Monday, August 27, 2007

ചില്ല്

ചില്ല് അലമാരയിലെ
നിഘണ്ടുവില്‍
മൃതിയടഞ്ഞ
അര്‍ത്ഥങ്ങളുടെ
പുനസ്സമാഹരണം.

രക്തക്കറ തീര്‍ത്ത
കാല്‍പ്പാടുകള്‍
പന്ഥാവിലെ
ചില്ലെടുക്കുവാന്‍
അമാന്തിച്ചതിന്റെ
ശേഷിപ്പ്.

തളത്തില്‍ വീണുടഞ്ഞ
കാണ്ണാടി ചില്ലുകളില്‍
തത്സ്വരൂപത്തിന്റെ
വിഭിന്നാവതാരങ്ങള്‍
പരിഹസിക്കുന്നു.

മനസ്സില്‍ അളന്നു
കുറിച്ചിട്ട വഴികള്‍
തെറ്റിയൊയെന്ന്
ഒളിഞ്ഞ് നോക്കുന്നൂ
ഓര്‍മ്മയുടെ ചില്ലു
ജാലകത്തിനപ്പുറം.

വാക്കുകള്‍ എല്‍പ്പിച്ച
മുറിവില്‍ അക്ഷരങ്ങള്‍
നിറയ്ക്കാന്‍ ശ്രമിച്ചതില്‍
ചില്ലക്ഷരങ്ങള്‍ തറച്ച്
വ്രണപ്പെട്ട ചിന്ത.

Friday, August 24, 2007

സദ്യപുരാണം





അന്നൊരു വര്‍ഷം ഓണം നാളില്‍
ഞാന്‍ സര്‍വ്വാഭരണ വിഭുഷിതയായി
അകതാരിലൊരു പൂക്കളം തീര്‍ത്ത്
കുട്ടികളെ എല്ലാം പാട്ടിലുമാക്കി

കണ്ടറിയാന്‍ ഇവിടില്ലൊരു ഓണം
അതിനാല്‍ ഉണ്ടറിയാനായ് കച്ചമുറുക്കി
പച്ചക്കറികള്‍ വെട്ടി നുറുക്കി
സദ്യ ഒരുക്കാന്‍ കത്തി എടുത്തു

പച്ചക്കറികള്‍ പലയിനം അങ്ങിനെ
പലവക നിറത്തില്‍ ഇളിച്ചു ചിരിച്ചു
ഒന്നിച്ചങ്ങിനെ ഞെളിഞ്ഞിരുന്ന്
വില്ലന്‍ ചമഞ്ഞെന്നെ വെല്ല് വിളിച്ചു

ചുമന്ന് തുടുത്തൊരു തക്കാളിയെ
ഞാന്‍ ഉണ്ട കണ്ണാല്‍ നോക്കി വിരട്ടി
ഉരുണ്ടൊളിക്കും ഉരുളക്കിഴങ്ങിനെ
ഞാന്‍ മുരിങ്ങാക്കോലും കാട്ടി വിരട്ടി

വില്ലന്‍ തടിയന്‍ ചേനത്തുണ്ട്
“കൈയേല്‍ കടിക്കും” ഭീഷണി മുഴക്കി
കത്തിയാലവനെ കുത്തി എടുത്ത്
വെട്ടി അരിഞ്ഞ് കലത്തില്‍ തള്ളി.

തൊണ്ട് കളഞ്ഞൊരു തേങ്ങയെടുത്ത്
ഞാന്‍ ഒറ്റ വെട്ടാലെ ഉടച്ചെടുത്തു
അത് കണ്ടിട്ടൊരു കൊട്ടത്തേങ്ങ
കൊട്ടയിലിരുന്നിട്ട് ആര്‍ത്ത് ചിരിച്ചു

അവിയല്‍ കഷണം കലത്തിലിരുന്നു
കാപാലികയെ എന്നലറി വിളിച്ചു
പപ്പടം കാച്ചാന്‍ വച്ചൊരു എണ്ണ
ദേഷ്യം മൂത്ത് തിളച്ച് മറിഞ്ഞു

പച്ചടി വയ്‌ക്കാന്‍ ഉള്ളൊരു വഴുതന
പൈനാപ്പിളിനെ ചൂണ്ടി മടുത്തു
പച്ചക്കറികള്‍ ഓരൊന്നായ് അങ്ങിനെ
കത്തിക്കടിയില്‍ അടിയറവ് പറഞ്ഞു

തേങ്ങ അരച്ച് അവിയലില്‍ ഇട്ടു
തേങ്ങ ചുരണ്ടി തോരനില്‍ ഇട്ടു.
മിച്ചം വന്ന തേങ്ങയെടുത്ത്
വറുത്ത് അരച്ച് തീയല്‍ വയ്‌ച്ചു.

