Thursday, October 31, 2013

ഉണങ്ങാത്ത ഭയത്തിന്റെ നിഴലിൽ...

വരകൾ ഉണങ്ങാനിട്ട്
ചുറ്റിക്കറങ്ങുന്ന
പെൺപുലികളെയും
ആൺപുലികളെയുമാണ്
പൂച്ചകളെന്ന് കരുതി
നമ്മൾ അടുപ്പിക്കുന്നത്.

നമ്മുടെ കുഞ്ഞുങ്ങളെ
അവരുടേതെന്ന പോലെ
നക്കി തുടച്ച്
ചേർത്തു പിടിക്കുമ്പോൾ
വിശ്വസിച്ചുപോകും.

കൊല്ലപ്പെടുമെന്ന് ഉറപ്പാണ്.

ആരാണ് എപ്പോഴാണ്
എങ്ങിനെയാണ്
എന്നൊക്കെ ആധികയറി,
ഭയമെന്ന സുരക്ഷിതത്വത്തിനുള്ളിൽ
ഒളിഞ്ഞിരിക്കുമ്പോൾ
ആരും കൊല്ലാതെ തന്നെ
നമ്മളൊരുനാൾ ചത്തുപോകും.

കുഞ്ഞുങ്ങളെ സുരക്ഷിതരാക്കി
അടക്കിപ്പിടിച്ചുകൊണ്ട്,
വരകൾ ഉണങ്ങാനിട്ട്
ചുറ്റിക്കറങ്ങുന്ന പുലികളിൽ നിന്നും
രക്ഷപ്പെടുത്താൻ ശ്രമിച്ചു കൊണ്ട്,
ഉണങ്ങാത്ത ഭയത്തിന്റെ നിഴലിൽ
നമ്മൾ ഉണങ്ങി പോകും.

Wednesday, June 19, 2013

എറിഞ്ഞോടിക്കണം!

എത്രവിഴുങ്ങിയാലും തൊണ്ടപിളർന്നുപുറത്തു ചാടി
മുഖത്തേക്കള്ളിപ്പിടിച്ചുകയറിയിരുന്നു
കണ്ണിൽ നോക്കി പരിഹസിച്ചു ചിരിച്ചുകാണിക്കുന്ന
ഈ സങ്കടത്തെ ചങ്കെടുത്തെറിഞ്ഞോടിക്കണം.

Wednesday, June 12, 2013

ഇനി നമ്മുക്ക് ബൂഗി വൂഗി കളിക്കാം.

കളിയിൽ ചേരുന്നവരെല്ലാം
ബൂഗി വൂഗി...ബൂഗി വൂഗി
എന്നു പാടികൊണ്ട്
ഓരോ ബോഗികളാവുന്നു,
ഓർമ്മയുടെ ബോർമ്മയിലെ
റെയിൽ പാളങ്ങളുടെ നിഴലിനോട്
ചേർന്നിഴയാൻ തുടങ്ങുന്നു.

അതുകഴിഞ്ഞ് നിശ്ശബ്ദരായിരിക്കാൻ
ശ്രമിക്കുന്നു.

ഓരോ ബോഗികൾക്കുള്ളിലും
അന്നേരം മറ്റനേകം ട്രയിനുകൾ
ചൂളവിളിക്കും, അവയ്ക്കും
നമ്മളെപോലെയുള്ള ബോഗികൾ.

ഓരോ ബോഗിയും
അവരുടെ ട്രയിനിന്റെ
എഞ്ചിൻ ഡ്രൈവറെ
കണ്ടെത്തുന്നതുവരെ കളി തുടരും.

കണ്ടെത്തിയില്ലെങ്കിൽ
കളിയൊരിക്കലും അവസാനിക്കുകയില്ല.

ഇടയ്ക്ക് ആരെയും
കളിയിൽ നിന്നും
പിന്മാറാൻ അനുവദിക്കുകയുമില്ല.

മുൻപരിചയം ഇല്ലെങ്കിലും
ആർക്കും എപ്പോഴും എവിടെവച്ചും
കളിയിൽ ചേരാം ബോഗിയാവം,
നമ്മുടെ ബോഗികൾക്കുള്ളിലെ
മറ്റുട്രയിനുകളൊ ബോഗികളൊ ആവാം.

