Tuesday, April 29, 2008

കം‌പ്യൂട്ടറിന് ഇനി പ്രകാശവേഗം


സ്നിഫ്...സ്നിഫ്..ഹാ‍ാ‍ാ‍...


Monday, April 28, 2008

നിരപരാധി

കൊല്ലുവാനായിരുന്നില്ല...
കൊല്ലുവാനായിരുന്നില്ല...
എന്‍ കൈത്തലം മൃദുവായ്‌
നിന്‍ കഴുത്തില്‍ മേയുമ്പോള്‍,
അറിയാതെ, അറിയാതെ
നഖംകൊണ്ടു ഞരമ്പുകളറ്റതല്ലേ.

മുറിക്കുവാനായിരുന്നില്ല,
ഞാന്‍നിന്‍ മിഴിക്കോണില്‍ തുളുമ്പിയ
നീര്‍മുത്തുകളൊപ്പുവാനാഞ്ഞപ്പോള്‍
‍അറിയാതെ, അറിയാതെ
വിരല്‍തുമ്പു‍കൊണ്ടറിയാതെ
കണ്‍മുന മുറിഞ്ഞതല്ലേ.

മനഃപൂര്‍വമായിരുന്നില്ല,
ഞാന്‍പകര്‍ത്തുമ്പോളറിഞ്ഞില്ല
ചഷകത്തില്‍ മധുവെന്നു
നിനച്ചത്‌ വിഷമായിരുന്നെന്നും.
കുത്തുവാനായിരുന്നില്ല, ഞാന്‍
‍കൈയിലെ കത്തിയെയോര്‍ക്കാതെ
നിന്നെ ചേര്‍ത്തുപിടിച്ചപ്പോള്‍
‍അറിഞ്ഞില്ല, അറിഞ്ഞില്ലതുനിന്റെ
പിന്നില്‍ തുളഞ്ഞുകയറുമെന്നും.

എന്നിട്ടും അറിഞ്ഞില്ല, ഞാന്‍
‍ഒട്ടുമേ, ഒന്നുമേ, അറിയില്ലയിനിയും,
ഞാനപരാധിയല്ല, ഞാനപരാധിയല്ല.

Friday, April 18, 2008

ഊട്ടുപുര

സ്വന്തമെന്നും
ബന്ധുവെന്നുമില്ലാതെ,
പ്രായഭേദമില്ലാതെ,
ഒന്നിച്ചെറിഞ്ഞതും അല്ലാത്തതുമായ

''കറിവേപ്പിലകള്‍, കറിവേപ്പിലകള്‍''

കൈകാലുകളേന്തിയേന്തി നടക്കുന്നു,
കുപ്പത്തൊട്ടിയില്‍നിന്നുമകലേക്ക്‌...
പല്ലുകള്‍ക്കിടയില്‍ ഞെരുങ്ങിഞെരുങ്ങി
ഞരമ്പുകള്‍ തെളിഞ്ഞ,

''പച്ച'' മനുഷ്യക്കറിവേപ്പിലകള്‍.
ഇനി ഉണ്ണാത്തവര്‍ക്കിരിക്കാം.

Friday, April 11, 2008

പരസ്‌പരം കാണാത്തത്‌..

നമുക്കിടയില്‍
ഋതുക്കളില്ല കരയില്ല
കടലില്ല ആകാശമില്ല
ഉയരുന്ന ശബ്ദമില്ല
തെളിയുന്ന വെളിച്ചമില്ല
മായുന്ന ഇരുളുമില്ല.

നമുക്കിടയില്‍
‍ആഴമില്ല ഉയരമില്ല
തുടക്കമില്ല ഒടുക്കമില്ല
ഒടുങ്ങാത്ത പകയില്ല
അടങ്ങാത്ത അഗ്നിയില്ല
മായയില്ല മന്ത്രവുമില്ല.

നമുക്കിടയില്‍
മഴയില്ല വെയിലില്ല
സൂര്യനില്ല താരമില്ല
തിങ്കളില്ല ചൊവ്വയില്ല
നിലാവില്ല നിഴലില്ല
കൊഴിയുന്ന യാമവുമില്ല.

