Tuesday, November 27, 2012

ഛേദിക്കപ്പെടുന്ന നിശ്ശബ്ദത - എസ്സ്.വി രാമനുണ്ണി, സുജനിക

‘ഐസ് ക്യൂബുകൾ‘ കവിതാസമാഹാരത്തിനു രാമനുണ്ണി മാഷിന്റെ വായന തർജ്ജനിയിൽ വന്നത്.

'ബ്രേക്ക്മൈസൈലന്‍സ് ' ഡോണ മയൂരയുടെ മെയില്‍ ഐ.ഡിക്ക് മുദ്രചേര്‍ക്കുന്നു. ഛേദിക്കപ്പെടുന്ന നിശ്ശബ്ദത സ്വാഭാവികമായും ആര്‍ത്തനാദമായാണ്` പ്രത്യക്ഷപ്പെടുക. പ്രത്യക്ഷപ്പെടുക എന്ന പദം കണ്ണുമായി [ അക്ഷി ] ബന്ധപ്പെട്ടതാണ്`. ഡോണയുടെ കവിതകളെ കുറിച്ചുള്ള ഈ കുറിപ്പില്‍' പ്രത്യക്ഷപ്പെടുക ' എന്നതൊഴിവാക്കി 'പ്രത്യശ്രവപ്പെടുക ' [ ശ്രവണം = ചെവി] എന്നു തന്നെ വേണം എഴുതാന്‍. കാരണം മയൂരയുടെ കവിതകള്‍ ഭാഷാപരമായി അത്രയധികം ശ്രദ്ധപുലര്‍ത്തുന്നവയാണ്` എന്നൊന്നു മാത്രമാണ്`.

ആദ്യം തൊട്ടു തുടങ്ങാം. ഛേദിക്കപ്പെടുന്ന നിശ്ശബ്ദത സ്വാഭാവികമായും ആര്‍ത്തനാദമായാണ്` പ്രത്യശ്രവപ്പെടുക. പക്ഷെ, [ എന്തൊക്കെ ന്യായം പറഞ്ഞാലും ] സ്വാഭാവികതയില്‍ ലാവണ്യാംശം കുറവാണ്`. കവിത ലാവണ്യാത്മകമാണ്`.സശബ്ദ ജീവിത നിമിഷങളൊക്കെയും ആഹ്ളാദങ്ങളില്‍ നിന്നാണ്`. നിശ്ശബ്ദത ദുരിത സന്ധികളാണ്`.ജീവിതത്തിന്റെ ആഹ്ളാദനിമിഷങ്ങളില്‍ നമുക്ക് എന്തും മാറ്റിവെക്കാന്‍ കഴിയും . ദുരിത നിമിഷങ്ങളില്‍ മയൂരക്ക് ഒന്നേ മാറ്റിവെക്കാനാവാത്തതുള്ളൂ : അതാണ്` കവിത. [ മയൂരമായുള്ള അഭിമുഖം ] ഛേദിക്കപ്പെടുന്ന നിശ്ശബ്ദതകളൊക്കെയും മയൂരക്ക് എഴുത്താണ്`. അതെല്ലാം കവിതയാണ്`. അതെല്ലാം അതുകൊണ്ടുതന്നെ ആദ്യമേ സുന്ദരങ്ങളും. ഈ വികാരതന്ത്രം കൊണ്ടാണ്` മയൂരയുടെ മുറിയുന്ന നിശ്ശബ്ദതകള്‍ ആര്‍ത്തനാദങ്ങളാവാതെ കവിതകളായി മാറുന്നത്. കവിതകളുടെ ആത്മശിലകള്‍ അത്രയധികം ഒരുക്കൂട്ടാനാഗ്രഹിക്കുന്നതുകൊണ്ടാണ്` മയൂര 'ബ്രേക്ക്മൈസൈലന്‍സ്' ഐ.ഡി യാക്കുന്നത്, സ്വത്വമുദ്രയാവുന്നത്.

കവിതകളിലെ ഉക്തി മിക്കപ്പൊഴും വിരുദ്ധതകള്‍ ചിനപൊട്ടിക്കുന്നു. ' തലതെറിച്ചതാ... സ്വര്‍ഗത്തില്‍ പോകേണ്ടതല്ലയോ? എന്നെഴുതിക്കഴിയുന്നതോടെ കവിത എഴുത്തുകാരിയില്‍ നിന്ന് ഉറയൂരിപ്പോരികയും പുതുശരീരം അണിയുകയും ചെയ്യുന്നു. വിരുദ്ധോക്തി ഉല്പ്പാദിപ്പിക്കുന്നു. പരിഹാസത്തിന്റെ സ്പര്‍ശം സ്വയം വിമര്‍ശനം തൊട്ട് നിരവധി തലങ്ങളില്‍ ഭിന്നാര്‍ഥങ്ങള്‍, വിചാരങ്ങള്‍, വൈകാരികമൂലകങ്ങള്‍ സംഭവിപ്പിക്കുന്നു. അനസ്തറ്റിസ്റ്റിനെ പ്രണയിക്കണമെന്ന് വിചാരിക്കുമ്പോഴും / നിര്‍ദ്ദേശിക്കുമ്പോഴും ,

