Monday, October 29, 2007

രൂപാന്തരം

കാരിരുമ്പില്‍ തീര്‍ത്തയാ-
യക്ഷരം വീണ്ടുമാലയില്‍
ചുട്ടടിച്ച് വികൃതമാക്കി,
പുതിയൊരക്ഷരത്തിനായ്.

തുരുമ്പെടുത്ത പഴയ
വാക്കുകള്‍ക്കിടയിലതു
തിരുകി പുതിയ വാക്കാക്കി
ആത്മനിര്‍വൃതിയടഞ്ഞു.

വാക്കുകളിലെ സാദൃശ്യ
മെന്റെ രൂപാന്തര
സിദ്ധാന്തത്തിലൊരു
കല്ലുകടിയായവശേഷിച്ചു.

Thursday, October 25, 2007

ജീവിതം

ജീവിതം സദ്യ വിളമ്പുന്ന
വേളയില്‍ ഊഴവുംകാത്ത്
കൈകഴുകി തൂശനിലയുടെ
ചുരുളിളക്കി മുന്നിലിട്ടു
ചമ്രം പിണഞ്ഞിരിന്നു.

പന്തിയില്‍ പക്ഷപാത-
മില്ലാതെ സദ്യ വിളമ്പി.

കണ്ണടച്ചുതുറക്കുന്ന മാത്രയില്‍
മുന്നില്‍ ചവച്ചു തുപ്പിയ
മുരിങ്ങക്കോലും
മാറ്റിവച്ച കറിവേപ്പിലയും
ഒലിച്ചു പടര്‍ന്നിരിക്കുന്ന
ഉച്ഛിഷ്ടവും ബാക്കി.

തെരുവു നായ്ക്കള്‍ വന്നതും
നക്കിതുടച്ച് കുരച്ച് ഓടിയകന്നു.
പിന്നെയും ബാക്കിയായ
കീറിയ തൂശനില
കവലപശു നക്കിയെടുത്ത്
അയവിറക്കി നടന്നകന്നു.

ഇനിയും ജീവിതം ബാക്കി...

Sunday, October 21, 2007

കൂടോത്രം

അന്നൊരു വേനലവധിക്കാല-
ത്തെന്റെ, ഉച്ചയുറക്കം മുറിച്ചത്
ഉമ്മറത്തെ പിറുപിറുപ്പാണ്.

അമ്മയുമമ്മമ്മയും ജോലിക്കാരി-
യേച്ചിയെ ചെവിയില്ലാ-
യിരുന്നെങ്കില്‍ കണ്ണുപൊട്ടു
മാറുച്ചത്തില്‍ ചീത്തപറയുന്നു,
പാലുകൊടുത്ത കൈയ്ക്ക് തന്നെ
തിരിഞ്ഞു കൊത്തിയ
കരിമൂര്‍ഖനോടുപമിച്ച്.

ഞാനെന്നുമവര്‍ക്കിവര്‍
‍ചായ കൊടുക്കുന്നതേ
കണ്ടിട്ടുള്ളതുവരെ.

ആരോപിക്കുന്നവരു-
മാരോപിക്കപ്പെട്ടവളും
കണ്ണുനീര്‍ വാര്‍ക്കുന്നുണ്ട്,
നെഞ്ചില്‍ കൈവയ്ച്ച്
ആര്‍ത്തലച്ച് അറിയാവുന്ന
ദൈവങ്ങളെയൊക്കെ
വിളിച്ചുണര്‍ത്തുന്നുമുണ്ട്.

കരച്ചിലും പിഴിച്ചിലും
കേട്ടയല്‍‌പക്കത്തെ
ചേച്ചിയൊടിയെത്തി,
കാരണം അന്വേഷിക്കാന്‍!

അന്നെനിക്ക് ദിശയറിയില്ല,
തെക്കൊ വടക്കൊയെന്ന്.
അമ്മ വിരല്‍ ചൂണ്ടിയതൊരു
കോണിലേക്കാണു, മുറ്റത്തെ.

മണ്ണിളകി കിടപ്പുണ്ട്, അവിടെ.
ചുറ്റിനും തെച്ചിയും തുളസിയും
ചിതറിയും കിടപ്പുണ്ട്.

