Sunday, May 24, 2009

അക്കരക്കാഴ്ചകളിലെ ചമയങ്ങളില്ലാത്ത നക്ഷത്രം

മലയാളം സീരിയലുകളിലെ കണ്ണീര്‍ പ്രളയതില്‍ മുങ്ങി നിവരേണ്ടി വരുന്ന മലയാളിക്ക് സായിപ്പിന്റെ നാട്ടില്‍ താമസിക്കുന്ന ഒരു മലയാളി കുടുംബത്തിന്റെ കഥ വളരെ വ്യത്യസ്തമായൊരു അനുഭവമായിരുന്നു.  'അക്കരക്കാഴ്ച്ചകള്‍' എന്ന സിറ്റ്കോം അവര്‍ക്ക് പ്രിയങ്കരമാവാന്‍ പിന്നെ അധികസമയമെടുത്തില്ല. 'യു ട്യൂബി'ലൂടെയും 'കൈരളി ടീവി'യിലൂടെയും മലയാളികളുടെ മനം കവര്‍ന്ന അക്കരക്കഴ്ച്ചകള്‍, അമേരിക്കന്‍ മലയാളിയുടെ ആശകളും നിരാശകളും ഞെട്ടലുകളും കോമാളിത്തരങ്ങളും  കാട്ടിക്കൂട്ടലുകളും ജാടകളും എന്ന് വേണ്ട സുഹൃത്തുകളുമായുള്ള മത്സരമനോഭാവം മുതല്‍ പരദൂഷണം വരെ വിഷയമായി കാണിക്കുന്നു.  'അക്കരക്കാഴ്ച്ചകള്‍' കാണുന്ന ഓരോ അമേരിക്കന്‍ മലയാളിയും സ്വയം  ചോദിച്ച് തുടങ്ങി "ഇത് ഞാന്‍ തന്നെയാണോ, ഞാന്‍ ഇങ്ങിനെയൊക്കെയാണോ?" ഇത് തന്നെയാണ് 'അക്കരക്കാഴ്ച്ചകള്‍' എന്ന മലയാളം സിറ്റ്കോമിന്റെ വിജയരഹസ്യം.

1986 മുതല്‍, ഇരുപത്തി മൂന്ന് വര്‍ഷങ്ങളായി അമേരിക്കയിലെ ന്യൂജഴ്സിയില്‍ താമസിക്കുന്ന സജ്നി സക്കറിയയെ നമ്മളിലേറെ പേരും അറിയുന്നത് അക്കരക്കാഴ്ച്ചകളെന്ന മലയാളം സിറ്റ്കോമിലെ റിന്‍സിയായിട്ടാണ്.  എന്നാല്‍ "മഴ വീണപ്പാട്ടുകള്‍' എന്ന സ്റ്റേജ് നാടകം കണ്ടിട്ടുള്ള അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതമായ മുഖമാണ് സജ്നിയുടേത്. മഴവീണപ്പാട്ട് കാണാനുള്ള ഭാഗ്യം ലഭിക്കാത്ത നമ്മുടെ മുന്നിലേക്ക് എല്ലാ ആഴ്ച്ചയും സജ്നി സക്കറിയ അക്കരക്കാഴ്ച്ചകളിലെ ജോര്‍ജ് തേക്കും‌ മൂട്ടിലിന്റെ ഭാര്യയായ റിന്‍സിയായെത്തുന്നു.

സജ്നിയുടെ മാതാപിതാക്കള്‍ തിരുവല്ലാക്കാര്‍. അവര്‍ തിരുവനന്തപുരത്ത് വീടു വച്ചിരുന്നതുകൊണ്ട് അവിടെയായിരുന്നു പഠനമെല്ലാം. മാര്‍ ഇവാനിയോസ് കോളജില്‍ നിന്നും ബി.എസ്.സി ചെയ്തു. ഭര്‍ത്തൃഗൃഹം പത്തനംതിട്ടയിലെ കുമ്പളാം പെയ്കയില്‍. സജ്നിക്ക് രണ്ട് കുട്ടികളുണ്ട്. പതിനൊന്നാം ഗ്രേഡില്‍ പഠിക്കുന്ന മോനും, ഒന്‍പതാം ഗ്രേഡില്‍ പഠിക്കുന്ന മോളൂം. ഭര്‍ത്താവ് ക്രിസ്റ്റി, ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു.
 
