Friday, December 14, 2007

അക്വേറിയം

വിശക്കുന്നുണ്ട്,
ചില്ലുകൂട്ടിലെയരഭാഗം
നിറഞ്ഞ വെള്ളത്തില്‍
നീന്തി തുടിയ്ക്കുന്ന
സ്വര്‍ണ്ണ മീന്‍‌കുഞ്ഞുങ്ങള്‍ക്ക്.

ചോദിക്കുന്നുണ്ട്,
ചെകിളകളുയര്‍‍ത്തി
ചില്ലില്‍ ചുണ്ടുകൊണ്ടിടിച്ച്
സ്വര്‍ണ്ണ ചിറകുകള്‍ വീശി
കഴിക്കാനെന്തെങ്കിലുമെന്ന്.

അലറുന്നുണ്ട്,
കൊത്തി നുറുക്കികൊടുക്കുവാന്‍
ഏറെയില്ലെയിനിയും നിന്റെ
സ്വപ്നങ്ങളെന്ന് ഉച്ചത്തില്‍
ആരോ ഉള്ളില്‍.

പിടയുന്നുണ്ട്,
നുറുക്കുമ്പോള്‍ തെറിച്ച
സ്വപ്നശകലങ്ങളും, കവിള്‍
ചുട്ടു പൊള്ളിച്ച് ചാലുകീറിയ
ഉപ്പുനീരും വീണെവിടൊക്കയോ.

ചിരിയ്ക്കുന്നുണ്ട്,
കൊത്തി വിഴുങ്ങിയെല്ലാ-
മുള്ളിലാക്കി, നീന്തി തുടിച്ച്
ഇനി നിന്നെയിട്ടു തരൂയെന്ന
ഭാവത്തിലവരുടെ കണ്ണുകള്‍.

നുറുക്കുവാനുണ്ട്,
വിശിഷ്ടഭോജ്യമായ്
കൊടുത്തിടാനെന്നെ
തന്നെയിനിയെന്റെ
സ്വര്‍ണ്ണ മീന്‍‌കുഞ്ഞുങ്ങള്‍ക്ക്.

34 comments:

മയൂര said...

“നുറുക്കുവാനുണ്ട്,
വിശിഷ്ടഭോജ്യമായ്
കൊടുത്തിടാനെന്നെ
തന്നെയിനിയെന്റെ
സ്വര്‍ണ്ണ മീന്‍‌കുഞ്ഞുങ്ങള്‍ക്ക്.“

ദിലീപ് വിശ്വനാഥ് said...

വളരെ നല്ല വരികള്‍ മയൂര.

lost world said...

സ്വപ്നങ്ങളുടെ തീറ്റ കൊടുത്ത് വളര്‍ത്തിക്കൊണ്ടുവരുന്ന പലതും നമ്മെത്തന്നെ തിന്നൊടുക്കാന്‍ നമുക്കു നേരെ ആര്‍ത്തിയോടെ വരുന്ന കാലത്തെ ഈ കവിത പിടിച്ചെടുത്തിരിക്കുന്നു.
അഭിനന്ദനങ്ങള്‍...

ശ്രീ said...

“ചിരിയ്ക്കുന്നുണ്ട്,
കൊത്തി വിഴുങ്ങിയെല്ലാ-
മുള്ളിലാക്കി, നീന്തി തുടിച്ച്
ഇനി നിന്നെയിട്ടു തരൂയെന്ന
ഭാവത്തിലവരുടെ കണ്ണുകള്‍...”

നല്ല വരികള്‍‌ ചേച്ചീ...

:)

ഹരിശ്രീ said...

ചിരിയ്ക്കുന്നുണ്ട്,
കൊത്തി വിഴുങ്ങിയെല്ലാ-
മുള്ളിലാക്കി, നീന്തി തുടിച്ച്
ഇനി നിന്നെയിട്ടു തരൂയെന്ന
ഭാവത്തിലവരുടെ കണ്ണുകള്‍...

കവിത കൊള്ളാം...

സാക്ഷരന്‍ said...

നുറുക്കുവാനുണ്ട്,
വിശിഷ്ടഭോജ്യമായ്
കൊടുത്തിടാനെന്നെ
തന്നെയിനിയെന്റെ
സ്വര്‍ണ്ണ മീന്‍‌കുഞ്ഞുങ്ങള്‍ക്ക്.

വളരെ നല്ല വരികള്‍ ...

simy nazareth said...

കലക്കുന്നുണ്ട്
ദാണ്ടെ ഇവിടെ ഒരു മയൂരച്ചേച്ചി

അച്ചു said...

