06, 2007

തുടര്‍ക്കഥ

നിഴലേ, നീയെന്റെ മുന്നിലും
പിന്നിലുമൊക്കെയൊളിച്ചു
കളിച്ചിരുന്നത് വെളിച്ചത്തെ
ഭയന്നിട്ടെന്നായിരുന്നു
ഞാന്‍ ധരിച്ചു വച്ചിരുന്നത്.

വെട്ടമില്ലാത്തിടങ്ങളില്‍
‍പാത്തും പതുങ്ങിയുമിരുന്നു
എന്തിനാണ് നിന്നെ ഇരുട്ട്
ജീവനോടെ വിഴുങ്ങുന്നത്,
അതോ കൊന്നിട്ടോ?

ആരെ പേടിച്ചിട്ടാണ്,
എന്ത് ഭയന്നിട്ടാണ്,
വെട്ടം വരുമ്പോള്‍
നിന്നെ തിരിച്ച് തുപ്പുന്നതും
നീ പിടഞ്ഞുയിര്‍ക്കുന്നതും?

നമുക്കും ഇരുളിനുമറിയാ-
മിതൊരു തുടര്‍ക്കഥയാണെന്ന്.
നാമായിരങ്ങളില്‍ ഒന്നു മാത്രമെന്ന്.
ഇതൊടുങ്ങുന്നത്
നാമൊടുങ്ങുമ്പോഴാണെന്നും.
അപ്പോഴുമിരുട്ടിനു ഇരകള്‍ക്ക് ക്ഷാമമില്ല.