Tuesday, May 06, 2008

വലുതാവുമ്പോള്‍ ആരാവണം?

കഞ്ഞിയും കറിയും,
അച്ഛനുമമ്മയും,
അമ്മയും കുഞ്ഞും,
കളിവീടുകെട്ടല്‍,
കളിയോടമുണ്ടാക്കല്‍,
കളിയൂഞ്ഞാലാടല്‍,
മണ്ണപ്പംചുടല്‍...
എല്ലാം പഴയ കളികള്‍.

കല്ലുസ്ലേറ്റും പെന്‍സിലും
പുതിയ 'കളി'.

ആദ്യം,കല്ലുപെന്‍സില്‍
‍വിരലിനിടയില്‍പ്പിടിച്ച്‌
ഞെരിക്കണം,
എഴുതിത്തേയുന്നതിലും
വേഗമെഴുതണം,
എഴുതുന്നതിലുംവേഗം
മുനയൊടിക്കണം.
(അല്ലെങ്കിലും എഴുതി
തേഞ്ഞുതീരാന്‍
വിധിക്കപ്പെട്ടതാണല്ലോ
അതിന്റെ ജന്മം).

കല്ലുസ്ലേറ്റില്‍ നീ
കുത്തിവരച്ച്‌
എഴുതിപ്പഠിക്കണം,
തളിര്‍ക്കണം,
തെളിയണം.
തെളിയുമ്പോള്‍ മറയണം,
മറന്നെന്നു നടിക്കണം,
വീണ്ടും എഴുതണം.

എഴുതാനാവാത്തതിനും
എഴുതിത്തെളിയാത്തതിനും
എഴുതിമായ്‌ച്ചതിനും
എഴുതിമായ്‌ക്കാനാവാത്തതിനും
അക്ഷരങ്ങള്‍ പിഴച്ചതിനും
അക്ഷരങ്ങളാല്‍ പിഴപ്പിച്ചതിനും
പഴിക്കുക, കല്ലുസ്ലേറ്റിനെ.

എറിഞ്ഞുടച്ചുടനതിനുപകര-
മെടുക്കുക, വേറൊരു കല്ലുസ്ലേറ്റ്‌.
പുതിയ പാഠങ്ങളെഴുതുക,
പഠിക്കുന്നെന്നു നടിക്കുക,
പഠിക്കാതെ പഠിപ്പിക്കുക.

ഇനി പറയൂ,
നിനക്ക്‌ ആരാവണം,
കല്ലുസ്ലേറ്റ്‌?
കല്ലുപെന്‍സില്‍?

28 comments:

മയൂര said...

“ഇനി പറയൂ,
നിനക്ക്‌ ആരാവണം?”

വിഷ്ണു പ്രസാദ് said...

വലുതാവുമ്പോള്‍ ആരാവണമെന്ന് വലുതായിട്ട് തീരുമാനിക്കാന്‍ നിവൃത്തിയില്ലെന്ന് മനസ്സിലായി... :)
എഴുത്ത് വളരെ വളരെ മെച്ചപ്പെട്ടു.
അഭിനന്ദനങ്ങള്‍.

.... said...

വലുതാവേണ്ടങ്കിലോ....അപ്പോ പിന്നെ ആരാവണം എന്ന തര്‍ക്കം ഉണ്ടാവില്ലല്ലൊ...

ഇഷ്ടപ്പെട്ടു....
ആശംസകള്‍

മിന്നാമിനുങ്ങുകള്‍ //സജി.!! said...

അമ്മച്ചിയാണേ
എനിച്ച് ഈറന്‍ വിടാത്ത ആ മഷിത്തണ്ട് ആയാല്‍ മതി..

siva // ശിവ said...

നല്ല ചിന്ത....

കാപ്പിലാന്‍ said...

എനിക്ക് കല്ല് പെന്‍സില്‍ ആയാല്‍ മതി

നിരക്ഷരൻ said...

എനിക്കിതൊന്നും ആകണ്ട. മഷിത്തണ്ട് കിട്ടാതെ വരുമ്പോള്‍ പ്രയോജനപ്പെടുത്തുന്ന തുപ്പലിനെ ആരും ഓര്‍ക്കാത്തതെന്ത് ?

ആശംസകള്‍ മയൂരാ....

Unknown said...

കുട്ടിക്കാലം വളരെ രസമുള്ള ഓര്‍മ്മയാണ്
പണ്ട് നാലാം ക്ലാസിലെ പുസ്തകത്തില്‍ ഒരു
പദ്യമുണ്ട് പഠിപ്പു തീര്‍ന്നാല്‍ എന്തൊരു
പണിക്കു പോകും നീ എന്നുള്ള വരി
അന്നു ക്ലാസില്‍ ടീച്ചറുമ്മാര്‍ ചോദിക്കും നിനക്കാരാവാണ് ഇഷ്ടം ഒരാള്‍ പൈലറ്റ്,മറ്റൊരാള്‍ ഡോക്ട് ര്‍ വെറെ ഒരാള്‍
എഞ്ചിനീയര്‍,എന്നോട് ചോദിച്ചപ്പൊ ഞാന്‍
പറഞ്ഞു എനിക്ക് ഒരു ചായ കടക്കാരനായാല്‍
മതി കാരണം അന്ന് ഒരു ശാപ്പാട്ട് രാമനായിരുന്നു ഞാന്‍

പാമരന്‍ said...