നമ്മുടെ നല്ലയയല്‍ക്കാരിയതു
കണ്ടയുടന്‍ മൊഴിഞ്ഞൂ
"യിതതു തന്നെ!
കൂടോത്രം കൂടിയയിനം,
കുലം കുളം തോണ്ടാന്‍
കുഴിച്ചിട്ടിരിക്കുന്നു!!!"

അമ്മയ്ക്കുമമ്മമയ്ക്കും ഞെട്ടല്‍
‍എനിക്ക് ചിരി പൊട്ടല്‍
‍കാരണം പറഞ്ഞാല്‍
എനിയ്ക്കിട്ട് പൊട്ടിയ്ക്കുമതുറപ്പ്.

അന്നു രാവിലെയമ്മമ്മയുടെ
തടിപ്പത്തായത്തിനകത്തേക്ക്
ചിതല്‍ തീര്‍ത്ത വാതിലിലൂടെ
ഊളിയിട്ടറങ്ങിയപ്പോള്‍
‍കിട്ടിയ ദ്രവിച്ചു തുടങ്ങിയ
എലിയുടെയെല്ലുകള്‍
‍വീരോചിതമായി സംസ്കരിച്ച-
തിനെന്തെല്ലാം പൊല്ലാപ്പുകള്‍.

Wednesday, October 17, 2007

സ്വപ്നശലഭം


രാത്രിയില്‍ എന്തോ മുഖത്ത് പറന്നുവന്നു പറ്റുന്നത് പോലെ തോന്നിയിട്ടാണ് ഈര്‍ഷ്യയോടെ കണ്ണും തിരുമ്മിയുറക്കമുണര്‍ന്നത്. ക്ലോക്കിലെ ഫ്ലൂറസന്റ് അക്കങ്ങള്‍ സമയം രണ്ടു കഴിഞ്ഞെന്നു കാണിക്കുന്നു. മുഖത്ത് അപ്പോഴും പൂച്ചിയൊ മറ്റൊ പറന്നു പറ്റുന്നുണ്ട്. മെല്ലെ കൈയെത്തി സ്വിച്ചുക്കള്‍ക്കു വേണ്ടി പരതിയപ്പോള്‍ സൈഡ് ടെബിളില്‍ നിന്നും എന്തോക്കെയോ താഴെ വീണു.

സ്വിച്ച് കണ്ടു പിടിച്ച് ലൈറ്റിട്ടപ്പോള്‍ അതിശയിച്ചുപോയി. നല്ല ഭംഗിയുള്ള, നീലയില്‍ കറുത്ത വരയുള്ള ഒരു ചിത്രശലഭം പാറിക്കളിക്കുന്നു.ആ ശലഭം കുറെ നേരം ചുറ്റിലും വട്ടമിട്ട് പറന്ന് ജനാലയിലൂടെ പുറത്തേക്ക് പറന്നു പോയി. ഉറക്കം വീണ്ടും വന്നു തുടങ്ങിയിരുന്നു. ലൈറ്റ് ഓഫാക്കാന്‍ കൈനീട്ടുമ്പോള്‍ വീണ്ടും ശലഭം അകത്തേക്ക് പാറി വന്നു, ചുറ്റിലും വട്ടമിട്ടു വീണ്ടും പുറത്തേക്ക് പറന്നു. അത് പലയാവര്‍ത്തി തുടരുകയും ചെയ്തു.

പുറത്തെ അരണ്ട വെളിച്ചത്തില്‍ ജനാലയ്ക്കപ്പുറത്തെ കാഴ്ച്ച പരിമിതമായിരുന്നെങ്കിലും പുറത്ത് എന്തോ സംഭവിക്കുന്നു എന്നു മനസു വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. മെല്ലെ കതക് തുറന്ന് പുറത്തേക്ക് നടക്കാന്‍ ഒരുങ്ങുമ്പോള്‍ ചിത്രശലഭമൊരു വഴികാട്ടിയെപ്പോലെ മുന്നെ പറന്നു.