തമ്മില്‍ പിരിയുന്നത് എങ്ങിനെയായിരിക്കണം
എന്നതിനെപ്പറ്റിയായിരുന്നു
കണ്ടുമുട്ടിയപ്പോഴെ ഞാന്‍ ചിന്തിച്ചിരുന്നത്,
അത്രമേല്‍ നിന്നെ ഇഷ്ടമായത് കൊണ്ട്....

എന്നെഴുതുമ്പോഴും ഒക്കെ ഇതു സംഭവിക്കുന്നു. എത്ര സ്വാഭാവികമായ, പരിഗണനാര്‍ഹമായ കാര്യങ്ങള്‍ എഴുതുമ്പോഴും ഈ സ്വഭാവം നിലവില്‍ ശക്തിപ്പെടുകമാത്രമാണ്`.

പഴുത്തു പോയൊരു പച്ചേ,
നീരു വലിഞ്ഞുപോയൊരു മഞ്ഞേ,
അടര്‍ന്നു വീഴുമ്പോഴാണ്
നിനക്ക് ചിറക് മുളയ്ക്കുന്നതും
പറക്കമുറ്റുന്നതും,
പറക്കല്‍ കീഴെക്കാണെങ്കിലും!

കീഴേക്ക് പറക്കുന്നത് പ്രകൃതി വിരുദ്ധമൊന്നുമല്ലെങ്കിലും അങ്ങനെയൊരു ചിന്ത ഉല്‍പ്പാദിപ്പിക്കാനാണ്` മയൂരക്ക് ഇഷ്ടം. ഒരുപക്ഷെ, ആധുനികമനുഷ്യന്റെ ഒരു പൊതു ചിന്താരീതിയും എഴുത്തുരീതിയുമാകാമിത്. അവരുടെ ജീവിതം പഠിപ്പിച്ച അനുഭവപാഠങ്ങളുടെ പരീക്ഷകളും ആയതുകളുടെ ഉത്തരങ്ങളും. വൈലോപ്പിള്ളിയുടെ 'മാമ്പഴം ' പോലെയോ റഫീക്ക് അഹമ്മദിന്റെ ' തോരാമഴ' പോലെയോ ഒരുത്തരം പഠിച്ച ജിവിതപാഠങ്ങളുടെ പഠനപ്രക്രിയകളിലോ ആശയവിശകലനത്തിലോ ഒന്നും സാധിക്കാതെ പോകുന്നതുകൊണ്ടുമാവാം. എന്തായാലും അത്രമേല്‍ സങ്കീര്‍ണ്ണമാം നിത്യജീവിതമിന്നും ….

മറ്റൊന്ന് മാധ്യമത്തിന്റെ വ്യത്യസ്തതയാകാം. മലയാളം ബ്ളോഗെഴുത്തിന്ന് അപ്രഖ്യാപിത നിയന്ത്രണങ്ങളുണ്ട്. രചനയുടെ ദൈര്‍ഘ്യം സംബന്ധിച്ചാണ്` ഒന്ന്. ചെറുതായിരിക്കുന്നതാണ്` നല്ലത്. [ അല്ലെങ്കില്‍ വായനക്കാര്‍ കുറയും ] മറ്റൊന്ന് ഫീഡ്ബാക്ക് അത്യധികം ആഗ്രഹിക്കുന്നു. പൊതുവായനാ സമൂഹത്തെ മുന്നില്‍കണ്ട് ഫീഡ്ബാക്ക് ലഭ്യമാക്കാനുള്ള ഘടകങ്ങള്‍ എഴുത്തില്‍ അറിയാതെ ഉള്‍ച്ചേര്‍ന്നുപോകുന്നു. ഇനിയൊന്ന് നൈരന്തര്യമണ്`. ദിവസവും അല്ലെങ്കില്‍ രണ്ടുദിവസം കൂടുമ്പോള്‍ ആഴ്ച്ചയിലൊന്ന് മാസത്തിലൊന്ന് എന്നൊക്കെ ചില തീരുമാനങ്ങള്‍ സ്വയം ഉണ്ടാക്കപ്പെടും. ഇതൊക്കെയും ബാധിക്കുന്നത് എഴുത്തിനെയാണ്`.മലയാളം ബ്ളോഗ് രചനകള്‍ ബഹുഭൂരിപക്ഷവും പൊതു മട്ടുകള്‍ക്ക് ഒതുങ്ങും.

