Thursday, September 11, 2014

ഇന്ത്യൻ ഡ്രസ്



ചിക്കാഗോയിലെ കൊൺക്രീറ്റ് കാടുകൾക്കിടയിലുള്ള കറുത്ത ഞരമ്പുകളിൽ മാത്രം പെയ്യുന്ന മഴയിൽ നിന്നും മഴത്തുള്ളികൾ കട്ടെടുക്കാൻ ബാൽക്കണിയിൽ നിന്നും ചെടികൾ ഇന്നലെ രാത്രി ഇറങ്ങിപ്പോയിരുന്നെന്ന് തോന്നുന്നു. കനത്ത മഴയിൽ പോലും ഒരുതുള്ളി വെള്ളം വീഴാത്തിടത്ത് നിൽക്കുന്ന ചെടികളിൽ, ഇലത്തുമ്പിലെ മഴത്തുള്ളികളിൽ മുഖം നോക്കി നിൽക്കുന്ന പൂക്കൾ.

ഉത്രാടവും തിരുവോണവും ഇത്തവണ ശനിയും ഞായറുമായതിന്റെ ആഹ്ളാദം മിത്രയുടെ അധരങ്ങളെ ഓണപ്പാട്ടിന് താളം പിടിക്കുന്ന ശലഭച്ചിറകുകളാക്കി മാറ്റി. തിരുവോണ ദിവസമായ നാളെ ചെറിയൊരു അത്തമിടാൻ വേണ്ട പൂക്കൾ ബാൽക്കണിയിലെ ചെടികളിൽ പൂത്തുവിടർന്ന് നിൽപ്പുണ്ട്.

ഏതെങ്കിലും വിശേഷാവസരങ്ങൾ വരുമ്പോൾ മാത്രം ഓർമ്മകളുടെ ഇലാസ്തികതയേറുന്നത് മിത്രയെ അത്ഭുതപ്പെടുത്താറുണ്ട്. ചിക്കാഗോയിൽ നിന്നും കിളിമാനൂർ വരെ വലിച്ച് നീട്ടിയ ഓണമോർമ്മയുടെ പിടി വിട്ട നിമിഷം, ക്ഷണനേരം കൊണ്ടത് തിരിച്ച് വന്നിടിച്ച് മനസ്സിനെ വേദനിപ്പിച്ചു. ഇത്തവണയെങ്കിലും നാട്ടിൽ ഓണം കൂടണമെന്ന് ആഗ്രഹിച്ചിട്ടൊന്നുമല്ല, പക്ഷെ ഉത്രാടമെത്തിയപ്പോൾ അബോധമനസ്സ് അങ്ങിനെയൊന്ന് ആഗ്രഹിക്കുന്നുണ്ടെന്ന് മിത്ര തിരിച്ചറിഞ്ഞു.

മോൾ ഉറക്കമുണരും മുന്നേ അവൾക്ക് തിരുവോണത്തിനിടാനുള്ള പുത്തനുടുപ്പുകൾ
മിത്ര പുറത്തെടുത്ത് നോക്കി. അഞ്ചു വർഷം മുന്നേ നാട്ടിൽ പോയപ്പോൾ വാങ്ങി വന്നതാണ്.
അന്ന് ഒരു വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ഇള മോൾക്കാണ് രണ്ടു മുതൽ ആറ് വയസ്സ് വരെയുള്ള പട്ടുപാവാടകൾ വാങ്ങുന്നതെന്നറിഞ്ഞ് വസ്ത്രക്കടയിലെ പെൺകുട്ടി അതിശയിച്ച് നോക്കുന്നത് മിത്ര ഇന്ന് വീണ്ടും ഒരിക്കൽകൂടി കണ്ടു. ബാലനുള്ള ജുബ്ബകൾ കൂടി വാങ്ങി പുറത്തിറങ്ങും വരെ ആ പെൺകുട്ടിയുടെ കണ്ണുകൾ മിത്രയിൽ തന്നെയായിരുന്നു.

