Monday, March 26, 2007

ഇനിയെന്‍ അമ്മതന്‍ അരികിലേക്ക്....

തുഷാ‍രം ഓണ്‍ലൈന്‍ മാ‍സികയുടെ ഈ ലക്കത്തില്‍, എന്റെ ഒരു ചെറിയ രചന
ഇനിയെന്‍ അമ്മതന്‍ അരികിലേക്ക്.... എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എന്നെ ബ്ലോഗുതുടങ്ങാന്‍ പ്രേരിപ്പിച്ച, സ്‌നേഹിച്ച, തെറ്റ്‌കള്‍ ചൂണ്ടിക്കാണിച്ച്, എന്റെ ബ്ലോഗിലെ ശൂന്യത കൂടെക്കൂടെ ഓര്മ്മിപ്പിച്ച് എന്നെ കൂടുതല്‍ എഴുതാന്‍ പ്രോത്സാഹിപ്പിച്ച എന്റെ എല്ലാ കൂട്ട്‌കാര്‍ക്കും വേണ്ടി ഞാന്‍ ഇത് സമര്‍പ്പികുന്നു.

Sunday, March 18, 2007

മനസ് ഒരു സമസ്യ.

കത്ത് മടക്കി വച്ച് ജാലകത്തിലൂടെ പുറത്തേയ്ക്ക് നോക്കുമ്പോള്‍ കാലംതെറ്റി വന്ന മഴ തിമിര്‍ത്ത് പെയ്യുകയായിരുന്നു. മഴയ്ക്ക് വേണ്ടി എന്നും പ്രതീക്ഷയോടെ നോക്കിയിരിക്കാറുള്ള ഞാന്‍ മഴ തുടങ്ങിയത് അറിഞ്ഞതേയില്ല. അവളുടെ കത്ത് പലയാവര്‍ത്തി വായിക്കുകയായിരുന്നു. തൂളിയടിച്ച് ജനാലയിലൂടെ അകത്തേക്ക് കയറിയ ഓരോ മഴത്തുള്ളിയും കുളിരുള്ള ചുംബനങ്ങള്‍ തന്ന് ശരീരത്തിലേക്ക് അലിഞ്ഞ് ചേരാന്‍ ശ്രമിച്ച് എന്നെ തഴുകി താഴെയ്ക്ക് ഒഴുകി വീണുകൊണ്ടിരുന്നു.

മനസ് നിറയെ അവളായിരുന്നു, അവളെഴുതിയ വരികളായിരുന്നു. നട്ടുച്ചയായതെ ഉള്ളുവെങ്കിലും ആകാശത്ത് തിങ്ങി നിറഞ്ഞിരുന്ന കാറ്മേഘക്കൂട്ടങ്ങള്‍ അവിടെയാകെ ഇരുള്‍ വീഴിച്ചിരുന്നു . പ്രകൃതി എന്തെ ഇന്നിങ്ങനെ, പിണങ്ങിയതാണോ? ഇരുള്‍ വീഴുന്ന വഴിയരികില്‍ മരച്ചില്ലകള്‍ തീര്‍ത്ത നിഴലുകള്‍ക്ക് അവളുടെ നിഴലിന്‍റെ സാമ്യം ഉണ്ടോ എന്ന് എന്റെ മനസ്സ് തിരഞ്ഞുവോ? മനസിനെ വേണ്ടാ വേണ്ടാ എന്ന് പലയാവറ്ത്തി ഉരുവിട്ട് വിശ്വസിപ്പിക്കാന്‍ ശ്രമിച്ച്, ഒടുവില്‍ അതോരു പാഴ്ശ്രമമാ‍ണെന്ന് അറിഞ്ഞുകൊണ്ടുതന്നെ അവള്‍ക്ക് മറുപടി എഴുതണമെന്ന് മനസ്സില്‍ ഉറച്ച് തോറ്റ് പിന്മാറി.