നാട് മിസ്സ് ചെയ്യുന്നുണ്ടോ?

ആദ്യമൊക്കെ ഉണ്ടായിരുന്നു. തുടക്കത്തില്‍ അടുത്ത ബന്ധുക്കളെല്ലാം നാട്ടിലായിരുന്നു. ഇപ്പോള്‍ മിക്കവരും ഇവിടെയാണ്. ഇപ്പോള്‍ നാട് എതാണെന്നു ചോദിച്ചാല്‍, ഇപ്പോള്‍ ഇവിടെയാണെന്നു പറയണം.

ഇവിടെ ജോലി ചെയ്യുന്നുണ്ടോ?

ബാങ്കില്‍ ജോലി ചെയ്തിരുന്നു. ഇപ്പോള്‍ ജോലിയില്ല. 2008 നവംബറില്‍ സാമ്പത്തിക മാന്ദ്യം മൂലം ലേയോഫ് ചെയ്തു. 

വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക മനസിലേക്ക് നടന്നു കയറിയ അക്കരകാഴ്ച്ചകളിലെ പ്രധാന സ്ത്രീ കഥാപാത്രമാണല്ലോ റിന്‍സി. ഇത്ര തന്മയത്വത്തോടെ ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന്റെ രഹസ്യമെന്താണ്?

എനിക്ക് പ്രധാന കാരണമായി തോന്നുന്നത് കഥാപാത്രത്തോടുള്ള ക്യാരക്ട്ടറിനോടുള്ള "ട്രൂത്ത്ഫുള്‍‍നെസ്സ്" ആണ്. ഞാന്‍ അഭിനയിക്കുകയായിരുന്നില്ല ആ കഥാപാത്രമാവുകയായിരുന്നു. ഞാനും ജോസൂട്ടിയും ഏറെ നാളായി പരസ്പരം അറിയുന്നതാണ്. രണ്ടു പേരും 'ഫൈന്‍ ആര്‍ട്ട്സ് മലയാളം' എന്ന ഗ്രൂപ്പില്‍ എട്ട് വര്‍ഷമായി അംഗങ്ങളാണ്.  'മഴവീണപ്പാട്ട്' എന്ന രണ്ടരമണിക്കൂറുള്ള ഒരു സോഷ്യല്‍ ഡ്രാമയില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അങ്ങിനെ ഞങ്ങള്‍ തമ്മില്‍ നല്ല പരിചയമാണ്.

പരസ്പരം അറിയാവുന്ന കാരണത്താലാണോ നിങ്ങള്‍ തമ്മില്‍ സ്ക്രീനില്‍ ഇത്രമാത്രം കെമിസ്ട്രിയുള്ളത്?

തീര്‍ച്ചയായും. അതു കൊണ്ട്  പലരുടെയും വിചാരം ഞങ്ങള്‍ ശരിക്കുള്ള ഭാര്യാഭര്‍ത്താക്കന്മാരാണ് എന്നാണ്. (ചിരിക്കുന്നു...)

ചക്കിമോളും മത്തായിക്കുഞ്ഞും നിങ്ങളുടെ കുട്ടികളാണോ?

അല്ല( ചിരിക്കുന്നു) അല്ല. എല്ലാവരുടെയും വിചാരം അങ്ങനെയാണ്. അവരെ ഞങ്ങള്‍ക്ക് നേരത്തെ അറിയാം. അപ്പച്ചനാണേലും നമ്മുടെ കൂടെ ഫൈന്‍ ആര്‍ട്ട്സ് മലയാളത്തിന്റെ പരിപാടികള്‍ക്കെല്ലാമുണ്ട്. പല ഡ്രാമകളിലും ഉണ്ടായിരുന്നു.

അക്കരകാഴ്ച്ചകളിലെക്ക് വരാനുള്ള സാഹചര്യമെന്തായിരുന്നു?

