Thursday, June 12, 2008

ഒരു വിളക്കുതെളിയുമ്പോള്‍...അളവുകോലുകൊണ്ട്‌ ആഴിയുടെ
ആഴവും പരപ്പും അളക്കുന്നതുപോലെ,
അളക്കുകയായിരുന്നു ഇത്രനാളുമേറ്റ
മുറിവുകളുടെ ആഴവും പരപ്പും.

നീതന്ന മുറിവുകള്‍
‍എന്നെങ്കിലുമുണങ്ങുമോ ഇല്ലേയെന്ന്‌
ഇന്നെനിക്ക്‌ വേവലാതിയില്ല.
അവ പുഴുവിഴയാതെ കാക്കാന്‍
ഞാന്‍ ശീലിച്ചിരിക്കുന്നു, ശരിക്കും.

എനിക്കുവേണ്ടി പ്രാര്‍ഥിച്ച്‌
നിന്റെ ഈശ്വരന്മാരെ ശല്യപ്പെടുത്തി
എന്റെ മുറിവുകള്‍ക്കുമേലെ നീ
വീണ്ടും എരിവുപൊടി വിതറാതിരിക്കുക.

ശപിക്കാനായി കുന്നുകൂടിയ
കാരണങ്ങളും ശാപവാക്കുകളും
ഇന്നെനിക്കന്യമല്ല, നിനക്കാ-
യെന്നാല്‍ ശാപവും കോപവും
എന്തിനൊരോര്‍മതന്‍ ചിന്തുപോലും
നിന്നെ ത്യജിക്കും, ഉറപ്പായും.

എന്നേ നിന്റെയുമെന്റെയും
കണ്ണുതുറപ്പിച്ച ദൈവമെന്നെ
കണ്ണടയ്‌ക്കാനനുവദിക്കാതെ
വിശ്വാസിയോ അവിശ്വാസിയോ
അല്ലാതാക്കിത്തീര്‍ത്തിരിക്കുന്നു.

അതിനാല്‍ നിനക്കായിനി
കാത്തിരിപ്പില്ല, പ്രാര്‍ഥനകളുമില്ല

21 comments:

തുഷാരം said...

എന്തിനെന്നറിയാത്ത ഒരു നൊമ്പരം. ..
നന്നായിരിക്കുന്നു.

കെ ജി സൂരജ് said...

കവിതകള്‍ ചങ്കു പിളര്‍ത്താറുണ്ടൊ?

വാല്‍മീകി said...

അതിനാല്‍ നിനക്കായിനി
കാത്തിരിപ്പില്ല, പ്രാര്‍ഥനകളുമില്ല

വിദ്വേഷമോ?

കവിത നന്നായിട്ടുണ്ട്.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

“അതിനാല്‍ നിനക്കായിനി
കാത്തിരിപ്പില്ല, പ്രാര്‍ഥനകളുമില്ല“

എങ്കിലും വെറുക്കാതിരിക്കാം ല്ലേ

മനസ്സിനെ തൊറ്റുന്ന വരികള്‍‍

കടത്തുകാരന്‍ said...

അളവുകോലുകൊണ്ട്‌ ആഴിയുടെ
ആഴവും പരപ്പും അളക്കുന്നതുപോലെ,
അളക്കുകയായിരുന്നു ഇത്രനാളുമേറ്റ
മുറിവുകളുടെ ആഴവും പരപ്പും.

Well...Congrats

ഫസല്‍ said...

ശപിക്കാനായി കുന്നുകൂടിയ
കാരണങ്ങളും ശാപവാക്കുകളും
ഇന്നെനിക്കന്യമല്ല

very good

മിന്നാമിനുങ്ങുകള്‍ //സജി.!! said...

“അതിനാല്‍ നിനക്കായിനി
കാത്തിരിപ്പില്ല, പ്രാര്‍ഥനകളുമില്ല“

ങീ ങീ... അതൊന്നും പറ്റൂല്ല...
വെറുക്കുവാനും പൊറുക്കുവാനും പറയാം എന്തെളുപ്പം അല്ലെ..?
മനസ്സേ നീയൊരു മാന്ത്രികന്‍..
കണ്ണിര്‍മഴത്തുള്ളികളാല്‍ കാഴ്ചമറച്ച ആ സന്ധ്യയില്‍ യാത്രാമൊഴികളില്ലാതെ അവളും യാത്രപറഞ്ഞപ്പോല്‍ മനസ്സില്‍ കൊടിയവേനല്‍ ചൂട് പക്ഷെ..ആരൊക്കയൊ പകുത്തെടുക്കാന്‍ കാത്തിരിയ്ക്കുന്ന അടുത്ത
ജന്മത്തില്‍ ഒന്നില്‍ നീ എനിക്കായ് പിറക്കുക,
നെഞ്ചിലെചൂടാല്‍ ഞാന്‍ നിനക്ക് കൂട് കൂട്ടാം..തേങ്ങലുകളാല്‍ താരാട്ട് പാടാം
എന്ന മനസ്സ് മന്ത്രിച്ചുപോയി...

വി.ആര്‍. ഹരിപ്രസാദ്‌. said...

എന്തിനൊരോര്‍മതന്‍ ചിന്തുപോലും
നിന്നെ ത്യജിക്കും, ഉറപ്പായും.
-അതു തീര്‍ച്ചയാണ്‌.

