Thursday, September 27, 2012

Ice Cubukal Poetry Collection

My poetry collection Ice Cubukal, 
A Collection 53 Malayalam Poems 
can be ordered  from online now @  http://bit.ly/T4v7Vn


Thursday, September 20, 2012

ജീവിതം മാറുന്നു, അകവുര


//*ആഗസ്റ്റ് മാസത്തിൽ പുറത്തിറങ്ങിയ മാസവിത ത്രൈമാസികയിൽ വന്നത്.*\\
For pdf click here

1.    പുതുകവിത തൊട്ടുമുൻപുള്ള ആധുനികതയുമായി എങ്ങനെ വേറിട്ടു നിൽക്കുന്നു?
രൂപപരമായും ആ‍ശയപരമായും  ഭാഷയിലും,സമീപനത്തിലും ലാളിത്യത്തിലും സങ്കൽ‌പ്പത്തിലുമെല്ലാം പുതുകവിത പ്രകടമായി വേറിട്ടു നിൽക്കുന്നു. 


2.    ആഴത്തിലുള്ള സാമൂഹിക വിമർശനത്തിലേയ്ക്ക് പുതിയ എഴുത്തുകൾ പ്രവേശിക്കാത്തത് എന്തുകൊണ്ടാവാം?

വലിപ്പ ചെറുപ്പമില്ലാതെ എല്ലാ പ്രശ്നങ്ങൾക്കും പ്രതികരിക്കുന്നവരാണ് പുതിയ എഴുത്തുകാർ എന്നാണ് എന്റെ വീക്ഷണം. ‘ഉടനെഴുത്തുകൾ’  പല പ്രശ്നങ്ങൾക്കും ഉണ്ടാകാറുമുണ്ട്. പക്ഷേ ‘തലമുതിർന്ന’ എഴുത്തുകാർ പ്രതികരിക്കുന്നതാണ് ശ്രദ്ധിക്കാൻ ഏറിയപങ്കും ആളുകൾക്ക് തല്പര്യം എന്നതിനാലാകണം ഇത്തരമൊരു ചോദ്യമെന്ന് കരുതുന്നു.


3.    ചെറിയ ഒച്ചകൾ മാത്രം കേൾക്കുന്നവരായി പുതുകവികൾ മാറിയോ?

ചെറിയ ഒച്ചകൾ പോലും കേൾക്കുന്നവരാണ് പുതുകവികൾ എന്ന് പറയുവാനാണ് ആഗ്രഹിക്കുന്നത്.  പ്രത്യേകിച്ചും കവിത കണ്ടെത്തലാവുമ്പോൾ.

4.    ഇങ്ങനെ കവിത മാറിയതിന്റെ സാമൂഹിക സാഹചര്യങ്ങൾ എന്തൊക്കെയാവാം?

ജീവിതതിലും ജീവിതസാഹചര്യത്തിനും മാറ്റങ്ങൾ അനിവാര്യമാണ്, അതു പോലെയാണ് കവിതയിലും. സങ്കേതികപരമായും നമ്മളേറെ മുന്നിട്ടിരിക്കുന്നു.  ചുരുക്കത്തിൽ ആഗോളവൽക്കരിക്കപ്പെടാത്തതായി എന്തുണ്ട് നമ്മുടെയിടയിൽ?പക്ഷേ കവിത മാത്രം ഇ(എ)പ്പോഴും വൃത്തത്തിന്റെ മുള്ള് വച്ച് അള്ളാക്കി എറിഞ്ഞുകൊണ്ടിരുന്നാൽ മതിയോ?


5.    ദേശമെഴുത്ത് സജീവമായ ഈ കാലത്ത് മയൂരയുടെ എഴുത്തിൽ ദേശം തെളിയുന്നില്ല. ദേശങ്ങളുടെ കലർപ്പാണ്. എന്തുകൊണ്ടാണ്?