"മഴവീണപ്പാട്ട്" ഞങ്ങള്‍ ഫിലാഡല്‍ഫിയയിലെ ഒരു പള്ളിയുടെ ഫണ്ട് റൈസിംഗിനു വേണ്ടി ചെയ്തിരുന്നു. അവര്‍ അവിടെ വന്ന് ഞങ്ങളെ കണ്ടു. അതായിരുന്നു  ഒഡീക്ഷന്‍.  ഒരു മടിയുമില്ലാതെ ഞ്ഞങ്ങള്‍ രണ്ടുപേരും ചെയ്യാമെന്നും പറഞ്ഞു.

അക്കരകാഴ്ച്ചകള്‍ക്കു മുന്‍പ് സജ്നി വേറൊരു സീരിയലില്‍ അഭിനയിച്ചിട്ടുണ്ട് എന്ന് കേട്ടിരുന്നു?

"ഇലപോഴിയും പോലെ" എന്ന ഒരു ടെലിഫിലിമില്‍ അഭിനയിച്ചിട്ടുണ്ട്. 2000ല്‍ ആണ് അത് ചെയ്തത്.

അഭിനയ രംഗത്ത് സജ്നിയൊരു പുതുമുഖമേയല്ല അല്ലേ?

ഇവിടെ വന്നതില്‍ പിന്നെ...അല്ല. എന്റെ അഭിനയം തുടങ്ങിയത് അമേരിക്കയിലാണ്.

കോളജിലൊക്കെ കലാമത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ടോ?

അഭിനയത്തിലും നാടകത്തിലും ഇല്ല...ഈ ഏരിയയില്‍ എത്തിപ്പെടുമെന്ന് ഒരു രൂപവും ഉണ്ടായിരുന്നില്ല. സ്കൂളില്‍ വയ്ച്ച് ഒരു ഡ്രാമ ഞാനും എന്റെ സിസ്റ്ററുമെല്ലാം ചേര്‍ന്ന് ചെയ്തിട്ടുണ്ട്. ഇവിടെ വന്നതിനു ശേഷമാണ് ഈ രംഗത്ത് സജീവമായത്.


സൗന്ദ്യര്യ മത്സരത്തിലും പങ്കെടുത്തിട്ടുണ്ടല്ലെ?
 (ചിരിക്കുന്നു....) അതാരാ പറഞ്ഞെ...(വീണ്ടും ചിരി...)


ഞാന്‍ പപ്പരാസിപ്പണി ചെയ്തതാണ്(എന്റെ ചമ്മിയ ചിരി), അതു ഗോസിപ്പായിരുന്നോ...?

(നിര്‍ത്താതെ ചിരിക്കുന്നു...) അല്ല...അല്ല...അതു ഞാനും എന്റെ മോളും കൂടെ ചെയ്ത‌താണ്. വടക്കേ ഇന്ത്യക്കാര്‍ ഇവിടെയൊരു  "മമ്മി ആന്റ് മീ" എന്ന്  പേരില്‍  ഒരു പേജന്റ് നടത്തുന്നുണ്ടായിരുന്നു-അമ്മയും മകളും തമ്മില്‍. അത് രസമാകുമെന്ന് കരുതി ഞാനുമെന്റെ മോളും പാര്‍ട്ടിസിപ്പേറ്റ് ചെയ്തു. ഞങ്ങള്‍ രണ്ടാള്‍‍ക്കും അത് നന്നായി എഞ്ചൊയ് ചെയാന്‍ പറ്റി. വീ ഹാഡ് എ വെരി ഗുഡ് ടൈം. അതു മാത്രമായിരുന്നു ഉദ്ദേശം. പിന്നെ ആദ്യത്തെ പത്ത് പേരില്‍ ഞങ്ങള്‍ എത്തുകയും ചെയ്തു.

അക്കരകാഴ്ചകളിലെ അഭിനയിത്തിന് ഫാമിലി സപ്പോര്‍ട്ടീവാണോ?

അതെ, അവരെല്ലാം വളരെ സപ്പോര്‍ട്ടീവാണ്, പ്രത്യേകിച്ചും ഭര്‍ത്താവ്. അതില്ലെങ്കില്‍ എനിക്ക് ഇതിലെക്ക് വരാന്‍ കഴിയില്ലല്ലോ. ഒന്നര വര്‍ഷമായിട്ട് എല്ലാ ശനിയാഴ്ച്ചയും രാവിലെ ഷൂട്ടിങ്ങിനു പോകുന്നതാണ്. വൈകിട്ട് ആറ്മണി ഏഴ്മണിയാക്കുമ്പോഴാണ് തിരിച്ച് വരുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെ ജോലി..പിന്നെ ഷൂട്ടിങ്ങ്.