പുറത്തിറങ്ങിയതും കാറ്റതിശക്തമായി വീശാന്‍ തുടങ്ങി, നിലാവു കൂടിയത് പോലെ. റോഡിന്റെ രണ്ടരികിലുമായി നിന്ന മരങ്ങളില്‍ നിന്നും അടര്‍ന്നു വീണുകിടന്നയിലകള്‍ കാറ്റത്ത് അപ്പുപ്പന്താടി പോലെ പറന്നുയരുന്നു. പെട്ടെന്നവയ്ക്കെല്ലാം ചിറകുമുളച്ച് അനേകായിരം ചിത്രശലഭമായി പറന്നുയരാന്‍ തുടങ്ങി. ഒരേ നിറത്തില്‍, നീലയില്‍ കറുത്ത വരയുള്ളവ. ആകാശത്തവയെല്ലം ചേര്‍ന്ന് എന്തോ സന്ദേശം കോറിയിടുന്നത് പോലെ തോന്നി. എത്ര നോക്കിയിട്ടും പരിമിതമായ കാഴ്ചയില്‍ അതെന്തെന്നു മനസിലായില്ല.

പിന്നീടവയെല്ലാം കൂടി ഒന്നിച്ച് തലയ്ക്കുമുകളില്‍ വട്ടമിട്ടു പറക്കാന്‍ തുടങ്ങി. അവയുടെ നിഴലുകള്‍ ഘനീഭവിച്ച് ചുറ്റിലും കൂരിരുള്‍ പാകാന്‍ തുടങ്ങി. ഉള്ളില്‍ വല്ലതൊരു ഭയമുടലെടുക്കാന്‍ തുടങ്ങിയിരുന്നു ഇതിനോടകം. ക്ഷണനേരം കൊണ്ട് എല്ലാം നിശ്ചലമായത് പോലെ, കാറ്റുനിന്നു, നിഴലുകളകന്നു, വീണ്ടും നിലാവെട്ടം ചുറ്റിലും പരന്നു. തിരിച്ച് അകത്തേക്ക് പോകാന്‍ മനസ് ധൃതികൂട്ടി. അകത്തേക്ക് അതിവേഗം കാലുകള്‍ വലിച്ചിഴച്ച് നടക്കുമ്പോള്‍ ഒരു കൂട്ടം ശലഭങ്ങള്‍ വാതിലിനരിക്കില്‍ കൂട്ടമായി പറന്നു ചെന്നു വഴിമുടക്കുന്നെന്ന ഭാവത്തില്‍ വട്ടമിട്ടു പറക്കുന്നു.

എന്താണ് സംഭവിക്കുന്നതെന്ന് ഒരു രൂപവും ഉണ്ടായിരുന്നില്ല മനസില്‍, എവിടെന്നോ കിട്ടിയ പ്രേരണയില്‍ രണ്ടു കൈയും ആഞ്ഞുവീശി മുന്നിലേക്ക് നടക്കാന്‍ തുടങ്ങി, ശലഭങ്ങള്‍ പറന്നകലാനും. അകത്ത് കടന്ന് വാതിലും ജനാലയും അടച്ചെന്നുറപ്പു വരുതി.

ക്ലോക്കില്‍ മണി മൂന്നടിച്ചു, പുതപ്പിനകത്തേയ്ക്ക് ഊളിയിട്ട് കണ്ണും മിഴിച്ച് എത്രനേരം കിടന്നു എന്നോര്‍മ്മയില്ല, എപ്പോഴൊ ഉറങ്ങിക്കാണണം. രാവിലെ ആറരയോടടുപ്പിച്ച് ഉണര്‍ന്നപ്പോള്‍ എന്തോ ഒരു സ്വപ്നം കണ്ട പ്രതീതിയായിരുന്നു, ഓടിച്ചെന്നു കതക് തുറന്നു നോക്കി, കതകിന്റെ പുറമ്പടിയോടു ചേര്‍ന്നു നീലയില്‍ കറുത്ത വരകളുള്ള ഒരു ചിറകു കിടക്കുന്നു. മനസ് അറിയാതെയാ സ്വപ്നശലഭത്തെ തേടുവാന്‍ തുടങ്ങുകയായിരുന്നു.

Sunday, October 14, 2007

കണ്ണുകള്‍

ചില കണ്ണുകള്‍
നിറഞ്ഞു
പവിഴമുത്തുകള്‍
‍കോണുകളിലാകും.

ചിലയുള്ളമതു
കൊഴിഞ്ഞു പോകാതെ-
യിരിക്കുവാന്‍
കിണഞ്ഞു ശ്രമിക്കും.

മറ്റു ചിലത് കൂടെ
വിതുമ്പുമാരുമറിയാതെ-
യാകണ്ണുകള്‍പോലുമറിയാതെ.