അത് വായനക്കാരോ നീരൂപകരോ പറയേണ്ടതാണെന്ന് തോന്നുന്നു.  ഞാൻ എഴുത്ത് എന്ന കർമ്മത്തിൽ മാത്രമൊതുങ്ങി നിൽക്കുന്നു.

6.   പ്രണയാനുഭവങ്ങളെ വൈവിധ്യമാർന്ന വിധം മയൂര ആവിഷ്ക്കരിക്കുന്നത് എന്തുകൊണ്ടാവാം?

ചോദ്യം വായിച്ചപ്പോൾ കേട്ടുകൊണ്ടിരുന്ന ഗാനം  Bon Joviയുടെ Love is War.
നമ്മെയെല്ലാം ഒരേ സമയം ഒരേസമയം വിഡ്ഡിയും വിദുഷിയുമാക്കാൻ മറ്റെന്തിനാണ് കഴിയുക! പ്രണയം ഇന്നൊരു ക്ലീഷെ ഫ്രയിം അല്ല, ചിലർക്കെങ്കിലും ലിംഗബോധമില്ലാത്തൊരു പോരാളിയായി മാറിയിരിക്കുന്നു.


7.    സ്ത്രീകൾ ഉടലുകൊണ്ടെഴുതുന്നു എന്നു പറയാറുണ്ട്? എന്നാൽ മയൂരയുടെ എഴുത്ത് ഉടലെഴുത്തല്ല എന്ന് പറഞ്ഞാൽ?


പെണ്ണെഴുത്തിന്റെ പുതുഭാഷ്യമാണോ ഉടലെഴുത്തെന്നത്?  സത്രീകൾ ഉടലുകൊണ്ടെഴുത്തുന്നു എന്ന് ചോദ്യത്തിൽ വായിച്ചപ്പോൾ പെട്ടെന്ന് ഓർമ്മ വന്നത് മഹാഭാരതത്തിൽ കർണ്ണനോട് അച്ഛനാരാണ് എന്ന് ചോദിക്കുന്ന സദർഭമാണ്.(കർണ്ണനോട് അച്ഛനാരെന്ന് ചോദിക്കുന്നത് ഉത്തരം അറിയാനല്ല, ആ ചോദ്യത്തിലൂടെ കർണ്ണനെ വീഴ്തുകയെന്ന അടവാണ്*).

ഇന്നത്തെ ചില കവിതകൾ ശരീരാവയവത്തെ പോലെ പെരുമാറുന്നുണ്ടാവാം.  അത് ലിംഗാധിഷ്ഠിതമല്ലെന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു. വ്യക്തിപരമായി ഉടലെഴുത്തുകൾ കർമ്മത്തിനു മുന്നേ കളം മായ്ച്ചുകളയുന്ന പ്രക്രീയയെ പ്രതിനിധാനം ചെയ്യുന്നു  എന്നല്ലതെ മറ്റൊരു കാഴ്ച്ചപ്പാടിൽ കാണാൻ കഴിഞ്ഞിട്ടില്ല. 

8.    ബ്ലോഗ് എഴുത്ത് എഴുത്തുകാർക്ക് കൂടുതൽ സ്വാതന്ത്രം നൽകുന്നുണ്ടോ?

ഇപ്പോൾ ബ്ലോഗിൽ മാത്രമായി എഴുത്തുകാർ ഒതുങ്ങുന്നില്ല, സോഷ്യൻ നെറ്റ് വർക്കിങ്ങി മീഡിയയും പ്രയോജനപ്പെടുത്തുന്നുണ്ട്. രണ്ടിടത്തും എന്തെഴുതണം എങ്ങിനെ എഴുതണമെന്നെല്ലാമുള്ള സ്വാതന്ത്രം എഴുത്തുക്കാർക്കുണ്ട്.  എഴുതിയത്എഡിറ്റ് ചെയ്യാനൊ മടക്കി അയക്കാനോ എഡിറ്റർ ഇല്ല. അച്ചടി മാധ്യമത്തിൽ എഴുതിയിരുന്നവർ പോലും 2009തോടെ ബ്ലോഗിലേക്ക് മറ്റും വന്നതിനു പിന്നിൽ ഇങ്ങിനെയുള്ള സ്വാതന്ത്രമല്ലാതെ മറ്റെന്താണുള്ളത്.