ഇതിനോടകം അവളുടെ ഓരോ വരികളും മനസ്സില്‍ പതിഞ്ഞിരുന്നു . എഴുതി തുടങ്ങുമ്പോള്‍ സംബോധന ചെയ്യേണ്ട ആവശ്യം ഇല്ലായിരുന്നു. അവളില്‍ നിന്നും വരുന്ന കത്തുകള്‍ക്ക് ഒരിക്കലും അതില്ലായിരുന്നു, ഉള്ളടക്കത്തില്‍ എങ്ങും എന്റെ പേരും. ആരാണയക്കുന്നതെന്ന് കുറെക്കാലം അറിഞ്ഞതുമില്ല. ഒടുവില്‍ ഒരിക്കല്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ അവള്‍ ഉരുവിട്ട ചില വരികള് കേട്ട് ഞെട്ടിത്തരിച്ച് എത്ര നേരമെന്നറിയാതെ നിന്നതും, ഞെട്ടലില്‍ നിന്നെന്നെ ഉണര്‍ത്തിയ അങ്ങേത്തലയ്‌ക്കല്‍ നിന്നുള്ള വിതുമ്പലും, എന്ത് ചെയ്യണമെന്നറിയാതെ കുറെ നേരം ശിലയായ് നിന്നതും, ഒടുവില്‍ എപ്പോഴൊ അവള് തന്നെ ഫോണ്‍ കട്ടാക്കി പോയതുമെല്ലാം.....

വളഞ്ഞ് തിരിഞ്ഞ കുറെ ചോദ്യങ്ങള്‍ ചോദിച്ച് എന്റെ മനസ്സിനെ അളക്കാന്‍ നീ ശ്രമിക്കുകയായിരുന്നോ? ഇതൊക്കെ അറിയാന്‍ ഞാന്‍ ഒത്തിരി വൈകിയൊ? എന്തേ, നീ ഒരിക്കലും ചോദിച്ചില്ലാ, എനിക്ക് നിന്നെ ഇഷ്‌ടമാണോ എന്ന്? ഉത്തരം നല്‍കാന്‍ ഞാന്‍ ഇപ്പോഴും തയ്യാറായതിനാലല്ല. പക്ഷേ അപ്പോള്‍ എനിക്ക് നിന്നോടും ചോദിക്കാമല്ലോ നിനക്ക് എന്നെ ഇഷ്‌ടമാണൊ എന്ന്?എന്തെ നീ എന്നെ ഇഷ്‌ടപെടുന്നതെന്നും അങ്ങിനെ ഇനിയും ഉത്തരം കിട്ടാത്ത മറ്റുപലതും.

ഒരിക്കല്‍ നീ വേറെ ഏതോ രീതിയില്‍ പറഞ്ഞുവോ നിന്റെ മനസ് എനിക്ക് എന്നേ തന്നുവെന്ന്, അതോ ഞാന്‍ തെറ്റിധരിച്ചതോ? ഇനിയും ഒത്തിരി സമസ്യകള്‍ ഉണ്ട് എന്റെ മനസ്‌സില്‍ , ഒരു പക്ഷേ നിനക്കും. കടംകഥ പറഞ്ഞ് കളിക്കുന്നത് നമ്മുക്ക് നിര്‍ത്തിക്കൂടെ? ഇതു തന്നെയാണൊ നീയും ആഗ്രഹിക്കുന്നത്. എന്റെ മനസ്സിലും അറിയാതൊരിഷ്‌ടം നിന്നോട് തോന്നുന്നുണ്ടോ? അറിയില്ലെനിക്ക്, നിനക്കായുള്ള, നീ തന്ന ഒരു പിടി ചോദ്യങ്ങളും അതിന് ഞാന്‍ കണ്ടെത്തിയ ഉത്തരങ്ങളും കൂടി കുഴഞ്ഞ് മറിഞ്ഞ് എന്റെ മനസ് മാത്രം അറിയാം എനിക്ക്....അതും ഒരു സമസ്യ.

Tuesday, March 13, 2007

വള്ളിയിട്ടോരടയും വടയും.

അടയും വടയു-
മെനിക്ക് നിഷിധം.
കാണുന്നതു പോലും
ഉള്‍ക്കിടിലം.

കുഞ്ഞുനാളിലൊരു
സന്ധ്യാ നേരം
അമ്മയേകീ എനി-
ക്കോരിലയില്‍ ചുട്ടോരട.

ഇല കരിഞ്ഞതിനാലട
വേണ്ടന്ന് ഞാനും
കഴിക്കുക വേഗ-
മെന്നമ്മയും ശഠിച്ചു.

കണ്ടുനിന്നച്‌ഛന്‍
അരുളീ, ഒരു ചൂട്
വട വള്ളിയി-
ട്ടെടുക്കുക മോള്‍ക്ക്.

വടയോടുള്ളോരു
കൊതി മൂത്തു ഞാന്‍
വള്ളിയൊടുവില്‍
കേട്ടതില്ല.

അകത്തേക്കു പോയി
വന്നമ്മ വള്ളിയിട്ട
വടയാല്‍ ചുട്ട
വള്ളിയിട്ടോരടതന്നു.

Sunday, March 11, 2007

കാന്താ, മമ മാനസം വിതുമ്പുന്നു.