Sunday, October 07, 2007

അടി വരുന്ന വഴിയും, കിട്ടുന്ന കണക്കുകളും

ഓര്‍മ്മ വച്ച കാലം മുതല്‍ വീട്ടിലെ ശിക്ഷണ നടപടികളില്‍ മുന്നിട്ടു നിന്നിരുന്നത് അടിയാണ്. അടിയ്ക്കുന്നത്തില്‍ പ്രധാനി മമ്മിയാണ്. ഇനി അടിയെന്നു പറഞ്ഞാല്‍ കൈയ് കൊണ്ടു തുടങ്ങി വള്ളി ചൂരല്‍, പുളി, പേര, തെറ്റി, ചെമ്പരത്തി തുടങ്ങിയവയുടെ കമ്പ്, തെങ്ങിന്റെ മടല്‍(ചത്തു പോകാത്തത് മുജ്ജന്മ സുകൃതം, മമ്മിയുടെയും ഞങ്ങളുടെയും), ഈര്‍ക്കിലുകള്‍ കൂട്ടികെട്ടിയുണ്ടാക്കിയ സാധനം എന്നിങ്ങിനെ അടിക്കാന്‍ ഉപയോഗിക്കുന്ന ആയുധങ്ങള്‍ അനവധിയാണ്. ഒരിക്കല്‍ മുരിങ്ങക്കായ കൊണ്ടും അടി കിട്ടിയിട്ടുണ്ട്, മറ്റുള്ളവയെ അപേക്ഷിച്ച് ഇത് എവിടെ ഏല്‍ക്കാന്‍. സില്ലി മുരിങ്ങയ്ക്ക, സില്ലി മമ്മി.


വഴിതെറ്റിയതു കൊണ്ടല്ല, വഴി തെറ്റാതെയിരിക്കുവാന്‍ വേണ്ടി മാത്രമായിരുന്നു അടിയ്ക്കടിയുള്ളയീ അടികള്‍. വീട്ടില്‍ സന്താനഗോപാലങ്ങള്‍ രണ്ട് എന്നുള്ളത് മൂന്നായപ്പോള്‍ ക്രമസമാധാനനില എളിയ തോതില്‍ തകരാറിലാവാന്‍ തുടങ്ങി, സന്താനഗോപാലങ്ങള്‍ തമ്മില്‍ ഉള്ള അടി തന്നെയാണ് സ്ഥായിയായ കാരണം.


ഇടയ്ക്കിടെ ഉണ്ടാകുന്ന തമ്മില്‍ തല്ലും, പിടിച്ചുപറിയും(ബിസ്കറ്റ്, കളിപ്പാട്ടങ്ങള്‍, ഊണു പാത്രത്തിലെ വറുത്ത മീന്‍ കഷണം etc...), അടിച്ചു മാറ്റലും(ഇളയ അനുജത്തിയുടെ വായില്‍ നിന്നും ഒലിച്ചിറങ്ങി വന്ന പാരിസ് മിഠായി വിത്ത് തുപ്പല്‍ അറ്റാച്ചിട്, കാക്കയെക്കാള്‍ വേഗത്തില്‍ അടിച്ചുമാറ്റ് വായിലിട്ട് ഓടി ഒളിച്ചത് ഇന്നലെ പോലെ ഓര്‍ക്കുന്നു), എട്ടുദിക്കും പൊട്ടുമാറുള്ള നിലവിളിയും ഒക്കെ സ്ഥിരമായി നടക്കാന്‍ തുടങ്ങിയപ്പോല്‍ മമ്മി അടി തരുന്നതിനു ചില റൂള്‍സ് ഒക്കെ ഉണ്ടാക്കാന്‍ തുടങ്ങി. ആദ്യമായി മക്കളെ എ, ബി, സി എന്നു ലേബല്‍ ചെയ്തു. പേരൊക്കെ വിളിച്ച് അടിച്ചാല്‍ സെന്റിയാകും, അതാണെ.