രണ്ടുമൂന്നാഴ്ച കൂടുമ്പോഴെങ്കിലും ഇളക്കുട്ടിക്ക് എന്തെങ്കിലും വസ്ത്രങ്ങൾ വാങ്ങുന്നത് കൊണ്ട് പുതു വസ്ത്രങ്ങളോട് അവൾക്ക് ഭ്രമമൊന്നുമില്ല. പക്ഷെ ‘ഇന്ത്യൻ ഡ്രസ്’ എന്ന വാക്കിന്റെ ത്രിൽ ഓണത്തിനും വിഷുവിനും അവൾ തിമിർത്താസ്വദിക്കും. പുതിയ ജുബ്ബ ഡ്രസിങ്ങ് റൂമിൽ എടുത്ത് വച്ചാലും ഏതെങ്കിലുമൊരു ടീഷർട്ടോ മറ്റോ ഇട്ട് മാത്രം ബാലൻ തിരുവോണമുണ്ണാൻ ഇരിക്കും. ഓണമെന്നൊക്കെയുള്ള ഓരോ പ്രാന്തുകൾക്ക് മിത്രയും സുഹൃത്തുക്കളും കൈയ്യും കാലും വെച്ചു കൊടുക്കുന്നത് ബാലന് ഇഷ്ടമല്ല. പുള്ളി ഇത്തരം ആഘോഷങ്ങളെയെല്ലാം ജസ്റ്റ് എ വേസ്റ്റ് ഓഫ് ടൈം എന്ന വാക്യത്തിൽ ഒതുക്കുന്നു.

മിത്ര തന്റെ ജീവിതം ഒരു ‘ഫ്ലോ ചാർട്ടിൽ’ എന്ന പോലെ ആദ്യം മുതൽ അന്ത്യം
വരെ രേഖപ്പെടുത്തി വച്ചിട്ടുണ്ട്. ഓരോ കാര്യവും അതിന്റേതായ സമയത്ത് ചെയ്തു തീർക്കുകയും ചെയ്യും. ഭർത്താവും കുഞ്ഞും ഫ്ലാറ്റും ജോലിയും ഒന്നുമില്ലാതെ ഒറ്റത്തടിയുടെ ബോഹീമിയയിൽ ജീവിക്കുന്ന ഒരാളുടെ സ്വാതന്ത്ര്യം ഈ കൃത്യനിഷ്ഠയിൽ നിന്നും മിത്ര കരസ്ഥമാക്കിയിട്ടുണ്ട്.

ബാലന്റെ ഭാര്യയും ഐ.ടി പ്രഫഷനലും ഇളക്കുട്ടിയുടെ അമ്മയും ഇരുപത്തിയാറുകാരിയുമായ മിത്ര ഉണ്ടാക്കിയിട്ടുള്ള വിൽപത്രം സുഹൃത്തുകൾക്കിടയിലെ സംസാരങ്ങളിലും തമാശപറച്ചിലുകളിലും കടന്നു വരാറുള്ള വിഷയമാണ്. ബാലനും ഇളക്കുട്ടിക്കും അവരവരുടേതായ വിൽപത്രമുണ്ടോ എന്ന്
മിത്രയോട് പലരും ചോദിച്ചിട്ടുണ്ട്. കൂട്ടുകാർക്കിടയിൽ ‘മിസ് പെർഫെക്ഷനിസ്റ്റ് ‘എന്ന വിളിപ്പേരും മിത്രയ്ക്ക് കിട്ടിയിട്ടുണ്ട്. ഇടയ്ക്ക് ഇളക്കുട്ടിയും അതേ പേരിൽ അമ്മയെ കളിയാക്കാറുണ്ട്.

അച്ചപ്പം ഉണ്ടാക്കിക്കഴിഞ്ഞ് തിരുവോണത്തിന് എടുക്കാനും കൂടി കണക്കാക്കി അവിയലും സാമ്പാറും മറ്റും ഉണ്ടാക്കാൻ തുടങ്ങുമ്പോൾ ഇന്നലെ ഓഫീസിൽ നിന്നും വരുന്ന വഴി വെള്ളിയാഴ്ചകളിലെ ട്രാഫിക്ക് തിരക്കുകൾ വകവയ്ക്കാതെ ഡെവോണിലേക്ക് പോയി ഇന്ത്യൻ കടകളുടെ സ്ട്രീറ്റിൽ നിന്നും വാങ്ങിക്കൊണ്ടുവന്ന പച്ചക്കറികൾ കൌണ്ടർ ടോപ്പിൽ നിരത്തി വച്ചിരുന്നതിലേക്ക് ഇടയ്ക്കിടെ മിത്ര നോക്കി.