കളിനിയമങ്ങൾ
എല്ലാ ബോഗികൾക്കും
അവയ്ക്കുള്ളിലെ
ട്രയിനുകൾക്കും ബാധകമാണ്.

‘ഗരീബ് രഥ്’ പോലെ
എല്ലാം ബോഗികളും
ശീതീകരിച്ചിട്ടുണ്ട്,
തളിരിലയിൽ നിന്നു‘ടലെടുക്കുന്ന‘
തണുപ്പുപോലെ
തൊട്ടുതൊട്ട് തുടങ്ങുന്നത്
പിന്നൊരിക്കലും
കൂട്ട് വിട്ട് പോവില്ല.

നമ്മുക്ക് കളിതുടങ്ങാം,
ബോഗികൾക്കു പകരം
നമ്മുടെ ട്രയിനുകൾക്ക്
ബോഡീബാഗുകളാണെന്ന്
ഉറക്കെ പറഞ്ഞ് കളിയുടെ
സസ്പെൻസ് കളയല്ലെ!

Friday, June 07, 2013

വളർത്തുമൃഗം

ഉള്ളിലിട്ട് വളർത്തുന്നൊരു മൃഗമുണ്ട്,
വെളിച്ചത്തെ മാത്രം ഭയക്കുന്നൊരു മൃഗം.

കെട്ടഴിക്കാത്ത  സമ്മാനപൊതിപോലെയുള്ള
തയ്യലഴിയാത്ത പുതുപ്പുത്തനുടുപ്പുപോലയുള്ള
ഓരോ മുറിവും
ആ മൃഗത്തിലേക്ക് പരകായം ചെയ്യിക്കുന്നു.

മുറിവുകൾ മാത്രം
പരകായം ചെയ്യിക്കാൻ വളർത്തുന്ന മൃഗം
പുറത്തേക്കു ചാടാതെയിരിക്കുവാൻ
കാവലിരുപ്പാണ് എപ്പോഴും.

അടിക്കടിയതുള്ളിലുയർത്തുന്ന
പരാക്രമവും അലർച്ചയും മുരൾച്ചയും
ശ്രദ്ധയോടെ അണച്ചണച്ചമർത്തിപ്പിടിച്ച്
ഉള്ളിൽ അമർത്തിവയ്ക്കാൻ ശ്രമിക്കുന്നു,
ചുറ്റിലുമുള്ളവരുടെ
സ്വസ്ഥ്യം നഷ്ട്ടപെടുത്താതെയിരിക്കുവാൻ.

എങ്കിലുമത് ഉള്ളിൽനിന്നങ്ങനെയങ്ങനെയപ്പാടെ
കാർന്നുകാർന്ന് തിന്നുതിന്ന്
പുറത്തേക്ക് നീട്ടുന്ന തുരങ്കങ്ങളിലൊന്നിൽ കൂടി
ഏതുനിമിഷവും
പുറത്തേക്ക് ചാടിയേക്കുമെന്ന് ഭയപ്പെട്ടിരിക്കുന്നു.

പുറത്തേക്ക് തുറക്കപ്പെടുന്ന
തുരങ്കത്തിന്റെ വായിലേക്കുടൻ
രാക്കതിർ പോലൊന്ന് കൂട്ടായീടണേ...

Sunday, May 26, 2013

One call apart

ഒരു വിളിപ്പാടകലം
--------------------------
മരണത്തിൽ നിന്നും ജീവിതം വന്ന്
തിരിച്ചുവിളിക്കുന്നതു പോലെ
ഒരു വിളിയുടെ അകലമേയുള്ളൂ നമ്മുക്കിടയിൽ,
പക്ഷേ എത്ര വിളിച്ചിട്ടും  അടുക്കുന്നില്ല.

/*Scheduled to auto-publish on 26May2013*/

Thursday, May 23, 2013

ചുമല

മരിച്ചുകഴിയുമ്പോൾ മാത്രം
ഞാൻ പിന്നിട്ട കാഴ്ച്ചകളിലേക്ക്
മുറിച്ച് കടന്നു വരാൻ
സീബ്രാക്രോസിങ്ങിലെന്ന പോലെ
നീ സ്ഗ്നൽ കാത്തു നിൽക്കും.