ഓരോന്നിന്നും വേണ്ടി സമയം എങ്ങിനെ കണ്ടെത്തുന്നു?

അത് ഒരു കുഴപ്പവുമില്ല. ഓര്‍ഗനൈസേഷന്‍ ആന്റ് ടൈം മേനേജ്മെന്റില്‍ എനിക്ക് ഒരു പ്രോബ്ലവും ഇല്ല.

അക്കരകാഴ്ച്ചകളില്‍ മെയിന്‍ ആയിട്ട് റിന്‍സിയെന്ന ഒരു സ്ത്രീ കഥാപാത്രം മാത്രമാണുള്ളത്. ബാക്കിയുള്ളവര്‍ വന്ന് പോകുന്ന കഥാപാത്രങ്ങളാണ്. അപ്പച്ചനെപ്പോലെ, ഗിരിഗിരിയെപ്പോലെ മറ്റൊരു സ്ത്രീ കഥാപാത്രം ഇല്ല. "അക്കരകാഴ്ച്ചകളില്‍ സ്ത്രീ പ്രാതിനിധ്യം കുറവല്ലേ" എന്ന് ചോദിച്ചാല്‍ സജ്നി എങ്ങിനെ പ്രതികരിക്കും ?

ഞാനും  അത് ഓര്‍ക്കാറുണ്ട്. ഞാന്‍ വിചാരിക്കും അവര്‍ക്ക് ചിലപ്പോള്‍‍ വിഷമമായിരിക്കും - ഇനി സ്ത്രീകളെ വിളിച്ചാല്‍ ഭര്‍ത്താക്കന്മാര്‍ വല്ലതും പറയുമോ, എന്നൊക്കെ. പിന്നെ സ്ത്രീകള്‍ക്ക് മക്കളെയൊക്കെ ഇട്ട് പോരണം ഷൂട്ടിംഗിന്. അതുകൊണ്ടായിരിക്കും എന്ന് ഞാന്‍ വിചാരിക്കുന്നു.

മഴവീണപ്പാട്ടെന്ന സ്റ്റേജ് പ്രോഗ്രാമില്‍ അഭിനയിക്കുന്നത് അക്കരക്കാഴ്ചകളിലെ അഭിനയത്തെ സഹായിച്ചിട്ടുണ്ടോ, പ്രത്യേകിച്ചും റിയല്‍ ടൈം ആയി സംഭാഷണങ്ങള്‍ റിക്കോര്‍ഡ് ചെയ്യുമ്പോള്‍?

തീര്‍ച്ചയായിട്ടും ഉണ്ട്. ഒരു കണക്കിനു നോക്കിയാല്‍ അക്കരക്കാഴ്ച്ചകള്‍ ചെയ്യാന്‍ നാടകത്തെക്കാള്‍ എളുപ്പമാണ്. നാടകം നമ്മള്‍ ലൈവായി സ്റ്റേജില്‍ ചെയ്യുകയാണ്. എന്തെങ്കിലും തെറ്റ് വന്നാല്‍ അവിടെ തിര്‍ന്നു. ഇതിലാണെങ്കില്‍ റീടേക്ക് ചെയ്യുകയും എഡിറ്റ് ചെയ്യുകയുമൊക്കെ ആവാം.

ജൂണ്‍-ജൂലൈയില്‍ അക്കരക്കാഴ്ചകള്‍ ടീം യു.കെയില്‍ ലൈവ് സിറ്റ്കോം സ്റ്റേജ് പ്രോഗ്രാമിനു പോകുന്നുണ്ടല്ലോ. ആദ്യമായാണ് ലൈവായിട്ട് ഈ സ്റ്റികോം അവതരിപ്പിക്കുന്നത്. അതിനു വേണ്ടി റിഹേഴ്സലുകളെല്ലാം തുടങ്ങിയോ?

