Friday, June 27, 2008

കിന്‍ഡ്‌റെഡ്‌, ഒക്ടാവിയ ഇ. ബട്‌ലര്‍

1979- സയന്‍സ്‌ ഫിക്‌ഷന്‍ രംഗത്ത്‌ വെള്ളക്കാരായ പുരുഷ എഴുത്തുകാര്‍
അരങ്ങുതകര്‍ത്ത്‌ വാഴുന്ന കാലം. ആഫ്രിക്കന്‍ അമേരിക്കന്‍ വംശജയായ ഒക്ടാവിയ ഇ. ബട്‌ലര്‍(June 22, 1947 – February 24, 2006) തന്റെ കിന്‍ഡ്‌റെഡ്‌/Kindred എന്ന സയന്‍സ്‌ ഫിക്‌ഷന്‍ നോവല്‍ എഴുതിത്തീര്‍ത്ത്‌ പ്രസാധകരുടെ വാതിലുകള്‍ മുട്ടുന്നതും അതേ കാലത്താണ്‌. സ്‌ത്രീ, ആഫ്രിക്കനമേരിക്കക്കാരി , സയന്‍സ്‌ ഫിക്‌ഷന്‍, ഒന്നും പോരാഞ്ഞ്‌ സിവില്‍ വാറിനു മുമ്പുള്ള കാലഘട്ടത്തിലെ തോട്ടത്തിന്റെ പശ്ചാത്തലം- ഒക്ടാവിയയ്‌ക്കുമുന്നില്‍ നിരവധി പുരികക്കൊടികളുയര്‍ന്നു. ഒരു തോട്ടത്തിന്റെ പശ്ചാത്തലമെങ്ങനെ സയന്‍സ്‌ ഫിക്ഷന്‍ നോവലിന്‌ യോജിക്കുമെന്ന്‌ പ്രസാധകരുടെ വലിയ സന്ദേഹമായിരുന്നു. ഒക്ടാവിയയ്‌ക്കു മുന്നില്‍ വാതിലുകളൊന്നും തുറന്നില്ല. ആത്മവീര്യം നഷ്ടപ്പെടുത്താതെ അവര്‍ വീണ്ടും വാതിലുകള്‍ തേടിയലഞ്ഞു. ഒടുവില്‍ കിന്‍ഡ്‌റെഡ്‌ എന്ന ഒക്ടാവിയയുടെ മാസ്റ്റര്‍ പീസ്‌ സയന്‍സ്‌ ഫിക്‌ഷന്‍ അച്ചടിമഷിയില്‍ തെളിഞ്ഞു.

ഡാന- കറുത്തവര്‍ഗ്ഗക്കാരിയായ യുവതി, പ്രതിഭാസമ്പന്ന. ഭര്‍ത്താവ്‌ കെവിന്‍,
വെള്ളക്കാരന്‍. ഇരുവരും കാലിഫോര്‍ണിയയിലെ പുതിയ വീട്ടിലേക്ക്‌ താമസംമാറ്റിയിട്ട്‌ അധികനാളായില്ല. എഴുത്തിന്റെ മേഖലയില്‍ രണ്ടാളും ശ്രദ്ധിക്കപ്പെടുവരുന്നവര്‍. ജീവിതം മെച്ചപ്പെട്ടുവരുന്ന സമയം. പെട്ടെന്നാണ്‌ ഡാനയുടെ ശാന്തവും സുന്ദരവുമായ ജീവിതം തകിടംമറിയുന്നത്‌.

ഇരുപതാം നൂറ്റാണ്ടിലെ ജീവിതത്തില്‍നിന്ന്‌ ഡാനയെ പിന്നെ കാണുന്നത്‌ തെക്ക്‌ സിവില്‍ വാറിനു മുമ്പുള്ള, അടിമത്തം മുറ്റിനില്‍ക്കുന്ന കാലഘട്ടത്തിലെ മെറിലാന്‍ഡ്‌ തോട്ടത്തിലാണ്‌. അവിടെയവള്‍ തോട്ടമുടമയുടെ ഇളയമകന്‍ റൂഫസിന്റെ പരിരക്ഷിയും വീട്ടുജോലിക്കാരിയുമാവാന്‍ നിര്‍ബന്ധിതയാവുന്നു. വൈകാതെ അവളൊരു യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നു- ഒരടിമയുടെ കുഞ്ഞിന്‌ പിതൃത്വം സമ്മാനിച്ചതിന്റെ ഫലമായി റൂഫസ്‌ തന്റെ മുതുമുച്ഛനാണെന്ന യാഥാര്‍ത്ഥ്യം! ശേഷം ആകസ്‌മികമായ സംഭവങ്ങളുടെ കുത്തൊഴുക്കാണ്‌. അടിമത്തവും അതിന്റെ ഭാഗമായുണ്ടാവുന്ന സംഭവങ്ങളും വളരെയാഴത്തില്‍ വ്യക്തിപരമായ രീതിയില്‍ ഡാന മുഖത്തോടുമുഖം കാണുകയാണ്‌...