പച്ചടി വയ്‌ച്ചു കിച്ചടി വയ്‌ച്ചു
സാമ്പാറവിയല്‍ തോരനും വയ്ച്ചു
ചില ചെറു കള്ളത്തരത്തില്‍ ഞാനാ
കാ‍ളനും ഓലനും ഒപ്പിച്ചെടുത്തു

അച്ചാറിട്ടത് കുപ്പിയിലാക്കി
ഇഞ്ചി കറിയത് വേറെ വയ്ച്ചു
നേന്ത്രക്കായത് ഉപ്പേരി വറുത്തു
അടയും കടലയും പ്രഥമന്‍ വയ്‌ച്ചു

കറികള്‍ പലത് താളിക്കും നേരം
കടുക്ക് പലവുരു പൊട്ടിത്തെറിച്ചു
കറിവേപ്പിലയോട് അടിപിടി കൂടി
ചിരട്ടത്തവി അവര്‍ക്ക് കുത്ത് കൊടുത്തു

കുത്തരി കൂട്ടി സദ്യയതുണ്ണാല്‍
കൊതി മൂത്തിട്ട് ഉള്ളം തുടിച്ചു
സദ്യ വിളമ്പും നേരം തവിയില്‍ ഒരു
കറിവേപ്പിലയത് പിണങ്ങിയിരുന്നു.

ഇഞ്ചി കറിയത് കൂട്ടും നേരം ഇഞ്ചി
കടിച്ചത് പോലായ് മുഖഭാവം
അത് വരെ അന്നം കാണാത്തതു പോല്‍
ഉരുളകള്‍ പലവുരു ഉരുട്ടി വിഴുങ്ങി

തൂശനിലയിലാ സദ്യയും അടിച്ച്
മത്ത് പിടിച്ച് മയങ്ങും നേരം
കായം മറന്നൊരു സാമ്പാര്‍ ആരും
കണ്ടു പിടിച്ചില്ലെന്നത് ഓര്‍ത്തു ചിരിച്ചു.

Wednesday, August 22, 2007

ആരൊ എന്നെ ഫ്രയിം ചെയ്തൂ.




എന്നെ ഫ്രയിം ചെയ്ത ഈ സംഭവത്തിന് തിരികൊളുത്തിയത് 2007 ആഗസ്റ്റ് 16ന് കാര്‍ട്ടൂണിസ്റ്റ് വരച്ച എന്റെ കാരികേച്ചറാണ്. എന്നെ ഫ്രയും ചെയ്ത പ്രസ്തുത കഷിയുടെ ഓഫീസ് മുറിയുടെ ചുമരും ചാരി ഞാന്‍ നില്‍ക്കുന്നത് കണ്ടില്ലെ. ഈ മുഖാമുഖം ദിനം പ്രതി സഹിക്കുന്ന കഷി ആര് എന്ന് കണ്ട് പിടിക്കുന്നവര്‍ക്ക് ഒരു പ്രത്യക സമ്മാനം(e-ഓണ തല്ല്, e-ഓണ സദ്യ,e- ഉഗാണ്ടയിലേക്ക് ഉള്ള യാത്ര) നല്‍കുന്നതാണ്;). സംഭവം എന്റെ ശ്രദ്ധയില്‍ പെട്ടത് ഇങ്ങിനെ.


അതിരാവിലെയാറര മണിക്ക്
കോഫിയുമായി നെറ്റില്‍ കയറി.
പത്രം നോക്കി, പാട്ടുകള്‍ കേട്ടു
ബ്ലോഗുകള്‍ പലതും വായിച്ച് കമന്റി.

