Monday, January 27, 2014

കഷ്ട്ടം. അതി നൂതനമായൊരു ആവിഷ്‌ക്കാരമായിരുന്നു നമ്മൾ - യെഹൂദാ അമിഖായി

അവർ നിന്റെ തുടകൾ
എന്റെ അരക്കെട്ടിൽ നിന്നും
മുറിച്ചുകളഞ്ഞു.

എന്നെ സംബന്ധിച്ചിടത്തോളം
അവരെല്ലാവരും ശസ്‌ത്രക്രിയ നടത്തുന്നവരാണ്, എല്ലാവരും.

നമ്മളിൽ നിന്നിരുവരെയുമവർ
പൊളിച്ചു മാറ്റി.
എന്നെ സംബന്ധിച്ചിടത്തോളം
അവരെല്ലാവരും എഞ്ചിനിയർമാരാണ്, എല്ലാവരും.

കഷ്ട്ടം. അതി നൂതനവും
പ്രിയമുള്ളതുമായൊരു ആവിഷ്‌ക്കാരമായിരുന്നു നമ്മൾ.
ദമ്പതികളിൽ നിന്നും മെനഞെടുത്തൊരു വിമാനം.
ചിറകുകളും സർവ്വതും.
നമ്മൾ ഭൂമിക്ക്  തൊട്ടുമേലെയൊന്ന്  വട്ടമിട്ട് പറന്നു.

നമ്മളൊരൽ‌പ്പദൂരം പറക്കുകയും ചെയ്തിരുന്നു.
                           ***
മലയാളപ്പെടുത്തൽ- ഡോണ മയൂര.

Monday, January 06, 2014

ഗാലപ്പഗോസ്സിലെ ഉടുമ്പുകളേ...

നമ്മൾക്കായി മാത്രമുള്ള
നിമിഷങ്ങളിൽ നിന്നും
വിരഹംകൊണ്ടെന്നെ
വരഞ്ഞിട്ടിരിക്കുന്ന അയയിൽ
അഴലിന്റെ ആഴങ്ങളിൽ
നിന്നെന്ന പോലെ ഉറവകൾ,
ഉറുമ്പുകൾ.

എന്നിൽ വിഹരിക്കുന്ന
പ്രാണിലോകം.

ഞാനോ,
പ്രണയത്തിലേക്കുള്ള വഴിയറിയാതെ
വിട്ടുപോകില്ലെന്നുഴറുന്ന പ്രാണനും.

ഗാലപ്പഗോസ്സിലെ ഉടുമ്പുകളേ...
പ്രണയത്തിൽ
പരിണമിക്കാനറിയാത്തതിന്റെ
അസ്തിത്വം ചുമന്ന്,
പ്രണയിച്ച് മെലിഞ്ഞും
വിരഹത്താൽ തടിച്ചും
ആശ്ചര്യമെന്ന തീപ്പെട്ടിക്കൊള്ളികളുരച്ച്
എവിടെ തിരയണം,
നൈസർഗികതയെ മറികടക്കുകയെന്ന
സുപ്രധാനസിദ്ധാന്തം!