ഉത്രാടത്തിന് അടുക്കള നിറയെ മുട്ടൻ ചേനയും പടവലങ്ങയും വെള്ളരിക്കയും മുരിങ്ങയ്ക്കായും മറ്റും അമ്മ നിരത്തി വച്ചിരുന്ന ഓർമ്മ വീണ്ടും മിത്രയെ കിളിമാനൂരിലേക്ക് കൊണ്ടു പോയി. ഇപ്പോൾ അവിടെ ഉത്രാടപ്പാച്ചിൽ കഴിഞ്ഞിട്ടുണ്ടാവണം. അമ്മയുടെ അത്രയും പൊക്കമുള്ള നിലവിളക്കിൽ തെച്ചിയും തുളസിയും മാലകെട്ടിയലങ്കരിച്ച് വിളക്ക് കൊളുത്താനുള്ള തയ്യാറെടുപ്പുകൾ ചെയ്യുകയാവും അമ്മ. ഉത്രാടത്തിന് കാച്ചിൽ കിട്ടിയില്ല എന്നോ നാട്ടിൽ ഇപ്പോൾ ഓണം ഏതുവരെ എത്തിയെന്നോ ഉള്ള ഓർമ്മപ്പാച്ചിലുകളോ അല്ലാതെ ഇവിടെ എന്ത് ഉത്രാടപ്പാച്ചിൽ!

“അമ്മേ, സാന്റാക്ലോസാണോ മാവേലീയുടെ ഡാഡി?”
“അതെന്താ ഇളക്കുട്ടിക്ക് അങ്ങിനെ ഒരു സംശയം?”
“രണ്ടാളുടേയും തലയിൽ തൊപ്പിയുണ്ട്, രണ്ടാൾക്കും വല്യ മീശയുണ്ട്
പിന്നെ വല്യ ടമ്മിയും.”

ഇളക്കുട്ടി അവൾ വരച്ച മാവേലിയുടെ ചിത്രം കഴിഞ്ഞ ക്രിസ്തുമസ് കാലത്ത് വരച്ച് ഫ്രിഡ്ജിൽ മാഗ്നറ്റ് കൊണ്ട് ഒട്ടിച്ചുവച്ചിരുന്ന സാന്റാക്ലോസിന്റെ ചിത്രത്തോട് ചേർത്തു വച്ചുകൊണ്ട് പറഞ്ഞു. അപ്പോഴേക്കും ബാലൻ നിന്റെ പന്തിരുകുലം എപ്പോഴാണ് എത്തുന്നതെന്ന ചോദ്യവുമായി എത്തി. മിത്രയേയും സുഹൃത്തുക്കളെയും ബാലൻ കളിയാക്കി വിളിക്കുന്ന പേരാണ് കേരളാമ്മയുടെ
പന്തിരുകുലം എന്ന്. എന്നാലും ബാലന് എല്ലാവരേയും ഇഷ്ടമാണ്. ആർക്കും എന്ത് സഹായത്തിനും ഏത് നട്ടപ്പാതിരയ്ക്കും മടികൂടാതെ മിത്രയും സുഹൃത്തുക്കളും ഒരു ഫോൺ കോൾ വിളിക്കപ്പുറം ഉണ്ടാവും, അതിൽ ബാലന് പരാതിയുമില്ല.

അഞ്ചുമണിയോടെ അവരെത്തുമെന്ന് പറഞ്ഞു തീരും മുന്നേ ബാലൻ വൈകുന്നേരത്തെ
ടെന്നീസ് പ്രാക്റ്റീസിന് പോയിക്കഴിഞ്ഞിരുന്നു. രാവിലെ ഉണ്ടാക്കിയ അച്ചപ്പത്തിൽ നിന്നും കുറച്ചെടുത്ത് മാറ്റി വച്ച്, ബാക്കിയുള്ളവ പതിനൊന്ന് സിപ്പ് ലോക്ക് കവറുകളിലാക്കി പാക്ക് ചെയ്യുന്ന തിരക്കിലായിരുന്നു മിത്ര അന്നേരം. ഇളക്കുട്ടി അച്ചപ്പത്തിന്റെ വളയങ്ങൾ മോതിരമാക്കി കൈവിരലുകളിൽ ഇട്ടു നടന്നു.