ഇടയ്ക്ക് പലവുരു ഓര്‍മ്മയില്‍ തികട്ടി
ഇമെയില്‍ ഒന്നും നോക്കിയിട്ടില്ല.
ഒടുവില്‍ ഇമെയില്‍ നോക്കും
നേരം വിഷയം ഒന്ന് കണ്ണിലുടക്കി.

സ്പഷ്ടമായത്തില്‍ എഴുത്തിയിരിക്കുന്നൂ
ആരോ മയൂരയെ ഫ്രയിം ചെയ്തു,
കൂടെ ഉള്ളൊരു ചിത്രം നോക്കൂ.
ചെയ്‌ത്തതാരെന്ന് ചോദിച്ചറിയൂ.

ചിത്രം കണ്ടൂ ഉള്ളില്‍ കൊണ്ടൂ
ഞെട്ടിത്തരിച്ച് കോരിത്തരിച്ചു
സന്തോഷത്താല്‍ ഉള്ളം പൊട്ടി
പൊട്ടിച്ചിരിച്ച് പൊട്ടിത്തകര്‍ന്നൂ.

സന്തോഷത്താല്‍ ഓര്‍ത്ത് ചിരിചൂ
പിന്നെ ഒരു ചെറു നെടുവീര്‍പ്പിട്ടു.
ഇതരമൊരു വികൃതി കാട്ടീടുവാനായ്
കച്ച കെട്ടിയതാരെന്ന് പറയ്ക.

Thursday, August 16, 2007

ഐ ലവ് കോച്ചിപ്പിടി.

“അമ്മേയെനിക്ക് കോച്ചിപ്പിടി.........” ഇടിതീ വീഴുന്ന ശബ്ധം പോലെയാണത് കര്‍ണ്ണങ്ങളില്‍ ആഞ്ഞടിച്ചത്. ഞാന്‍ ചെവി വട്ടം പിടിച്ചു. അടുക്കളയുടെ ഭാഗത്ത് നിന്നാണ്. പിന്നെ ഒന്നും ചിന്തിക്കാതെ, വഴിയിലെ തടസങ്ങള്‍ എല്ലാം ഇടിച്ച് തെറിപ്പിച്ച് (മമ്മി, രണ്ട് കസേര, ഒരു ടീപോയ്, ഒരു കതക്ക്) ചട്ടമ്പിയുടെ അടുത്തെക്ക് ഓടി എത്തി, എട്ട് ദിക്കും പൊട്ടുമാറുച്ചത്തില്‍ ചോദിച്ചു “എന്താ മോനെ, എവിടെ..എവിടെയാണ് കോച്ചിപ്പിടിച്ചത് ... കാല്..കൈ.. എവിടെ.. എവിടെ..”

കേരള ഫിലിം ചേമ്പര്‍ അവാര്‍ഡ് ദാന ചടങ്ങിനിടയില്‍ ഓസ്കര്‍ വിന്നിങ്ങ് ആക്ഷന്‍ സീന്‍ കാണുന്നത് പോലെ പൊടി തട്ടി എണീറ്റ മമ്മിയും, ഭയനിട്ടെന്ന പോലെ നാലു വയസുകാരന്‍ ചട്ടമ്പിയും തുറിച്ച് നോക്കുന്നു. ടിര്‍ണോം....ര്‍ണോം... ണോം.... ണോം... എന്നുള്ള സ്വരത്തില്‍ ഒരു സ്റ്റീല്‍ പാത്രം ചട്ടമ്പിയുടെ കൈയില്‍ നിന്നും തഴെ വീണു കറങ്ങുന്നു. ചട്ടമ്പിയുടെ കൈയില്‍ ഒരു ഗ്ല്ലാസുമുണ്ട്. എന്റെ ഉള്ളില്‍ കുതിച്ച് കയറിയ മെര്‍ക്കുറി ഒന്ന് താഴെയിറങ്ങാന്‍ ഒരു ദീര്‍ഘനിശ്വാസം എടുത്തത് രണ്ട്..മൂന്ന്..നാല്..എന്നങ്ങിനെ ഒരു പത്ത് ഇരുപത്തിയഞ്ച് ആയപ്പോഴെക്കും താഴെയിറങ്ങി. പിന്നെ ചട്ടമ്പിയുടെ അടുത്ത് ചെന്ന് ആവര്‍ത്തിച്ച് ചോദിച്ചു. “എന്താ മോനെ, എവിടെ..എവിടെയാണ് കോച്ചിപ്പിടിച്ചത്... എവിടെ?” "അമ്മേ.....എനിക്ക് കോച്ചിപ്പിടിച്ചത് അറിയില്ല, ബട്ട് എനിക്ക് കോച്ചിപ്പിടി പഠിപ്പിച്ച് തരൂ, പ്ലീസ്...ഐ ലവ് കോച്ചിപ്പിടി.”