കവിതയെഴുതാന്‍
അറിയുമായിരുന്നെങ്കില്‍
ഇതുപോലൊന്ന്‌
പണ്ടേ എഴുതിയേനെ.

ശക്തം.

ഗീതാഗീതികള്‍ said...

അതേ, ആഴവും പരപ്പും അളക്കാന്‍‌ ‍പറ്റാത്തത്ര നൊമ്പരങ്ങള്‍ ഹൃദയത്തിനേല്‍പ്പിച്ചു പോയ ആ ആള്‍ക്കായിനി കാത്തിരിപ്പു വേണ്ടാ, പ്രാര്‍ത്ഥനകള്‍ വേണ്ടാ........

എന്നാലും....

പൊറുക്കാം അയാളോട്.....
ഒരു പെണ്ണിന് അതിനല്ലേ കഴിയൂ...

ഒരു പെണ്ണിനല്ലേ അതിനു കഴിയൂ......

കൊള്ളാം മയൂരേ കവിത.

ധ്വനി | Dhwani said...

"വേദനിക്കിലും വേദനിപ്പിക്കിലും,
വേണമീ സ്നേഹബന്ധങ്ങളൂഴിയില്‍”
(കടപ്പാട് ദൃശ്യനോട്)
അവിടെ കണ്ടതാ!

ശ്രീ said...

നന്നായിട്ടുണ്ട്, ചേച്ചീ
:)

ദൈവം said...

ആദ്യത്തെ മൂന്നു ഖണ്ഡങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെട്ടു.

Rare Rose said...

മുറിവുകളുടെ ആഴവും,പരപ്പും അളന്നു തിട്ടപ്പെടുത്തി നോക്കാന്‍ ശ്രമിച്ചു പരാജയപ്പെടുന്ന മനസ്സിനു മുന്നില്‍ ഇനിയും തിരിച്ചറിയപ്പെടാത്ത നൊമ്പരമായി ഓര്‍മ്മകള്‍ മറഞ്ഞിരിക്കില്ലേ....കാത്തിരിപ്പില്‍ നിന്നും ‍ പ്രാര്‍ഥനയില്‍ നിന്നും മുഖം തിരിക്കുമ്പോള്‍ വിദ്വേഷത്തിന്റെ നിഴലുകള്‍ ഈ വെട്ടത്തെ മറയ്ക്കാതിരിക്കട്ടെ........

sreedevi said...

കാലത്തിനു മായ്ക്കാനാവാത്ത മുറിവുകളില്ല എന്നാണ് പറയപ്പെടുന്നത്..പക്ഷെ ഒരിക്കലും ഉണങ്ങാത്ത മുറിവുകള്‍ ജീവിതം സമ്മാനിക്കാറുണ്ട്.കവിത നന്നായിട്ടുണ്ട്

അനൂപ്‌ കോതനല്ലൂര്‍ said...

അളവുകോലുകൊണ്ട്‌ ആഴിയുടെ
ആഴവും പരപ്പും അളക്കുന്നതുപോലെ,
അളക്കുകയായിരുന്നു ഇത്രനാളുമേറ്റ
മുറിവുകളുടെ ആഴവും പരപ്പും.
മനസിനെ സ്പര്‍ശിക്കുന്ന വാക്കുകള്‍
എപ്പോഴോ മനസിനോട് തന്നെ ചോദിക്കാന്‍
കൊതിക്കുന്ന കുറെ ചോദ്യങ്ങള്‍
എന്നിട്ടും ബാക്കിയാകുന്നത്
മനസില്‍ കുറെ മുറിവുകള്‍ മാത്രമാണ്

lekhavijay said...

അളവുകോലുകൊണ്ട്‌ ആഴിയുടെ
ആഴവും പരപ്പും അളക്കുന്നതുപോലെ,
അളക്കുകയായിരുന്നു ഇത്രനാളുമേറ്റ
മുറിവുകളുടെ ആഴവും പരപ്പും....അപ്പോള്‍ എനിക്കു കൂട്ടിനാളുണ്ട്. :)

ഒരു സ്നേഹിതന്‍ said...

"നീ തന്ന മുറിവുകള്‍
‍എന്നെങ്കിലുമുണങ്ങുമോ ഇല്ലേയെന്ന്‌
ഇന്നെനിക്ക്‌ വേവലാതിയില്ല.
അവ പുഴുവിഴയാതെ കാക്കാന്‍
ഞാന്‍ ശീലിച്ചിരിക്കുന്നു, ശരിക്കും.""

മറക്കാനും പൊറുക്കാനും എന്തെളുപ്പം....

പിറക്കാതിരിക്കലാണതിലുമെളുപ്പം......

കാണാമറയത്ത് said...

അങ്ങനെ പറഞ്ഞാല്‍ പറ്റില്ല കാത്തിരുന്നെ മതിയാവൂ!

നിരക്ഷരന്‍ said...

:)

കാപ്പിലാന്‍ said...

What happend Mayoora ? :)

രണ്‍ജിത് ചെമ്മാട്. said...

'അളവുകോലുകൊണ്ട്‌ ആഴിയുടെ
ആഴവും പരപ്പും അളക്കുന്നതുപോലെ'
ഓര്‍മ്മപ്പെടുത്തലുകളും, ഓര്‍‌ത്തെടുക്കലുകളും വെറും നിരര്‍ത്ഥകമത്രേ!!!
(എന്തു പറ്റി? ഇങനെയൊരു ചിന്ത?!)