Wednesday, December 16, 2009

മൂന്നെണ്ണം

ഉപ്പിലിട്ടത്

ഉപ്പ് മഞ്ഞിലിട്ടാലുപ്പിലിട്ടതാകുമോ,
മഞ്ഞുപ്പിലിട്ടാലോ?
***

മുങ്ങിക്കപ്പല്‍

മുങ്ങിത്താഴുന്നുവെന്നോര്‍ത്ത്
എന്തിനാകുലപ്പെടുന്നു,
മുങ്ങുന്നക്ഷണം മുങ്ങിക്കപ്പലായി
പരിണമിക്കുന്നൊരു കപ്പലല്ലെ ജീവിതം!
***

കണ്ണാടി

രസത്തില്‍ നിന്നെയെന്നതു പോല്‍
ഞാനെന്നെ കാണ്മതിന്‍ രസം!

Saturday, December 12, 2009

ഒളിവിലെ പ്രാർത്ഥന

ഭൂമിയില്‍ നിന്നും മുളച്ചു പൊന്തുന്നവ
അവ കരയുകയും ചിരിക്കുകയും
കലപില കൂട്ടുകയും ചെയ്തിരുന്നു.

എന്നെ കുറിച്ചും നിന്നെ കുറിച്ചും
അവരെ കുറിച്ചും മറ്റുള്ളവരെ കുറിച്ചും
വാതോരാതെ സംസാരിച്ചിരുന്നു.

അവയ്ക്കിടയിലൂടെ സഞ്ചരിക്കുമ്പോള്‍
നമ്മള്‍ തിരിച്ചറിയപ്പെടുമോയെന്ന്
ഭയന്നിരുന്നു.

അവറ്റകളൊന്നടങ്കമൊന്ന്
നിശ്ശബ്ദരായിരുന്നെങ്കിലെന്ന്
നമ്മള്‍ നിമിഷം‌പ്രതി ആഗ്രഹിച്ചു,
അതിനുള്ള വഴി പലയിടങ്ങളിലാരാഞ്ഞു.

ഒരിക്കല്‍ സൂര്യനൊരു ചന്ദ്രക്കലയോളം
വെള്ളത്തില്‍ മുങ്ങിനിവര്‍ന്നപ്പോള്‍
ഭൂമിയില്‍ നിന്നും മുളച്ചു പൊന്തിയിരുന്നവ
അശേഷം അപ്രത്യക്ഷമായി.

ഭൂമിയില്‍ അവശേഷിച്ച നിശ്ശബ്ദത
നമ്മുടെ കാതുകള്‍ കുത്തി പൊട്ടിച്ചു,
കണ്ണുകളില്‍ ഇരുട്ടിന്റെ വിത്തെറിഞ്ഞു.

എന്തെന്നോ എങ്ങിനെയെന്നോ
എന്തിനെന്നോ ഏതിനെന്നോ അറിയാതെ
നമ്മളെല്ലാവരും ചിരിക്കുവാന്‍ പാടെ മറന്ന്
കരയുകയും കലപിലകൂട്ടുകയും ചെയ്തു.

അതു കാണുവാനോ കേള്‍ക്കുവാനോ
കഴിയുന്നവര്‍ ആരും അവശേഷിച്ചിരുന്നില്ല.

ഒരിക്കല്‍ മുളച്ചുപൊന്തുകയും
കരയുകയും ചിരിക്കുകയും കലപിലകൂട്ടുകയും
ശേഷം അപ്രത്യക്ഷമാക്കുകയും
ചെയ്തവയുടെ വിത്തുകള്‍,
തങ്ങളെയിനിയും ഭൂമിയില്‍
മുളച്ചുപൊന്തുവാനിടയാക്കരുതേയെന്ന്
മണ്‍തരികള്‍ക്കിടയില്‍ ഒളിഞ്ഞിരുന്നു കൊണ്ട്
ദൈവത്തോട് പ്രാര്‍ത്ഥിച്ചുകൊണ്ടേയിരുന്നു!

Tuesday, December 08, 2009

ശിശിരത്തിലൊരു വേനല്‍ക്കാഴ്ച

മേലെ വാനത്ത് വേനലാണ്.
മൂത്തുപൊട്ടി പറക്കുന്നുണ്ട്,
നനുനനുത്തൊരുള്ളു കാട്ടി
പരുപരുത്ത പരുത്തിക്കായകള്‍.

Thursday, December 03, 2009

വിരോധാഭാസം

വാകീറിയ ദൈവത്തിന്റെ,
വായിലേക്കാണല്ലോ ദൈവമേ,
ഞാന്‍ പിറന്ന് വീണത്‌.