എ ഈസ് > ബി ആന്റ് സി.
ബി ഈസ് < എ ആന്റ് > സി.
സി ഈസ് < ബി ആന്റ് എ. ഇനി എനിക്ക് മനസിലാക്കാന്‍ വേണ്ടി, കണക്കിനു ഞാന്‍ അന്നും ഇന്നും കണക്കാ (എന്റെ ടീച്ചര്‍ ഇതൊന്നും കാണുന്നില്ല എന്നു ഞാന്‍ ഉറച്ച് വിശസിക്കുന്നു, അഥവായിനി കണ്ടാല്‍ ഒരു ജാമ്യത്തിനായി ഞാന്‍ ലേബലില്‍ "പച്ച കല്ലുവച്ച" എന്നു ചേര്‍ത്തിരിക്കുന്നത് നോക്കുവാന്‍ അപേക്ഷ, ഇത് മമ്മിക്കും ബാധകമാണ്. ഇനി ഇത് കണ്ടയുടനെ എന്നെ വിളിച്ച് "അതുമിതും" പറയരുത്, ഐ ലവ് കോച്ചിപ്പിടി വായിച്ചിട്ട് പറഞ്ഞത് പോലെ ) എ = മൂത്തത്. സി = ഇളയത്. ബി = 'എ' യ്ക്കും 'സി' ക്കും ഇടയ്ക്ക് ഉള്ളത്, അല്ലെങ്കില്‍ രണ്ടാമത്തെ സന്താനം. അടിയുടെ റൂള്‍സ് തുടങ്ങുന്നതിനു മുന്‍പേ ചില ഒഴിവു കിഴിവുകള്‍. (1) സി:- 'സി' ഇളയ കുട്ടിയാണ്. 'സി' എത്ര വലുതായാലും 'സി'ക്ക് ഇനി 'സി' കള്‍ ഉണ്ടായലും 'സി' മമ്മിക്ക് എന്നും 'സി' തന്നെയാണ്. മമ്മിയുടെ കണ്ണിലുണ്ണി. 'എ'യുടെയും 'ബി'യുടെയും കണ്ണിലെ കരട്. (2) എ:- 'എ' മൂത്ത കുട്ടിയാണ്. മൂത്തതായ്തു കൊണ്ട് ഇത്തിരി വാത്സല്യം ഒക്കെ മമ്മിക്ക് ഇടയ്ക്കിടയ്ക്ക് തോന്നും എങ്കിലും തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നതു മാതിരി 'എ' യില്‍ നിന്നും ഭാരിച്ച ഉത്തരവാദിത്വം തിരിച്ച് പ്രതീക്ഷിക്കും, 'എ'യെ കൊണ്ടു അതിനു ആവതില്ലെങ്കിലും. പിന്നെ 'എ' ബിയുടെ കണ്ണിലെ കരടാണ്. 'എ'യും 'ബി'യും എപ്പോഴും അന്യോന്യം പാര പണിയലില്‍ ശ്രദ്ധകേന്ദ്രീകരിക്കുക പതിവാണ്. (3) ബി:- 'ബി' യുടെ വാക്കുകളില്‍ പറഞ്ഞാല്‍ " 'എ' മൂത്തതായതിനാല്‍ 'എ'യെ മമ്മി അടിക്കില്ല. " 'സി' ഇളയതായതിനാല്‍ 'സി'യെയും മമ്മി അടിക്കില്ല. രണ്ടിനും ഇടയില്‍ കിടക്കുന്ന എന്നെ മാത്രം ആര്‍ക്കും വേണ്ട, എപ്പോഴും എന്തിനും അടിയും". ഇത് 'ബി'യുടെ സ്ഥിരം പല്ലവിയാണ്, തെറ്റ് 'ബി' യുടെതാണ് എന്ന് നെറ്റിയില്‍ എഴുതി ഒട്ടിച്ചാലും. പിന്നെ 'ബി'ക്ക് നാവിനു ചുറ്റും പല്ലുകൊണ്ടൊരു വേലി ഉണ്ടെങ്കിലും നാവ് എപ്പോഴും വേലിക്ക് പുറത്താണ്, അത് പല ഭാഷകളിലും പി.എച്ച്.ഡി ഇപ്പോഴും ചെയ്തുകൊണ്ടിരിക്കയാണ്, അന്നും ഇന്നും. ഇനി അടിയുടെ തുടങ്ങുന്ന വിധം (1) കരച്ചിലാണു അടി തുടങ്ങാന്‍ 99.99% സമയത്തും ഉള്ള ക്ലൂ. (2) ആരുടെ കരച്ചില്‍, അല്ലെങ്കില്‍ ആരൊക്കെ കരയുന്നു എന്നതാണ് അടുത്തതായി അറിയേണ്ടത്. ഇനിയാണു റൂള്‍സ് രൂപപ്പെടുന്നത്. (1) 'സി'യാണു കരയുന്നതെങ്കില്‍ 'എ'യ്ക്കും 'ബി'യ്ക്കും കാരണം ആരായാതെ ആദ്യം അടികിട്ടും, 'സി' വീണിട്ടാണു കരയുന്നതെങ്കില്‍ കൂടിയും. കാരണം 'എ'യുടെയും 'ബി'യുടെയും ചുമതലയാണു 'സി'യെ നോക്കല്‍. അപ്പോള്‍ ചുമതലയിലെ പാളിച്ച