/*Scheduled to auto-publish on 23May2013*/

Wednesday, May 22, 2013

ഇല്ല ഇല്ല എന്ന് ഇലകൾ


ഭാഷാപോഷിണി, ജനുവരി2013.
/*Scheduled to auto-publish on 22May2013*/

ഇടമുറിയാതെ


 സമകാലിക മലയാളം വാരിക-10മെയ്2013
***
ഇടമുറിയാതെ

മഴയത്ത് മുറിഞ്ഞു പോയ ഇലമേൽ
വിളർത്തിരിക്കുന്ന പുഴുവിനെപ്പോലെ,
രാത്രിയുടെ വെടിച്ചകാലിന്റെ

ഇരുണ്ടവിടവുകളുടെ ചൂടുപറ്റി
കൂടെപ്പോകുന്ന വിറങ്ങലിച്ച മഴ പോലെ,
ചാവുപറമ്പിന്റെ ചുവരിൽ
നിന്നടർന്നു പോയ കുമ്മായം
നിഴൽ ഉപേക്ഷിച്ചു പോയ
ശലഭങ്ങളെ ഓർമ്മിപ്പിക്കുന്നതു പോലെ…


ഇലമുറിയുന്ന മഴപ്പെയ്ത്തിനു ശേഷവും
വിട്ടു പോകാത്ത പൂതലിച്ച ഗന്ധമുള്ള
ചാവുപറമ്പുകളിൽ രാത്രിയിൽ പോയി
മരിച്ചവരുടെ ചങ്കിടിപ്പളന്നു കൊണ്ടിരിക്കുന്ന
മിന്നാമിന്നികളെ ഹോർളിക്സ് കുപ്പിയിൽ നിറച്ച്
തിരിച്ചുകൊണ്ടുപോരാൻ തുടങ്ങിയത്


സ്നേഹമെന്ന വാക്കിലെ
‘സ’ ഒരൊറ്റയാനായി ചിന്നം വിളിച്ച്
ചവിട്ടിമെതിച്ച ചന്ദ്രക്കലയ്ക്ക് ശേഷം,
നീ ചാടി പോയി
ഒടുവിൽ ഇടമുറിയാതെ കടന്നു വരുന്ന
‘ഹം’മിനിടയിൽ കുടിയിരുന്നതിൽ പിന്നെയാണ്!

/*Scheduled to auto-publish on 22May2013*/

Wednesday, January 02, 2013

എനിക്ക് ചോളമണികളായ് പൊട്ടി വിടരാൻ കുറച്ച് പൊരിവെയിൽ തരൂ...

മഞ്ഞുമഴയുടെ നാളുകളിൽ
രാത്രി പുലരുവോളം
മഞ്ഞുവാരി നിറച്ച് തലയിണയും
മെത്തയുമുണ്ടാക്കി കട്ടിലൊരുക്കി
നേരം പുലരുവാനായി കാത്തിരിക്കുന്നു.

കാത്തിരിപ്പിന്റെ വേളകളിൽ
ഘനീഭവിക്കുന്ന മുഷിവകറ്റാൻ
ചർക്കയിൽ നൂറ്റെടുത്ത
മഞ്ഞുനൂലുകൾ കൊണ്ട്
കമ്പിളി പുതപ്പുകൾ നെയ്തെടുക്കുന്നു.

ചൂളക്കുഴൽ  വിളികൾക്കൊപ്പം
എന്നും പുലർവേളകളിൽ
മഞ്ഞുവാരിക്കൂട്ടി ഉരുട്ടിയെടുത്ത്
ആകാശത്തേക്ക് ഉരുട്ടി കയറ്റിയും,
ഉരുട്ടി കയറ്റിയ മഞ്ഞുഗോളം
ആകാശത്തിൽ നിന്നും
താഴേക്ക് തള്ളിയിട്ടും
സങ്കടക്കടൽ പെയ്തു തീർക്കുന്നു.

(നീ ഇപ്പോൾ ഓർക്കുന്ന
നാറാണത്ത് ഭ്രാന്തന്റെ പോലൊന്നുമല്ല,
അത് ഒന്നുമല്ല ഒന്നും,
എന്നെ വിശ്വസിക്ക്, അല്ലങ്കിൽ
ഉരുട്ടിയുരുട്ടി കയറ്റുംതോറും
മഞ്ഞുഗോളത്തിന്റെ വലുപ്പവും ഭാരവും
കൂടുന്നതിന്റെ വേദന
എന്നെ പോലെ നീയും
അറിയാനൊന്ന് ശ്രമിച്ച് നോക്ക്,
തോറ്റു പോകും
നിന്റെ നാറാണത്ത് ഭ്രാന്തൻ!)