എല്ലാവരും വന്ന് പോയി കഴിഞ്ഞ് തീന്മേശയിൽ പതിനൊന്നുതരം പലഹാരങ്ങൾ
സിപ്പ് ലോക്കുകളിൽ നിറഞ്ഞ് ഇരുന്നു. ഓരോരുത്തരും കൊണ്ടുവന്ന ഓണപലഹാരങ്ങൾക്ക് പകരം അവരോടൊപ്പം മിത്രയുണ്ടാക്കിയ അച്ചപ്പവും കൂട്ടുപോയിരുന്നു.

മിത്ര ചിക്കാഗോയിലെ ഉത്രാടരാത്രിയിൽ ഇരുന്നുകൊണ്ട് കിളിമാനൂരിലെ തിരുവോണപ്പുലരിയിലേക്ക് ഫോൺ ചെയ്ത് ബാലന്റെ വീട്ടുകാർക്കും സഹോദരങ്ങൾക്കും ആശംസകൾ പറഞ്ഞു. പിന്നെ അമ്മയെയും അമ്മാമ്മയേയും അമ്മാവനേയും കുഞ്ഞമ്മമാരെയും വിളിച്ചു. അന്നേരം ഫ്രിഡ്ജിൽ ഒട്ടിച്ചിരുന്ന മാവേലിയുടെ ചിത്രത്തിൽ ക്രയോൺസ് കൊണ്ട് പൂക്കളം വരച്ചു ചേർക്കുകയായിരുന്നു ഇളക്കുട്ടി. പെട്ടെന്ന് കള്ളത്തപ്പൻ മാവേലി
ഇളക്കുട്ടിയുടെ ചിത്രത്തിൽ നിന്നും തന്റെ വലതുകാൽ പുറത്തേക്ക് എടുത്തുവച്ചു. ഫ്ലൂറസന്റ് ബൾബിന്റെ ഉത്രാടനിലാവുപോലുള്ള വെളിച്ചത്തിലേക്ക് സമയമേഖലയ്ക്കപ്പുറം നിന്നുകൊണ്ട് ഇപ്പുറത്തേക്ക് കൈനീട്ടി ഇളക്കുട്ടിയോടും മിത്രയോടും ചോദിച്ചു.“നാട്ടിൽ പോവാം, വീട്ടിൽ
പോവാം, മാവേലിയെ കണ്ടാൽ പേടിക്കുമോ!.“

/*മനോരമ മെട്രോയിൽ (മുംബൈ,ഡെൽഹി,ചെന്നൈ,ബാ‌ഗ്ലൂർ എഡിഷനുകളിൽ(06Sep2014)) വന്ന ഓണക്കഥ.*/

Wednesday, September 03, 2014

വടക്കേയമേരിക്കൻ മലയാളി ഡയസ്പോറ

“I am from there. I am from here.
I am not there and I am not here.
I have two names, which meet and part,
and I have two languages.
I forget which of them I dream in.” ― Mahmoud Darwish

ഭൂഗോളവട്ടത്തിന് മറച്ചുവയ്ക്കാൻ ഒന്നുമില്ല.ഭൂമി, കടൽ, കര, ഭൂഖണ്ഡങ്ങൾ, ഭൂപ്രദേശമെന്നിങ്ങനെ ചുരുങ്ങി ചുരുങ്ങി നമ്മുടെ കൃഷ്ണമണിവട്ടത്തിലേക്ക് ജിഗ്സോ പസ്സിൽ പോലെ ഓരോ കാഴ്ച്ചകൾ തെളിയുമ്പോൾ അതിൽ നിന്നും എന്ത് കാണണമെന്ന് നിയന്ത്രിക്കാൻ നമുക്ക് കഴിയുന്നു. അഥവാ കാണണ്ടായെന്ന് തീരുമാനിക്കും മുന്നേ കണ്ടുപോയാൽ കാഴ്ച്ചയിൽ സൂക്ഷിക്കേണ്ടത്, കണ്ടുമറക്കേണ്ടത്, കണ്ടതിനെ പറ്റി പറയേണ്ടത്, പറയാതിരിക്കേണ്ടത് എന്നിങ്ങനെ ഒട്ടനവധി സാധ്യതകളുടെ വിശകലനത്തിനു വിധേയമാക്കപ്പെടുന്നു. പ്രവാസത്തെ പറ്റി എഴുതുമ്പോഴും ഇത്തരം ഒരു അവസ്ഥയിൽ കൂടി എഴുതുന്നയാൾ കടന്നു പോകുന്നുണ്ട്. പ്രത്യേകിച്ചും പ്രവാസിയായ എഴുത്തുകാർ.