"ഇനി പറയൂ,
നിനക്ക്‌ ആരാവണം,
കല്ലുസ്ലേറ്റ്‌?
കല്ലുപെന്‍സില്‍?"

ഇഷ്ടപ്പെട്ടു...

Gopan | ഗോപന്‍ said...

എനിക്കില്ലേ.. എനിക്കേ..
എനിക്കൊരു പാലു പെന്‍സിലായാ മതി...

ഒന്നാം ക്ലാസിലേക്ക്‌ കൈ പിടിച്ചു കൊണ്ടു പോയീ ഈ പോസ്റ്റ്.നന്നായിരിക്കുന്നു മയൂര.. :)

നിരക്ഷരൻ said...

ഗോപന്‍ ..
‘ചോരക്കുടുക്കന്‍‘ എന്ന ഒരു സ്ലേറ്റ് പെന്‍സില്‍ ഉണ്ടായിരുന്നു. കറുത്ത ചെളികൊണ്ട് ഉണ്ടാക്കിയ പെന്‍സിലില്‍ത്തന്നെ ചുവപ്പും മഞ്ഞയും കലര്‍ന്ന ഒരു മിക്സ് കടന്നുവരുമ്പോള്‍ സ്ലേറ്റ് പെന്‍സിലിന് ആ നിറമായിരിക്കും. അതിന്റെ ഒരു കഷണം കിട്ടാന്‍ കത്തിക്കുത്ത് വരെ നടക്കാറുണ്ട് ക്ലാസ്സില്‍.

അതാര്‍ക്കും ആകേണ്ടേ ?

മഴവില്ലും മയില്‍‌പീലിയും said...

സത്യം പറയമാല്ലൊ മയൂരെ വലുതാകുമ്പോള്‍ ഒരു ആനപാപ്പാന്‍ ആകണം എന്നായിരുന്നു എന്റെ ചെറുപ്പത്തിലെ ആഗ്രഹം..പക്ഷെ!!!

ജിജ സുബ്രഹ്മണ്യൻ said...

വലുതാകുമ്പോള്‍ ഒരു ഐസ് കച്ചവടക്കാരനെ കല്യാണം കഴിക്കണം എന്നായിരുന്നു കുഞ്ഞിലെ ഉള്ള ആഗ്രഹം പക്ഷെ..വലുതായപ്പോള്‍ ജില്ലാ കളക്ടറെ കെട്ടണം എന്നായിരുന്നു..ഹ ഹ ഹ

മയൂര said...

വിഷ്ണുമാഷെ, നന്ദി :)

തുഷാരം, ബോണ്‍സായ് ആയിരുന്നാല്‍ മതിയോ ;)

സജീ, ഉത്തരം ഒന്നോ...രണ്ടോ എന്നു ചോദിച്ചപ്പോള്‍ മൂന്ന് എന്നു പറഞ്ഞ മിടുക്കാ, നിനക്ക് മൈനസ് മാര്‍ക്ക് ;)

ശിവ, നന്ദി :)

കാപ്പിത്സേ, :)

നീരൂ, തുപ്പലം ബെസ്റ്റ് :)

അനൂപ്, നല്ല ഓര്‍മ്മ, നന്ദി :)

പാമരന്‍, നന്ദി :)

ഗോപന്‍, നന്ദി :)

നിരൂ, ചോരക്കുടുക്കന്‍ :O പേടിപ്പിക്കല്ലെ ;)

കാണാമറയത്ത്, ബാക്കി കൂടെ പറയൂ, ദുരൂഹമാവാതെ ;)

കാന്താരിക്കുട്ടി, ഇവിടെയ്ക്ക് സ്വാഗതം, എന്നിട്ട് എന്തായി ;)

എല്ലാവര്‍ക്കും ഒരിയ്ക്കല്‍ കൂടി നന്ദി :)

നജൂസ്‌ said...

ആരൊക്കെയൊ ആവണമെന്ന്‌ കരുതിയിരുന്ന കാലമേ......
ഇന്നും ആരൊക്കെയൊ ആവണമെന്ന്‌ തന്നെ.
കല്ല്‌ പെന്‍സില്‍.... നന്നായിരിക്കുന്നു മയൂരാ....

ഡാലി said...

ഇതു എന്റെ കല്ലുസ്ലേറ്റിന് തന്നേക്കോ?

K M F said...

nannayirikunnu

CHANTHU said...