എനിക്കും ചട്ടമ്പിക്കും ചട്ടമ്പികല്യാണിക്കും വെറും നാലേ നാല് മാസം നാട്ടില്‍ പോകാന്‍ അല്‍പം കുശുമ്പോടെയാണ് കാന്തന്‍ ടിക്കറ്റ് ബുക്ക് ചെയ്‌തത്. ആ മുഖത്ത് ആ നേരം വിടര്‍ന്ന വര്‍ണ്ണരാജികള്‍ കണ്ടാല്‍ എന്റെ എന്തോ കുറ്റം കൊണ്ടാണ് കക്ഷിക്ക് നാല് മാസം ലീവ് കിട്ടാത്തതെന്ന് തോന്നി. . എനിക്ക് പിന്നെ ലീവെടുക്കാന്‍ വേണ്ടി മത്രം ജ്വാലികള്‍ ഇല്ലല്ലാ...

ആ സുദിനം മുതല്‍ എന്റെ മനസ്സ് രാവും പകലും കിനാവു കണ്ട് തിരുവനന്തോരത്തെ കുടുംബവീട്ടിലും പറമ്പുകളിലും മേഞ്ഞ് നടന്ന് ഓര്‍മ്മകള്‍ അയവിറക്കി ഏമ്പക്കവും വിട്ടിരിക്കാന്‍ തുടങ്ങി. ചട്ടമ്പികല്യാണിയെ ആദ്യായിട്ടാണല്ലൊ എല്ലാവരും കാണാന്‍ പോകുന്നത്. വീട്ടിലെത്തുമ്പോഴെക്കും സകലമാന ബന്ധുജനങ്ങളും ഒരു കാക്കത്തോള്ളായിരം ചോദ്യങ്ങളുമായി അവിടെ കാണും. ചെല്ല കിളീ, മക്കളുടെ പേരുകള്‍ എന്തിര്? സുഖങ്ങള്‍ വോക്കെ തന്നെ?കെട്ടിയോന്‍ വന്നിലല്ലേ,സത്യങ്ങള് പറഞ്ഞാല് അപ്പികള്‍ക്ക് തോനെ കാലം ലീവ്കള്‍ ഒന്നും കിട്ടൂലല്ലേ, ഇപ്പ പോയിട്ട് സന്ധ്യകള് ആകുമ്പൊ വരാം കേട്ടാ. ഞാന്‍ കേട്ടില്ല എന്നു നടിക്കും. സന്ധ്യക്ക് ഇവിടെ പ്രത്യകിച്ച് വിശേഷം ഒന്നും ഇല്ലല്ലോ, പിന്നെയെന്താ.

ഇങ്ങിനെ നൂറ് കൂട്ടം സുന്ദര സ്വപ്‌നങ്ങള്‍ കാണുന്നതിനിടക്ക് ഒരു അശരീരി പോലെയാണ് കാന്തന്റെ സ്വരം എന്റെ കര്‍ണ്ണങ്ങളില്‍ അലയടിച്ചത്. നീ നാട്ടില്‍ പോകുമ്പോള്‍‍ ഞാന്‍ മുളകും മല്ലിയും ഉപ്പും കുരുമുളകും ഒക്കെ എങ്ങിനെ തിരിച്ചറിയും...രുചിച്ച് നോക്കണോ...അതോ..മണപ്പിച്ച് നോക്കണോ? കാന്തന്‍ അവസാന രണ്ട് ആഴ്ച മാത്രമെ നാട്ടില്‍ വരുന്നുള്ളല്ലൊ. അത്രയും നാള്‍ വീട്ടില്‍ നളപാചകമാവും.സ്ഥിതി അതീവ ഗുരുതരം, കാന്തന്റെ ആമാശയത്തിന്ന്. മുളക്ക് പൊടിയാണെങ്കില്‍ രുചിച്ചോ മണപ്പിച്ചോ നോക്കാം എന്നു നാക്ക് വളച്ചതാ.......വളച്ചില്ല അല്ല വളഞ്ഞില്ല. കാന്തന് വല്ല തുമ്മലോ ചീറ്റലോ വയര്‍ എരിച്ചിലോ ഉണ്ടായാല്‍‍ എനിക്ക് എന്റെ "ഈ ചെറിയ അവധി" വെട്ടിച്ചുരുക്കി തിരിച്ച് വരേണ്ടി വരും.