റിഹേഴ്സല്‍ എല്ലാം നേരത്തെ തുടങ്ങി. ലൈവ് ആയിട്ട് അവതരിപ്പിക്കുമ്പോള്‍ മികച്ച അഭിനയം തന്നെ കാഴ്ചവെക്കണം. അതിന് പ്രാക്ടീസിന്റെ അത്യാവശ്യമുണ്ട്. സത്യം പറഞ്ഞാല്‍ വീ ഡൂ എവരി തിങ്ങ് ഫ്രം ബോട്ടം ഓഫ് ഔവര്‍ ഹാര്‍ട്ട്. നമ്മള്‍ അഭിനയിക്കുകയല്ല ആ കഥാപാത്രമായിട്ട് ജീവിക്കുകയാണു. ഇതിന്റെ ഒരു ഭാഗമാകാന്‍ കഴിയുന്നതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്.

സജ്നിക്ക് എന്തെങ്കിലും ഹോബികളുണ്ടോ?

സ്കൂളീല്‍ സ്പോര്‍ട്ട്സിലൊക്കെ ഉണ്ടായിരുന്നു. പല ട്രോഫികളും അതിനു വാങ്ങിയിട്ടുണ്ട്. പള്ളിയിലെ ട്രഷററാണ്. ഞാന്‍ വളരെ 'ആക്റ്റീവ് ആന്റ് ഔട്ട് ഗോയിഗ്' ആണ്. വീട്ടുലുമതേ. എല്ലാ ഏരിയയിലും ഇടപ്പെടാറുണ്ട്.

ഭക്ഷണരീതികള്‍ എന്തൊക്കെയാണ്?

അങ്ങിനെ ഞാന്‍ നിര്‍ബന്ധക്കാരിയല്ല. എന്തുണ്ടെങ്കിലും ഞാന്‍ കഴിക്കും.  പാചകം ചെയ്യാറുണ്ട്. പാര്‍ട്ടികള്‍ക്കെല്ലാം ആളുകള്‍ വീട്ടില്‍ വരുമ്പോള്‍ അവര്‍ക്കുവേണ്ടി പാചകം ചെയ്യാനും ഒരു വിഷമവും ഇല്ല. പിന്നെ വീട്ടില്‍ ഉള്ളവരെല്ലാം പാചകത്തില്‍ സഹായിക്കാറുണ്ട്.

എപ്പോഴാണ് കൂടുതല്‍ സന്തോഷം തോന്നാറുള്ളത്?

കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുമ്പോഴാണ്.

ക്രിസ്തുമസ് എപ്പിസോഡില്‍ പാടി കേട്ടിരുന്നു.  പാട്ട് പാടാറുണ്ടോ?

ക്വോയറിലെല്ലാം ഉണ്ട്. പാട്ട് കേള്‍ക്കാനും ഇഷ്ടമാണ്.

ഇരുപത്തിമൂന്ന് വര്‍ഷമായി അമേരിക്കയിലാണ് എന്ന് പറഞ്ഞല്ലോ. ഭാഷാപരമായി  അത് മലയാളം സംസാരിക്കുന്നതിനെ ബാധിച്ചിട്ടുണ്ടോ?

അതില്ല. വീട്ടില്‍ മലയാളം തന്നെയാണ് സംസാരിക്കുന്നത്. വെളിയില്‍ പോകുമ്പോഴും മലയാളം സംസാരിക്കുന്നതിനു മടിയില്ല. ആരെങ്കിലും കേട്ടാല്‍ എന്ത് കരുതും എന്നതിനെകുറിച്ചൊന്നും ആവലാതിയില്ല.

ഏതു തരം വസ്ത്രങ്ങളാണ് ധരിക്കാനിഷ്ടം?

സാരി. എനിക്ക് സാരിയാണ് ഏറെയിഷ്ടം. ഞാന്‍ സാരിയുടുത്ത് കടയിലും പോകും. ഓഫീസില്‍ പോയിരുന്ന സമയത്ത് വെള്ളിയാഴ്ച്ചകളില്‍ സാരിയുടുത്ത് പോകുമായിരുന്നു.