ഊട്ടി വളര്‍ത്തിയ സ്വപ്നങ്ങള്‍ അവസാനം ജീവനും കൊണ്ടുപോകും....ജീവിക്കാന്‍ മറക്കും..

അലി said...

ചില്ലുകൂട്ടിനകത്തെ സ്വപ്നങ്ങളില്‍ നീന്തിത്തുടിക്കുന്ന സ്വര്‍ണ്ണ മീന്‍ കുഞ്ഞുങ്ങള്‍ക്കായ്...
മയൂരയുടെ മനോഹരമായ കവിത.

അഭിനന്ദനങ്ങള്‍!

G.MANU said...

theLinju poyallO mashey
nalla varikal

ഉപാസന || Upasana said...

മയൂരാമ്മേ,

നല്ല കവിതയായി...
മീന്‍ വിചാരങ്ങള്‍
:)
ഉപാസന

Sanal Kumar Sasidharan said...

വളരെ നന്നായിട്ടുണ്ട്

ജ്യോതീബായ് പരിയാടത്ത് said...

തിരിച്ചറിയുന്നുണ്ട്‌
സ്വപ്നങ്ങള്‍ക്കപ്പുറം
സത്യം
ഈ വിശിഷ്ടഭോജ്യം
അത്‌ ഞാന്‍ തന്നെയെന്ന്

നല്ല കാര്യം. നുറുക്കല്‍ സ്വയമേവയാവുമ്പോള്‍ വേദന അറിയില്ല ഭോജ്യത്തിനു രുചിയും കൂടും

സജീവ് കടവനാട് said...

സിംബോളിക് കവയത്രി.

Unknown said...

വലിയ അഭിപ്രായങ്ങള്‍ പറയാനറിഞ്ഞു കൂടാ..എങ്കിലും ഈ വരികള്‍ ഇഷ്ടമായി

അലറുന്നുണ്ട്,
കൊത്തി നുറുക്കികൊടുക്കുവാന്‍
ഏറെയില്ലെയിനിയും നിന്റെ
സ്വപ്നങ്ങളെന്ന് ഉച്ചത്തില്‍
ആരോ ഉള്ളില്‍

ഇനിയും എഴുതുക..ഭാവുകങ്ങള്‍

പ്രയാസി said...

ഒറ്റക്കിരുന്നു ഫിഷ് ടാങ്കും നോക്കിയിരുന്നാല്‍ ഇതും ഇതിലപ്പുറവും തോന്നും..

സംഭവം സപ്പര്‍..
അയ്യൊ! തെറ്റിപ്പോയി സൂപ്പര്‍..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആശയങ്ങളും, അര്‍ത്ഥങ്ങളും നീന്തിത്തുടിക്കുന്ന കവിത വളരെ നന്നായിരിക്കുന്നു.

പി.സി. പ്രദീപ്‌ said...

മയൂരേ..
ഇതും കൊള്ളാം:)

ഏ.ആര്‍. നജീം said...

പലപ്പോഴും അക്വോറിയത്തിനുള്ളിലെ മനോഹരമായ മത്സ്യങ്ങളെ കാണുമ്പോള്‍ തോന്നാറുണ്ട്. എത്ര മനോഹരമായി ദൈവം അവയെ സൃഷ്ടിച്ചിരിക്കുന്നു.
പക്ഷേ എന്തിന്..? ഇങ്ങനെ ഒരു പാഴ്‌ജന്മം...

ഈ നിറമുള്ള മത്സ്യങ്ങളെ പ്രമേയമാക്കി ഒരു മനോഹര കവിത എഴുതുന്നതില്‍ മയൂര വിജയിച്ചിരിക്കുന്നു.
അഭിനന്ദനങ്ങള്‍..!

ധ്വനി | Dhwani said...

ഒറ്റയ്ക്കിരിയ്ക്കാതിരുന്നാലും ചിന്തകള്‍ക്കന്തമുണ്ടൊ പ്രയാസി? ഒരേ ഒരു ഉപാധിയേ ഉള്ളൂ! മയൂരയെ ജയന്റ് വീലില്‍ ഇരുത്തി മിനുട്ടിനു മുപ്പതുവട്ടം കറക്കുക. പിന്നെ എല്ലാം വോകേ ആവും!

ചിന്ത നല്ലതാ മയൂര. സ്വപ്നം കൊത്തിനുറുക്കികൊടുത്തിട്ടും മതിയാവാത്ത മത്സ്യങ്ങളെ പേടിയായി.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

നല്ല ആശയം

ഗിരീഷ്‌ എ എസ്‌ said...