നന്നായി.
വിശദമായൊന്നു സംസാരിക്കണമല്ലൊ ഇക്കാര്യം.
നന്ദി, നല്ല വരികള്‍ക്ക്‌

ഹരിയണ്ണന്‍@Hariyannan said...

:)

വലുതാവുമ്പോള്‍ കീ ബോഡാകണോ അല്ലെങ്കില്‍ മോണിറ്ററാകണോ എന്നായിരിക്കും പുതിയ ചിന്തകള്‍!

മയൂര said...

നജൂസ്,

ഡാലി, കൊണ്ടു പോകുന്നതിനു കൂലി ചോദിക്കിലെങ്കില്‍...

കെ.എം.എഫ്,

ചന്തൂ, സംസാരിക്കാലോ...

ഹരിയണ്ണന്‍, ചിന്തകള്‍ക്ക് ക്ഷാമമില്ലലോ...ബൈ ദ ബൈ മിസ്റ്റര്‍ പെരേരാ, സി.പി.യൂ ഇല്ലതെയെങ്ങിനെ ;)

എല്ലാവര്‍ക്കും നന്ദി :)

Shooting star - ഷിഹാബ് said...

nalla kavitha vaayanaasugham nalkiyathinu nandi

ധ്വനി | Dhwani said...

ഇതെന്തോന്നു കളി.
എനിയ്ക്കിങ്ങനെ വലുതാവണ്ടാ! ആഹാ!

rahim teekay said...
This comment has been removed by the author.
rahim teekay said...

എന്താ മയൂരാ ഇത്?

കുനിഞ്ഞിരുന്നുളള പണിക്കിടയില് വെറുതെയൊന്നു കയറിനോക്കാന്നു വച്ചപ്പോ,
ഒന്നാം ക്ലാസ്സിലെ സരള ടീച്ചറുടെ ക്ലാസ്സില്‍ കൊണ്ടിരുത്തിയല്ലോ, എന്നെ വീണ്ടും.

ജഗ‌ജിത്‌സിങ്ങും ചിത്രാസിങ്ങും ചേര്‍ന്ന് പാടിയ മനോഹരമായ ഗസല്‍ ‘വൊ കാഗസ് കി കഷ്ടി,
യെ ബാരിഷ് കാ പാനി‘ യുടെ മലയാളമൊഴിമാറ്റം അടുത്തിടെ ഒരു ബ്ലോഗില്‍ കണ്ടു.
അതുകൂടി പങ്കുവെയ്ക്കുന്നൂ ഞാനിവിടെ.

“എന്റെ സമ്പത്തും
പദവിയുമീ യുവത്വവു-
മെടുത്തു കൊള്‍ക,
ചെറുപ്പത്തിലെയാ-
മഴയുമാക്കടലാസു തോണിയു-
മെനിയ്ക്ക് തിരികെ തന്നാലും.....”

http://www.youtube.com/watch?v=yAO5J6QwCwA&feature=related

ഗിരീഷ്‌ എ എസ്‌ said...

നല്ല വരികള്‍
ആശംസകള്‍....

ആഗ്നേയ said...

ഈ ജന്മം എല്ലവര്‍ക്കും എന്തും എഴുതാനും മായ്ക്കാനും(എഴുതിക്കഴിഞ്ഞാണ് മായ്ക്കുന്നതെന്ന് മറക്കുന്നു പെന്‍സില്‍)പഴിക്കാനും ഉടക്കാനും കഴിയുന്ന സ്ലേറ്റ് ആണല്ലോ.(എന്നാണ് പെന്‍സിലിന്റെ വിചാരം.തിരുത്തുന്നില്ലപ്പാ)അപ്പോ അടുത്ത ജന്മം തീര്‍ച്ചയായും പെന്‍സിലാകണം...
.സ്വന്തം മുനയൊടിയുന്നതോടൊപ്പം ഏതെങ്കിലും സ്ലേറ്റില്‍ എന്തെങ്കിലും കോറിയിടാനാകണം.ഇഷ്ടത്തിനത് മായ്ക്കാനാകണം.സ്ലേറ്റിനെ പഴിക്കാനാകണം.അതിനെ ഉടക്കാനുമാകണം.ഏറ്റുവാങ്ങല്‍ മാത്രമാകാത്തൊരു ജന്മം.
(ഈശ്വരോ ഞാന്‍ നാടുവിട്ടു പോയി.മയൂരകയറിയ കാടന്വേഷിച്ച്)

ആഗ്നേയ said...

ഈ കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന എന്നോട് വലുതായാല്‍ന്നു ചോദിക്കരുത്.
എനിക്ക് ഫീല്‍ ചെയ്യും.
അതാണ് അടുത്തജന്മം എന്ന് പറഞ്ഞത്.

Rafeeq said...

ഇഷ്ടായി.. :)

ഇനി പറയൂ,
നിനക്ക്‌ ആരാവണം,
കല്ലുസ്ലേറ്റ്‌?
കല്ലുപെന്‍സില്‍? :)