കളിയിൽ ചേരുന്നവരെല്ലാം
ബൂഗി വൂഗി...ബൂഗി വൂഗി
എന്നു പാടികൊണ്ട്
ഓരോ ബോഗികളാവുന്നു,
ഓർമ്മയുടെ ബോർമ്മയിലെ
റെയിൽ പാളങ്ങളുടെ നിഴലിനോട്
ചേർന്നിഴയാൻ തുടങ്ങുന്നു.
അതുകഴിഞ്ഞ് നിശ്ശബ്ദരായിരിക്കാൻ
ശ്രമിക്കുന്നു.
ഓരോ ബോഗികൾക്കുള്ളിലും
അന്നേരം മറ്റനേകം ട്രയിനുകൾ
ചൂളവിളിക്കും, അവയ്ക്കും
നമ്മളെപോലെയുള്ള ബോഗികൾ.
ഓരോ ബോഗിയും
അവരുടെ ട്രയിനിന്റെ
എഞ്ചിൻ ഡ്രൈവറെ
കണ്ടെത്തുന്നതുവരെ കളി തുടരും.
കണ്ടെത്തിയില്ലെങ്കിൽ
കളിയൊരിക്കലും അവസാനിക്കുകയില്ല.
ഇടയ്ക്ക് ആരെയും
കളിയിൽ നിന്നും
പിന്മാറാൻ അനുവദിക്കുകയുമില്ല.
മുൻപരിചയം ഇല്ലെങ്കിലും
ആർക്കും എപ്പോഴും എവിടെവച്ചും
കളിയിൽ ചേരാം ബോഗിയാവം,
നമ്മുടെ ബോഗികൾക്കുള്ളിലെ
മറ്റുട്രയിനുകളൊ ബോഗികളൊ ആവാം.
കളിനിയമങ്ങൾ
എല്ലാ ബോഗികൾക്കും
അവയ്ക്കുള്ളിലെ
ട്രയിനുകൾക്കും ബാധകമാണ്.
‘ഗരീബ് രഥ്’ പോലെ
എല്ലാം ബോഗികളും
ശീതീകരിച്ചിട്ടുണ്ട്,
തളിരിലയിൽ നിന്നു‘ടലെടുക്കുന്ന‘
തണുപ്പുപോലെ
തൊട്ടുതൊട്ട് തുടങ്ങുന്നത്
പിന്നൊരിക്കലും
കൂട്ട് വിട്ട് പോവില്ല.
നമ്മുക്ക് കളിതുടങ്ങാം,
ബോഗികൾക്കു പകരം
നമ്മുടെ ട്രയിനുകൾക്ക്
ബോഡീബാഗുകളാണെന്ന്
ഉറക്കെ പറഞ്ഞ് കളിയുടെ
സസ്പെൻസ് കളയല്ലെ!