ഇടിവെട്ടെറ്റവളുടെ തലയില്‍ ആപ്പിള്‍ (ചുമ്മാ.... അതിന്ന് ഒന്നാമതായി ഞാന്‍ ന്യൂട്ടന്‍ ഒന്നും അല്ല..പിന്നെ സംഭവം നടക്കുന്നത് അങ്ങ് കേരളത്തിലായിരുന്നു. അപ്പോള്‍ നല്ല ഉണങ്ങിയ തേങ്ങ തന്നെ ആണ് വീണത്.) വീണ പോലെ ആയി എന്റെ അവസ്‌ത. ചട്ടമ്പിക്ക് കോച്ചിപ്പിടിച്ചിരുനു എങ്കില്‍ അത് എണ്ണയൊ, കുഴമ്പോ ഒക്കെ ഇട്ട് മാറ്റാമായിരുന്നു. ഇനി കോച്ചിപ്പിടി പഠിപ്പിക്കാന്‍ ഞാന്‍ എന്ത് ചെയ്യും. ഞാന്‍ എന്തെങ്കിലും ചോദിക്കുന്നതിന് മുന്നേ ചട്ടമ്പിയുടെ ചോദ്യം വീണ്ടും. "അല്ലമ്മേ, കോച്ചിപ്പിടി പഠിക്കുന്നതെങ്ങിനെയമ്മേ?”. എന്റെ മന‍സിലൂടെ ഒരു മിന്നല്‍ പിണര്‍ കൂടി പാഞ്ഞു പോയി. എന്തിനായിരിക്കും ചട്ടമ്പി ഇത് ചോദിക്കുന്നത്? കാരണം കൈയിലിരുപ്പ് അങ്ങിനെയാണ്.

"അമ്മേ...." ചിന്തകള്‍ കാട്‌ കയറും മുന്‍പേ ചട്ടമ്പിയുടെ വിളികേട്ടു. "അമ്മേ.. എനിക്ക് കോച്ചിപ്പിടി പഠിപ്പിച്ച് തരൂ അമ്മേ, ഐ ലവ് കോച്ചിപ്പിടി.” ഞാന്‍ ഓടി പോയി ഗൂഗില്‍ ചെയ്ത് നോക്കിയാലോ എന്ന് ആലോച്ചിച്ചു. അല്ലതെ എങ്ങിനെ, ഇല്ലങ്കില്‍ ഇത് പഠിപ്പിക്കാന്‍ പറ്റിയ ആശാന്‍മാര്‍ ആരേലും ഉണ്ടോ എന്ന് തിരക്കണം. എവിടെ പോയി തിരക്കും, അതിനും ഗൂഗില്‍ തന്നെ ശരണം. എന്റെ മമ്മിയോട് ഇത്തരം ചോദ്യങ്ങള്‍ ചോദിച്ചാല്‍ ചീത്തയുറപ്പാണ് (അനുഭവം ഗുരു, പിന്നെ കുറച്ച് മുന്നേ തട്ടി തഴെയിട്ടതിന്റെ പൊട്ടി‘തെറി‘ ഇതു വരെ എനിക്ക് കിട്ടിയിട്ടില്ല).