പ്രവാസമെന്നത് ആഴ്ച്ചകൾ കൂടുമ്പോൾ കിട്ടുന്ന കത്തുകൾക്കും അതിനുള്ളിലെ ചെക്കിനും ഡ്രാഫ്റ്റിനുമായുള്ള പ്രതീക്ഷയും, വർഷങ്ങൾ കഴിയുമ്പോൾ പ്രവാസിയോടൊപ്പം സ്വദേശത്തേക്ക് എത്തുന്ന ആഡംബരര വസ്തുക്കളുടെ രുചിയും മണവും നിറവും മാത്രമായിരുന്നു മലയാളികൾക്ക്. അവരുടെ മുന്നിലേക്ക് പ്രവാസത്തിന്റെ വാസ്‌തവികത ബാബു ഭരദ്വാജും ബന്യാമിനും മറ്റും തുറന്നിട്ടു. അപ്പോഴും സ്ത്രീപ്രവാസമെന്നത് കാല്പനികതയാൽ മൂടിവച്ചു. അതിനൊരപവാദമായ കൃതികൾ ഒരു പക്ഷെ ബർസയും സായയും ആയിരിക്കും.

ഒരു രാജ്യത്തേയും പ്രവാസികളടക്കമുള്ള ജനതയേയും തിരിച്ചറിയുന്നത് അവിടെനിന്നുള്ള സാഹിത്യത്തിലൂടെയാണ്. ആ രാജ്യത്തിന്റെ വികസനത്തിലും ഭരണത്തിലും സാമ്പത്തികഘടനയിലും ഭൂമിശാസ്ത്രത്തിലും ജനങ്ങളുടെ ജീവിതത്തിലേക്കും എല്ലാം സാഹിത്യം വെളിച്ചം വീശുന്നു. മധ്യതിരുവിതാംകൂറിന്റെ ഹൃദയഭാഷയിൽ, കുടിയേറ്റത്തിന്റെ തുടക്കക്കാരായ നഴ്സുമാരെ പറ്റി, 'പാമ്പും കോണിയും' എന്ന നോവലിലൂടെ നിർമ്മല ചെയ്യുന്നതും ഇതാണ്.

മൂന്ന് തലമുറകളിലായി കാനഡയിൽ കുടിയേറിപ്പാർക്കുന്ന മലയാളികളിലൂടെയും പ്രവാസമെന്ന് കേൾക്കുമ്പോൾ നിസ്സാരമായിത്തള്ളുന്ന സ്ത്രീപ്രവാസത്തിന്റെ കാഴ്ച്ചപ്പുറങ്ങളിലേക്കും വടക്കേ അമേരിക്കയിലേ പ്രവാസികളിലേക്കും വിവേകത്തോടെ നിർമ്മല തുറന്നു വയ്ക്കുന്ന വാതിലാണ് പാമ്പും കോണിയുമെന്ന നോവൽ. മൂന്നു തലമുറയും വിവിധതരം ജീവിതയാഥാർത്ഥ്യങ്ങളുടെ ത്രീവ്രതയാൽ അവരവരുടെ ജീവിതം മുറുകുകയും അയയുകയും ഇളകുകയും ചെയ്യുന്നതറിയുന്നു.

സ്വദേശത്ത് നിന്നും വിദേശത്തേക്ക് പറിച്ച് നട്ട ജീവിതം തുടങ്ങിയ ഇടത്തു തന്നെ എത്തിച്ചേരുന്നെന്ന് സാലി തിരിച്ചറിയുന്നതിനിടയിൽ മധ്യതിരുവിതാകൂറിന്റെ സാമ്പത്തിക സ്ഥിതിയിലും ജീവിതരീതിയിലും സ്ത്രീപ്രവാസത്തിന്റെ സാമ്പത്തികമായ ഇടപെടലുകൾ വരുത്തിയ മാറ്റങ്ങളെ ‘പാമ്പും കോണിയും’ തുറന്ന് കാട്ടുന്നു.