നമുക്കിടയില്‍
തുളുമ്പുന്ന മിഴിയില്ല
വിതുമ്പുന്ന ചുണ്ടുകളില്ല
കുരുങ്ങുന്ന വാക്കില്ല
നീറുന്ന ആത്മാവില്ല
നിഗൂഢ മൗനമില്ല
നേരില്ല നെറിയുമില്ല.

നമുക്കിടയില്‍
‍ഞാനുമില്ല നീയുമില്ല
നമുക്കിടയിലൊന്നുമില്ല.

പിന്നെ എന്താണ്‌?
നമ്മള്‍ ആരാണ്‌?
ഒന്നുമല്ലാതെ,
ഒന്നിനുമല്ലാതെ,
വെറുതേ...

സ്നേഹം

കൊടിയ വിഷം പുരട്ടി
രാകിയ ചാട്ടുളിയാണ്, സ്നേഹം.
തകര്‍ത്ത് കയറുമത് നെഞ്ചിന്‍കൂട്,
ചീകിയില്ലാതെയാക്കുമകക്കാമ്പ്,
ധമനികളില്‍ വിഷംകലര്‍ത്തും
പിന്നെ ‘സമയമാകുന്നു പോലും‘....

Friday, April 04, 2008

ചിതലെടുക്കാത്ത ഡയറിക്കുറിപ്പുകള്‍, അമ്മയറിയാതിരിയ്ക്കാന്‍‍...

പേടിയാണ്‌ എനിക്കെന്റെ ശബ്ദത്തെ. വില്ലുകുലച്ച്‌ ലക്ഷ്യസ്ഥാനത്ത്‌എത്തിക്കുന്നതുപോലെ അതെന്റെ വികാരങ്ങളെയും വിചാരങ്ങളെയുംപൂര്‍ണനഗ്നരാക്കി എത്തിക്കും, ആ മുന്നില്‍. ഇനിയെന്റെ ശബ്ദംഅവിടേക്കെത്തരുത്‌ ഏതുമാര്‍ഗേനയുമെന്ന്‌ ഞാന്‍ അതിയായിആഗ്രഹിച്ചുപോകുന്നു. ഇനിമുതല്‍ നമുക്കിടയില്‍ ശബ്ദമുയര്‍ത്താതെ അക്ഷരങ്ങളാകുന്ന വാക്കുകള്‍ മാത്രമാകും വിശേഷങ്ങള്‍ കൈമാറുകയെന്ന്‌ ഞാന്‍ഉറപ്പിച്ചിരിക്കുന്നു.

എന്റെ കരഞ്ഞു നീരുവച്ച കണ്ണുകളില്‍ വീണ്ടും ഉരുള്‍പൊട്ടുമ്പോള്‍ഞാനെഴുതും- ''എനിക്കിവിടെ പരമാനന്ദമാണമ്മേ...''യെന്ന്‌. നാട്ടുകാരെയുംകൂട്ടുകാരെയും മുഖംകാണിക്കാന്‍മടിച്ച്‌, നാലു ചുവരുകള്‍ക്കുള്ളില്‍വിഷാദത്തിന്റെ കയങ്ങളില്‍ ഒളിച്ചിരിക്കുമ്പോള്‍ ഞാനെഴുതാം-''ജീവിതസൗഭാഗ്യങ്ങള്‍ക്കിടയിലും ഞാന്‍ തിരക്കുകളില്‍പെട്ടുപോയിരിക്കുന്നമ്മേ..''യെന്ന്‌.

സ്വരം കേള്‍ക്കണമെന്ന്‌ ഇന്നലെ വാശിപിടിച്ചപ്പോള്‍ ഭാഷ അറിയുകയുംപറയുകയും ചെയ്യുന്ന ഒരുവളെ പ്രതിഫലംകൊടുത്ത്‌ വിളിച്ചുവരുത്തി,ഞാനെന്നപോലെ സംസാരിപ്പിക്കാന്‍ തുനിഞ്ഞത്‌, എന്റെ ശബ്ദം അമ്മയുടെമനസ്സിനെ മുറിപ്പെടുത്താതിരിക്കാന്‍വേണ്ടി മാത്രമായിരുന്നു. പത്തുമാസംചുമന്നുപെറ്റ്‌ പൊക്കിള്‍ക്കൊടി അറുത്തുമാറ്റിയിട്ടും ദിനംപ്രതിദൃഢതയേറിവന്നിരുന്ന ബന്ധത്തിന്റെ മുന്നിലേക്കാണ്‌ ഒരു അപരിചിതസ്വരത്തെഞാന്‍ എന്റേതാക്കി വാടകയ്‌ക്കെടുത്തു വിട്ടത്‌.

