സില്‍വിയ,
ഞാന്‍ നിന്നെ, നിന്റെ വരികളെ
പ്രണയിക്കുന്നു.
വെണ്ണീരടരുന്ന നിന്‍
വലംകാല്പെരുവിരല്‍ത്തുമ്പില്‍
ചുംബനമര്‍പ്പിക്കുന്നെന്നൊരു
വിഭ്രമവിഭൂതിയില്‍ ഞാനമരുന്നു.
നനഞ്ഞ തുവര്‍ത്തും തുണികളുംകൊണ്ടു
നിന്നെപോലെ ഞാനുമീമുറികള്‍ക്കകം
സുരക്ഷിതമായടച്ചിരിക്കുന്നു.
നിന്റെ കവിതതന്‍ വരികളെന്‍
ചുമലില്‍ കിളിര്‍പ്പിച്ച
ഭ്രാന്തന്‍സ്വപ്‌നത്തിന്റെ ചിറകിലേറി,
അഴലിന്റെയാഴങ്ങളിലുടനീളം
ഭ്രാന്തയാമങ്ങളില്‍ ഞാനുഴറിയലഞ്ഞീടിലും
കുഴയുന്നീല നീയെന്‍ ചുമലിലേറ്റിയ
മൃത്യുസ്വപ്‌നസഞ്ചാരച്ചിറകുകള്‍...
പുറത്ത് മഞ്ഞുവീഴ്‌ചകള്‍ക്കറുതിയാവുന്നു,
പഞ്ചയാമത്തിന്‍ ദൈര്‍ഘ്യമേറുന്നു,
വസന്തമെത്തുവാനേറെയില്ലെന്നാലു-
മറിയുന്നതെനിക്കുവേണ്ടിയല്ലെന്നതും,
അരികില്‍ നീയിനിയില്ലയെന്നതും...
പൊയ്‌ക്കൊള്ളട്ടെയിനി ഞാന്‍,
വസന്തമുള്ളിലുറങ്ങും മരങ്ങളെ
ഋതുപതിയുണര്‍ത്തീടും മുമ്പ്;
സഖേ, നിന്മുടിയിഴകളില്‍
മുഖമൊളിപ്പിക്കും രാപ്പൂവൊന്നതിന്‍
മിഴിവാര്‍ന്നെന്‍ എരിയുമടുപ്പിനുചുറ്റും
നിമീലനനൃത്തച്ചുവടുകള്‍ വയ്‌ക്കും
അഗ്നിശിഖരങ്ങളെ കെടുത്തിടും മുമ്പ്...
സില്‍വിയാ പ്ലാത്,
ഞാന്‍ നിന്നെ, നിന്റെ വരികളെ,
നിന്റെ വരികള്‍ക്കിടയില്‍ നിന്നു-
മുയിരാര്‍ക്കുന്ന മഹാനിദ്രയെ പ്രണയിക്കുന്നു.