നമ്പര്‍ 1. അടിയെപ്പോ കിട്ടി എന്നു ചോദിച്ചാല്‍ മതി. രണ്ടാള്‍ക്കും അടി തന്നു കഴിഞ്ഞിട്ട് കാരണം തിരക്കല്‍ ചടങ്ങ് ഉണ്ട്. കാരണതിന്റെ മൂര്‍ദ്ധന്യം അനുസരിച്ചും അത് വാദിക്കുന്നതില്‍ ആര്‍ക്കാണു മിടുക്കും എന്നത് അനുസരിച്ചും ആണ് അടുത്ത സെറ്റ് അടി. പലപ്പോഴും നാക്കിനു ബലവും നീളമുള്ള 'ബി' വാദിച്ച് കുറ്റം 'എ' യ്ക്കുമേല്‍ ചുമത്തി രക്ഷനേടും. അപ്പോള്‍ സെകെന്റ് സെറ്റ് അടി 'എ'യ്ക്ക്. അടി വാങ്ങുന്ന 'എ' യ്ക്ക് ഒഴുകെ തരുന്ന മമ്മിക്കൊ, കണ്ടു നില്‍ക്കുന്ന 'ബി'യ്ക്കൊ 'സി' യ്ക്കൊ ഒരു പരാതിയും ഉണ്ടായിരുന്നില്ല. (2) 'ബി'യാണു കരയുന്നതെങ്കില്‍ അടി കിട്ടാനുള്ള ചാന്‍സ് 'എ'യ്ക്ക് മാത്രമാണ്. കാരണം 'സി' "കോശല്ലേ.." ഇവിടെ 'ബി'യുടെ നിര്‍ത്താതെ ഉള്ള "കള്ള" കരച്ചില്‍ കാരണം കാരണം ബോധിപ്പിക്കല്‍ എന്ന ചടങ്ങ് നടക്കാറില്ല. 'എ' കിട്ടുന്നതും വാങ്ങിച്ച് കെട്ടി സ്ഥലം കലിയാകും, എത്രയും പെട്ടെന്ന് 'ബി' യ്ക്ക് അടുത്ത പാര പണിയാന്‍. (3) 'എ'യാണു കരയുന്നതെങ്കില്‍, എങ്കില്‍ ലോകം അവസാനിക്കും, 'എ' എങ്ങിനെ ഒന്നും കരയാറില്ല. 'ബി'യില്‍ നിന്നും കിട്ടുന്നതെന്തും പാരയുള്‍പ്പടെ സഹിച്ചും തിരിച്ചു കൊടുത്തും നടക്കും. 'ബി'യെ തീരെ സഹിക്കാനും തിരിച്ചടിക്കാനും കഴിയാതെ വരുമ്പോള്‍ "മമ്മീ" എന്നുറക്കെ വിളിക്കും, ഇത് കേള്‍ക്കെണ്ട താമസം, 'ബി' സ്ഥലം കാലിയാക്കും. മമ്മി സംഭവ സ്ഥലം സന്ദര്‍ശിക്കാന്‍ എത്തുമ്പോള്‍ 'ബി' നാലു അയള്‍പക്കവും താണ്ടി അമ്മാമ്മയുടെ വീട്ടില്‍ എത്തിയിട്ടുണ്ടാവും. (4) 'ബി'യും 'സി'യും കരഞ്ഞാല്‍. ഇങ്ങിനെ സംഭവിക്കുന്ന അവസരങ്ങളില്‍ കാരണം ചോദിക്കള്‍ ഒന്നും കൂടാതെ 'ബി'യ്ക്കും 'എ'യ്ക്കും അടി ഉറപ്പ്. ഇവിടെ ഇപ്പോഴും 'സി' "കോശാണ്". 'സി' എപ്പോഴും "കോശാണ്". വാല്‍ക്ഷണം:- കുറച്ച് നാള്‍ കഴിഞ്ഞ് 'എ' അടിക്ക് എതിരെ പ്രതികരിക്കാന്‍ തുടങ്ങി, അതു കഴിഞ്ഞു 'ബി'. 'സി' ഒന്നിന്നും പ്രതികരിച്ചില്ല കാരണം അപ്പോഴും 'സി' "കോശാണല്ലോ". ഇതു മാത്രം അല്ല, അടിച്ചടിച്ച് മമ്മിയും മടുത്തു, അടി വാങ്ങിച്ചു കെട്ടി 'എ'യും 'ബി'യും. അടിയുടെ റൂള്‍സ് തന്നെ ചെയിഞ്ച് ചെയ്തു ഒടുവില്‍ അടി തന്നെയില്ലാതെയായി. വീട്ടിലെ പേരയിലും തെറ്റിയിലും ചെമ്പരത്തിയും പുളിമരത്തിലും ഒക്കെ ശിഖരങ്ങള്‍ ഏറിവന്നു, അവ തളിരിടുകയും പൂവിടുകയും ചെയ്തു. തെങ്ങിന്റെ മടലുകള്‍ അയല്പക്കതെ കുട്ടികള്‍ ക്രിക്കറ്റ് കളിക്കാന്‍ കൊണ്ടു പോയി. ബാക്കിയുള്ളവ പുകയടുപ്പില്‍ കിടന്നു അലറി വിളിച്ചു, " ഞങ്ങള്‍ എന്തു തെറ്റു ചെയ്തു, അറ്റ് ലീസ്റ്റ് ക്രിക്കറ്റ് കളിക്കുവാന്‍ ബാറ്റിലാത്ത കുട്ടികള്‍ക്ക് ഞങ്ങളെ ദാനം ചെയൂ..."