സ്ക്രീനില്‍ വന്നതിനു ശേഷം സെല്‍ഫ് കോണ്‍ഷ്യസ്‌നെസ് കൂടിയതായി തോന്നിയിട്ടുണ്ടോ?

ഞാന്‍ ഇതിനു മുന്‍പ് വെളിയില്‍ പോയാല്‍ ഒരു സ്വറ്റ് ഷര്‍ട്ടും, അല്ലെങ്കില്‍ ഒരു ടീ ഷ്ര്‍ട്ടും ഇട്ട് പോകുമായിരുന്നു. പക്ഷേ ഇപ്പോള്‍ ചിലപ്പോള്‍ ഞാന് വിചാരിക്കും...മേ ബീ ആരേലും കണ്ടാലോ എന്ന്..അതുകൊണ്ട് കുറച്ചും കൂടി ശ്രദ്ധിക്കാറുണ്ട്.

അക്കരക്കാഴ്ച്ചകളില്‍ വന്നതിനു ശേഷം പുറത്ത് പോകുമ്പോള്‍ കൂടുതല്‍ ആളുകള്‍ തിരിച്ചറിയാറില്ലേ? ആള്‍ക്കൂട്ടത്തെ സന്തോഷത്തോടെ സ്വീകരിക്കാറുണ്ടോ?

തീര്‍ച്ചയായും വളരെ സന്തോഷമാണ്. ആഫ്റ്റര്‍ഓള്‍ ദേ ഒണ്‍ലി മെയ്ഡ് മീ. അവരിതൊന്നും കാണുന്നില്ലെങ്കില്‍ നമ്മള്‍ ഒന്നുമാകുന്നില്ലല്ലോ. അവരില്ലെങ്കില്‍ നമ്മളില്ല. ഞാന്‍ എപ്പോഴും  പറയാറുണ്ട് ആര്‍ക്കെങ്കിലും എന്നെ വിളിക്കണമെങ്കില്‍ വിളിച്ച് കൊള്ളൂ എന്ന്.

യഥാര്‍ത്ഥ ജീവിതത്തില്‍ സജ്നി ഒരു നഴ്സല്ല. എന്നാല്‍ റിന്‍സിയെന്ന നഴ്സിനെ ഇത്ര തന്മയത്വത്തോടെ അവതരിപ്പിക്കുന്നതിന്റെ രഹസ്യമെന്താണ്?

എനിക്ക് കുറെ നഴ്സുമാരായ കൂട്ടുകാര്‍ ഉണ്ട്. അവരുടെ ജീവിതവും ബുദ്ധിമുട്ടുകളും എല്ലാം എനിക്ക് നേരിട്ട് അറിയാം. വേറെ ഒന്ന് ഹോണസ്റ്റിലീ പറയാം... ഇപ്പോള്‍ സിനിമ കാണുമ്പൊള്‍ ഒരാള്‍ ഉറങ്ങിയെണിക്കുന്ന സീന്‍...അതില്‍ മുഖത്ത് നിറയെ മേക്കപ്പ്. ഞാനെപ്പോഴും വിചാരിക്കും - ഇതെന്താ, മേക്കപ്പെല്ലാം ഇട്ടാണോ ഉറങ്ങാന്‍ പോയതെന്ന്!. സിറ്റ്കോമില്‍ വീ ഓള്‍ ‍വെയ്സ് കീപ്പിറ്റ് റിയ്ല്. അതുകൊണ്ട് ഞാന്‍ മേക്കപ്പ് പോലും അധികം ഉപയോഗിക്കാറില്ല. നമ്മള്‍ വീട്ടില്‍ നില്‍ക്കുമ്പോള്‍ അധിക്കം മേക്കപ്പ് ഇടാറില്ലല്ലോ. മിക്കവാറും രംഗങ്ങളും വീട്ടിലേതാണല്ലോ.

നമ്മുടെ സ്ത്രീകള്‍ക്കിടയില്‍, പ്രത്യേകിച്ചും നട്ടിലുള്ളവരുടെ മുന്നില്‍ അമേരിക്കന് മലയാളി സ്ത്രീയായ് അവരുടെ മുന്നിലേക്ക് എത്തുന്നത് റിന്‍സിയെന്ന കഥാപാത്രമാണ്. ആ കഥാപാത്രമാണ് ഇപ്പോള്‍ അവരുടെ മുന്നിലുള്ള റോള്‍ മോഡല്‍. ഇതിനെ പറ്റി എന്താണഭിപ്രായം?