ഞാന്‍ മെല്ലെ ചട്ടമ്പിയൊട് ചോദിച്ചു, " എന്തിനാ മോനെയിപ്പോള്‍ കോച്ചിപ്പിടി പഠിക്കുന്നത്. മോനെയമ്മ മാങ്ങയെറിയാനും, തുമ്പിയെ പിടിക്കാനും, തൊടിയിലെ കുളം കലക്കി തോര്‍ത്തിട്ട് മീന്‍ പിടിക്കാനും ഒക്കെ പഠിപ്പിക്കാം. ഇതൊന്നും തിരിച്ച് പോയാല്‍ പഠിയ്ക്കാനും ചെയ്യാനും പറ്റില്ലല്ലോ, എന്താ പോരെ". "വേണ്ടായെനിക്ക് ടി.വിയിലെ ആന്റിയെ പോലെ കോച്ചിപ്പിടി തന്നെ കാണിക്കണം, എനിക്ക് അത് തന്നെ പഠിക്കണം. അമ്മേ ആ ആന്റി തലയില്‍ ഗ്ലാസും വയ്‌ച്ച് പാത്രത്തില്‍ കയറി നിന്നാണ് കോച്ചിപ്പിടിച്ചത്". ങേ, അങ്ങിനെയോ? ഇത്തരം അഭ്യാസങ്ങള്‍ ആന്റിയല്ല ആരു കാണിച്ചാലും തീര്‍ച്ചയായും കോച്ചിപ്പിടിക്കും എന്ന് മനസില്‍ ഓര്‍ത്തു. പിന്നെ ഈ വക ചാനല്‍ ഒക്കെ ചട്ടമ്പിക്ക് ഇത് ആരാ കാണിച്ച് കൊടുക്കുന്നതെന്നറിയാനുള്ള ആവേശത്തില്‍ എന്റെ മെര്‍ക്കുറി വീണ്ടും ഉയര്‍ന്നു.

പെട്ടെന്നാണ് ഓര്‍മ്മ വന്നത്. കുറച്ച് ദിവസം മുന്നേ ടി.വിയില്‍ കുച്ചിപുഡി കണ്ട കാര്യം. അന്ന് ചട്ടമ്പി ചോദിക്കുകയും ചെയ്‌‌തിരുന്നു "ആ ആന്റിയുടെ അമ്മ ഗ്ലാസും പാത്രവും കൊണ്ട് കളിച്ചാല്‍ വഴക്ക് പറയില്ലേ" എന്ന്. ഈ സംഭവം ചട്ടമ്പിയുടെ കുരുന്ന് മനസ്സില്‍ കടന്ന് കയറി അത് പിന്നെ കുച്ചിപുഡിയില്‍ നിന്നും കോച്ചിപ്പിടിയായി പരിണമിച്ച് ഇത്രടം വരെ എത്തുമെന്ന് ആരു കണ്ടു.






ചട്ടമ്പിയെ മെല്ലെ അടുത്തെക്ക് വിളിച്ച് ഗ്ലാസ് കൈയില്‍ നിന്നും വാങ്ങി പാത്രം നിലത്ത് നിന്നും എടുത്ത് വയ്‌ച്ച് പുറത്തെക്ക് നടക്കുന്നതിനിടയില്‍ കുച്ചിപുഡി ഒരു ശാസ്‌ത്രീയ നൃത്തരൂപമാണെന്നും, ആന്ധ്രകൃഷ്‌ണാ ജില്ലയിലെ കുച്ചുപുഡി ഗ്രാമത്തില്‍ രൂപം കൊണ്ട കലാരൂപമായതു കൊണ്ടാണ് ഇതിന്ന് ആ പേര്‍ കിട്ടിയതെന്നും, തലയില്‍ വെള്ളം നിറച്ച കുടവുമേന്തി പിച്ചളക്കിണ്ണത്തില്‍ കാലിന്റെ പെരുവിരല്‍ ഊന്നി കൊണ്ടുള്ള അഭ്യാസ പ്രകടനമാണ് ഈ കലയുടെ സവിശേഷതയെന്നും ഒക്കെ എങ്ങിനെ ലളിതമായ ഭാഷയില്‍ ചട്ടമ്പിയെ പറഞ്ഞ് മനസിലാക്കാം എന്ന ചിന്തയില്‍ നടക്കുമ്പോള്‍ മുന്നിലുള്ള പടിയില്‍ തട്ടി വീണ് നടുവ് കോച്ചിപ്പിടിച്ച് ഞാന്‍ "മമ്മി, എന്റെ നടുവ് കോച്ചിപ്പിടിച്ചേ" എന്നുറക്കെ നിലവിളിക്കുന്നത് കേട്ട് ചട്ടമ്പി ഓടി പോയി ഒരു വട്ട പാത്രവും ഗ്ലാസുമെടുത്ത് എന്റെ അരികില്‍ എത്തി.