ഒറ്റയ്ക്കൊറ്റയ്ക്ക് നിരവധി സംഘർഷങ്ങളിലൂടെ കടന്നു പോകുന്നു ഈ നോവലിലെ കഥാപാത്രങ്ങൾ. ചിലർക്കുമേൽ അത് അടിച്ചേൽ‌പ്പിക്കപ്പെട്ടത്, മറ്റുചിലരോ അത് സ്വയം തിരഞ്ഞെടുത്തതും. നാടിനെ കുറിച്ചുള്ള ചിന്ത, ചിട്ടയായ ധ്യാനത്തിലെന്നവണ്ണം പുത്തൻ‌ തലമുറയൊഴികെ ബാക്കിയെല്ലാവരും നിലനിർത്തിപോരുന്നു. നാട്ടിലെ അവസാന തരി മണ്ണും വിട്ടു പോന്നിട്ടും ഈ ധ്യാനം വിട്ടുണരാൻ അവർക്ക് കഴിയുന്നില്ല. സ്വദേശത്തും വിദേശത്തും വിദേശിയായി കഴിയേണ്ടി വരുന്നു ഇവർക്കെല്ലാം. സ്വന്തം സ്വത്വത്തിലേക്ക് മുൻ‌തലമുറക്കാർ ഇഴുകിച്ചേരുമ്പോൾ പുതിയ തലമുറയിലെ ഷാരനും മനുവിനും സ്കൂൾതലം മുതൽ അത് ബാധ്യതയായി മാറുന്നു. അഡിഡാസ് എന്നെഴുതിയ റ്റീഷർട്ടുകൊണ്ട് മറച്ചുവയ്ക്കാൻ കഴിയുന്ന ഒന്നല്ല അതെന്ന് ബോധ്യപ്പെടുന്നു. ആ ചങ്ങല പൊട്ടിക്കാൻ പരിശീലിക്കുന്ന ഷാരന് ജീവിതം മുന്നോടു കൊണ്ടുപോകാനും കഴിയുന്നു.

പ്രവാസം മനുഷ്യരെ അവരുടെ വക്തിത്വത്തെ പലതാക്കി തീർക്കുന്നു. യഥാർത്ത സ്വത്വം മറച്ച് പിടിച്ച് മറ്റൊരാളായി ജീവിപ്പിക്കുന്നു. സ്നേഹം ഭൂതകാലമെന്ന അത്ഭുതവിളക്കിന്റെ ഒറ്റയിതൾപ്പൂവായി ചിലരിൽ ഇടയ്ക്കിടെ മിഴിവിടർത്തുന്നതാണ് ഈ കഥാപാത്രങ്ങൾക്ക് സാമ്പത്തികത്തിനു പുറമേ കിട്ടുന്ന ഏക സാന്ത്വനം.

പ്രവാസമെന്ന ആഴത്തിലുള്ള ഉണങ്ങാത്ത മുറിവിനെ, സാമ്പത്തികഭദ്രതയെന്ന തയ്യലിട്ട് ഉണക്കാൻ പാടുപെടുമ്പോൾ, അതേ തയ്യലിനിടയിലൂടെ ജീവിതമുതിർന്നു തീരുന്നതറിഞ്ഞ് ഉഴറുന്നവരുടെ ജീവിതകഥകളിലൂടെ, ഒറ്റയ്ക്കൊറ്റയ്ക്ക് പാടുന്ന പലതരം സംഗീതോപകരണങ്ങളെന്ന കഥാപാത്രങ്ങളുടെ ഒന്നിച്ചുള്ള ഓർകസ്ട്ര നിർമ്മല ഭംഗിയായി പാമ്പും കോണിയിലും നിർവഹിച്ചിരിക്കുന്നു.
------
നിർമ്മലയുടെ മറ്റ് കൃതികൾ
കഥകൾ: ആദ്യത്തെ പത്ത്‌, നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി, മഞ്ഞമോരും ചുവന്നമീനും
അനുഭവം: സ്ട്രോബറികള്‍ പൂക്കുമ്പോള്‍
-------

Article form Navamalayali  August 2014 Edition