വിളറിവെളുത്തുപോകുന്ന നിശ്ചലതയിൽ
മഞ്ഞുമഴക്കൊപ്പം താഴേക്ക് വീണ്
ഉച്ചിയുലഞ്ഞുറയുന്ന വേളകളിൽ
അശാന്തമായി മഞ്ഞു കുഴിച്ച് കുഴിച്ച്
വെയിൽ തിരയുകയും,
കടലാസു തോണികളുണ്ടാക്കി
മഞ്ഞിനു മുകളിൽ ഇടുകയും ചെയ്യുന്നു.

വെള്ളത്തിനെയും കാറ്റിനെയും
ഇപ്പോഴെനിക്ക് ഭയമില്ല
എന്റെ കടലാസു തോണിയെ
മുക്കികളയുവാൻ രണ്ടിനും
കഴിയുകയില്ലല്ലോ!

ധ്രുവക്കരടിയായും ഹിമമൂങ്ങയായും
പരകായം ചെയ്തു ചെയ്തു
എനിക്കെന്നെ എന്നേ നഷ്ടമായിരിക്കുന്നു,
എന്റെ നിഴൽ പോലും
വെളുത്തു പോയിരിക്കുന്നു!

എനിക്ക് നിലാവിനായി
നീ കൊടുത്തുവിട്ട വെയിൽ പോലും
ഉറഞ്ഞു പോയിരിക്കുന്നു!

വെയിലിന്റെ മണം തിരഞ്ഞുതിരഞ്ഞ്
വെയിലിന്റെ ഒച്ച തിരഞ്ഞുതിരഞ്ഞ്
മൂക്കിൽ നിന്നും കാതിൽ നിന്നും
ചോര പൊടിയുന്നു.

മഞ്ഞുപാളികളെ അലിയിക്കാൻ
അവയ്ക്കു മുകളിലേക്ക്
വാരിവാരി വിതറുന്ന
ഉപ്പുകല്ലുകളാൽ മൂടപ്പെട്ട്
ഏറെനാളുകളായി തുടരുന്ന
ഈ അതിശൈത്യത്തിൽ
ഞാനുറഞ്ഞു പോയിരിക്കുന്നു.

നാഡീഞരമ്പുകൾക്ക് പകരം
ഉറഞ്ഞുപോയ പുഴകൾമാത്രമാണെന്നിൽ,
അടിത്തട്ടിൽ നിന്നും ചത്തുമലച്ച്
മുകളിലേക്കുയരുന്ന മത്സ്യങ്ങൾ
മഞ്ഞുപാളികളിൽ ചെന്ന് മുട്ടുന്നയൊച്ച
സ്റ്റെതസ്‌കോപ്പിലൂടെയെന്നവണ്ണം
നിനക്ക് കേൾക്കാനാവുന്നുണ്ടോ?

ശൈത്യകാലം കഴിയുന്നുവെന്ന്
രാവു പുലരുവോളം
ഉറക്കെ ചിലച്ചറിയിക്കാറുള്ള
ചീവീടുകളുടെ വീട് എവിടെയാണ്?

ഉച്ചത്തിൽ, ഒന്നത്യുച്ചത്തിൽ ചിലച്ച്
ഈ നശിച്ച മഞ്ഞുകാലത്തെ
ഒന്നോടിച്ച് വിടണേയെന്ന് പറയാൻ
എനിക്കവിടെ വരെയൊന്ന് പോകണം.

വെള്ളയുടെ നിറഭേദങ്ങൾക്കിടയിൽ
ഒരു കറുത്ത നിഴൽ
ഉറഞ്ഞുപോകുവതെയിരിക്കുവാൻ
ആവത് ശ്രമിച്ചുഴറിയുറഞ്ഞ്
മഞ്ഞുശിൽ‌പ്പമാകുന്നതിനോടൊപ്പം
ശിശിരം മൈഥുനത്തിലാകുന്നതിനു മുൻപേ

എനിക്ക് ചോളമണികളായി
പൊട്ടി വിടരാൻ
കുറച്ച് പൊരിവെയിൽ തരൂ
എന്നപേക്ഷിക്കണം!
 
സീരീസ്: ഋതുദേഹം