Friday, October 05, 2007

ചതി

ചതിക്കുന്നവരുടെയും
ചതിക്കപ്പെടുന്നവരു-
ടെയുമിടയില്‍,

സ്ത്രീയെ ചതിക്കുന്നത്
പുരുഷനും,
പുരുഷനെ ചതിക്കുന്നത്
സ്ത്രീയുമെങ്കില്‍,

പകല്‍ വെളിച്ചതില്‍
മുഖം‌മൂടിയുടെ പിന്‍-
ബലമേതുമില്ലാതെ,
ഇരുകൂട്ടരെയും ചതിക്കുന്നവരെ,
എന്ത് വിളിക്കും?

വിശ്വസിച്ച് താക്കോല്‍
ഏല്‍പ്പിക്കുന്നവരെ,
തെറ്റിദ്ധാരണയാല്‍ ചതിച്ച്,
സൗഹൃദങ്ങള്‍ തച്ചുടയ്ക്കുന്നവരെ
എന്തു പേരു ചൊല്ലി വിളിക്കും?

Wednesday, October 03, 2007

അന്വേഷണം


ശരത്കാലത്തെ കൊഴിഞ്ഞ ഇലച്ചാര്‍ത്തുകള്‍ക്കിടയില്‍ മറ്റൊരിലയായ് നീ പെട്ടു പോയിരിക്കാം എന്നോര്‍ത്താണു ഞാന്‍ ഇത്രയും ദിവസം നിന്നെ തിരഞ്ഞു നടന്നത്. തിരച്ചിലിനൊടുവില്‍ കണ്ടെത്തിയ ഉത്തരങ്ങള്‍ എന്തേയിത്ര ക്രൂരമായി?

ഋതുകള്‍ എന്നും മാറി മറയുമ്പൊഴും നിന്റെ മനസില്‍ സൌഹൃദത്തിനു എന്നും വസന്തമായിരുന്നു. ആ വസന്തം നിലനിര്‍ത്തുവാന്‍ നീയെന്തും ചെയ്യാന്‍ മടിച്ചതുമില്ല, അതറിഞ്ഞു നിന്നെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി മുതലെടുത്തതും മറ്റാരുമല്ലല്ലൊ.