ആ ഒരു അവസ്ഥ് ഓര്‍ത്തതപ്പോള്‍ ഞാന്‍ ഒരു കാറ്റഗറി അഞ്ച് കത്രീനയായി അടുക്കളയില്‍ ആഞ്ഞടിച്ചു.കണ്ണില്‍ കണ്ട സാധനങ്ങള്‍ ഒക്കെ അടിച്ച് നിലത്തിട്ടു. പിന്നെ ഉപ്പ് മുതല്‍ കര്‍പ്പൂരം വരെ ലേബല്‍ ചെയ്ത് കുപ്പികള്‍ ഓരോന്നും ഒന്ന് മുതല്‍ പൂജ്യം വരെ പൊക്കവും,വണ്ണവും, ആകൃതിയും അനുസരിച്ച് മുറയ്ക്ക് വയ്ച്ചു. പോരാത്തതിന്ന് ഇത് മേശയാണ്, ഇത് കസേരയാണ് ലോ ലാ കണുന്നത് ഫ്രിഡ്ജ് ആണ്.. അതിനടുത്ത് നില്‍ക്കുനതു മോനാണ്, തഴെ ഇഴയുന്നത്ത് മോളാണ്, ദൂരെ എവിടെയോ കിടന്ന് അലയ്ക്കുന്നത് ഭാര്യയാണ് എന്നിങ്ങനെ എല്ലാം ലേബല്‍ ചെയ്‌തു.

കാന്തനെ ഞാന്‍ ഒറ്റക്ക് വിട്ടിട്ട് പോകയല്ലേ...ആ മനസ്സും നീലമിഴികളും എന്നെ ഓര്‍ത്ത് നിറഞ്ഞു തുളുമ്പുമ്പോളായിരിക്കും വയറില്‍ നിന്നും‍ വിശപ്പിന്റെ വിളി കേള്‍ക്കുന്നത്. വല്ലതും ഉണ്ടാക്കി കഴിക്കുന്ന സമയത് ഉപ്പിനു പകരം വല്ല സോഡാ പൊടിയോ മറ്റോ ഇട്ട് ആഹാരം ഉണ്ടാക്കി കഴിച്ച് വല്ലതും വന്നു പോയാല്‍? പാടില്ല ഒരിക്കലും പാടില്ല, എന്റെ കരാട്ടെ ഗുരുക്കളെ അങ്ങിനെ വല്ലതും സംഭവിച്ചാല്‍ ഞാന്‍ പിന്നെ എന്തിന്ന് ജീവിച്ചിരിക്കണം. ജീവിതത്തിന്റെ ശേഷകാലം ഞാന്‍ കുറ്റബോധവും പേറി ജീവിക്കേണ്ടി വരും, കാന്തനെ പാചകത്തിന്റെ ബാലപാഠങ്ങള്‍ പഠിപ്പിക്കാത്തതിന്റെയും,ദിനവും അടുക്കളയില്‍‍ പാചകത്തിന് ഒരവസരം നല്‍കാതിരുന്നതിന്റെയും.

Thursday, March 08, 2007

എന്റെ ജാതകം.

നാലുകെട്ടിന്റെ ദ്രവിച്ച പടിപ്പുരവാതിലും
ശൂന്യമാം തുളസിത്തറയും മുറ്റവും,
മാറാലതൂങ്ങിയ പൂമുഖവാതിലും,
കരിന്തിരി കത്തിയ തൂക്കുവിളക്കും,
മുട്ടോളം കരിയില കൂടിയ നടുമുറ്റവും
താണ്ടി, കിഴക്കേ കോണിലെ
പത്തായപ്പുരതന്‍ മുന്നിലെത്തി.

താഴെ ചിതലരിക്കുന്നൊരു-
താളിയോല ഗ്രന്ഥം,
വിറയാര്‍ന്ന കയ്യാലെടുക്കവേ,
വായിക്കുവാനാവുന്നതൊരു -
വാക്കു് മാത്രം, ശുഭം.
ക്ഷണനേരം കാതടപ്പിക്കുന്ന നിശബ്‌ദത.
പിന്നെ അകലുന്നൊരു ചിറകടി നാദം.

ഇത് എന്റെ ജാതകം.
മാതാപിതാക്കള്‍ എനിക്കേകിയ,
അര്‍ത്ഥ ശൂന്യമാം കുറിപ്പുകള്‍,
ഇതിലെന്റെ വര്‍ത്തമാനവും,
ഭാവിയും ഭൂതവും കുറിച്ചിരുന്നു.

ഭവതി ബ്ലോഗിംഗ് കിം കരോതി?

ബൂലോഗം മഹാശ്ച‌ര്യം എനിക്കും തുടങ്ങണം ബ്ലോഗ്.