കൈക്കുടന്ന നിറയെ
കോരിയെടുത്തിരുന്ന വെള്ളമാണ്
സ്നേഹമെന്ന് കരുതി.
കാണെക്കാണെ
കൈമുട്ടിലൂടതൊലിച്ചിറങ്ങി
തീര്‍ന്നു പോയപ്പോള്‍ പിടഞ്ഞു.

പക്ഷേ
കൈയില്‍ അവശേഷിച്ചിരുന്ന
ആ നനവ്, അതായിരുന്നു സ്നേഹം!

ഏതു മണലാരണ്യത്തിലും കരിമ്പാറക്കെട്ടിലും നനവിന്റെ ഉറവകളുണ്ട്. ഇലക്കീറോ, കടലാസോ ഹൈപ്പര്‍ടെക്സ്റ്റോ ഒക്കെയായിരുന്നാലും ചില എഴുത്തുകള്‍ സ്വയമേ അനശ്വരങ്ങളാവുകതന്നെ ചെയ്യും.ഒരിക്കല്‍ ഫേസ്ബുക്കില്‍ മയൂര എഴുതിയ ഒരു പോസ്റ്റിന്ന് ലൈക്കടിച്ച് എനിക്കെഴുതാന്‍ തോന്നിയ ഒരു കമന്റ് അവരുടെ പദസ്വാധീനത്തെ / പദ ബോധത്തെ കുറിച്ചായിരുന്നു. വാക്കാണ്` കാവ്യമായി മാറുന്നത്. മയൂരയുടെ ചെറിയ കവിതകളില്പ്പോലും ഈ പദശ്രദ്ധ / പദസ്വാധീനം ശക്തമാവുന്നു. തെക്കന്‍ കേരളത്തിന്റെ നാട്ടുഭാഷമുതല്‍ ഇന്‍ടെര്‍നെറ്റിന്റെ ആഗോളഭാഷവരെ മയൂരക്ക് വഴങ്ങുന്നു. സൃഷ്ടിയുടെ ആരോഗ്യപൂര്‍ണ്ണമായ ദീര്‍ഘായുസ്സ് പ്രധാനമായും മൂന്നു ഘടകങ്ങളില്‍ നിന്നുകൊണ്ടാണ്`. ഒന്ന് ] കവിത ജനിക്കുന്ന കാലാവസ്ഥ. രണ്ട് ] ഉള്ളടക്കപരമായ സൗന്ദര്യം. മൂന്ന്] എഴുതിയേതീരൂ എന്ന് എഴുത്തുകാരനില്‍ രൂപപ്പെടുന്ന സമ്മര്‍ദ്ദം. ഉള്ളടക്കപരമായ സൗന്ദര്യത്തില്‍ പ്രധാനം അന്തലീനമായ ആശയലോകമെന്നതിനേക്കാള്‍ വാഗാര്‍ഥങ്ങള്‍ തന്നെ. ഇതൊക്കെയും ചേര്‍ന്ന് രൂപം കൊള്ളുന്ന 'സ്നേഹം ' പോലുള്ള കവിതകള്‍ ആയിരിക്കും ഇനിയുള്ള ദിവസങ്ങളില്‍ ഡോണമയൂരയുടെ എഴുത്തിനെ മൂല്യപ്പെടുത്തുന്നത്.

എസ്സ്.വി രാമനുണ്ണി, സുജനിക  @ തർജ്ജനി, ഒക്ടോബർ 2012
Copies are available form Indulekha.biz

Friday, November 02, 2012

നിനവ്

ഐ ഫോണിലെ
ചിത്രത്തിൽ നിന്നിറങ്ങി
ഓഫീസിലെത്തുമ്പോൾ
കമ്പ്യൂട്ടർ സ്ക്രീനിൽ
കാത്തിരിക്കുന്നു
മറ്റൊരു ചിത്രമായ്!
 
അവധിക്കപേക്ഷിച്ച്
സ്ക്രീനിൽ നിന്നും
കൈയ്യോടെ വലിച്ചിറക്കി
വീട്ടിലേക്കെത്തുമ്പോൾ
ചുവരിലെ ചിത്രത്തിന്റെ
ചില്ല് പൊട്ടിച്ചിറങ്ങിവന്ന്
വാക്കുകൾ കൊണ്ട്
കോരിയെടുത്ത് ഉമ്മ തരുന്നു!
 
വീട്ടിൽ നിന്നും
പുറത്തിറങ്ങാതെ
കാത്തിരിക്കയാണിപ്പോൾ,
ചിതലിനെ പോലെ
തിന്നുതീർത്ത ഓർമ്മകൾ
പ്രോട്ടോസോവകൾ ദഹിപ്പിച്ച്
വിസർജ്ജിക്കുന്നതും കാത്ത്!
 
~വാചികം മാസിക തുലാം ലക്കം