ഇവിടെ വന്ന് ജോലി ചെയ്യുന്നവര്‍, രാത്രിയില്‍ ജോലി,  പകല്‍ പാചകം,  കുട്ടികള്‍..എല്ലാം കഴിഞ്ഞ് മൂന്നു, നാലു മണിക്കൂര്‍ ഉറങ്ങി, വീണ്ടും ജോലിക്ക്  പോവുക ....ഇതെല്ലാം ഇവിടെയുള്ള ഒട്ടു മിക്ക സ്ത്രീകളുടെയും കഥയാണ്. പ്രത്യേകിച്ചും നഴ്സുമാരുടെ.

അക്കരക്കാഴ്ച്ചകളിലെ 50 എപ്പിസോഡുകളില്‍ മറക്കാനകാത്ത എന്തെങ്കിലും എപ്പിസോഡുണ്ടോ?

ശരിക്കും എനിക്ക് എല്ലാ എപ്പ്സോഡുകളും പ്രിയങ്കരമാണ്, മറക്കനാകാത്തതാണ്. ദിസ് വില്‍ ലീവ് വിത് മി. ഇതാണ് എന്നെ ഒരു നടി ആക്കിയത്. നമ്മുടെ കുഞ്ഞുങ്ങള്‍ എന്നതരത്തില്‍ കണ്ടാല്‍ ഇതാണ് എന്റെ കുഞ്ഞ്. അതിന്റെ നന്ദി എനിക്ക് എപ്പോഴും കാണും.

ഇനിയൊരു സീരിയല്‍ അല്ലെങ്കില്‍ സിനിമയില്‍ നിന്നും ഓഫര്‍ വരുകയാണെങ്കില്‍  സ്വീകരിക്കുമോ?

തീര്‍ച്ചയായും ഞാന്‍ അത് കണ്‍‍സിഡര്‍ ചെയും. കരച്ചില്‍ സീരിയല്‍ ഒക്കെയാണെങ്കില്‍ ....ഞാന്‍ കരച്ചിലിന്റെ ഒരു ഫാനല്ല. ഇപ്പോള്‍ എല്ലാത്തിലും കരച്ചിലല്ലേ.  പക്ഷേ ആളുകള്‍ക്ക് അതാണ് ഇഷ്ടമെന്ന് തോന്നുന്നു. അതാകുമല്ലോ ഇത്രയധികം സീരിയലില്‍ കരച്ചില്‍ വരാന്‍ ഇടയാകുന്നതും.

അക്കരക്കാഴ്ച്ചകള്‍ 50 എപ്പിസോഡോടെ തീരുകയാണോ?

ഇപ്പോള്‍ നമ്മള്‍ ഇതിനെ ഒരു ബ്രേക്ക് എന്നാണ് പറയുന്നത്. ഇംഗ്ലണ്ടിലെ സ്റ്റേജ് ഷോയ്ക്ക് വേണ്ടി റിഹേഴ്സലിനെല്ലാം സമയം വേണം. അത് നന്നായി ചെയ്യണം. അതുകൊണ്ടൊക്കെ ഇപ്പോള്‍ ഒരു ബ്രേക്ക്  എടുത്ത് കഴിഞ്ഞ് അതെല്ലാം തീര്‍ന്നതിനു ശേഷം, വീ വില്‍ തിങ്ക് എബൌട്ടിറ്റ്.

അക്കരക്കാഴ്ച്ചകള്‍ക്ക് അടുത്ത സീസന്‍ ഉണ്ടാകും എന്ന് ഉറപ്പിച്ച് പറയുന്നില്ലേ?

ഉണ്ടാകും എന്ന് ഉറപ്പിച്ച്  പറയുന്നില്ല. എന്നാല്‍ ഉണ്ടാകില്ല എന്നും ഉറപ്പിച്ച് പറയുന്നില്ല. നമ്മള്‍ ഇത് നിര്‍ത്തുകയാണ് എന്ന് പറഞ്ഞല്ല നിര്‍ത്തിയത്. ഇപ്പോള്‍ സ്റ്റേജ് ഷോയ്ക്ക് വേണ്ടി പ്രാക്റ്റീസൊക്കെ ചെയ്യണം. ഇനിയും പല സാധ്യതകളുണ്ട്. അതെല്ലാം നോക്കി ചെയ്യാനാണ് പ്ലാന്‍.

