Monday, September 26, 2011

മരണവാർത്തയറിഞ്ഞതിന്റെ പിറ്റേന്ന് കിട്ടിയ ആത്മഹത്യ ചെയ്തയാളിന്റെ കത്ത്


കൊഴിഞ്ഞു പോയ
കഴിഞ്ഞദിവസങ്ങളിലെന്ന പോലെ
ഇന്നും ഞാനിവിടെ സുഖമായിരിക്കുന്നു.

സുഖം, സന്തോഷം, 
സുഖം, സന്തോഷ-
മെന്നിങ്ങനെയെഴുതിയെഴുതി
സന്തോഷിക്കുന്നതിന്റെ-
യാലസ്യത്തിലാണെപ്പോഴും.

ഈ ആലസ്യമൊന്നു വിട്ടു മാറാനായൊരു
യാത്ര പോകുന്നു,
ഇല്ലെങ്കിൽ ആലസ്യത്തിൽ നിന്നും
അലസതയിലേക്കുള്ള വഴുതൽ
അതീവഭീകരമായിരിക്കുമെന്നഭയത്തോടെ.

ആദ്യമേ എഴുതിയതു പോലെ
എനിക്ക് ഇ(എ)ന്നുമിവിടെ സുഖം തന്നെ.
അവിടെ നിങ്ങളും സുഖമായിരിക്കൂ.

Sunday, September 18, 2011

മൈക്രോവേവ്

പ്രാതൽ കഴിപ്പിച്ച് കുട്ടികളെ സ്കൂളിലേക്കും ഭർത്താവിനെ ഓഫീസിലേക്കും അയച്ചതിനു ശേഷം ബിന്ദു കുളിമുറിയിൽ കയറി. അവളുടെ ഭർത്താവ് ഓഫീസില്‍ പോകാതെ പകുതി വഴിക്ക് വീട്ടിലേക്ക് മടങ്ങി വന്നു. പതിവ് പോലെ ജോലിക്കാരി അയാൾക്ക് കതക് തുറന്ന് കൊണ്ടുത്തു. അയാള്‍ നാലഞ്ച് മിനിറ്റ് ഡൈനിങ്ങ് ടേബിളിൽ അയാളുടെ പതിവ് കസേരയിൽ ഇരുന്നു ചെവി വട്ടം പിടിച്ചു. മൂന്നാം മിനിറ്റിന്റെ അന്ത്യത്തിൽ ജോലിക്കാരി പതിവ് പോലെ മാർക്കറ്റിൽ പോകാനിറങ്ങുന്നതയാൾ കണ്ടു. എട്ടാമത്തെ മിനിറ്റില്‍ ഗേറ്റടയുന്ന ഒച്ച കേട്ടതുമയാൾ അടുക്കളയിലേക്ക് ഓടിക്കയറി.

രാവിലെ പ്രാതൽ കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ചീരക്കാരി ബിന്ദുവിനെ വിളിക്കുന്നതും, പുറത്തേക്ക് ഇറങ്ങിപ്പോയ ബിന്ദു രണ്ടു പിടി ചീരയുമായി വരുന്നതും അയാൾ ശ്രദ്ധിച്ചിരുന്നു. എന്നും അത്താഴത്തിന്റെ കൂടെ ചീരക്കറി വേണമെന്ന് ബിന്ദുവിന്റെ ഭർത്താവിനു നിർബന്ധമാണ്.

 ചീരക്കാരികൊണ്ടുവന്ന രണ്ട് പിടി ചീരയും അയാൾ കൗണ്ടർട്ടോപ്പിനു  മുകളിലേക്ക് പിടിച്ച് ശ്രദ്ധയോടെ കുടഞ്ഞു. നിരാശനായി ഓരോ തണ്ടുമെടുത്ത് ഇലകൾക്കിടയിലൂടെ അതിസൂഷ്മം വിരളുകളോടിച്ചു. ഇടയ്ക്ക് ഒന്നു രണ്ട് വട്ടം സന്തോഷമയാളുടെ കണ്ണുകളെ ഈറന്‍ അണിയിക്കുകയും കവിളുകളിൽ വരകൾ തീർക്കുകയും ചെയ്യിപ്പിച്ചു.


ചീര കിടന്നിരുന്നിടത്തേക്ക് ഇട്ടിട് ഉള്ളം കൈയിൽ അതീവഭദ്രമായി ഒതുക്കി വച്ചിരുന്നതയാൾ ഒരു ഗ്ലാസിലേക്ക് ഇട്ടു. പൈപ്പ് തുറന്ന് ഒരു കൈവെള്ളമെടുത്ത് ഗ്ലാസിലേക്കോഴിച്ചു. മൈക്രോവേവിനുള്ളിലേക്ക് ഗ്ലാസ് വച്ച് മുപ്പതു സെക്കന്റ് നേരത്തേക്ക് ഓണാക്കി. എട്ടാം സെക്കന്റിൽ മൈക്രോവേവിനുള്ളിൽ നിന്നും അകലെ എവിടെയോ ദീപാവലിക്ക് തറചക്രം കറങ്ങുന്നതു പോലത്തെ ഒച്ച കേൾക്കാൻ തുടങ്ങി. അയാൾ ആകാംക്ഷയോടെ മൈക്രോവേവിനുള്ളിലേക്ക് നോക്കി. ചുരുണ്ടു കിടന്നിരുന്ന രണ്ട് പുഴുക്കൾ ശീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ എന്ന ശബ്ദത്തോടെ ഗ്ലാസിനുള്ളിൽ നാലഞ്ചാവർത്തി കറങ്ങി ചത്ത് നിവർന്നു പൊന്തിക്കിടന്നു. പതിമൂന്നാം സെകന്റിൽ അയാൾ കൈക്രോവേവ് ഓഫ് ചെയ്തു. ഗ്ലാസ്സെടുത്ത് സിങ്കിലേക്കിട്ടിട്ട് തിരിച്ച് ഡൈനിങ്ങ് മുറിയിലേക്കെത്തിയപ്പോൾ ബിന്ദു കുളികഴിഞ്ഞെത്തി.

അയാൾ ബിന്ദുവിനരികിലേക്ക് മെല്ലെ നടന്നു ചെന്നു. അവൾ വശ്യതയോടെ ചിരിച്ച് മൊഴിഞ്ഞു. “എന്നും ഞാൻ കുളികഴിഞ്ഞ് വന്ന് ഓഫീസിൽ പോയാൽ മതിയെന്ന് പറഞ്ഞാൽ കേൾക്കില്ല!!!“