Thursday, October 30, 2008

ഉമ്മ

ഉമ്മയെന്ന വാക്ക്
മനമൊട് ചേർത്തു
വയ്ക്കുന്നൊരരിയ
സ്നേഹത്തയൂട്ടി-
യുറപ്പിക്കുമെന്നല്ലാ-
തൊരുന്മാദനടനവുമാടുകില്ല,
കാണാതൊരാഴവും
പരപ്പും തേടുകില്ല,
നമുക്കിടയിൽ.

കേട്ടുനില്‍പ്പവന്റെ
വെകിളിപ്പിടിച്ച
ജ്വരജല്പനങ്ങൾ
നമ്മുടെ സ്വാസ്ഥ്യം
കെടുത്തുവതെങ്ങിനെ?

Thursday, October 23, 2008

മത്സ്യകന്യക

1.
നിന്നോടു തുറന്നുപറയാന്‍
ഭയന്ന്‌, മനസ്സിനുള്ളില്‍
കുറിച്ചുവച്ചിരുന്നവയില്‍
മഴയേറ്റ്‌
മഷിപടര്‍ന്നു.
മിഴിധാരയില്‍ അക്ഷരങ്ങള്‍
പുണർന്നൊഴുകിപ്പോയി.

2.
നീലിച്ച പുഴയരികിൽ
നീ ഓർമ്മതൻ അലയിൽ
അനുബിംബമോളങ്ങളിൽ
ഉലയുന്നതു നോക്കിയിരിക്കുമ്പോൾ
തെളിയുന്ന അക്ഷരങ്ങൾക്ക്
മറുമൊഴിയേകരുത്.

3.
നീവരുവോളം
കാത്തിരിക്കുമെന്ന്‌
തിരയേറിവന്ന നീലിച്ച
അക്ഷരങ്ങള്‍ കുറിച്ചിട്ടത്‌,
കടല്‍ത്തീരത്ത്‌
കളിക്കുന്ന കുട്ടികള്‍
വാരിയെടുത്തൊരു
മത്സ്യകന്യകതീര്‍ത്തു.

Friday, October 10, 2008

സമയാസമയം

വിരസമായിക്കൊണ്ടിരിക്കുന്ന
വിരഹഗാനമൊന്ന്‌
വാതായനത്തിലൂടെ
ഇറങ്ങിപ്പോയിരുന്നെങ്കില്‍
എന്നാശിച്ചതിനു തൊട്ടുപിന്നാലെ

കണ്ണീരുകുടിച്ചുവറ്റിച്ച്‌
പുഴുക്കല്‍മണംപേറുന്ന തലയിണ
മാസം മാറ്റാത്ത കലണ്ടര്‍ ചൂണ്ടിക്കാട്ടി
വിയര്‍പ്പുമണംപേറുന്ന ചുളിഞ്ഞ
കിടയ്‌ക്കവിരിയ്‌ക്കടിയിലേക്ക്‌ ഊളിയിട്ടു,
ഇറങ്ങിപ്പോയിട്ട്‌ അരനാഴികയായില്ല!

മിഴിയിണയിലെ പേമാരിയെ
തുലാവര്‍ഷപ്പാട്ടിലാവാഹിച്ച്‌
പാലമരത്തിന്റെ ഉച്ചിയില്‍
പ്രതിഷ്‌ഠിച്ചിട്ട്‌ അരനാഴികയായില്ല!

കത്തിയെരിഞ്ഞടങ്ങുംമുന്‍പേ
അഗ്നിശുദ്ധിതെളിയിക്കുന്ന തെളിച്ചമേ
എരിഞ്ഞടങ്ങുമ്പോള്‍
ഒരുനുള്ളു ഭസ്‌മം കാറ്റെടുത്തെന്റെ
മൂര്‍ദ്ധാവിനെ മുകര്‍ന്നോട്ടെ!