വായനക്കാരോടായിട്ട് സജ്നിക്ക് എന്തെങ്കിലും പറയാനുണ്ടോ?

ലൈഫ് ഈസ് ഷോര്‍ട്ട്.  എന്‍ജോയ് ഇറ്റ്, ബട്ട് വിതിന്‍ ഇറ്റ്സ് ലിമിറ്റ്.

    

Tuesday, May 19, 2009

മനോരമ; മലയാളം; ബ്ലോഗ്; മോഷണം

April 22 2009ന് തലക്കെട്ട് വേണ്ടാത്തത്... എന്ന പേരില്‍ ഞാന്‍ പോസ്റ്റ് ചെയ്തിരുന്നത് ഇന്നലെ നോക്കുമ്പോള്‍ മലയാള മനോരമ ഓണ്‍ലൈന്‍ മലയാളം ബ്ലോഗില്‍ നെചിയന്‍/ riyatly എന്നൊരാള്‍ ‍ തലക്കെട്ട് അറിയില്ല എന്ന പേരില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു.

From blog related


പ്രസ്തുത പോസ്റ്റ് മാറ്റണമെന്ന് കാണിച്ച് ഞാന്‍ ഇന്നലെ നെചിയന് ഇ-മെയില്‍ അയച്ചിരുന്നു. മനോരമ ബ്ലോഗ് സപ്പോര്‍ട്ടിനെയും അറിയിച്ചിരുന്നു. ഇതു വരെയും രണ്ടു പേരില്‍ നിന്നും മറുപടിയേതും ലഭിച്ചിട്ടില്ല.

ഇന്ന് മനോരമയുടെ ഓണ്‍ലൈന്‍ ബ്ലോഗില്‍ ഒരു ബ്ലോഗ് രജിസ്റ്റര്‍ ചെയ്ത് ഇതേ കാരണം അവിടെ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇതു പോലെ മറ്റുള്ളവരുടെ സൃഷ്ടികള്‍ മോഷ്ടിച്ച് സ്വന്തം രചനയായ് പ്രസിദ്ധീകരിക്കുക ഒട്ടും അഭിനന്ദനാര്‍ഹമല്ല. മനോരമ ഇത്തരം പ്രവര്‍ത്തികളെ പ്രോത്സാഹിപ്പിക്കുകയുമരുത്.

ഇത് ശ്രദ്ധയില്‍പ്പെടുത്തിയ സുഹൃത്തിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

Update(On Wed, May 20, 2009 at 8:45 AM, CDT) :- പ്രസ്തുത പരാതി നെചിയന്/reality യെ അറിയിച്ചിട്ടുണ്ടെന്നും, താല്‍ക്കാലികമായ് നെചിയന്/reality യെ മനോരമയുടെ ബ്ലോഗില്‍ inactive ആക്കിയിട്ടുണ്ട് എന്നും മനോരമ കസ്റ്റമര്‍ സപ്പോര്‍ട്ടിന്റെ മറുപടി ലഭിക്കുകയുണ്ടായ്, On Wed, May 20, 2009 at 12:27 AM, CDT.

സന്ദര്‍ഭോചിതമായി ഇടപ്പെട്ട മനോരമയ്ക്ക്/മനോരമ സപ്പോര്‍ട്ട് ടീമിന് നന്ദി രേഖപ്പെടുത്തുന്നു.

Sunday, May 10, 2009

അമ്മയ്ക്ക്...

കാലിടറിയാലിന്നും
മനമിടറാതെയിരിക്കുവാനെന്നെയെന്നും
മാറോടണയ്ക്കുമെന്നമ്മേ...

അടുത്ത ജന്മത്തിലെനിയ്ക്കാ
മുലഞെട്ടുകളിലൊന്നിലെയെങ്കിലും
കാപ്പിക്കറുപ്പാകണം.