കളിപിഴച്ചെന്ന്‌തുടക്കത്തിലേ നമ്മള്‍ മൂന്നുപേര്‍ക്കും മനസ്സിലായിട്ടും എന്തിനാണ്‌സംഭാഷണം തുടര്‍ന്നത്‌, എന്നെ ഇനിയും വേദനിപ്പിക്കാതിരിക്കാനോ? ആനിമിഷങ്ങളില്‍ ഞാന്‍ എന്നിലേക്കു ചുരുങ്ങിച്ചുരുങ്ങി ഇല്ലാതായെങ്കില്‍എന്നാശിച്ചു. ഈശ്വരാ എന്നു ഒരിക്കല്‍പ്പോലും വിളിക്കാത്ത എന്റെനാവിനെക്കൊണ്ട്‌ ഒടുവില്‍ ഞാന്‍ അതുപോലും വിളിപ്പിച്ചു.

ആ മുന്നില്‍ വന്നുനിന്നാലും തിരിച്ചറിയാനാവാത്തവിധം എന്റെ രൂപവും ഭാവവുംചിന്തയും മാറിയിരിക്കുന്നുവെന്ന്‌ മനസ്സ്‌ തറപ്പിച്ചുപറയുമ്പോഴും ആഅമ്മമനസ്സെന്നെ തിരിച്ചറിയുമെന്ന സത്യത്തെയും എനിക്ക്‌ പേടിയാണ്‌. ആ മനസ്സ്‌ എത്ര ഓടിവരാന്‍ ആഗ്രഹിച്ചാലും എത്തിപ്പെടാനാവാത്തയത്ര അകലത്തില്‍ഇപ്പോള്‍ ഞാനായത്‌ അത്രയുംനന്ന്‌.

എന്റെ ശബ്ദമോ ഞാനോ ആ മുന്നില്‍എത്താത്തിടത്തോളംകാലം അക്ഷരങ്ങളുടെ ചിറകേറിയെത്തുന്ന വാക്കുകള്‍ അമ്മയെസമാധാനിപ്പിക്കും, സന്തോഷിപ്പിക്കും. അതാണ്‌ വിശ്വാസം..., ആശ്വാസവും. അതോ ഒരു നിമിത്തംപോലെ അമ്മയ്‌ക്ക്‌ തോന്നുമോ ഞാന്‍ ഏതവസ്ഥയിലാണെന്ന്‌?!... ആ കണ്ണുകള്‍ ചുമന്നുകലങ്ങിനിന്ന്‌ തൃസന്ധ്യയിലെ മഴയാവുന്നത്‌സങ്കല്‌പിക്കുമ്പോള്‍ തളര്‍ച്ചയുടെ ഒരു പടിയില്‍നിന്ന്‌ മറ്റൊന്നിലേക്ക്‌ഇടറിവീഴുന്ന എനിക്ക്‌ വേറെന്തുചെയ്യാനാവും...

തുമ്പിയെ പിടിക്കാനോടിയപ്പോള്‍ കാല്‍തട്ടിവീണ്‌ മുട്ടുകള്‍ ഉരഞ്ഞുപൊട്ടിയവേദനയില്‍ ആ മടിയില്‍ കിടന്നുകരഞ്ഞ മൂന്നുവയസുകാരിയുടെ നിസഹായതാണ്‌ഇപ്പോഴുമെന്റേത്‌. എല്ലാമറിഞ്ഞ്‌ മാപ്പുതരണം.. ഇനിയും എത്ര ജന്മംവേണം അമ്മയെപ്പോലെ ഒരുവളാകാന്‍ എനിക്ക്‌... ഒരുപക്ഷേ എനിക്കൊരിക്കലും...