*വിജയൻ മാഷ്

Monday, September 10, 2012

നിഴൽ, പക്ഷിയെപ്പോലെ...

//*സെപ്റ്റംബർ 2012,പച്ചക്കുതിരയിൽ വന്നത്*//

നിഴൽ, പക്ഷിയെപ്പോലെ...
-------------------------------------------

നിഴൽ നിന്നിൽ
ഏതു പക്ഷിയുടെതാണ്?

വെടിയേറ്റു തുളഞ്ഞെന്നതു പോലെ
നിഴലിൽ കണ്ണിന്റെ സ്ഥാനത്ത്
വെയിലിന്റെ വട്ടം.

രാത്രിയുടേയോ പകലിന്റെയോ
എന്നറിയാത്ത
പന്ത്രണ്ട് മണി കഴിയാൻ മറന്ന
ക്ലോക്ക് പോലെ
നീ അതിൽ കൂടി നോക്കുന്നു.

വയലിൻ, വീണ, ഗിറ്റാർ തുടങ്ങിയ
തന്ത്രിവാദ്യങ്ങളിൽ നിന്നെല്ലാം
മൗത്തോർഗനുമായി
ഒരു പക്ഷിയെ പോലെ
നിഴലുള്ളൊരുവളുടെ അടുത്തേക്ക്
പോകുന്ന പെണ്ണുങ്ങൾ.

നിനക്കൊഴികെ ഏതൊരാൾക്കും
മനസ്സിലാവുന്ന ഭാഷയിൽ
അവിടെ അവൾ പാടുന്നു,
അവളുടെ കൈകൾക്ക്
മാന്ത്രികവടിയുടെ വഴക്കം,
അവയുടെ ഇന്ദ്രജാലത്തിൽ മയങ്ങി
കൂടെ പാടിപ്പോകുന്ന പെണ്ണുങ്ങളും
അവളുടെ വാദ്യോപകരണവും!

പെട്ടെന്ന്
നിന്റെ നിഴൽ
ചിറകു  കുടയുന്നു,
കൊഴിയുന്ന
തൂവലുകൾക്കിടയിലേക്ക്
ചേക്കേറുന്ന ഭയം.

നീ ആവർത്തിച്ചാവർത്തിച്ച്
ചിറകു കുടയുന്നു,
ഇരട്ടിക്കുന്ന ഭയം
പതിന്മടങ്ങായി ഇരട്ടിക്കുന്ന ഭയം.

ആഭിചാരം നടത്തുന്നവളെന്ന്
ദുർമന്ത്രവാദത്താൽ
ക്ഷുദ്രപ്രയോഗത്താൽ പെണ്ണുങ്ങളെ
മയക്കിയെടുക്കുന്നവളെന്ന്
കൊക്ക് പോലെ ചുണ്ടുകൾ പിളർത്തി
അപശ്രുതി പാടി നീ
സൈലൻസർ ഘടിപ്പിച്ച
തോക്കിൽ നിന്നുതിർത്ത തിരപോലെ
ലെസ്ബിയൻ എന്ന് വിളിക്കുന്നു.

നിഴൽ നിന്നിൽ
ഏതു പക്ഷിയുടെതാണ്?

ആംഗ്യവിക്ഷേപത്താൽ
സംഗീതം സൃഷ്ട്ടിക്കുന്നവൾ,
ഒരു പക്ഷിയെ പോലെ
നിഴലുള്ളവൾ, അവൾ അവിടെ
തെരമിൻ* വായിച്ചുകൊണ്ടേയിരുന്നു!
------------------------------------------------------

*Theremin- സ്പർശിക്കാതെ വായിക്കുവാൻ കഴിയുന്നൊരു സംഗീതോപകരണം.