എപ്പോഴും സ്വന്തം വിശ്വാസത്തെക്കാള്‍ ഏറെ വിലനല്‍കിയത് സുഹൃത്തുക്കളുടെ വാക്കുകള്‍ക്കായിരുന്നു, അവ ആഴവും പരപ്പുമില്ലാത്തതായിരുന്നു എന്ന് നീ വൈകിയാണ് അറിഞ്ഞത്. അതിനു ശേഷവും നീ നിന്റെ നേര്‍വരയില്‍ നിന്നും ഒരു നെല്ലിട പോലും വ്യതിചലിച്ചില്ല എന്നുള്ള സത്യമാണ്‌ എന്നെ ഏറെ വേദനിപ്പിച്ചത്.

സൌഹൃദത്തിന്റെ വിരലുകള്‍ മുറുകെ കോര്‍ത്ത് പിടിച്ചിട്ടും ആകസ്മികമായുണ്ടായ ചുഴലിക്കാറ്റ് നമ്മെ രണ്ടു ധ്രുവങ്ങളിലാക്കിയതെങ്ങിനെ? നമ്മുടെ സൌഹൃദം പോലും ചോദ്യം ചെയ്യപ്പെട്ട അവസരങ്ങള്‍ എന്നോ ഉത്തരം? തിരിച്ചറിവുകളുടെ വെട്ടത്തില്‍ നിര്‍വികാരത ബോധമനസില്‍ നിന്നുമുപബോധമനസിലേക്ക് ചേക്കേറിയപ്പോള്‍ മടുപ്പ് ആഴ്ന്നിറങ്ങിയ മനസുമായി നീ അകലാന്‍ തുടങ്ങി.

ഇവിടെ ഹേമന്തമാണ്, മരങ്ങള്‍ ഇലകള്‍ പൊഴിച്ച് നഗ്നരായി കണ്ണുനീര്‍ വാര്‍ക്കുന്നു. ശിശിരം കഴിയും വരെ അവയീ നില്‍പ്പ് തുടരും, മഞ്ഞു പൊഴിയുമ്പോഴും നിര്‍വികാരമായി നിലകൊള്ളും, തണുത്ത് മരവിച്ച മനസ്സുപോലെ. അപ്പോഴും ജീവന്റെ നേര്‍ത്ത സ്പന്ദനം ഉള്ളില്‍ ഉറങ്ങുന്നുണ്ടാവും. ഈ അതിശൈത്യം അതിജീവിക്കണം അടുത്ത വസന്തത്തില്‍ തളിരിടാന്‍, അങ്ങിനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം.

ഒരു പക്ഷേ ഇത് മനസില്‍ കനലുകോരിയിടുന്ന ചോദ്യങ്ങള്‍ കൊണ്ടു നിറയ്ക്കുന്ന അനര്‍ത്ഥമായ കാത്തിരിപ്പാവാം. അങ്ങിനെയെങ്കില്‍ ഇനി ഇവിടെ ഋതുക്കളില്ല ഋതുമാത്രം, നീ വരും വരെ.

Tuesday, October 02, 2007

തെറ്റ്

ഒരു വാക്കും വരിയുമൊക്കെ
എഴുതി ചുരുട്ടിയെറിഞ്ഞ്
ചുറ്റിലും ചിതറി കിടക്കുന്ന
കടലാസു കഷണങ്ങള്‍.

നിമിഷംപ്രതിയേറി
വരുന്ന അവയുടെ എണ്ണവും
അക്ഷരങ്ങളുടെ ആര്‍ത്തനാദവു-
മെന്നെ വല്ലതെ ഭയപ്പെടുത്തി.

അവയില്‍ അങ്ങിങ്ങായി
ഉറുമ്പരിക്കുന്ന കറുത്ത
അക്ഷരങ്ങള്‍ പരസ്പരം
വെല്ലുവിളിച്ചു പടവെട്ടി.

എന്റെ മനസിലും അവ
അങ്ങിനെയായിരുന്നു.
അവരെ തൂലിക തുമ്പിലൂടെ
സ്വാതന്ത്രരാക്കുക എന്നതാ-
യിരുന്നെന്റെ ലക്ഷ്യം.

അതു തന്നെയാണ് ഞാന്‍
ചെയ്ത വലിയ തെറ്റും.