ഡാനയെന്ന സ്‌ത്രീയെങ്ങനെ കാലഘട്ടങ്ങള്‍ക്ക്‌ അതീതയായി രണ്ടു കാലങ്ങളിലൂടെ സഞ്ചരിക്കുന്നുവെന്ന്‌ കിന്‍ഡ്‌റെഡ്‌ എന്ന സയന്‍സ്‌ ഫിക്‌ഷനില്‍ ഒക്ടാവിയ ഇ. ബട്‌ലര്‍ യുക്തിക്ക്‌ നിരക്കുന്ന വിധത്തില്‍ പറഞ്ഞുവയ്‌ക്കുന്നില്ല. ഒടുവില്‍ ഇരുപതാം നൂറ്റാണ്ടിലേക്ക്‌ മടങ്ങിയെത്തുമ്പോള്‍ എങ്ങനെയോ അതിനിഗൂഢമായി അവള്‍ക്ക്‌ സ്വന്തം ഇടതുകൈ നഷ്ടമാകുന്നുമുണ്ട്‌. ഒരുപക്ഷേ എഴുത്തുകാരിയുടെ ബിംബകല്‌പനയാവാം- പത്തൊമ്പതാം നൂറ്റാണ്ടിലെ കറുത്തവര്‍ഗ്ഗക്കാരായ അടിമകളെ അവരുടെ യജമാനന്മാര്‍ മുക്കാല്‍ മനുഷ്യരായേ കണ്ടിരുന്നുള്ളൂവെന്ന്‌... ഡാന ഇരുപതാം നൂറ്റാണ്ടില്‍ തിരികെയെത്തുമ്പോഴും, ഇന്ന്‌ അടിമകളല്ലെങ്കിലും കറുത്തവര്‍ഗ്ഗക്കാരെ പൂര്‍ണരായി കാണാത്ത കണ്ണുകളുണ്ട്‌ എന്നും...


അതിമനോഹരമായ ശൈലീവിലാസത്താല്‍ മനസ്സിനെ വികാരഭരിതമാക്കുന്ന
സമ്പുഷ്ടമായൊരു നോവലാണ്‌ കിന്‍ഡ്‌റെഡ്‌. ചരിത്രപ്രധാനമായ പരാമര്‍ശങ്ങളില്‍ വസ്‌തുതകള്‍ തെല്ലും ചോര്‍ന്നുപോകാതിരിക്കാന്‍ ഒക്ടാവിക നന്നായി ഗൃഹപാഠം ചെയ്‌തിരിക്കുന്നെന്നും നോവല്‍ വിളിച്ചുപറയുന്നു.


ചുറ്റിലുമുള്ള അനീതികള്‍ തിരിച്ചറിഞ്ഞ്‌ തന്റെ മനസ്സിന്റെ ശബ്ദങ്ങളെ
അക്ഷരങ്ങളില്‍ കുത്തിയൊഴുകാന്‍ വിടുന്ന എഴുത്തുകാരിയാണ് ഒക്ടാവിയ. മനുഷ്യനെ വര്‍ണ്ണ വിവേചനവും ലിഗംഭേദവും പ്രബലതയുമെല്ലാം എങ്ങിനെ മാറ്റിമറിക്കുകയും സ്വാധീനിക്കയും ചെയുന്നു എന്നു ഒക്ടാവിയ അവരുടെ നോവലുകളിലൂടെ വരച്ച് കാട്ടുന്നു. ഒക്ടാവിയയുടെ ഒട്ടുമിക്ക നോവലുകള്‍ ശ്രദ്ധിച്ചല്‍ തന്നെ മനസിലാകും ശക്തമായ പ്രകൃതമുള്ള കറുത്തവര്‍ഗ്ഗകാരികളായ സ്ത്രീകളാണ് മിക്കവാറുമുള്ള മുഖ്യകഥാപാത്രങ്ങളെന്ന്.

1995ല്‍ അവര്‍ക്ക്‌ മക്‌ആര്‍തര്‍ ഫെലോഷിപ്‌ ലഭിച്ചു. സയന്‍സ്‌ ഫിക്‌ഷന്‍ എഴുത്തുകാരില്‍ ലോകത്താദ്യമായി ഈ ബഹുമതി ലഭിച്ചത്‌ ഒക്ടാവിയയ്‌ക്കാണ്‌. വേള്‍ഡ്‌ സയന്‍സ്‌ ഫിക്‌ഷന്‍ സൊസൈറ്റിയില്‍നിന്ന്‌ രണ്ട്‌ ഹ്യൂഗോ അവാര്‍ഡ്‌, ദ സയന്‍സ്‌ ഫിക്‌ഷന്‍ റൈറ്റേഴ്‌സ്‌ ഓഫ്‌ അമേരിക്കയുടെ രണ്ട്‌ നെബുല അവാര്‍ഡ്‌ എന്നിവയും ഒക്ടാവിയ ഇ. ബട്‌ലറെ തേടിയെത്തിയിട്ടുണ്ട്‌.

4 comments:

ആഷ | Asha said...

ഈ പുസ്തകം കൂടി ലിസ്റ്റില്‍ ചേര്‍ത്തിരിക്കുന്നു. എപ്പോഴെങ്കിലും കണ്ടാല്‍ വാങ്ങേണ്ട ലിസ്റ്റില്‍.
വായിച്ചാല്‍ എനിക്കൊക്കെ മനസ്സിലാവും എന്ന പ്രതീക്ഷയില്‍ :)

Unknown said...

കൊള്ളാം

.... said...

നല്ല എഴുത്ത്,നല്ല ഭാഷ...

Inji Pennu said...

മയൂര
ബ്ലോഗ് ഇവന്റില്‍ പങ്കെടുത്തതിനു വളരെ നന്ദി. ഇതുപോലെയുള്ള വ്യത്യസ്ഥമാര്‍ന്ന എഴുത്തുകാരികളെ പരിചയപ്പെടുത്തിയതിനു റൊമ്പ നന്ദി.