ഡോണേച്ചീ
ഒഴുക്ക്‌
വല്ലാതെ ഇഷ്ടമായി...
നിര്‍വൃതിയിലാണെന്ന്‌ കരുതും
ഓരോ ജിവിതവും
പക്ഷേ..
പാരതന്ത്ര്യത്തിന്റെ വീര്‍പ്പുമുട്ടലില്‍
നിരാശയുടെ
പടുകുഴിയില്‍
പെട്ടുഴലുന്നുണ്ടാവും
ആ മനസുകള്‍...

ആശംസകള്‍...

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

അലറുന്നുണ്ട്,
കൊത്തി നുറുക്കികൊടുക്കുവാന്‍
ഏറെയില്ലെയിനിയും നിന്റെ
സ്വപ്നങ്ങളെന്ന് ഉച്ചത്തില്‍
ആരോ ഉള്ളില്‍.
വളരെ നല്ല വരികള്‍ ...

സുജനിക said...

വായിക്കുവാനുണ്ട്
പ്രഭാതത്തില്‍
ജനല്‍കൂടുകളില്‍
(windows)
ജീവിതം തിരളുന്ന
നിന്റെ കവിത....
നല്ല കവിത മയൂരാ........

ഉഗാണ്ട രണ്ടാമന്‍ said...

ഇനിയും എഴുതുക..ഭാവുകങ്ങള്‍

Sandeep PM said...

നമ്മുടെ സ്വപ്നങ്ങളെ വെട്ടിനുറുക്കി മത്സ്യങ്ങള്‍ക്ക്‌ കൊടുക്കുന്നത്‌ നല്ലതാണ്‌.അത്‌ അവരുടെ കണ്ണുകള്‍ക്ക്‌ മഴവില്ലിന്റെ മിഴിവേകും.
നന്ദി....ഇനിയും എഴുതുക.

നിരക്ഷരൻ said...

ചുമ്മാ അക്വേറിയത്തിലെ മീനിനേയും നോക്കിയിരുന്നാല്‍ മാത്രം കവിത വരുമെന്ന് എനിക്കഭിപ്രായമില്ല. (പ്രയാസി ക്ഷമിക്കണം .) ഉള്ളിലൊരു കവിമനസ്സ് വേണം . മയൂരയ്ക്കതുണ്ട് . തെറ്റി. അതാണ്‌ മയൂര.

മനോജ് കെ.ഭാസ്കര്‍ said...

കൊട്ടാരത്തിലായാലും കുടിലിലായാലും വിശപ്പ് വിശപ്പ് തന്നെ. അതറിയുന്നൊരു കവിമനസ്സുണ്ടായതിന് അഭിനന്ദനങ്ങള്‍... ഒപ്പം കവിതക്കും.

Dr. Prasanth Krishna said...

hello Nanaayirikkunnu kavitha. Really a good one. Kooduthal post cheyyuka

അനാഗതശ്മശ്രു said...

Nalla kavitha..better than the so called kavithakaL being published in periodicals

നിലാവര്‍ നിസ said...

നല്ല സാന്ദ്രതയുള്ള ബിംബങ്ങള്‍.. നല്ല കവിത..

Mahesh Cheruthana/മഹി said...

നുറുക്കുവാനുണ്ട്,
വിശിഷ്ടഭോജ്യമായ്
കൊടുത്തിടാനെന്നെ
തന്നെയിനിയെന്റെ
സ്വര്‍ണ്ണ മീന്‍‌കുഞ്ഞുങ്ങള്‍ക്ക്!
വളരെ നല്ല ആശയങ്ങള്‍!
വളരെ നന്നായിരിക്കുന്നു വരികള്‍!

നവരുചിയന്‍ said...

" ഇതാ എന്റെ ശരിരം ..നിങ്ങള്‍ പങ്കിട്ടെടുത്തു ഭഷിച്ചു കൊള്‍ക..."
കുറെ നേരം ആയി ഞാന്‍ ഈ കവിതകു പറ്റിയ ഒരു കമന്റ് എഴുതാന്‍ ശ്രെമികുന്നു . ഒന്നും അങ്ങോട്ട് ശെരി ആകുന്നില്ല . എഴുതിയത് ഒന്നും പോര എന്ന് ഒരു തോന്നല്‍ .
ഒറ്റ വാക്കില്‍ പറയാം . "നന്നായി "

K M F said...

ഇഷ്ടപെട്ടു